Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തില്‍ ഒരു മതരാഷ്ട്രമുണ്ട് … അതിനെ ഇസ് ലാം എതിര്‍ക്കുന്നു

എല്ലില്ലാത്ത ഇറച്ചിയാണ് എല്ലാവര്ക്കും ആവശ്യം. അപ്പോള്‍ ഈ എല്ല് മാത്രം വാങ്ങാന്‍ ആര് വരും എന്നതാണ് ചോദ്യം. ആളുകളുടെ ആവശ്യം പരിഗണിച്ചു ഇപ്പോള്‍ മാര്‍ക്കറ്റില്‍ എല്ലില്ലാത്ത ഇറച്ചിയും ലഭ്യമാണ്. മതങ്ങള്‍ പലപ്പോഴും ഒരു എല്ലില്ലാത്ത ഇറച്ചിയാണ്. അതിന്റെ എല്ലൊക്കെ മറ്റു പലരും ഊരിയെടുത്തിരിക്കുന്നു. ദൈവത്തിനും സീസറിനും വീതം വെച്ച മതങ്ങളും നമ്മുടെ നാട്ടിലുണ്ട്. മതം ഒരു വിശ്വാസം എന്നതിനപ്പുറം ഒരു നിലപാട് എന്ന നിലയില്‍ അംഗീകരിക്കുന്നവരും നാട്ടിലുണ്ട്.

രണ്ടു പ്രബല മതങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ആ മതങ്ങളുടെ അടിസ്ഥാനമായ ഇസ്ലാം കൊണ്ട് മുഹമ്മദ്‌ നബി വീണ്ടും രംഗത്ത്‌ വന്നത്. മക്കയില്‍ നിന്നും തികച്ചും ഭിന്നമായിരുന്നു മദീനയിലെ അവസ്ഥ. അവിടെ മതം ഒരു രാഷ്ട്രീയം കൂടിയായിരുന്നു. മുഹമ്മദ്‌ നബിയും മദീനയിലെ മറ്റു മതക്കാരും തമ്മില്‍ഭിന്നത നിലനിന്നത് ദൈവത്തിന്റെ ഏകത്വവും മുഹമ്മദ്‌ നബിയുടെ പ്രവാചകത്വവും മാത്രമായിരുന്നില്ല. ജീവിതത്തില്‍ പ്രയോഗവൽക്കരിക്കേണ്ട പലതിനെ കുറിച്ചും മതങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നു.

Also read: ജീൻ പോൾ സാർത്രെ പറഞ്ഞതും ഇപ്പോൾ ഫ്രാൻസിൽ സംഭവിക്കുന്നതും!

പ്രവാചകന്റെ കാലത്തും ശേഷവും ഇസ്ലാം മറ്റു പ്രദേശങ്ങളിലേക്ക് പ്രവേശിച്ചത്‌ ഒരു കേവല മതം എന്ന നിലയിലല്ല. അത് ആ നാടുകളിലെ ഒരു രാഷ്ട്രീയം കൂടിയായിരുന്നു. അവസാനം ബാക്കിയായ തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്തിനും ഒരു മതത്തിന്റെ തണല്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും ഇന്ത്യയില്‍ വന്നത് കേവലം കച്ചവടം ചെയ്യാനും ഭരിക്കാനും മാത്രമായിരുന്നില്ല. അവര്‍ അവരുടെ വിശ്വാസവും ഈ മണ്ണില്‍ കൃഷി ചെയ്തു.

ആധുനിക ലോകത്ത് രാഷ്ട്രീയം എന്നതു രാജ്യവുമായി ബന്ധപ്പെട്ടതാണ്. മതമെന്നത് വ്യക്തിയുമായി ബന്ധപ്പെട്ടതാണ്. ദൈവവും മതവും വ്യക്തിയില്‍ മാത്രം ഒതുങ്ങണം. വ്യക്തിയെ നന്നാക്കുക എന്നതല്ലാതെ സമൂഹവുമായി മതത്തിനും ദൈവത്തിനും ബന്ധം പാടില്ല എന്നത് പുതിയ കണ്ടെത്തലാണ്. ഒരാള്‍ എപ്പോഴാണ് പൂര്‍ണ മുസ്ലിം എന്ന അവസ്ഥയില്‍ എത്തുന്നത്?. ഇസ്ലാമിനെ അയാള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാകുമ്പോള്‍ മാത്രമാണ്. ഇസ്ലാമിനെ പൂര്‍ണമായി അംഗീകരിക്കുക എന്ന് പറഞ്ഞാല്‍ അല്ലാഹുവും പ്രവാചകനും നല്‍കിയ ഉപദേശ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുക എന്നത് കൂടിയാണ് . അധികം മതങ്ങളും സംസാരിക്കുന്നത് ഭൂമിയില്‍ നിന്നും  ബന്ധം അറ്റുപോയ മതത്തെ കുറിച്ചാണ്. ആകാശവും സ്വര്‍ഗ്ഗ ലോകവും മരണ ശേഷമുള്ള ആത്മാവിന്റെ ശാന്തിയുമാണ്‌ അവരുടെ വിഷയം. അതെ സമയം ഇസ്ലാം പരലോകത്തിന്റെ കൂടെ ഈ ഭൂമിയും ചര്‍ച്ച ചെയ്യുന്നു.

Also read: വിജയത്തിന് മുന്നിലെ തടസ്സങ്ങള്‍

ഇസ്ലാമിനെ അധികാരം നേടാനുള്ള വഴിയായി മാത്രം ഉപയോഗിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അതെ സമയം എല്ലില്ലാത്ത ഇറച്ചി എന്ന രീതിയിലുമല്ല ഇസ്ലാമുള്ളത്. എനിക്കിപ്പോഴും മനസ്സിലാവാത്ത പ്രയോഗമാണ് “ മത രാഷ്ട്രവാദം”. ആ പ്രയോഗം കൊണ്ട് അതിന്റെ ആളുകള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നതും ഇനിയും മനസ്സിലായിട്ടു വേണം. ഇസ്ലാമില്‍ രാഷ്ട്ര സങ്കല്പ്പമില്ല എന്നതാണോ അവര്‍ ഉദ്ദേശിക്കുന്നത്?. മുഹമ്മദ്‌ നബി തന്നെ ഒരു ഭരണാധികാരിയായിരുന്നു എന്ന ചരിത്ര സത്യത്തെ എങ്ങിനെയാണ്‌ അവഗണിക്കാന്‍ കഴിയുക.

പ്രവാചകന്‍ മദീനയില്‍ എത്തുമ്പോള്‍ ഖുര്‍ആന്‍ പകുതി മാത്രമേ ഇറങ്ങിയിട്ടുള്ളൂ. ഖുര്‍ആനിലെ വലിയ അദ്ധ്യായങ്ങള്‍ പലതും മദീനയിലാണ് അവതീര്‍ണ്ണമായത്. മക്കാ കാലത്തെ ഉപദേശങ്ങള്‍ എന്നതില്‍ നിന്നും ഭിന്നമായി മദീനയില്‍ നാം വായിക്കുന്നത് ശക്തമായ നിര്‍ദ്ദേശങ്ങളാണ്. മക്കയില്‍ അധികവും വ്യക്തികള്‍ അംഗീകരിക്കേണ്ടത് എന്ന് വരികില്‍ മദീനയില്‍ അത് നടപ്പാക്കേണ്ട കാര്യങ്ങളായിരുന്നു. ഖുര്‍ആനിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയാണ്‌ പ്രവാചകന്‍ ലോകത്തോട്‌ വിട പറഞ്ഞത്. പ്രവാചകന്‍ വിശ്വാസികള്‍ക്ക് മാതൃകാ പുരുഷനാണ്. ഇസ്ലാം പൂര്‍ണമായി എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ ഇസ്ലാം കേവലം ഒരു പരലോക മതം മാത്രമായിരുന്നില്ല പകരം ഭൂമിയില്‍ സകല മേഖലകളെയും ഉള്‍ക്കൊള്ളുന്ന ഒരു ജീവിത പദ്ധതിയായി മാറിയിരുന്നു.

Also read: പടിഞ്ഞാറ് പ്രവാചകനെ ഇങ്ങനെയാണ് വായിക്കുന്നത്

സാമ്പത്തികം, സാമൂഹികം രാഷ്ട്രീയം ആരാധന കാര്യങ്ങളില്‍ ഇസ്ലാമിന് വ്യക്തമായ നിലപാടുണ്ട്. അത് വ്യക്തി തലത്തിലും സാമൂഹിക തലത്തിലും രാഷ്ട്രീയ തലത്തിലും നടപ്പാക്കുക എന്നതാണ് ഒരാള്‍ ഇസ്ലാമാവുക എന്നതിന്റെ അര്‍ഥം. ഏറ്റവും നല്ല കാലം പ്രവാചക കാലമാണ് എന്ന പ്രവാചക വചനം നമുക്കറിയാം. അപ്പോള്‍ ഏറ്റവും നല്ല കാലത്തെ അനുകരിക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. അതിലേക്കു തിരിച്ചു പോകണം എന്നതിനെയാണോ മതരാഷ്ട്ര വാദം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്ലാമിനെ പോലെ മറ്റെല്ലാം ആദര്‍ശങ്ങള്‍ക്കും അവരുടെ നിലപാടുണ്ട്. അത് നടപ്പില്‍ വരുത്താന്‍ അവര്‍ ശ്രമിക്കും. അതിനു തടസ്സമില്ലെങ്കില്‍ പിന്നെ ഇസ്ലാമിന് എന്ത് കൊണ്ട് തടസ്സം. ദീന്‍ നടപ്പിലാക്കുക എന്നത് കൊണ്ട് ആരാധനകള്‍ നടപ്പിലാക്കുക എന്ന് മാത്രമായി ചുരുക്കാന്‍ കഴിയുമോ?

ഇസ്ലാമിന്റെ ശത്രുക്കള്‍ വിളിച്ച പേരാണ് മതരാഷ്ട്ര വാദം. അതില്‍ വിശ്വാസികളെ കുടുക്കാന്‍ കഴിഞ്ഞു എന്നിടത്താണ് അവര്‍ വിജയിക്കുന്നതും. ചരിത്രത്തില്‍ ഒരു മതരാഷ്ട്രമുണ്ട് . അത് യൂറോപ്പില്‍ പുരോഹിതര്‍ നടപ്പാക്കിയതാണു. ദൈവത്തിന്റെ പേരില്‍ പൌരോഹിത്യ ഭരണമാണ്. അതിനെ ഇസ്ലാം എതിര്‍ക്കുന്നു. അതെ സമയം മനുഷ്യര്‍ക്ക്‌ ഏറ്റവും നല്ല നിയമം ദൈവീക നിയമങ്ങളാണ്. അതാണ്‌ പ്രവാചകന്‍ നടപ്പാക്കിയത്. അത് പാടില്ല എന്ന തീരുമാനം ഇസ്ലാമുമായി എത്ര അകലെയാണ് എന്ന് കൂടി ചിന്തിക്കേണ്ട സമയം അതിക്രമിക്കുന്നു. ദീന്‍ ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അത് ജനം സ്വയം തീരുമാനിക്കണം. ഇന്ത്യയിലും ലോകത്ത് എവിടെയും അങ്ങിനെ തന്നെയാണ്.

Related Articles