Current Date

Search
Close this search box.
Search
Close this search box.

അടിസ്ഥാനം നീതിയാണ്

വിശ്വാസികളോട് ഖുർആൻ ആവശ്യപ്പെടുന്നത് നീതിയുടെ കാവലാളുകളാവാനാണ്. അത് സ്വന്തത്തിനു എതിരാണെങ്കിൽ പോലും എന്നാണു ഖുർആൻ പറയുന്നത്. “ അല്ലയോ സത്യവിശ്വാസികളേ, നീതിയുടെ ധ്വജവാഹകരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിൻ -നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങൾക്കോ നിങ്ങളുടെ മാതാപിതാക്കൾക്കോ ബന്ധുമിത്രാദികൾക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവൻ. അതിനാൽ, സ്വേച്ഛകളെ പിൻപറ്റി നീതിയിൽനിന്ന് അകന്നുപോകാതിരിക്കുവിൻ. വളച്ചൊടിച്ചു സംസാരിക്കുകയോ സത്യത്തിൽനിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കിൽ, അറിഞ്ഞുകൊള്ളുക: നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹുവിനു വിവരമുണ്ട്”. നീതിയെ കുറിച്ച് പല സ്ഥലങ്ങളിലും ഖുർആൻ എടുത്തു പറഞ്ഞു. കാരണം അത് മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനമാണ്.

മറ്റൊരിടത്ത് ഖുർആൻ ഇങ്ങിനെ പറഞ്ഞു “ അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനുവേണ്ടി നേർമാർഗത്തിൽ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിൻ. ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയിൽനിന്നു വ്യതിചലിപ്പിക്കാൻ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിൻ. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്. അല്ലാഹുവിനോടു ഭക്തിയുള്ളവരായി വർത്തിക്കുവിൻ. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട”. രണ്ടു വചനങ്ങളും അവസാനിക്കുന്നത് ഒരു താക്കീതോട് കൂടിയാണ് . “ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് അള്ളാഹു അറിയുന്നു” എന്നത് അതീവ ഗൗരവകരമായ കാര്യമാണ്.

ഒരു വ്യക്തി എങ്ങിനെയാണ് നീതിയുടെ കാവൽക്കാരനകുക?. തന്നിൽ നിന്നും ആർക്കെങ്കിലും ലഭിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കുന്നു എന്ന് ഉറപ്പു വരുത്തുക എന്നിടത്താണ് ഒന്നാമത്തെ കാര്യം. മറ്റൊന്ന് ആരുടെയെങ്കിലും നീതി കവർന്നെടുക്കപ്പെടുന്നു എന്ന് വന്നാൽ അത് തിരിച്ചു പിടിക്കാനുള്ള പ്രവർത്തനം. ഇത് വ്യക്തികൾക്ക് മാത്രമായി ചുരുക്കാൻ കഴിയില്ല. സമൂഹത്തിനും തുല്യ പ്രാധാന്യം ഈ വിഷയത്തിലുണ്ട്.

Also read: ഒഴിവ് സമയം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറയട്ടെ

നീതിയുടെ തുലാസ് സ്ഥാപിച്ചു എന്നതും ഖുർആൻ പറയുന്നതാണ്. നീതി ഇല്ലാത്ത ഒരവസ്ഥ ലോകത്തിന്റെ അവസാനമാകും. എന്താണ് നീതി?. ഭൂമിയിൽ ഓരോ ജീവജാലങ്ങൾക്കും അവയുടെ അവകാശം ലഭിക്കണം. പ്രകൃതിക്കും ലഭിക്കണം. ഭൂമിയുടെ കേന്ദ്ര ബിന്ദുവായ മനുഷ്യർ പരസ്പരം അവകാശങ്ങൾ വകവെച്ചു കൊടുക്കണം. അപ്പോൾ മാത്രമാണ് മറ്റുള്ളവർക്ക് നീതി ലഭിക്കൂ. ലോകത്തിന്റെ ക്രമം തെറ്റിക്കാൻ കഴിയുന്ന ഏക ജീവി മനുഷ്യൻ മാത്രമാണ്. അത് കൊണ്ടാണ് കുറ്റവും ശിക്ഷയും മനുഷ്യനിൽ മാത്രം ഒതുങ്ങുന്നതും. ധനികൾ പാവപ്പെട്ടവരുടെയും , ശക്തർ ആശക്തരുടെയും, ഉന്നതർ താഴേക്കിടയിലുള്ളവരുടെയും, ഭരണകൂടങ്ങൾ ജനങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുക എന്നത് ഇന്ന് സാധാരണമാണ്. മനുഷ്യൻ എന്ന നിലയിൽ എല്ലാവരും സ്വാതന്ത്രരാണ്. ആർക്കും ആരെയും അടിമയാക്കാൻ കഴിയില്ല. എന്നിട്ടും ഒരിക്കൽ മനുഷ്യർ മൃഗങ്ങളെ പോലെ കച്ചവടം ചെയ്യപ്പെട്ടിരുന്നു. അടിമ എന്നത് കേവലം ജീവനുള്ള ഒരു ജീവി മാത്രമായി ചുരുങ്ങിയിരുന്നു.

മനുഷ്യൻ എന്ന നിലയിൽ ആദ്യമായി ഉണ്ടാകേണ്ട അവകാശം അഭിപ്രായ സ്വാതന്ത്രമാണ്. തന്റെ വികാരങ്ങളും വിചാരങ്ങളും മാന്യമായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒരവസ്ഥയാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. പലപ്പോഴും ഭരണകൂടങ്ങൾ ഈ അവസ്ഥയെ ഭയപ്പെടുന്നു. ജനം പ്രതികരിക്കാതിരിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ പൊതു ജനം തങ്ങളുടെ ഗുണഗണങ്ങൾ വാഴ്ത്തണം എന്നും അവർ ആഗ്രഹിക്കുന്നു. വിരുദ്ധ അഭിപ്രായങ്ങളെ കൂടി കേൾക്കുക എന്നതാണ് ജനാധിപത്യം. ഇസ്ലാമിക ലോകത്ത് പലപ്പോഴും ഭരണാധികാരികൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. അതും അവരുടെ സദസ്സുകളിൽ വെച്ച്. അതിന്റെ പേരിൽ വിമർശകരെ മോശമാക്കാനല്ല പകരം അവരെ പ്രശംസിക്കാനാണ് ഭരണകൂടങ്ങൾ ശ്രമിച്ചത്. നാമിന്നു ജീവിക്കുന്നത് ആധുനിക ജനാധിപത്യ ലോകത്താണ്. ഈ ആധുനിക കാലത്തും ഭൂമിയുടെ പല ഭാഗത്തും വിമർശനങ്ങളെ ഉൾക്കൊള്ളാൻ ഭരണകൂടങ്ങൾ തയ്യാറാകാത്ത അവസ്ഥ നിലനിൽക്കുന്നു. അതായത് ലോക ജനതയിൽ ഒരു വിഭാഗം ഇപ്പോഴും നീതിയുടെ വെളിച്ചം കണ്ടിട്ടില്ല.

അഭിപ്രായം പറയാനുള്ള അവകാശം ജന്മാവകാശമാണ്. തിന്നുക കുടിക്കുക ഭോഗിക്കുക എന്നത് ജീവികളുടെ പൊതു സ്വഭാവമാണ്. അതിൽ നിന്നും മനുഷ്യൻ ഭിന്നനാകുന്നത് അഭിപ്രായ സ്വാതന്ത്രത്തിലാണ്. കേരള സർക്കാർ പുതിയ പോലീസ് നിയമം കൊണ്ട് വന്നിരുന്നു. സമൂഹത്തിന്റെ എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നെങ്കിലും മറ്റൊരു രീതിയിൽ ഈ നിയമം ഇനിയും വരാനുള്ള സാധ്യത കൂടുതലാണ് . വ്യക്തിയുടെ അഭിമാനം സംരക്ഷിക്കുക എന്നതാണ് അടിസ്ഥാനമായി പറയുന്നതെങ്കിലും നിയമത്തിലെ അവ്യക്തത അത് എങ്ങിനെ പ്രയോഗിക്കും എന്ന കാര്യത്തിൽ ഭയം ജനിപ്പിക്കുന്നു. സംസ്ഥാനത്തെ ഒരു പോലീസ് രാജിലേക്ക് കൊണ്ട് പോകാനേ ഇത്തരം ഇടപെടലുകൾ കാരണമാകു എന്നാണ് പൊതുവേയുള്ള സംസാരം. നിയമം ഉണ്ട് എന്നതിനെക്കൾ പ്രസക്തം നിയമം എങ്ങിനെ നടപ്പിലാക്കുന്നു എന്നിടത്താണ്. നമ്മുടെ സംവിധാനങ്ങൾ അധികാരത്തോട് ഒട്ടി നിൽക്കാൻ പലപ്പോഴും ആവേശം കാണിക്കുന്നു. അവർക്ക് ഭരണ കൂടങ്ങൾ തണൽ നൽകുമെന്ന വിശ്വാസമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ചാണ് പുതിയ നിയമങ്ങൾ കടന്നു വരുന്നത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടങ്ങൾ ഇത്തരം നിയമ നിർമ്മാണത്തിന് പ്രശസ്തരാണ്. ഒരു ജനതയുടെ തന്നെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന പൗരത്വ ബില്ലിന്റെ ഭീഷിണി ഇപ്പോഴും തലയുടെ മുകളിൽ നിന്നും മാറിയിട്ടില്ല. അതെ സമയം കേരളം ഭരിക്കുന്നത്‌ ഫാസിസത്തോട് എന്നും ആദർശ പരമായി എതിർപ്പ് പ്രകടിപ്പിക്കുന്ന വിഭാഗമാണ്‌. എന്നിട്ടും അവരും നിയമ നിർമാണത്തിൽ ഫാസിസത്തിന്റെ വഴി പിന്തുടരുന്നു. പോലീസ് വകുപ്പിൽ എഴുതി ചേർത്ത 118 A വകുപ്പ് വലിയ ചർച്ചക്ക് വിധേയമാക്കേണ്ട ഒന്നാണ്. നിയമ സഭകൾ കൃത്യമായി ചർച്ച ചെയ്തു മാത്രമേ അത്തരം നിയമങ്ങൾ നടപ്പിൽ വരുത്താൻ പാടുള്ളൂ എന്നിരിക്കെ ഇടതു സർക്കാർ കേവലം ഒരു ഓർഡിനൻസിലൂടെ കാര്യങ്ങൾ നടപ്പാക്കുന്നു എന്നത് ജനാധിപത്യ ലോകത്തെ കളങ്കമായി അവശേഷിക്കും.

നീതിയുടെ അവസാന വാതിലുകളും കൊട്ടിയടക്കാനുള്ള ശ്രമത്തിലാണ് ഭരണ കൂടങ്ങൾ. കൂടുതൽ ജനാധിപത്യ രീതിയിലൂടെ പ്രതികരിക്കുക എന്നതാണ് നന്മയും നീതിയും ആഗ്രഹിക്കുന്ന മനുഷ്യർ ചെയ്യേണ്ടത്. അത് കൊണ്ടാണ് നിങ്ങൾ നീതിയുടെ വാഹകരാകുക എന്ന് പറയപ്പെടുന്നതും.

Related Articles