Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി വധം വീണ്ടും സൗദിയെ തിരിഞ്ഞുകുത്തുമ്പോള്‍

ഒരിക്കല്‍ കൂടി ഖഷോഗിയുടെ മരണം വാര്‍ത്തയാവുകയാണ്. ഇപ്രാവശ്യം അത് വാര്‍ത്ത എന്നതിനേക്കാള്‍ ഒരു ആരോപണവുമായാണ് വന്നത്. ഐക്യരാഷ്ട്ര സഭ അന്വേഷണ ഏജന്‍സി കൃത്യമായി തന്നെ കുറ്റവാളികളെ ചൂണ്ടികാണിക്കുന്നു. മാത്രമല്ല കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെയും അത് നടത്തിയ രീതിയുമടക്കം റിപ്പോര്‍ട്ടില്‍ അവര്‍ വരച്ചു കാണിക്കുന്നു. ഖഷോഗിയുടെ മരണത്തില്‍ ആരോപിക്കപ്പെടുന്നതു പോലെ കിരീടാവകാശിക്കു പങ്കില്ല എന്ന് സഊദി പ്രതികരിച്ചിട്ടുണ്ട്. ‘സൗദി അറേബ്യയുടെ ഉത്തരവാദിത്തമുള്ള നിയമവിരുദ്ധമായ കൊലപാതകം’ എന്നാണ് യു.എന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതൊരു മുന്‍കൂട്ടി തീരുമാനിച്ച കാര്യമാണോ എന്നതില്‍ സംശയമുണ്ട് എന്നാണ് അന്വേഷകയായ ആഗ്‌നസ് കാലാമാര്‍ഡ് പറയുന്നത്. എന്നാലും കൃത്യമായ പ്ലാനിങോട് കൂടി തന്നെയാണ് ഈ കൃത്യം നടന്നത് എന്ന കാര്യത്തില്‍ ഒരു സംശയവും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

‘സന്ധികള്‍ വേര്‍പ്പെടുത്തി ശരീരം കഷ്ണങ്ങളായി പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു പുറത്തു കളയാന്‍’ സംഘാംഗങ്ങള്‍ തീരുമാനിച്ച വിവരവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണം വേണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടിരിക്കുന്നു. ആംനെസ്റ്റിയുടെ മിഡില്‍ ഈസ്റ്റ് റിസര്‍ച്ച് ഡയറക്ടര്‍ നിര്‍ബന്ധമായും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ വിഷയത്തില്‍ നേരിട്ടിടപെടണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിനെ പൂര്‍ണമായി അംഗീകരിക്കുന്നു എന്നാണ് തുര്‍ക്കിയുടെ നിലപാട്. ഈ മാസം 26ന് യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സഊദി കൂടി ഈ സമിതിയില്‍ അംഗമാണ് എന്നത് കൊണ്ട് തന്നെ അവിടെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ജിജ്ഞാസയോട് കൂടിയാണ് ലോകം കാത്തിരിക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ മയമില്ലാതെ നേരിടുന്നു എന്നതാണ് അറബ് ലോകത്തെ വിഷയങ്ങളെക്കുറിച്ച് നിരീക്ഷകര്‍ പറയുന്നത്. വിദേശ പത്രങ്ങളില്‍ സഊദിയയുടെ ശക്തനായ വിമര്‍ശകനായിരുന്നു ഖഷോഗി. ജനാധിപത്യ രീതിയില്‍ മറുപടി പറയുക, പ്രതികരിക്കുക എന്നതിന് പകരം പ്രതിയോഗികളെ ഇല്ലാതാക്കുക എന്ന രീതിയാണ് പലരും സ്വീകരിച്ചു വരുന്നത്. സല്‍മാന്‍ രാജാവാണ് സഊദി ഭരിക്കുന്നത് എങ്കിലും കാര്യങ്ങള്‍ തീരുമാനിക്കുന്നത് കിരീടാവകാശിയാണ് എന്നത് പരസ്യമായ രഹസ്യമാണ്. മുസ്ലിം ലോകത്തിനു നേതൃത്വം നല്‍കുന്ന രാജ്യം എന്ന നിലയില്‍ സഊദിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം വളരെയധികം പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കും എന്നത് കൂടി പലരും ചൂണ്ടികാണിക്കുന്നു. ജനാധിപത്യ മൂല്യങ്ങള്‍ തിരസ്‌കരിക്കപ്പെടുക എന്നത് അറേബ്യന്‍ രാജ്യങ്ങളില്‍ ഒരു പുതുമയുള്ള കാര്യമല്ല എന്നുകൂടി വിമര്‍ശകര്‍ ഉന്നയിക്കുന്നു.

അടുത്തിടെ മരണപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റ് മുര്‍സിയും ഇത്തരത്തില്‍ ജനാധിപത്യ മൂലങ്ങളുടെ നിരാസത്തിന്റെ ബാക്കിയാണ്. ഭരണകൂട ഭീകരതയുടെ ഇരകളായി ആധുനിക ലോകത്ത് ഉയര്‍ത്തി കാണിക്കാന്‍ കഴിയുന്നവരാണ് ഇവര്‍ രണ്ടും എന്നും പലരും നിരീക്ഷിക്കുന്നു. സ്വന്തം ജനതയോടും ആളുകളോടും ഭരണ കൂടം കാണിക്കുന്ന ക്രൂരതകളുടെ നല്ല ഉദാഹരണമായി ഇവ രണ്ടും എന്നും ഉയര്‍ന്നു നില്‍ക്കും. അധികാരം കയ്യാളാന്‍ പോകുന്നതിന് മുമ്പ് തന്നെ മോശം പ്രതിച്ഛായ എന്നതാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിടുന്ന ദുര്യോഗം. അമേരിക്കന്‍ സഖ്യത്തിലാണ് എന്നിരുന്നാലും അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ സഊദിക്കെതിരാണ്. അത്‌കൊണ്ട് തന്നെ പെട്ടെന്നൊന്നും ഈ വിഷയം തേച്ചു മായ്ച്ചു കളയാന്‍ കഴിയില്ല. അമേരിക്കയില്‍ ഭരണാധികാരികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പലപ്പോഴും മാധ്യമങ്ങള്‍ക്ക് സാധിക്കും. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ സഊദിയയെ സഹായിക്കാന്‍ പ്രസിഡന്റ് ട്രംപ് ശ്രമിച്ചാലും അത് നടപ്പാകില്ല എന്ന് തന്നെയാണ് നിരീക്ഷകര്‍ പറയുന്നതും.

ഖഷോഗി വിഷയത്തില്‍ സഊദി ശക്തമായ പ്രതിരോധം തീര്‍ത്തിട്ടുണ്ട്. ഭരണകൂടത്തിന് അതുമായി പങ്കില്ല എന്ന് തന്നെ അവര്‍ ഉറപ്പിച്ചു പറയുന്നു. നിഷേധിക്കാനാവാത്ത വസ്തുതകള്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു എന്നതിനാല്‍ തന്നെ യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ ഈ റിപ്പോര്‍ട് എങ്ങിനെ ചര്‍ച്ച ചെയ്യപ്പെടുമെന്നതാണ് ലോകം ഉറ്റു നോക്കുന്നതും.

Related Articles