Current Date

Search
Close this search box.
Search
Close this search box.

വിശ്വസ്തതയുടെ മനോഹാരിത

വ്യക്തിത്വത്തിന്റെ തനിമ നിലനില്‍ക്കുന്നത് പരസ്പരമുള്ള വിശ്വസ്തത നിലനില്‍ക്കുമ്പോഴാണ്. വിശ്വസ്തത എപ്പോള്‍ ഇല്ലാതാവുന്നുവോ അപ്പോള്‍ വ്യക്തിത്വത്തിന്റെ തനിമ ഉടഞ്ഞുവീഴുന്നു. വിശ്വസ്തതയില്ലാത്ത വ്യക്തിയെകൊണ്ട് സ്വത്വത്തിനോ കുടുംബത്തിനോ സമൂഹത്തിനോ രാഷ്ട്രത്തിനോ ഒട്ടും പ്രയോജനമുണ്ടാവില്ല. നിസംഗതയില്‍ തുടങ്ങി നിസംഗതയില്‍ ഒടുങ്ങുന്നതായിരിക്കും വിശ്വസ്തരഹിതമായ ജീവിതം. പരസ്പരമുള്ള വിശ്വസ്തതയിലൂടെയാണ് സമൂഹത്തിന്റെ സ്വഛന്ദമായ ഒഴുക്ക് സാധ്യമാവുന്നത്. ഒരു വ്യക്തിയുടെ വിശ്വസ്തത നഷ്ടപ്പെടുകയെന്നാല്‍ വ്യക്തിയുടെ സാധ്യതകളും സമൂഹത്തിന്റെ നേട്ടങ്ങളും ഇല്ലാതാവുന്നുവെന്നാണ്.

വിശ്വസ്തതകളുടെ ഒരു ശൃംഖലയാണ് ജീവിതം. വ്യക്തിയും ദൈവവും തമ്മില്‍ വിശ്വസ്തതയുണ്ട്. ദൈവത്തിന്റെ അവകാശങ്ങള്‍ അവനുമാത്രം സവിശേഷമാക്കല്‍ വ്യക്തിയുടെ ദൈവത്തോടുള്ള വിശ്വസ്തതയാണ്. വിശ്വാസം, സമര്‍പ്പണം, ആരാധന, അനുസരണം തുടങ്ങി ധാരാളം ആദര്‍ശമൂല്യങ്ങള്‍ വ്യക്തിക്ക് ദൈവത്തോടുള്ള വിശ്വസ്തതകളാണ്. വ്യക്തിയും തന്റെ സ്വത്വവും തമ്മില്‍ വിശ്വസ്തതയുണ്ട്. ആരോഗ്യമുള്ള ശരീരം, നല്ല ഭക്ഷണം, സംതുലിതജീവിതം പോലുള്ളവ വ്യക്തിക്ക് തന്നോടുതന്നെയുള്ള വിശ്വസ്തതകളാണ്. വ്യക്തിയും കുടുംബവും തമ്മില്‍ വിശ്വസ്തതയുണ്ട്. കുടുംബപരിപാലനം, കുടുംബസന്ദര്‍ശനം, മാതാപിതാക്കളോടുള്ള ബാധ്യതാനിര്‍വഹണം പോലുള്ളവ വ്യക്തിക്ക് കുടുംബത്തോടുള്ള വിശ്വസ്തതകളാണ്. വ്യക്തിയും സമൂഹവും തമ്മില്‍ വിശ്വസ്തതയുണ്ട്. ഓരോ വ്യക്തിയും സാമൂഹികമായി എന്തെങ്കിലും കര്‍മത്തില്‍ ഏര്‍പ്പെട്ടവനായിരിക്കും. ഒന്നുകില്‍ ജോലിയുടെ ഭാഗമായി നിര്‍വഹിക്കുന്ന കര്‍മം. അല്ലെങ്കില്‍, ദൈവികപാതയില്‍ സ്വയംനിര്‍വഹിക്കുന്ന കര്‍മം. അതുമല്ലെങ്കില്‍, ജനസേവനത്തിന്റെ ഭാഗമായി ചെയ്യുന്ന കര്‍മം. എങ്ങനെയായാലും, നിരന്തരകര്‍മവും അതിന്റെ സര്‍ഗാത്മക നിര്‍വഹണവും സമൂഹത്തോടുള്ള വ്ശ്വസ്തതയാണ്. കര്‍മത്തില്‍ ബോധപൂര്‍വം വരുത്തുന്ന വീഴ്ചകള്‍ സമൂഹത്തോടുള്ള വഞ്ചനയാണ്.

Also read: നമുക്കൊന്ന് മാറിയാലോ?

വിശ്വസ്തതക്ക് ഇസ്‌ലാമിന്റെ സാങ്കേതികശബ്ദം അമാനത്തെന്നാണ്. കൂറ്, ആത്മാര്‍ഥത, സത്യസന്ധത, ആര്‍ജവം, നിഷ്‌കപടത, സൂക്ഷിപ്പുസ്വത്ത് എന്നൊക്കെയാണ് വിശ്വസ്തത കൂടാതെയുള്ള അമാനത്തിന്റെ അര്‍ഥങ്ങള്‍. നിര്‍ഭയത്വം, സുരക്ഷിതത്വം എന്നീ അര്‍ഥങ്ങളും അതിനുണ്ട്. അമാനത്തിന്റെ കൃത്യമായ നിര്‍വഹണത്തിലൂടെ സ്വത്വത്തിന് നിര്‍ഭയത്വവും സമൂഹത്തിന് സുരക്ഷിതത്വും ലഭിക്കുന്നു. മൂര്‍ത്തവും അമൂര്‍ത്തവുമായ വിശ്വസ്തതകളുണ്ട്. സൂക്ഷിപ്പുസ്വത്ത് ഒരു പോറലുമേല്‍ക്കാതെ ഉടമക്ക് തിരിച്ചുനല്‍കല്‍ മൂര്‍ത്തമായ വിശ്വസ്തതക്ക് ഉദാഹരണമാണ്. ദൈവത്തിലും ദൂതനിലും അടിയുറപ്പോടെയുള്ള വിശ്വാസം അമൂര്‍ത്തമായ വിശ്വസ്തതക്ക് ഉദാഹരണമാണ്. മൂര്‍ത്തവും അമൂര്‍ത്തവുമായ വിശ്വസ്തതയുടെ ഇരുരൂപങ്ങള്‍ക്കും അമാനത്തെന്നാണ് പറയുക. നിര്‍വഹണവും സൂക്ഷമതയും അനിവാര്യമാവുന്ന ചുമതലകളെന്നാണ് അമാനത്തിന്റെ നിര്‍വചനം.

വിശ്വസ്തതകളുടെ നിര്‍വഹണത്തെസംബന്ധിച്ച് വിശുദ്ധവേദവും തിരുചര്യയും അടിസ്ഥാന പാഠങ്ങള്‍ നല്‍കുന്നുണ്ട്. വിശുദ്ധവേദം പറയുന്നു: ”ദൈവം നിങ്ങളോട് കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക”(അന്നിസാഅ്:58). വിശ്വാസികളുടെ സവിശേഷതയാണ് വിശ്വസ്തതയെന്ന് വിശുദ്ധവേദം കുറിക്കുന്നു: ”വിശ്വാസികള്‍ തങ്ങളുടെ ബാധ്യതകളും കരാറുകളും പൂര്‍ത്തീകരിക്കുന്നവരാണ്”(അല്‍മുഅ്മിനൂന്‍: 9). വിശ്വസ്തതകളില്‍ വഞ്ചന ഒരുനിലക്കും പാടില്ലെന്ന് വിശുദ്ധവേദം ഓര്‍മപ്പെടുത്തുന്നു: ”വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവത്തെയും അവന്റെ ദൂതനെയും ചതിക്കരുത്. നിങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളില്‍ ബോധപൂര്‍വം വഞ്ചന കാണിക്കരുത്”(അല്‍അന്‍ഫാല്‍: 27). പ്രവാചകന്‍ പറയുകയുണ്ടായി: ”നിങ്ങളെല്ലാം കൈകാര്യകര്‍ത്താക്കളും കീഴിലുള്ളവരെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്. നേതാവ് കൈകാര്യകര്‍ത്താവാണ്. അനുയായികളെപ്പറ്റി ചോദിക്കപ്പെടും. പുരുഷന്‍ കുടുംബത്തിലെ കൈകാര്യകര്‍ത്താവും കീഴിലുള്ളവരെക്കുറിച്ച് ചോദിക്കപ്പെടുന്നവനുമാണ്. സ്ത്രീ ഭര്‍തൃഗൃഹത്തിന്റെ സംരക്ഷകയും വീട്ടിലുള്ളവരെക്കുറിച്ച് ചോദിക്കപ്പെടുന്നവളുമാണ്. ഭൃത്യന്‍ യജമാനന്റെ സമ്പത്ത് സംരക്ഷിക്കുന്നവനാണ്. അതേക്കുറിച്ച് അവനും ചോദിക്കപ്പെടും. ചുരുക്കത്തില്‍, നിങ്ങളെല്ലാം ഭരണാധികാരികളാണ്, ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരും(ബുഖാരി, മുസ്‌ലിം).

Also read: ഇസ്രായേലുമായുള്ള ബന്ധത്തിനായി ക്യൂ നില്‍ക്കുന്നവര്‍

ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയ കാര്യങ്ങളില്‍ വരെ വിശ്വസ്തത ഉണ്ടാവണം. ആയിരംരൂപ കടം വാങ്ങി തിരിച്ചുകൊടുക്കുന്ന അതേ ജാഗ്രത പത്തുരൂപയുടെ കാര്യത്തിലും വേണം. വലിയ നന്മകള്‍ അനുവര്‍ത്തിക്കുന്നതിലുള്ള ശ്രദ്ധ ചെറിയ നന്മകള്‍ അനുവര്‍ത്തിക്കുന്നതിലും ഉണ്ടാവണം. വലിയ പാപങ്ങള്‍ വര്‍ജിക്കുന്നതിലുള്ള സൂക്ഷമത ചെറിയ പാപങ്ങള്‍ വര്‍ജിക്കുന്നതിലും ഉണ്ടാവണം. വലിപ്പചെറുപ്പമല്ല വിശ്വസ്തതയുടെ ഗുണം കണക്കാക്കുന്നതിന്റെ മാനദണ്ഡം. ചെറിയ കാര്യവും വലിയ കാര്യവും നിര്‍വഹിക്കുമ്പോഴുള്ള മനോഭാവമാണ് പ്രധാനം. ബൈബിള്‍ ലൂക്കോയില്‍ ഇപ്രകാരം കാണാനാവും: ‘ഏറ്റവും ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ഏറ്റവും ചെറിയ കാര്യത്തില്‍ അവിശ്വസ്തന്‍ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും’.

വിശ്വസ്തതകളുടെ നിര്‍വഹണത്തിലൂടെ രണ്ട് പ്രയോജനങ്ങള്‍ ഉണ്ടാവുന്നു. സ്വത്വത്തിന്റെ നിര്‍ഭയത്വമാണ് ഒന്നാമത്തേത്. വിശ്വസ്തതകള്‍ ശില്‍പഭദ്രതയോടും സൗന്ദര്യബോധത്തോടും നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതി വര്‍ണനകള്‍ക്ക് അപ്പുറമാണ്. ദൈവത്തോടുള്ള വിശ്വസ്തത, സ്വത്വത്തോടുള്ള വിശ്വസ്തത, കുടുംബത്തോടുള്ള വിശ്വസ്തത, സമൂഹത്തോടുള്ള വിശ്വസ്തത എന്നിവയെ പരസ്പരം ചേര്‍ത്തും പൂരിപ്പിച്ചുമായിരിക്കണം ബാധ്യതകള്‍ നിര്‍വഹിക്കേണ്ടത്. ഒരു വ്യക്തി നിര്‍വഹിക്കേണ്ട അടിസ്ഥാനബാധ്യതകളുടെ തലങ്ങളാണിവ. അടിസ്ഥാനബാധ്യതകളോടൊപ്പം അധികബാധ്യതകള്‍ നിര്‍വഹിക്കുമ്പോള്‍ കൂടുതല്‍ ആനന്ദവും സന്തോഷവും ലഭിക്കുന്നു. തന്നെയുമല്ല. അവ അടുത്ത ഒരു ചുമതലാ നിര്‍വഹതണത്തിന് പ്രചോദനമായി വര്‍ത്തിക്കുകയും ചെയ്യുന്നു.

Also read: നൂഹ് പ്രവാചകന്റെ പ്രബോധനവും സുപ്രധാനമായ ഗുണപാഠങ്ങളും

വിശ്വസ്തതകളുടെ നിര്‍വഹണത്തിലൂടെ ലഭിക്കുന്ന രണ്ടാമത്തെ പ്രയോജനം സമൂഹത്തിന്റെ സുരക്ഷിതത്വമാണ്. ബാധ്യതകളാലും അവകാശങ്ങളാലും പരസ്പരം കൃമീകൃതമാണല്ലോ സമൂഹം. ഒരാളുടെ ബാധ്യതാ നിര്‍വഹണത്തിലൂടെ മറ്റൊരാളുടെ അവകാശമാണ് സംരക്ഷിക്കുന്നത്. ഒരാളുടെ അവകാശം സംരക്ഷിക്കുന്നതിലൂടെ മറ്റൊരാളോടുള്ള ബാധ്യതയുമാണ് നിറവേറ്റുന്നത്. വിശ്വസ്തതകള്‍ ശരിയാംവണ്ണം നിര്‍വഹിക്കപ്പെട്ടാല്‍ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. സാമൂഹികമായ സംതുലിതത്വം സംജ്ഞാതമാവുന്നത് അപ്പോഴാണ്. ബാധ്യതകളും അവകാശങ്ങളും പരസ്പരബന്ധിതമായി പോകുന്ന സമൂഹത്തില്‍ സന്തോഷവും സമാധാനവും സ്‌നേഹവും സമത്വവും നീതിയുമൊക്കെ കളിയാടുന്നു. ഒരാള്‍ തന്റെ വിശ്വസ്തത നിര്‍വഹിക്കാതിരിക്കുമ്പോള്‍ ഒരേസമയം മൂന്നു തെറ്റുകളാണ് ചെയ്യുന്നത്. ഒന്ന്, ദൈവത്തോടുള്ള തെറ്റ്. രണ്ട്, സ്വന്തത്തോടുള്ള തെറ്റ്. മൂന്ന്, സമൂഹത്തോടുള്ള തെറ്റ്. തന്നെയുമല്ല, വിശ്വസ്തതകള്‍ നിര്‍വഹിക്കാത്ത സമൂഹത്തില്‍ പരസ്പര വിശ്വാസം ഒട്ടും ഉണ്ടായിരിക്കുകയില്ല. ഫലമെന്നോണം, സ്‌നേഹം, സന്തോഷം, ആദരവ്, സമത്വം പോലുള്ള മാനുഷികമൂല്യങ്ങളും അന്യമാവും. മനുഷ്യന്‍ മനുഷ്യന്റെ ശത്രുവായി മാറുന്നു. അഥവാ ഹോബ്‌സിന്റെ വാക്കില്‍ മനുഷ്യന്‍ മനുഷ്യന്റെ ചെന്നായയായി മാറുന്നു. അതുകൊണ്ടായിരിക്കാം, ‘വിശ്വസ്തത ഇല്ലാത്തവന് വിശ്വാസമില്ല’ എന്ന് പ്രവാചകന്‍ പറയാന്‍ കാരണം.

പൂര്‍വസൂരികള്‍ വിശ്വസ്തതയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നവരായിരുന്നു. ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയ കാര്യങ്ങളില്‍ വരെയുള്ള അവരുടെ സൂക്ഷമത ഓരോ മുസ്‌ലിമിനും മാതൃകയാണ്. പൊതുമുതല്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഒരിക്കലും ഉമറുബ്‌നു അബ്ദില്‍അസീസ് ഉപയോഗിച്ചിരുന്നില്ല. ഒരിക്കല്‍, ശക്തമായ തണുപ്പുള്ള രാത്രിയില്‍ അംഗസ്‌നാനം വരുത്താന്‍ ഉമറുബ്‌നു അബ്ദില്‍അസീസ് ചൂടുവെള്ളം കൊണ്ടുവരാന്‍ ഭൃത്യനോട് ആവശ്യപ്പെട്ടു. ഭൃത്യന്‍ ഉടനെ ചൂടുവെള്ളം എത്തിച്ചു. വളരെ വേഗത്തില്‍ ചൂടുവെള്ളം ലഭിക്കാനുള്ള കാരണത്തെക്കുറിച്ച് ഭൃത്യനോട് ഉമറുബ്‌നു അബ്ദില്‍അസീസ് ചോദിച്ചു. പൊതുവിതരണത്തിന് ഭക്ഷണം പാചകം ചെയ്യുന്ന അടുപ്പില്‍നിന്ന് ചൂടാക്കിയതിനാലാണ് വേഗം ചൂടുവെള്ളം ലഭിച്ചതെന്ന് ഭൃത്യന്‍ മറുപടി നല്‍കി. അതുകേട്ട ഉമറുബ്‌നു അബ്ദില്‍അസീസ് രോഷാകുലനായി. ഉപയോഗിച്ച വിറകിന്റെ വില പൊതുഖജനാവില്‍ തന്റെ പേരില്‍ അടക്കാന്‍ അദേഹം ഭൃത്യനോട് ഉടനെത്തന്നെ ആവശ്യപ്പെടുകയുണ്ടായി.

Also read: ഇസ്രയേലിന്‍റെ ചതിയില്‍ അകപ്പെടാതിരിക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു

വിശ്വസ്തതയുമായി ബന്ധപ്പെട്ട് മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന്, വിശ്വസ്തതകള്‍ നിര്‍വഹിക്കാതെ ജീവിതത്തില്‍നിന്ന് ഒളിച്ചോടരുത്. രണ്ട്, വിശ്വസ്തതകളുടെ നിര്‍വഹണം അവയുടെ പൂര്‍ണതയില്‍ നിര്‍വഹിക്കുക. മൂന്ന്, വിശ്വസ്തതകളുടെ നിര്‍വഹണത്തിന് മുന്‍ഗണനാക്രമവും വ്യവസ്ഥാപിതത്വും ശീലിക്കുക. വിശ്വസ്തതകളുടെ നിര്‍വഹണത്തിലാണ് ജീവിതത്തിന്റെ സൗന്ദര്യം. വിശ്വസ്തതകള്‍ സത്യന്ധതയോടെ നിര്‍വഹിക്കുകയാണെങ്കില്‍ ദൈവത്തില്‍നിന്ന് സ്വര്‍ഗം ലഭിക്കും. ബോധപൂര്‍വം നിര്‍വഹിച്ചില്ലെങ്കില്‍ നരകമായിരിക്കും ലഭിക്കുക. ദൈവം അണുമണിതൂക്കം അനീതി ആരോടും കാണിക്കുകയില്ല.

Related Articles