Current Date

Search
Close this search box.
Search
Close this search box.

പ്രായപൂര്‍ത്തിയാകുന്ന മക്കളോട് തുറന്ന് പറയേണ്ട 13 കാര്യങ്ങള്‍

പ്രായപൂര്‍ത്തിയാകുന്നതിന്റെ അടയാളങ്ങളെ കുറിച്ച് മകന്‍ ചോദിക്കുമ്പോള്‍ അതിനുത്തരം നല്‍കാന്‍ കാത്തിരിക്കുകയാണോ നിങ്ങള്‍? അതല്ല പ്രായപൂര്‍ത്തിയാകും മുമ്പ് തന്നെ ജീവിതത്തില്‍ വരാനിരിക്കുന്ന ഘട്ടത്തെ കുറിച്ച് അവനോട് നിങ്ങള്‍ സംസാരിച്ചിട്ടുണ്ടോ? ആദ്യം പറഞ്ഞ ഗണത്തിലാണ് നിങ്ങളെങ്കില്‍ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായ ജീവിത ഘട്ടത്തില്‍ ശരിയായ ശിക്ഷണം നല്‍കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. കാരണം നിങ്ങളുടെ മകന് നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ കൂട്ടുകാരും ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയയും നിങ്ങളെ മറികടന്നിരിക്കും. അവന്‍ വിശ്വാസത്തിലെടുക്കുന്നവരോട് അതിനെ കുറിച്ച് അന്വേഷിക്കുകയും പലപ്പോഴും ശരിയല്ലാത്ത വിവരങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ മറ്റെല്ലാറ്റിനെയും മറികടന്ന് മകനോട് അല്ലെങ്കില്‍ മകളോട് സംസാരിക്കാനുള്ള ധീരത നിങ്ങള്‍ക്കുണ്ടാവേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ ആരോഗ്യകരമായി ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. അവരെ ഇക്കാര്യം പഠിപ്പിക്കണമെന്ന നിര്‍ദേശം ഒരു പക്ഷേ നിങ്ങള്‍ക്ക് ഭാരിച്ചതായിരിക്കാം. എന്നാല്‍ അവര്‍ ജീവിക്കുന്ന കാലം നിങ്ങള്‍ ജീവിച്ച കാലത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.

Also read: അനുഗ്രഹവും പരീക്ഷണവും; വിശ്വാസിയുടെ സമീപനം – 1

പ്രായപൂര്‍ത്തായാകുന്ന മക്കളെ പഠിപ്പിക്കേണ്ടെ ഏറ്റവും സുപ്രധാനമായ കാര്യം അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്വവും ബാധ്യതയുമുള്ളവരായി അവര്‍ മാറിയിരിക്കുന്നു എന്നതാണ്. അവര്‍ ചെയ്യുന്ന തെറ്റുകള്‍ അത് പടച്ചവനോടാണെങ്കിലും പടപ്പുകളോടാണെങ്കിലെ സ്വന്തത്തോട് തന്നെയാണെങ്കിലും അതിന്റെ ഉത്തരവാദിത്വം വഹിക്കേണ്ടത് അവര്‍ തന്നെയാണെന്ന് പഠിപ്പിക്കണം. സ്വതന്ത്രമായി സ്വന്തം നിലക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ഘട്ടത്തെയാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം പ്രായപൂര്‍ത്തിയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അഥവാ കുട്ടിത്തത്തിന്റെ വസ്ത്രം ഊരിവെച്ച് മുതിര്‍ന്നവരുടെ വസ്ത്രം എടുത്തണിയലാണ് പ്രായപൂര്‍ത്തിയാവല്‍. തന്റെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് കുട്ടി നിങ്ങളുടെ അടുത്ത് വന്ന് ചോദിക്കുന്നതിനായി നിങ്ങള്‍ കാത്തിരിക്കരുത്. മറിച്ച് ഒമ്പതാം വയസ്സ് മുതല്‍ പ്രായപൂര്‍ത്തിയൂടെ അടയാളങ്ങള്‍ അവനെ പഠിപ്പിച്ചു തുടങ്ങാന്‍ നിങ്ങള്‍ മുന്‍കൈയ്യെടുക്കണം. പൊതുവെ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത് 12-13 വയസ്സിനിടയിലും ആണ്‍കുട്ടികള്‍ 11-12 വയസ്സിനിടയിലുമാണ്. ചിലരെല്ലാം ഈ പറഞ്ഞതിലും നേരത്തെ പ്രായപൂര്‍ത്തിയാവാറുള്ളത് പോലെ മറ്റു ചിലര്‍ 15-16 വയസ്സ് വരെ വൈകാറുമുണ്ട്. ഏതവസ്ഥയിലും മാതാപിതാക്കള്‍ മക്കളോട് അവ്യക്തതകളില്ലാത്ത വിധം ഇക്കാര്യങ്ങള്‍ തുറന്ന് പറയേണ്ടതുണ്ട്. മാനസിക സ്വസ്ഥതയോടെയും സമാധാനത്തോടെയും പ്രായപൂര്‍ത്തിയൂടെ ഘട്ടത്തെ അഭിമുഖീകരിക്കാനും അത് സംബന്ധിച്ച ആശങ്കകളെയും ഉത്കണ്ഠകളെയും അകറ്റിനിര്‍ത്താനും എന്നാല്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ.

ഇത്തരത്തില്‍ മക്കളോട് തുറന്ന് പറയേണ്ട സുപ്രധാനമായ 13 കാര്യങ്ങളാണുള്ളത്. പെണ്‍കുട്ടികളുടെ മാറിടങ്ങളുടെ വലുപ്പം ക്രമേണ വര്‍ധിക്കുന്നു. കാലിലെ രോമങ്ങള്‍ കൂടുതല്‍ കട്ടിയുള്ളതാകുന്നു. ശരീരത്തിലെ നേരത്തെ രോമം ഇല്ലാതിരുന്ന ചിലയിടത്തെല്ലാം രോമങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. മുഖക്കുരു പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. വിയര്‍പ്പ് അധികരിക്കുകയും ശരീരത്തിന് അതിന്റെ ഗന്ധമുണ്ടാവുകയും ചെയ്യുന്നു. നീളത്തിന്റെയും ഭാരത്തിന്റെയും വളര്‍ച്ച വേഗത്തിലാവുന്നു. ആണ്‍കുട്ടികളുടെ ശബ്ദത്തിന് മാറ്റം വരികയും മുഖരോമങ്ങള്‍ വളരുകയും പേശികള്‍ വികസിക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികളില്‍ ആര്‍ത്തവ ചക്രമുണ്ടാവുകയും രക്തം വരികയും ചെയ്യുന്നു. അതേ സമയം ആണ്‍കുട്ടികളിലും ലൈംഗികാവയവങ്ങളില്‍ നിന്ന് സ്രവങ്ങള്‍ വരുന്നു, പ്രത്യേകിച്ചും ഉറക്കത്തില്‍. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ മക്കള്‍ക്ക് വ്യക്തമാക്കി കൊടുക്കേണ്ട പ്രായപൂര്‍ത്തിയുടെ 13 അടയാളങ്ങളാണിവ. അതിലൂടെ ആ മാറ്റങ്ങളെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കും.

Also read: വിശുദ്ധിയാണ് അവർക്ക് ഉത്തമം – 1

പ്രായപൂര്‍ത്തിയൂടെ സമയത്ത് നിങ്ങള്‍ മക്കള്‍ക്കൊപ്പമുണ്ടാവുകയെന്നത് വളരെ പ്രധാനമാണ്. ജീവിതത്തിന്റെ പുതിയ ഘട്ടത്തില്‍ തന്റെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് അവര്‍ക്ക് ഏറെ ഭയാശങ്കകളുണ്ടാകുമെന്നതാണ് കാരണം. ഈ സമയത്ത് അവരെ ആശ്വസിപ്പിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയും വേണം. നിങ്ങള്‍ ആ പ്രായത്തില്‍ എങ്ങനെയായിരുന്നുവെന്നും എങ്ങനെയതിനെ സമീപിച്ചുവെന്നും പറഞ്ഞു കൊടുക്കുന്നത് വളരെ നന്നായിരിക്കും. അതവര്‍ക്ക് മാനസികമായ ആശ്വാസം നല്‍കും. ഇത് സ്വാഭാവികമായ കാര്യമാണെന്നും തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ ഉത്തരവാദിയാണെന്ന് അറിയിക്കാനുള്ള പടച്ചവന്റെ സന്ദേശമാണിതെന്നും അവരെ അറിയിക്കണം. തന്റെ ബുദ്ധി വളര്‍ച്ച പൂര്‍ത്തിയായിട്ടുണ്ടെന്നും ജീവിതത്തിലെ തന്റെ തീരുമാനങ്ങള്‍ പക്വമായിട്ടുണ്ടെന്നുമാണ് അതിലൂടെ അറിയിക്കുന്നത്. തെറ്റ് ചെയ്താല്‍ അതിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടുമെന്നും ഇതുവരെയുണ്ടായിരുന്ന കുട്ടിത്തത്തിന്റെ ഇളവ് എടുത്തു കളയപ്പെട്ടിരിക്കുന്നുവെന്നും പ്രായപൂര്‍ത്തിയെത്തിയതോടെ മലക്കുകള്‍ തന്റെ കര്‍മങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ടെന്നും അവരെ ബോധ്യപ്പെടുത്തണം.

പ്രായപൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തന്റെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. പ്രത്യേകിച്ചും ഹോര്‍മോണിലെ മാറ്റങ്ങളുടെയും വളര്‍ച്ചയിലെ കുതിച്ചു ചാട്ടത്തിന്റെയും ഫലമായി മാനസിക നിലയില്‍ കൂടി മാറ്റങ്ങള്‍ വരുമ്പോള്‍. ഓരോ വ്യക്തിയും ഈ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും എല്ലാവരിലും അതുണ്ടാക്കുന്ന വൈകാരികവും മാനസികവുമായ പ്രതിഫലനം ഒരുപോലെയായിരിക്കില്ല. ആളുകള്‍ തന്റെ ശരീരത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുമെന്ന് കരുതി ഉള്‍വലിയുകയും ഒറ്റക്ക് സമയം ചെലവിടുകയും ചെയ്യാനിഷ്ടപ്പെടുന്നവരാണ് ചില ആണ്‍കുട്ടികളും പെണ്‍കുട്ടികളും. മറ്റു ചിലര്‍ അമിതമായ ഉറക്കെ ആശ്രയിക്കുമ്പോള്‍ മറ്റു ചിലരുടെ പഠനനിലവാരത്തെയാണത് ബാധിക്കുക. ഇവിടെയാണ് മാതാപിതാക്കള്‍ നല്ല നിര്‍ദേശങ്ങളും ശിക്ഷണവും നല്‍കി തങ്ങളുടെ പങ്ക് നിര്‍വഹിക്കേണ്ടത്. അതോടൊപ്പം അവര്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഘട്ടത്തെ കുറിച്ച് മനസ്സിലാക്കുകയും ആ ഘട്ടം മറികടക്കുന്നത് വരെ അവര്‍ക്കൊപ്പം നിന്ന് അവരെ സഹായിക്കുകയും വേണം.

മൊഴിമാറ്റം: അബൂഅയാശ്

Related Articles