Current Date

Search
Close this search box.
Search
Close this search box.

പുകവലി ഉപേക്ഷിച്ച് പൗരുഷം പ്രകടിപ്പിക്കുക

smoking.jpg

പുകവലിക്കുന്ന പത്തില്‍ നാലോ അഞ്ചോ പേര്‍ അത് ചെയ്യുന്നതിന് പിന്നിലെ കാരണം അത് പൗരുഷത്തിന്റെ ഭാഗമാണ് എന്ന ധാരണയിലാണെന്ന് ഡോ. കെയ്ത് പാക് പറയുന്നു. അവരോടെനിക്ക് പറയാനുള്ളത് സിഗരറ്റ് വലിച്ചെറിഞ്ഞ് ആണത്തം കാണിക്കുക എന്നാണ്. പുകവലി ഉപേക്ഷിച്ച ഒരാളുടെ വാക്കുള്‍ വളരെ ശ്രദ്ധേയമാണ്. മനസിനെ ഇളക്കിമറിക്കുന്ന, സംഘര്‍ഷം ഉണ്ടാക്കുന്ന ഒരു തീരുമാനമാണത്. യുക്തിയുടെയും ബുദ്ധിയുടെയും ത്രാസില്‍ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണത്. തിന്മ ഇച്ഛയുടെയും അജ്ഞതയുടെയും വാദങ്ങളുമായിട്ടാണ് വരുന്നത്. ഞാന്‍ കത്തിച്ച ഓരോ സിഗരറ്റും എന്റെ മാംസത്തിലും രക്തത്തിലുമാണ്. അതെല്ലാം അവിടെ തന്നെ അവശേഷിക്കുന്നുമുണ്ട്. ഞാനത് കെടുത്തുന്നതിന് മുമ്പത് എന്റെ ബുദ്ധിയെയും ആരോഗ്യത്തിന്റെ ഉണര്‍വിനെയും കെടുത്തുന്നു.

അയാള്‍ തുടര്‍ന്ന് പറയുന്നു: ‘സിഗരറ്റ് എന്റെ ദൗര്‍ബല്യമായത് എന്നെ വളരെയധികം വേദനിപ്പിക്കുന്നുവെന്ന് നിങ്ങളറിയണം. അതിന്റെ ചങ്ങലകള്‍ എന്നെ ബന്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം കാലം അത് എന്റെ ആരോഗ്യത്തിനും സമ്പത്തിനും ഭീഷണിയായിരുന്നു. അതില്‍ നിന്നുള്ള മോചനം എന്റെ മനസ് ആഗ്രഹിച്ചു. നിരാശനാകാതെ അതിനെ പിഴുതെറിയാന്‍ പലതവണ ഞാന്‍ ശ്രമിച്ചു. അത് എന്റെ മതബാധ്യതയായിട്ടാണ് ഞാന്‍ മനസിലാക്കിയത്. എന്റെ സമ്പത്തും ആരോഗ്യവും എന്റെ നാഥന്‍ എന്നെ ഏല്‍പ്പിച്ച അമാനത്ത് സ്വത്തുക്കളാണ്. നാളെ പരലോകത്ത് അതെങ്ങനെ ചെലവഴിച്ചു എന്ന് ഞാന്‍ ബോധിപ്പിക്കേണ്ടതുണ്ട്. ആത്മാവിനെ സംസ്‌കരിക്കുന്നതിലും അതിനെ ഉന്നതമാക്കുന്നതിലും ഇസ്‌ലാമികമായ ശൈലിക്കുള്ള സ്വാധീനത്തെയാണത് കുറിക്കുന്നത്. അതിന്റെ ശക്തമായ സ്വാധീനമാണ് മനുഷ്യനെ നന്മയിലേക്ക് നയിക്കുക.

പുകവലിക്കാരായിരുന്നവരോടുള്ള സംസാരത്തില്‍ ഞാന്‍ ശ്രദ്ധയൂന്നിയത് അവരുടെ ആദ്യ പുകവലി അനുഭവത്തെപറ്റി അറിയുന്നതിനായിരുന്നു. അതെപ്പോഴായിരുന്നു? അതെങ്ങിനെയായിരുന്നു? ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തന്നെ അവരില്‍ മിക്കവര്‍ക്കും സിഗരറ്റിനെകുറിച്ച് അറിയുന്നരായിരുന്നു. വലിയവരോടൊപ്പം ഇരുന്നപ്പോള്‍ അവരില്‍ നിന്നാണവര്‍ കാണുന്നത്. അത് കാണുന്ന അവരിലും അവരെ പിന്‍പറ്റാനുള്ള താല്‍പര്യമുണ്ടാകുന്നു. അവരുടെ സങ്കല്‍പത്തിലുള്ള പൗരുഷം നേടിയെടുക്കുന്നതിനാണത്. പലരും കടലാസ് ചുരുളുകള്‍ സിഗരറ്റിന്റെ രൂപത്തിലാക്കി വലിയവരെ അനുകരിക്കുകയായിരുന്നു ആദ്യത്തില്‍. വ്യാജമായ പൗരുഷത്തിന്റെ അടയാളം ഏറ്റെടുക്കുന്നതിലൂടെയുള്ള ആനന്ദം അവരതില്‍ കണ്ടെത്തി. പിന്നീടത് സിഗരറ്റുകളുടെ ഉപയോഗത്തിലും അതൊരു ശീലമാക്കുന്നതിലും എത്തിച്ചു.

പുകവലിയുടെ അപകടത്തെ പറ്റി യുവാക്കള്‍ വേണ്ടത്ര ബോധവാന്മാരല്ല. മുതിര്‍ന്നവരും കുട്ടികളും അതിന്റെ ദോഷത്തെക്കുറിച്ച് അധികം ചിന്തിക്കാത്തവരാണ്. മനുഷ്യകുലത്തിനെതിരെ തന്നെ ഗൂഢാലോചന നടത്തുന്നവരുണ്ടെന്ന് നാം മനസിലാക്കണം. യാഥാര്‍ത്ഥ്യം എന്താണെന്ന് നാം മനസിലാക്കുകയും അതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും വേണം. ലോക പുകവലിയുല്‍പന്ന കമ്പനികള്‍ മാധ്യമങ്ങളെ തങ്ങളുടെ ചൊല്‍പടിക്ക് നിര്‍ത്തിയിരിക്കുകയാണ്. പുകവലിയുടെ ദോഷങ്ങളെ കുറിച്ച മിക്ക വൈദ്യശാസ്ത്ര ഗവേഷണങ്ങളും വെളിച്ചം കാണാത്തതിന് കാരണവും അത് തന്നെയാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ദോഷകരമായി ബാധിക്കുന്ന മുഴുവന്‍ പ്രകൃതിക്കും പോറലേല്‍പിക്കുന്ന അപകടങ്ങളാണ് അതുമുഖേനയുണ്ടാവുന്നതെന്ന് പ്രസ്തുത പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സിഗരറ്റ് കമ്പനികളുടെ പ്രചരണം നടത്തുകയും തല്‍ഫലമായി വലിയ തുക നേടുകയും ചെയ്യുന്നു മാധ്യമങ്ങള്‍. സൂപ്പര്‍ സ്റ്റാറുകള്‍ പുകവലിക്കാരായി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതും യുവാക്കള്‍ക്ക് പ്രേരണയാകുന്നു. ചീത്ത സ്വഭാവമായി അവരുടെ മനസും വികാരവും ബുദ്ധിയും അത് വരെ അംഗീകരിച്ചിരുന്ന കാര്യമാണ് പുകവലി. സൂപ്പര്‍ താരങ്ങളുടെ ഓരോ ചലനവും അനുകരിക്കുന്ന യുവാക്കള്‍ പുകവലിയിലും അവരെ അനുകരിക്കുന്നു. സിനിമകള്‍ കാണുന്നവരെ സ്വാധീനിച്ച് കെണിയില്‍ വീഴ്ത്തുകയാണിത്. പുകവലിക്കുന്ന യുവാക്കള്‍ കാര്യം മനസിലാക്കി ഗുണപാഠമുള്‍ക്കൊള്ളണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഇത്തരത്തില്‍ പുകവലിക്കാരായിരുന്ന പലരും ശ്വാസകോശ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ കാരണമാണ് മരണപ്പെട്ടിട്ടുള്ളത്. പ്രമുഖ നടനായിരുന്ന യൂള്‍ ബ്രയിനര്‍ സിഗരറ്റുകളുടെ സന്തത സഹചാരിയായിരുന്നു. പല പ്രമുഖ സിഗരറ്റ് കമ്പനികളുടെയും പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന യൂള്‍ ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച് വേദനിക്കുന്ന സമയത്ത് തന്റെ മകളെ വിളിച്ച് വളരെ ഖേദത്തോടെ പറഞ്ഞു: ‘മോളെ, നീയൊരിക്കലും പുകവലിക്കരുത്, ഇത് നിന്നോടും മുഴുവന്‍ മനുഷ്യരോടുമുള്ള എന്റെ അന്ത്യോപദേശമാണ്. എന്റെ ഈ ഉപദേശത്തെ നീ പ്രചരിപ്പിക്കുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’  മകള്‍ പിതാവിന്റെ ഉപദേശം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാലിക്കുകയും ലോകത്ത് പ്രസ്തുത സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങള്‍ വേറെയും ഉണ്ട്. അവരില്‍ പലരും മരണക്കിടക്കയില്‍ വെച്ചാണെങ്കിലും അതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരണ കാരണം പുകവലിയായിരുന്നുവെന്ന് തുറന്ന് പറയാനും അവര്‍ ധൈര്യം കാണിച്ചു. നാം നമ്മുടെ പല ശീലങ്ങളെയും പുനപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ അത് സ്വീകരിക്കുന്നതിന് കാരണമാകുമെന്നും അവര്‍ മനസിലാക്കി.

മനുഷ്യന്റെ ശുദ്ധ പ്രകൃതി വെറുക്കുന്ന കാര്യമാണ് പുകവലി എന്നത് വ്യക്തമായ കാര്യമാണ്. പുകവലിക്കുന്നവനാക്കാനാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചിരുന്നെങ്കില്‍ അവന്റെ മൂക്കിന്റ ദ്വാരങ്ങള്‍ ഇപ്പോഴുള്ളപോലെ താഴേക്കല്ല, മുകളിലേക്കാകുമായിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണ്‍ പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. നാം നമ്മുടെ സ്വഭാവങ്ങളെ ഒരിക്കല്‍ കൂടി വിലയിരുത്തേണ്ടതുണ്ട്. പുകവലിയെന്നത് വളരെ യുക്തിയോടെയും ബുദ്ധിയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ്. പുകവലിക്കാരായ യുവാക്കള്‍ വിവേകം വീണ്ടെടുത്ത് ശരിയിലേക്ക് മടങ്ങേണ്ടതുണ്ട്. അതിലൂടെ അവര്‍ സ്വന്തത്തെ തന്നെ അല്‍പാല്‍പ്പമായി നശിപ്പിക്കുകയാണെന്ന് തിരിച്ചറിയണം. പിശാചാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ലോകനാഥനായ അല്ലാഹു അവര്‍ അതില്‍ നിന്ന് തൗബ ചെയ്ത് മടങ്ങുന്നതാണ് ആഗ്രഹിക്കുന്നത്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് ദൈവിക നിയമങ്ങള്‍ വിവരിച്ചുതരാനും മുന്‍ഗാമികളുടെ മഹിതചര്യകള്‍ കാണിച്ചുതരാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാനും അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണമെന്നുദ്ദേശിക്കുന്നു. എന്നാല്‍ താന്തോന്നികളായി കഴിയുന്നവരാഗ്രഹിക്കുന്നത് നിങ്ങള്‍ നേര്‍വഴിയില്‍നിന്ന് ബഹുദൂരം അകന്നുപോകണമെന്നാണ്. അല്ലാഹു നിങ്ങളുടെ ഭാരം കുറക്കാനുദ്ദേശിക്കുന്നു. ഏറെ ദുര്‍ബലനായാണല്ലോ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്.’ (അന്നിസാഅ്: 26-28)
അല്ലയോ കുട്ടികളേ, യുവാക്കളേ, നിങ്ങളാണ് ഈ സമൂഹത്തിന്റെ ഭാവി. പുകവലിയുടെ കാര്യത്തില്‍ നിങ്ങള്‍ മുതിര്‍ന്നവരെ അനുകരിക്കരുത്. ഞങ്ങളുടെ പിതാക്കന്‍മാരില്‍ കണ്ടതാണ്, അതിനെ ഞങ്ങള്‍ പിന്തുടരുന്നു എന്ന ന്യായം നിങ്ങളതിന് കണ്ടെത്തരുത്. പിന്തുടരപ്പെടേണ്ട ഒരു മാതൃകയല്ല അത്. അന്ധമായ അനുകരണത്തെ പ്രവാചകന്‍(സ) വിലക്കിയിട്ടുണ്ട്. ‘നിങ്ങള്‍ കൂടെകൂടികളാകരുത്, ജനങ്ങള്‍ നന്മ ചെയ്താല്‍ ഞങ്ങളും നന്മ ചെയ്യും. അവര്‍ അതിക്രമം കാണിച്ചാല്‍ ഞങ്ങളും അതിക്രമം കാണിക്കും. എന്നാല്‍ നിങ്ങള്‍ സ്വന്തത്തെ ഉറപ്പിച്ച് നിര്‍ത്തുക. ജനങ്ങള്‍ നന്മ ചെയ്താല്‍ നിങ്ങളും നന്മ ചെയ്യുക. അവര്‍ തിന്മ ചെയ്താല്‍ നിങ്ങള്‍ അതിക്രമം കാണിക്കരുത്. (തിര്‍മിദി)

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
        
 

Related Articles