Current Date

Search
Close this search box.
Search
Close this search box.

വ്യക്തിഹത്യകളാകുന്ന വിമര്‍ശനങ്ങള്‍

തന്റെ ഹജ്ജില്‍ പ്രവാചകന്‍ നടത്തിയ പ്രഭാഷണം എന്ത് കൊണ്ട് സോഷ്യല്‍ മീഡിയ കാലത്ത് പ്രാധാന്യം അര്‍ഹിക്കുന്നു എന്നത് സ്വയം ചോദിക്കേണ്ട ചോദ്യമാണ്. അന്ന് പ്രവാചകന്‍ മൂന്നു കാര്യങ്ങള്‍ എടുത്തു പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. കാലത്ത് വായിക്കാനിരുന്നപ്പോള്‍ ആദ്യമായി മുന്നിലെത്തിയത് അത് തന്നെ. ‘ മനുഷ്യരെ, നിങ്ങളുടെ ധനവും രക്തവും അഭിമാനവും ഈ ദിനത്തിന്റെയും മാസത്തിന്റെയും സ്ഥലത്തിന്റെയും പരിശുദ്ധി പോലെ പരിശുദ്ധമാണ്…………” പരിശുദ്ധമായതിന്റെ പരിശുദ്ധി നഷ്ടമാക്കുന്ന ഒന്നും പാടില്ല എന്നാണു പ്രവാചകന്‍ പറഞ്ഞു വെച്ചത്.

സോഷ്യല്‍ മീഡിയ കാലത്ത് ഈ ഹദീസിന്റെ പ്രസക്തി കൂടുതലാണു എന്ന് മനസ്സിലാവും. ഒരാളുടെ രക്തം പരിശുദ്ധമാണ്. പക്ഷെ വര്‍ത്തമാന കാലത്ത് ഒട്ടും പരിശുദ്ധി കണക്കാക്കാത്ത ഒന്നായി ജീവന്‍ മാറുന്നു. സംഘടനകള്‍ കൊന്നതിനു ശേഷം കൊലക്ക് കാരണം കണ്ടെത്തുന്ന സമീപനമാണ് കണ്ടു വരുന്നത്. ഇസ്ലാമിന്റെ പേരില്‍ നില നില്‍ക്കുന്നവര്‍ പോലും ഈ സമീപനമാണ് കൈക്കൊള്ളുന്നത്. ജീവന്റെ പരിശുദ്ധി മനസ്സിലാവുക എന്നത് മനസ്സുമായി ബന്ധപ്പെട്ടതാണ്. ദൈവം ആദരിച്ച ജീവനാണ് മനുഷ്യന്റെത്. അതിനോട് അനാദരവ് കാണിക്കുക എന്നത് ഒര്‍ത്ഥത്തില്‍ ദൈവ ധിക്കാരമാണ്. സുരക്ഷിതത്വം എന്നതാണു ഇസ്ലാമിന്റെ മുഖമുദ്ര. മനുഷ്യ ജീവന് സുരക്ഷിതത്വം ലഭിക്കാത്ത ഒന്നും ഇസ്ലാമല്ല എന്നതാണ് ശരി.

സോഷ്യല്‍ മീഡിയ കാലത്ത് തീരെ കൈമോശം വന്ന ഒന്നാണ് അഭിമാനം. അഭിമാനം രക്തം പോലെ പരിശുദ്ധമാണ്. പക്ഷെ വിമര്‍ശനം എന്ന പേരില്‍ വ്യക്തിഹത്യകളാണ് നടക്കുന്നത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഭരണാധികാരികളെ വിമര്‍ശിക്കുന്നത് അവരുടെ നിലപാടിന്റെ പേരിലാണ്. അത് അവരുടെ വ്യക്തി ജീവിതത്തിലേക്ക് കടക്കരുത്. അടുത്തിടെ ഒരു പെണ്‍കുട്ടിയുമായി നടന്ന ചര്‍ച്ചയില്‍ പലരും ആ പെണ്‍കുട്ടിയെ കരുവാക്കി എന്ന് പറയപ്പെടുന്നവരെ വിട്ട് അവളുടെ വ്യക്തിത്വത്തിലേക്ക് ഗോളടിക്കാനുള്ള ശ്രമമായിരുന്നു. ട്രോള്‍ ഒരു വിമര്‍ശന രീതിയാണ്. പക്ഷെ പ്രതിപക്ഷ ബഹുമാനം എന്നൊന്ന് അവിടെയും ആവശ്യമാണ്. ഇസ്ലാമിനെ പ്രതിരോധിക്കാന്‍ പലരും ട്രോളുമായി രംഗത്ത് വരും. ഇസ്ലാമാണ് വിഷയം എന്ന് വരികില്‍ പ്രവാചകന്റെ ഉപദേശം അവിടെ പ്രസക്തമാണ്. സംഘടന ജയിക്കണം അല്ലങ്കില്‍ സ്വയം ജയിക്കണം എന്ന രീതി തീര്‍ത്തും നല്ലതല്ല.

തന്റെ കയ്യില്‍ നിന്നും വാക്കില്‍ നിന്നും മറ്റുള്ളവര്‍ രക്ഷപ്പെടുമ്പോള്‍ മാത്രമാണ് ഒരാള്‍ വിശ്വാസിയാവുക. മറ്റൊരാളെ ശല്യപ്പെടുത്താന്‍ കഴിയുന്ന രണ്ടു രീതികള്‍ ഒന്ന് കൈകൊണ്ടു നടത്തുന്ന ശാരീരിക അക്രമമാണ് മറ്റൊന്ന് നാവു കൊണ്ട് നടത്തുന്ന ആക്രമണവും. നാവിന്റെ സ്ഥാനത്താണ് സോഷ്യല്‍ മീഡിയ നില്‍ക്കുന്നത്. പലരുടെയും അഭിമാനം പച്ചയായി ചോദ്യം ചെയ്യാന്‍ ഈ മാധ്യമം കാരണമാകുന്നു. വിശാസിയുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ ഒരു നിലപാടിന്റെ കൂടി ഭാഗമാണ്. പ്രവാചകന്‍ പറഞ്ഞ അഭിമാനത്തിന്റെ പരിശുദ്ധി മനസ്സിലാക്കിയ ഇടപെടല്‍.

ആരുടെയു രക്തവും ധനവും മുതലും ആര്‍ക്കും കയ്യേറാം എന്നിടത്താണ് നാം എത്തിപ്പെട്ടിട്ടുള്ളത്. അവിടെ നിന്നും ഒരു തിരിച്ചു നടത്തം അനിവാര്യമാണ്. പ്രവാചകര്‍ ഒരിക്കലും സമൂഹത്തെ പരിഹസിച്ചില്ല അതെസമയം സമൂഹം പ്രവാചകനെ പരിഹസിച്ചു. വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം മുഖ പുസ്തകത്തില്‍ ധാരാളം. അതിനോട് എങ്ങിനെ പ്രതികരിക്കുന്നു എന്നിടത്താണ് വിശ്വാസവും വന്നു നില്‍ക്കുന്നത്. അങ്ങിനെയാണ് മുഖപുസ്തകവും വിശ്വാസവും ചേര്‍ന്ന് നില്‍ക്കുന്നതും. അവിടെയാണ് വിശ്വാസി കാര്യങ്ങള്‍ സ്വയം ചോദിക്കേണ്ടതും.

Related Articles