Current Date

Search
Close this search box.
Search
Close this search box.

കുട്ടികളില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത്

girl.jpg

‘ദുര്‍രിയ്യത്ത്’ എന്ന പദം 32 തവണ 19 വിവിധ അധ്യായങ്ങളിലായി ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. ‘സന്താനപരമ്പര’, ‘തലമുറ’ എന്നൊക്കെയാണ് ദുര്‍രിയ്യത്ത് എന്ന പദത്തിന്റെ വിവക്ഷ. കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ്. ഖുര്‍ആന്‍ ഇത്രയും സ്ഥലങ്ങളില്‍ കുടുംബത്തെ പറ്റിയും സന്താനങ്ങളെ പറ്റിയും ഊന്നിപ്പറഞ്ഞതില്‍ നിന്നു തന്നെ അവയുടെ പ്രാധാന്യം ഇസ്‌ലാമില്‍ എത്രത്തോളം ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. സന്താനങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ പലപ്പോഴും അവരെ എങ്ങനെ വളര്‍ത്തും? അവര്‍ക്ക് എങ്ങനെ സൗകര്യങ്ങള്‍ ഒരുക്കി നല്‍കും? അവരെ എങ്ങനെ പഠിപ്പിക്കും? അവരെ എങ്ങനെ സംരക്ഷിക്കും? എന്നിങ്ങനെ നിരവധി ചോദ്യങ്ങളും നമ്മുടെ മനസ്സില്‍ ഉരുത്തിരിയാറുണ്ട്. ഇത് പ്രകൃതിപരമാണ്. പ്രവാചകന്‍(സ) പറയുന്നു: ”നിങ്ങളില്‍ ഓരോരുത്തരും ഇടയന്മാരാണ്, നിങ്ങള്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്” (ബുഖാരി, മുസ്‌ലിം). മറ്റൊരു സ്ഥലത്ത് പ്രവാചകന്‍(സ) അരുളുന്നു: ”നിങ്ങള്‍ നിങ്ങളുടെ കുടുംബത്തേയും സന്താനങ്ങളേയും നല്ല മര്യാദകളും ഉപചാരങ്ങളും അഭ്യസിപ്പിക്കുക.”

എന്നാല്‍ കുട്ടികളെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ആണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു പഠിതാവിന്റെ കണ്ണിലൂടെ. മുതിര്‍ന്നവര്‍ ശീലിക്കേണ്ട ധാരാളം കഴിവുകളും വാസനകളും കുട്ടികളിലുണ്ട്. ഏതാനും ചിലത് ചുവടെ ചേര്‍ക്കുന്നു.

1. സ്ഥിരോത്സാഹം: കുട്ടികള്‍ എളുപ്പം തോറ്റു കൊടുക്കുന്നവരല്ല. അവര്‍ക്ക് ഒരു ലക്ഷ്യമുണ്ടാകും. പ്രതിബന്ധങ്ങളെയൊക്കെ മറന്ന് തങ്ങളുടെ ലക്ഷ്യത്തിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ച് അവര്‍ ഉദ്ദേശിച്ചത് നേടിയെടുക്കുന്നു. എന്നാല്‍ നാം മുതിര്‍ന്നവരാകട്ടെ നമ്മള്‍ നേരിടുന്ന പ്രതിസന്ധികളെ നമ്മുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ഒന്ന് മാത്രമായാണ് കാണാറുള്ളത്.

2. പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളല്‍: പുതുതായി സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ ചീത്ത കുട്ടിയായിരിക്കരുത് എന്ന് അധ്യാപകര്‍ അവര്‍ക്ക് നല്‍കുന്ന ഉപദേശം കുട്ടികള്‍ മനസ്സില്‍ കുറിച്ചിടും. തെറ്റായി കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും. മുമ്പ് പറ്റിയ പിഴവുകളെ അടുത്ത തവണ തിരുത്താന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ മുതിര്‍ന്നവര്‍ പലപ്പോഴും പിഴവുകളെ പരാജയമായാണ് കാണാറുള്ളത്. കുട്ടികളെ പോലെ പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ഒരിക്കലും പരാജയപ്പെടാതിരിക്കലല്ല വിജയം, പരാജയപ്പെട്ടിടത്ത് നിന്ന് എഴുന്നേറ്റു വരാന്‍ കാണിക്കുന്ന ആര്‍ജവമാണ് വിജയം.

3.മനശ്ശുദ്ധി: മനസ്സില്‍ സദാ വിദ്വേഷവുമായി നടക്കുന്ന ശീലം കുട്ടികള്‍ക്കില്ല. അവര്‍ എളുപ്പം പൊറുക്കുന്നവരാണ്. സുതാര്യമായാണ് അവര്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത്. അവര്‍ പൊയ്മുഖങ്ങള്‍ കൊണ്ടുനടക്കാറില്ല. നമ്മള്‍ മുതിര്‍ന്നവരും മറ്റുള്ളവരോട് ഇതേ ശുദ്ധമനസ്‌കതയാണ് പ്രകടമാക്കേണ്ടത്. കുട്ടിയോട് ഒരു തവണ കരുണ കാട്ടിയാല്‍ അവന്‍ നമ്മുടെ എല്ലാ തെറ്റുകളും മറന്നുകളയും. എന്നാല്‍, ഒരൊറ്റ തെറ്റുകൊണ്ട് വര്‍ഷങ്ങള്‍ ചെയ്ത നന്മയും ഇല്ലാതാക്കുന്നവരാണ് മുതിര്‍ന്നവര്‍.

4.അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവ്: കുട്ടികള്‍ എളുപ്പം സഹകരിക്കുകയും പരസ്പരം അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ നാം മുതിര്‍ന്നവരാകട്ടെ പലപ്പോഴും കടുംപിടുത്തക്കാരും മാറ്റങ്ങള്‍ ആഗ്രഹിക്കാത്തവരുമാണ്.

5. ചിരിക്കാനും പുഞ്ചിരിക്കാനുമുള്ള കഴിവ്: ഒരു കുട്ടി ഒരു ദിവസം ശരാശരി 200 തവണ ചിരിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ മുതിര്‍ന്നവരാകട്ടെ 14-17 തവണ മാത്രം. പല ആളുകളും ദിവസത്തിലെ നല്ലൊരു ഭാഗവും ദേഷ്യവും നിരാശയും മനസ്സില്‍ അടക്കിപ്പിടിച്ച് നടക്കുന്നവരാണ്.

6. നിരീക്ഷണപാടവം: കുട്ടികള്‍ പ്രകൃതിപരമായി തന്നെ ജിജ്ഞാസയുള്ളവരാണ്. ഓരോ ദിവസവും സ്വന്തം കഴിവുകളെയും തന്റെ ചുറ്റുമുള്ള ലോകത്തെയും അവര്‍ കണ്ടെത്തികൊണ്ടിരിക്കുന്നു. മുതിര്‍ന്നവരും സ്വന്തത്തെ കണ്ടെത്താനും അജ്ഞതയെ മറികടക്കാനും കുട്ടികളില്‍ നിന്ന് പഠിക്കണം.

7. പരസ്പരവിശ്വാസം: കുട്ടികള്‍ മറ്റുള്ളവരെ വിശ്വസിക്കുന്നു. ഒരാള്‍ എടുക്കാനായി കൈ കാണിക്കുമ്പോള്‍ കുട്ടി അയാളിലേക്ക് ചായുന്നത് അയാളിലുള്ള വിശ്വാസം കൊണ്ടാണ്. കൂട്ടായി ജീവിക്കുന്നവര്‍ എന്ന നിലക്ക് നമുക്ക് അനിവാര്യമാണ് ഈ പരസ്പരവിശ്വാസം. പരസ്പരം അറിയാനും ബഹുമാനിക്കാനും അത് നമ്മെ സഹായിക്കും.

8. ആത്മവിശ്വാസം: ഞാനാണ് ഏറ്റവും സുന്ദരന്‍, ബുദ്ധിയുള്ളവന്‍, ശക്തിയുള്ളവന്‍ എന്നൊക്കെയാണ് ഓരോ കുട്ടിയും ചിന്തിക്കുന്നത്. സ്വന്തം സ്വപ്‌നങ്ങളെ പൂവണിയിക്കണമെങ്കില്‍ മുതിര്‍ന്നവര്‍ക്കും വേണ്ടത് ആത്മവിശ്വാസമാണ്. സ്വന്തം കഴിവുകളിലുള്ള വിശ്വാസം.

9. ഉന്മേഷവും ഊര്‍ജസ്വലതയും: കുട്ടികള്‍ നിരന്തരമായി ഓരോ കളികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. അവര്‍ നേരത്തെ എഴുന്നേല്‍ക്കുകയും ഉറങ്ങുന്നതു വരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും. നിഷ്‌ക്രിയരായിരിക്കുക എന്നത് അവരുടെ നിഘണ്ടുവില്‍ ഇല്ല. മടികൂടാതെ ഉന്മേശവാന്മാരായി പ്രവര്‍ത്തിക്കാനുള്ള വലിയ പാഠം നമുക്ക് കുട്ടികളില്‍ നിന്ന് പഠിക്കാനുണ്ട്.

10. വിജ്ഞാനസമ്പാദനം: ഗൂഗിളും സ്മാര്‍ട്ട്‌ഫോണുമുള്ള ഈ കാലത്ത് നമ്മേക്കാള്‍ വിവരങ്ങളുടെ ലോകം പരിചയിക്കുന്നത് നമ്മുടെ കുട്ടികളാണ്. കുറച്ച് നേരം അവരോട് സംസാരിക്കാന്‍ നാം സമയം കണ്ടെത്തിയാല്‍ നാം അത്ഭുതപ്പെട്ടു പോകും. വിദ്യാഭ്യാസ രീതിയും അധ്യാപനരീതിയും മാറിയ ഈ കാലഘട്ടത്തില്‍ അവര്‍ പങ്കുവെക്കുന്ന കാര്യങ്ങള്‍ നമുക്ക് പുതുമയുള്ളവയായിരിക്കും. ദിവസവും ക്ലാസില്‍ നിന്ന് പഠിച്ചതെന്താണെന്ന് അവരോട് അന്വേഷിക്കുന്നതിലൂടെ അവരില്‍ നിന്ന് ധാരാളമായി നമുക്ക് പഠിക്കാന്‍ പറ്റും.   

ഓരോ കുട്ടിയും വ്യത്യസ്തരാണ്. കുട്ടികള്‍ക്കകത്ത് ഒളിഞ്ഞിരിക്കുന്ന പ്രതിഭയെ തേച്ചുമിനുക്കിയെടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. സ്‌കൂള്‍ വിദ്യാഭ്യാസം അതിനുള്ള താങ്ങു മാത്രമാണ്. വളര്‍ച്ചയുടെ അടിസ്ഥാനം കുടുംബം തന്നെയായിരിക്കണം. കുട്ടികളെ ഒരിക്കലും അവഗണിക്കരുത്. അത് അവരില്‍ അപകര്‍ഷതാബോധം വളര്‍ത്താനേ ഉപകരിക്കൂ. നമ്മുടെ തലമുറയേക്കാള്‍ മെച്ചപ്പെട്ട ഒരു തലമുറയെയാണ് നാം അവരിലൂടെ സ്വപ്‌നം കാണേണ്ടത്. മക്കളെ സന്മാര്‍ഗപാതയില്‍ വളര്‍ത്തുക എന്നത് നിലനില്‍ക്കുന്ന ദാനധര്‍മ്മമാണ്. അവര്‍ വളര്‍ന്ന് അതിന്റെ ഗുണഫലങ്ങള്‍ കാണിക്കുമ്പോള്‍ നമ്മുടെ ഖബറിടങ്ങളിലേക്കും അതിന്റെ വെളിച്ചമെത്തും.

കുറേയധികം നേടുന്നത് കൊണ്ട് ജീവിതം അര്‍ഥവത്താകുന്നില്ല. തിരിച്ച് എന്ത് നല്‍കി എന്നതിലാണ് നാം ഓര്‍മിക്കപ്പെടുക. അല്ലാഹു നമ്മുടെ സന്താനങ്ങളെ നേരായ പാതയില്‍ നയിക്കട്ടെ.

വിവ: അനസ് പടന്ന

Related Articles