Current Date

Search
Close this search box.
Search
Close this search box.

പോഷകാഹാരശീലം ഇസ്‌ലാമില്‍

nutrition.jpg

‘ജനങ്ങളെ! ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും പരിശുദ്ധവുമായത് നിങ്ങള്‍ ഭക്ഷിക്കുക.’ (2:168) അല്ലാഹു നിഷിദ്ധമാക്കാത്ത എല്ലാ വിഭവങ്ങളും ഭക്ഷിക്കല്‍ അനുവദനീയമാണ്. ലോകത്തുള്ള ബാക്കി എല്ലാ ഉല്‍പന്നങ്ങളും ഭക്ഷിക്കരുതെന്ന് വിശ്വാസികളെ അല്ലാഹു പ്രത്യേകം ഉണര്‍ത്തുന്നുണ്ട്. അനുവദനീയമാകുക എന്നത് മാത്രമല്ല ഒരു വിഭവം തിന്നാനുള്ള ഉപാധി. മറിച്ച് അവ പരിശുദ്ധമാകണം. അതായത്, ഒരാളുടെ ആരോഗ്യത്തിന് യോജിച്ച കാര്യങ്ങളാണ് പരിശുദ്ധം (ത്വയ്യിബ്) എന്നതുകൊണ്ട് ഖുര്‍ആന്‍ അര്‍ഥമാക്കുന്നത്. ഒരാളുടെ രോഗത്തിനോ അല്ലെങ്കില്‍ കാലാവസ്ഥക്കോ യോജിക്കാത്ത ഒരു വിഭവം അനുവദനീയം (ഹലാല്‍) ആണെങ്കിലും അയാള്‍ക്ക് ആ പ്രത്യേക സന്ദര്‍ഭത്തില്‍ അത് പരിശുദ്ധം (ത്വയ്യിബ്) അല്ല. അതുകൊണ്ട് അയാളത് ഉപയോഗിക്കാന്‍ പാടില്ല.

ഗ്ലൂകോസും സ്റ്റാര്‍ച്ചും കൂടുതലുള്ള വിഭവങ്ങളും മധുരവും ഒരാള്‍ക്ക് ഹറാമല്ല. പക്ഷെ പ്രമേഹരോഗിയായ ഒരാള്‍ക്ക് അത് ആരോഗ്യത്തിന് യോജിച്ചതല്ല (ത്വയ്യിബ് അല്ല). അതുകൊണ്ട് തന്നെ ഖുര്‍ആനിന്റെ നിര്‍ദേശമനുസരിച്ച് മധുരം അയാള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. കാരണം അത് ഹലാല്‍ ആണെങ്കിലും ത്വയ്യിബ് അല്ല.

ഖുര്‍ആനില്‍ പോഷകാഹാരങ്ങളായി എടുത്ത് പറഞ്ഞ ചിലകാര്യങ്ങളുണ്ട്. അവ ആധുനിക ആരോഗ്യ ശാസ്ത്രവും അംഗീകരിച്ച കാര്യങ്ങള്‍ തന്നെയാണ്.

പഴവര്‍ഗങ്ങളും പച്ചക്കറികളും: പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും ശരീരത്തിന് വേണ്ട ധാരാളം പോഷകാംശങ്ങളുണ്ട്. ജലകണികകള്‍, നാരുകള്‍, വിറ്റാമിനുകള്‍, മിനറല്‍സ് എന്നിവ അതിലടങ്ങിയിട്ടുണ്ട്. ദഹന പ്രക്രിയക്ക് സഹായകമാകുന്ന ഘടകങ്ങളും ഇവയിലുണ്ട്. ഇവ പാകം ചെയ്യാതെ കഴിക്കുന്നതാണ് നല്ലത്. പാകം ചെയ്യുന്നതോടെ ഇവയുടെ പോഷകഗുമങ്ങളില്‍ ഒരു നല്ല ഭാഗം നഷ്ടപ്പെടുന്നു.

മാസവും കടല്‍വിഭവങ്ങളും: കന്നുകാലികളുടെ മാംസവും ജലജീവികളിലെ മത്സ്യവര്‍ഗവും ധാരാളം മാംസ്യവും പോഷകങ്ങളും അടങ്ങിയതാണ്. അതുകൊണ്ട് തന്നെ അവ ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ഖുര്‍ആനും സുന്നത്തും കല്‍പിക്കുന്നുണ്ട്. ഇവക്ക് പുറമേ ധാന്യവര്‍ഗങ്ങളും തേന്‍, പാല്‍ തുടങ്ങിയവയും ഇസ്‌ലാം പ്രോത്സാഹിപ്പിച്ച ‘ഭക്ഷണ മെനു’വില്‍ ഉള്‍പെട്ടതാണ്.

രുചിയും ആസ്വാദനവും മാത്രമല്ല അനാരോഗ്യത്തില്‍ നിന്നുള്ള സംരക്ഷണവും കൂടിയാണ് ഭക്ഷണത്തിന്റെ ഇസ്‌ലാമിക മാനം. അതുകൊണ്ടാണ് തേനും പാലും ഇസ്‌ലാമിക മെനുവില്‍ ഉള്‍പെടുത്താന്‍ ഖുര്‍ആനും സുന്നത്തും നിര്‍ദ്ദേശിച്ചത്.

കുടിവെള്ളത്തെ കുറിച്ചും ഖുര്‍ആന്‍ ഊന്നി പറയുന്നുണ്ട്. ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ് ജലം. ആവശ്യമായ അളവില്‍ ജലം ശരീരത്തില്‍ എത്തുക എന്നത് അത്യാവശ്യമാണ്.

മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശാസ്ത്രീയവും യുക്തിപൂര്‍ണവുമായ നിലപാടുകളുള്ള ഇസ്‌ലാമില്‍ എന്തെല്ലാം ഭക്ഷിക്കണമെന്നു മാത്രമല്ല അത് എങ്ങനെ എപ്രകാരം ആയിരിക്കണമെന്നു കൂടി പഠിപ്പിക്കുന്നുണ്ട്. വയറിന്റെ മൂന്നിലൊന്ന് മാത്രം ഭക്ഷിക്കുക, ശരീരത്തിന് ഹാനികരമായത് ഭക്ഷിക്കാതിരിക്കുക, ധൂര്‍ത്തടിക്കാതിരിക്കുക എന്നിവയെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്ന ഭക്ഷണമര്യാദകളില്‍പെട്ടതാണ്.
 

Related Articles