Current Date

Search
Close this search box.
Search
Close this search box.

‘ഇവന്‍ ഒന്നിനും കൊള്ളാത്തവനാണ്’

father.jpg

മിക്ക മാതാപിതാക്കളും മക്കളോട് അവരുടെ പ്രായമോ കഴിവുകളോ പരിഗണിക്കാതെയാണ് ഇടപഴകുന്നത്. ദേഷ്യം വരുന്ന സന്ദര്‍ഭത്തിലും കുട്ടികളില്‍ തെറ്റുകള്‍ കാണുമ്പോഴും ആക്ഷേപത്തിന്റെ ശരങ്ങള്‍ വര്‍ഷിക്കുകയാണ് ചെയ്യുന്നത്. അവനോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവന് കഴിയാത്തതായിരിക്കും ഇത്തരം തെറ്റുകള്‍ പ്രകടമാകാന്‍ കാരണം. അവന്റെ ദൗര്‍ബല്യം തിരിച്ചറിയാതെയാണ് ഇത്തരത്തില്‍ പെരുമാറുന്നത്.
മനുഷ്യന്റെ ദൗര്‍ബല്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് അവരോട് പെരുമാറേണ്ടത് എന്നത് അടിസ്ഥാന തത്വത്തില്‍ പെട്ടതാണ്. ശത്രുരാഷ്ട്രത്തിലെ യുദ്ധങ്ങള്‍ക്കിടയില്‍ ശിക്ഷ നടപ്പിലാക്കാതിരിക്കുക എന്നത് ഇതിന്റെ ഭാഗമാണ്. കാരണം ദുര്‍ബലനായ മനുഷ്യര്‍ ആസന്നമായ ശിക്ഷയില്‍ നിന്നൊളിച്ചോടി നിഷേധികളുടെ പക്ഷം ചേരാനും സാധ്യതയുണ്ട്. അത് വലിയ പരീക്ഷണമാകുകയും ചെയ്യും.

മുആദ്(റ)  ഇമാം നിന്ന് ദീര്‍ഘനേരം നമസ്‌കരിച്ച വിവരം ഒരാള്‍ പ്രവാചകനോട് പരാതിപ്പെട്ടപ്പോള്‍ പ്രവാചകന്‍ കുപിതനായിക്കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു. മുആദ്! നീ ഒരു പ്രശ്‌നക്കാരനാണോ? ഇതു മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുകയുണ്ടായി.
ഓരോ മനുഷ്യര്‍ക്കും പരിമിതമായ കഴിവുകളാണുള്ളത്. പ്രയാസമുള്ളവ ചെയ്യേണ്ടിവരുമ്പോള്‍ മടുപ്പനുഭവപ്പെടുകയും അതില്‍ വീഴ്ച വരുത്തുകയും ചെയ്യുന്നു. അതിനാലാണ് പ്രവാചകന്‍(സ) ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്: ‘ നിങ്ങളെ കൊണ്ട് സാധിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക! നിങ്ങള്‍ക്ക് മടുപ്പനുഭവപ്പെടുന്നതു വരെ അല്ലാഹുവിന് മടുപ്പനുഭവപ്പെടുകയില്ല. എത്ര ചെറുതാണെങ്കിലും പതിവായി ചെയ്യുന്ന കര്‍മങ്ങളാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.’
നമ്മുടെ മക്കളെ അവര്‍ക്ക് താങ്ങാനാവാത്തത് വഹിപ്പിക്കുമ്പോള്‍ അവരുടെ ബാലന്‍സ് നഷ്ടപ്പെടുകയും അവരില്‍ നിന്നും തെറ്റുകള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇത് പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴി അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞുകൊണ്ട് താങ്ങാന്‍ കഴിയുന്നവ മാത്രം ഏല്‍പിക്കുക എന്നതാണ്. അപ്പോള്‍ അവര്‍ക്ക് അതില്‍ വിജയിക്കാന്‍ സാധിക്കുകയും അവരില്‍ ആത്മവിശ്വാസമുടലെടുക്കുകയും ചെയ്യും. തദ്ഫലമായി കൂടുതല്‍ വലിയ നേട്ടങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിക്കും. ഇതിലെല്ലാം നാം പരിഗണിക്കേണ്ടത് അവര്‍ കടന്നു പോകുന്ന പ്രായത്തിന്റെ സവിശേഷതകളെയാണ്. ഓരോ പ്രായത്തിലും പരിഗണിക്കേണ്ട സവിശേഷമായ വിഷയങ്ങളുണ്ടാകും. അവ ഒന്നു പോലും നാം അവഗണിക്കാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.

മകനെ തിരിച്ചറിയുക?
കുട്ടികളുടെ ശിക്ഷണത്തെ കുറിച്ച് കാഴ്ചപ്പാടില്ലാത്ത മാതാപിതാക്കള്‍ കുട്ടിത്തത്തില്‍ നിന്നും അവരുടെ ആവശ്യങ്ങളില്‍ നിന്നും തടഞ്ഞുനിര്‍ത്തിക്കൊണ്ട് അവരെ വളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ വളര്‍ന്നുവരുന്ന ഘട്ടത്തെ കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമുണ്ടായിരിക്കുകയില്ല. അതിനാല്‍ തന്നെ മക്കളുടെ ശിക്ഷണത്തില്‍ ഗുരുതരമായ അബദ്ധങ്ങളില്‍ അവര്‍ എത്തിച്ചേരുകയും ചെയ്യുന്നു. മക്കളുടെ പെരുമാറ്റത്തില്‍ വല്ല അബദ്ധവും കണ്ടാല്‍ നല്ല സഹനമവലംബിക്കുകയും അവരുടെ നൈര്‍മല്യത്തോട് പെരുമാറുകയും വേണം. മക്കളുടെ മാനസികാവസ്ഥയെ കുറിച്ചുള്ള ബോധ്യം വിട്ടുവീഴ്ച ചെയ്യാനും അവര്‍ക്ക് മാപ്പ് നല്‍കാനും നമ്മെ പ്രേരിപ്പിക്കും. ‘ ജനങ്ങളിലേറ്റവും ബുദ്ധിമാന്‍ അവരോട് ഏറ്റവുമധികം വിട്ടുവീഴ്ച ചെയ്യുന്നവനാണ് എന്ന ഖലീഫ ഉമറിന്റെ പ്രസ്താവന ഇവിടെ സ്മരണീയമാണ്. കുട്ടികളോട് അവരുടെ കഴിവിനനുസൃതമായത് മാത്രം നാം കല്‍പിക്കുമ്പോള്‍ തന്നെ അവരുടെ മാനസികമായ വളര്‍ച്ചയും നാം പ്രത്യേകം പരിഗണിക്കണം. ചികിത്സിക്കുന്ന സന്ദര്‍ഭത്തില്‍ രോഗിയോടുള്ള ഡോക്ടറുടെ സമീപനം പോലെയായിരിക്കണം കുട്ടികള്‍ക്ക് ശിക്ഷണം നല്‍കുന്നവരുടെ അവസ്ഥയും. അവന്റെ അവസ്ഥയും കഴിവും സമീപനവുമെല്ലാം അറിഞ്ഞു ചികിത്സിക്കുമ്പോഴാണ് ശിക്ഷണം കൂടുതല്‍ ഫലപ്രദമാകുന്നത്.

പ്രിയ രക്ഷിതാവേ,
നമ്മുടെ മക്കള്‍ക്ക് ആവശ്യമായത് സ്‌നേഹവും കാരുണ്യവും വിശാലതയും ഉള്ള, അവരെ കുറിച്ച് സ്വപ്‌നങ്ങള്‍ കാണുന്ന രക്ഷിതാക്കളെയാണ്. അവരുടെ ന്യൂനതകളും ദൗര്‍ബല്യവും അജ്ഞതയും ചൂഴ്ന്നന്വേഷിച്ചു അവര്‍ക്് ഇടുക്കം സൃഷ്ടിക്കരുത്. അവരുടെ പ്രയാസങ്ങള്‍ ഏറ്റെടുക്കുന്ന അവര്‍ക്ക് സംരക്ഷണവും വിട്ടുവീഴ്ചയും സ്‌നേഹവും തൃപ്തിയും നല്‍കുന്ന രക്ഷിതാക്കളെയാണ് അവര്‍ക്കാവശ്യം. അവരുടെ ഭൗതികവും ബൗദ്ധികവുമായ വളര്‍ച്ചക്കുതകുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും വേണം. അവരില്‍ നിന്ന് വരുന്ന വീഴ്ചകളില്‍ വിട്ടുവീഴ്ച നല്‍കുകയും സ്‌നേഹത്തോടെ തിരുത്തുകയും ചെയ്യുകയാണെങ്കില്‍ അവ തനിയെ ഇല്ലാതായിത്തീരും.
നീ വിവേകിയായ ഒരു രക്ഷിതാവാകുക, എങ്കില്‍ നിന്റെ മകന്‍ നിന്നേക്കാള്‍ വലിയ വിവേകിയായി വളരും. നീ ഒരിക്കലും ശാന്തത കൈവിടരുത്. നൈര്‍മല്യത്തോടെയും സൂചനകളിലൂടെയും സ്‌നേഹത്തോടെയും സംസാരിക്കുക. നിന്റെ ഈ ശാന്തമായ പെരുമാറ്റം അവന്‍ അനുകരിക്കും. ദേഷ്യത്തിന്റെ കെണിയിലകപ്പെടുന്നതില്‍ നിന്ന് പിതാവിന് രക്ഷപ്പെടുകയും ചെയ്യാം. നിനക്ക് ടെന്‍ഷന്‍ അനുഭവപ്പെടുന്ന സന്ദര്‍ഭത്തിലാണെങ്കിലും ഈ ശാന്തത നിലനിര്‍ത്താനും ശബ്ദം നിയന്ത്രിക്കാനും ബോധപൂര്‍വ ശ്രമം നടത്തുക.

കാരുണ്യമുള്ള പിതാവാകുക, നിന്റെ ഹൃദയത്തില്‍ നിന്ന് സ്‌നേഹം ഒരിക്കലും അകറ്റരുത്. നിന്റെ സംസാരങ്ങള്‍ നൈര്‍മല്യമുള്ളവയായിരിക്കുക. ഹൃദയത്തില്‍ അതിരറ്റ സ്‌നേഹമുള്ള പിതാവ് ദുര്‍ബലരായ മക്കളോട് വാല്‍സല്യമുള്ളവരായിരിക്കും. അവരുടെ ഹൃദയത്തിന്റെ ഓരോ മിടിപ്പും നിരീക്ഷിച്ചുകൊണ്ടിരിക്കും. അവരുടെ ദുഖത്തിലും സന്തോഷത്തിലും പങ്കുചേരും. അവര്‍ക്ക് വേണ്ടി സമയം നീക്കിവെക്കുകയും എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. അവരെ പറ്റി നിരീക്ഷിച്ചുകൊണ്ടിരിക്കും. അവരുടെ സമീപനം ഇപ്രകാരമായിരിക്കും: ‘ സുലൈമാന്‍ പക്ഷികളെ പരിശോധിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇതെന്തുപറ്റി? ആ മരംകൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ. അത് എവിടെയെങ്കിലും അപ്രത്യക്ഷമായോ?’ (അന്നംല് 20)
 തങ്ങളുടെ മക്കള്‍ അവരുടെ കുട്ടിക്കാലത്ത് തന്നെ എല്ലാവിധ നേട്ടങ്ങളും കരസ്ഥമാക്കണം, അല്ലെങ്കില്‍ രക്ഷിതാക്കള്‍ നേടിയ എല്ലാ യോഗ്യതകളും അവര്‍ നേടിയെടുക്കണം  എന്ന് കരുതുന്ന ചില രക്ഷിതാക്കളുണ്ട്. യഥാര്‍ഥത്തില്‍ അത്തരം രക്ഷിതാക്കള്‍ മക്കളുടെ വികാരങ്ങളും താല്‍പര്യങ്ങളും മനസ്സിലാക്കാന്‍ കഴിയാത്ത ദുര്‍ബലരാണ്.

പ്രായോഗിക നിര്‍ദ്ദേശങ്ങള്‍
-കുട്ടിയുടെ ദൗര്‍ബല്യത്തെ കുറിച്ച് ബോധവാനാകുക! അവന്റെ കഴിവുകള്‍ അപഗ്രഥനം ചെയ്യുക. അവനോട് വല്ലതും കല്‍പിക്കുന്നതിന് മുമ്പ് അവനത് നിര്‍വഹിക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കുക.
-മകന്റെ മികച്ചു നില്‍ക്കുന്ന കഴിവുകള്‍ കണ്ടെത്തി അതിന്റെ പൂര്‍ണവിജയത്തിലെത്താന്‍ പൂര്‍ണമായി സഹായിക്കുക.
-അവന് പരാജയം സംഭവിക്കുന്ന സന്ദര്‍ഭത്തില്‍ നിങ്ങള്‍ അവനെ ആക്ഷേപിക്കരുത്. പരാജയത്തിന്റെ കാരണങ്ങള്‍ അപഗ്രഥനം ചെയ്തുകൊണ്ട് അവയെ അതിജയിക്കാന്‍ സഹായിക്കുക. അവനില്‍ ആത്മവിശ്വാസവും വെല്ലുവിളികളും നട്ടുപിടിപ്പിക്കുക. അടുത്ത ഘട്ടത്തില്‍ വിജയംവരിക്കാന്‍ അത് അവനെ സഹായിക്കും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്
 

Related Articles