Current Date

Search
Close this search box.
Search
Close this search box.

രോഹിത് വെമുല: മായാത്ത ഓര്‍മകള്‍

ആത്മഹത്യ എന്നത് ഒരു പാപമാണ്. അത് ഒരിക്കലും അനുകരിക്കപ്പെടേണ്ടതോ ആഘോഷിക്കപ്പെടേണ്ടതോ അല്ല.. എന്നാല്‍ ആത്മഹത്യയുടെ പശ്ചാത്തലം അറിയാതെ, അത് പഠിക്കാതെ അതിനെ വിമര്‍ശിക്കുന്നത് ആത്മഹത്യാപരമാണ്.. ചില ആത്മഹത്യ , അത് political statement ആണ്.. രോഹിത് വെമുലയുടെ വിഷയത്തില്‍ അത് തികച്ചും ശരിയാണ്.. ഇന്ത്യയിലും പുറത്തുമുള്ള കാമ്പസുകളിലും പുറത്തും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ ഒരു മാനം..പുതിയ ഒരു ആവേശം കൈവരുന്നത് രോഹിത് വെമുലയുടെ ആത്മ ത്യാഗത്തിന് ശേഷമാണ്.. ഇന്നും ഫാസിസം ഭയപ്പെടുന്നു ആ നാമം കേള്‍ക്കുമ്പോള്‍ എന്നു പറഞ്ഞാല്‍ ആ രക്തസാക്ഷിത്വത്തിന്റെ ആഴം എത്രയെന്ന് നമുക്ക് വ്യക്തമാവും..

രോഹിത് വെമുലയുടെ മരണത്തിന് ശേഷമാണ് അംബേദ്കര്‍ ഇന്ത്യയിലെ കാമ്പസുകളില്‍ ഒരു ഹീറോ പരിവേഷം നേടുന്നത്, അല്ലെങ്കില്‍ ഇത്രമേല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.. പക്ഷെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ച് അവിടെ രോഹിതിന്റെ മുമ്പും ശേഷവും അംബേദ്കര്‍ തന്നെ ആയിരുന്നു ഹീറോ.. വിസിക്ക് എഴുതിയ ഒരു കത്തില്‍ രോഹിത് പറയുന്നുണ്ട്.. ‘നിങ്ങള്‍ അഡ്മിഷന്‍ എടുക്കാന്‍ വരുന്ന ഓരോ ദളിത് വിദ്യാര്‍ത്ഥിക്കും ഒരു കുപ്പി വിഷം നല്‍കണം, അല്ലെങ്കില്‍ നല്ലൊരു കയര്‍ നല്‍കണം.. അംബേദ്കറിനെ പറ്റി ചിന്തിച്ചു തുടങ്ങുമ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടിയെന്ന് ഉപദേശിക്കണം..’ അത്രമേല്‍ ബ്രാഹ്മണിക്ക് വ്യവസ്ഥയുടെ കീഴില്‍ അടിമപ്പെട്ട ഒരു കലാലയത്തില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ വിപ്ലവാത്മകമായ ജീവിതം ആണ് യഥാര്‍ത്ഥത്തില്‍ രോഹിത് നമുക്ക് മുന്നില്‍ ബാക്കി വെച്ചത്..

രോഹിത് മരണപ്പെട്ട ദിവസത്തെ ഒരു സുഹൃത്ത് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. ആ മണ്ണില്‍ ഇരുന്നു, രോഹിതിന്റെ സ്തൂപതിന് മുന്നില്‍ നിന്ന് ആ വൈകാരികത നനഞ്ഞ കഥ കേള്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാവരും ഹോസ്റ്റലിന്റെ നേരെ ഓടുമ്പോള്‍ മരിച്ചത് രോഹിത് ആവല്ലേ എന്നു പടച്ചവനോട് കരഞ്ഞു പ്രാര്‍ത്ഥിച്ച, മരണം ഉറച്ചപ്പോ അത് അപ്പാ റാവുവിനോടുള്ള രോഷമായി ഉയര്‍ന്ന, മൃതദേഹം വിട്ടു കൊടുക്കാതെ കാവലിരുന്ന ഒരു രാത്രി, അതിനുമപ്പുറം പോരാട്ട വീര്യം നിറഞ്ഞ എത്രയെത്രയോ രാത്രികള്‍.. നാളെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെടാവുന്ന ഒരു ഐതിഹാസിക പോരാട്ടത്തിന്റെ അതി വൈകാരികത നിറഞ്ഞ ഒരു തുടക്കകമായിരുന്നു അതെന്ന് തീര്‍ച്ച.

രോഹിതിന്റെ ആത്മ ത്യാഗത്തിലേക്ക് വഴിയൊരുക്കിയ അവസാന സംഭവം ഇതായിരുന്നു. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തു കൊണ്ട് രോഹിതും asa യും മുന്നോട്ട് വന്നിരുന്നു. അതേ പോലെ തന്നെ ‘മുസഫര്‍ നഗര്‍ ബാക്കി ഹേ’ എന്ന ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിച്ചു. ഇത് എ.ബി.വി.പിക്കാര്‍ തടഞ്ഞു. എ.ബി.വിപിക്കാര്‍ അവരെ ഉപദ്രവിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആയി. അതിന്റെ പേരില്‍ രോഹിത് അടക്കം അഞ്ച് പേരെ കോളേജില്‍ നിന്നും പുറത്താക്കി കൊണ്ട് വി.സി അപ്പറാവു ഉത്തരവിട്ടു.

വെറും ഒരു പുറത്താക്കല്‍ എണ്ണത്തില്‍ ഉപരിയായി വളരെ പ്ലാന്‍ ചെയ്ത ഒരു സംഭവം ആയിരുന്നു അത്. ബി.ജെ.പി കേന്ദ്രമന്ത്രി ഇടപെട്ട് സ്മൃതി ഇറാനി കോളേജ് വിസിക്ക് നേരിട്ട് കത്തയച്ചു ഇവരെ പുറത്താക്കാന്‍ വേണ്ടി, ഒന്നല്ല.. മൂന്ന് പ്രാവശ്യം.. രോഹിത് അടക്കമുള്ള ആളുകളെ ഇല്ലാതാക്കുക എന്നത് ഇവിടുത്തെ ഫാസിസത്തിന്റെയും സവര്‍ണ ബ്രാഹ്മണിക്ക് വ്യവസ്ഥിതിയുടേയും ആവശ്യമായിരുന്നു എന്നു വേണം പറയാന്‍. കാരണം കീഴ്ജാതിക്കാര്‍ക്ക് അറിവ് നിഷേധിക്കുക എന്നത് ബ്രാഹ്മണിക്ക് വ്യവസ്ഥയുടെ ആവശ്യമാണ്.

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തലപ്പത്ത് ഉള്ളതാകട്ടെ ഇത്തരം ബ്രാഹ്മണിക് ചിന്താഗതിക്കാരുമാണ്. ഈ പറഞ്ഞ നേതൃത്വം പലപ്പോഴും ദളിത് വിദ്യാര്‍ഥികളെ പരീക്ഷയില്‍ മനപ്പൂര്‍വ്വം തോല്പിച്ചും, ക്ലാസില്‍ കയറ്റാതെയും, സ്‌കോളര്‍ഷിപ്പ് പിടിച്ചു വെച്ചുമൊക്കെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. രോഹിതിന് മുന്‍പ് 10 വര്‍ഷത്തിനിടയില്‍ 8 വിദ്യാര്‍ത്ഥികള്‍ ഇതേ ക്യാമ്പസില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

രോഹിതിന്റെ ശേഷവും 4 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഈ പീഡനങ്ങള്‍ക്കെതിരെ നിരന്തരം എഴുതുകയും സംസാരിക്കുകയും പോരാട്ടം നയിക്കുകയും ചെയ്തിരുന്നു രോഹിത്. ഇങ്ങനെ പോരാടുന്ന ഇടത് സംഘടനകളില്‍ നിന്നും മറ്റു ദളിത് സംഘടനകളില്‍ നിന്നുമെല്ലാം രോഹിതിനെ മാറ്റി നിര്‍ത്തിയ ഒരു പ്രധാന പോയിന്റ് ഉണ്ട്. അത് തന്നെയാണ് നമ്മുടെ ചര്‍ച്ചയുടെ മര്‍മ്മം..

നിങ്ങള്‍ക്ക് ഈ രാജ്യത്ത് എന്ത് രാഷ്ട്രീയം വേണമെങ്കിലും സംസാരിക്കാം. മുസ്‌ലിം രാഷ്ട്രീയം ഒഴികെ. അത്രമേല്‍ അപകടം പിടിച്ചതും നഷ്ടം മാത്രം സംഭവിക്കുന്നതും ആണ് മുസ്ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള സംസാരം. അതിന്റെ ആദ്യ ഇര ഗാന്ധിജിയും അവസാനം രോഹിതിലും എത്തിനില്‍ക്കുന്നു. ഗാന്ധിജിയുടെ ഒരുപാട് രാഷ്ട്രീയ നിലപാടുകളോട് വിയോജിച്ചു കൊണ്ട് തന്നെ പറയണം. സ്വാതന്ത്ര്യ പ്രഖ്യാപന സമയത്തു നമ്മള്‍ പലരും കേട്ട പോലെ ഗാന്ധിജി നിരാഹാര സമരത്തില്‍ ആയിരുന്നു. അന്ന് ഗാന്ധിജി മുന്നോട്ടു വെച്ച രണ്ടു പ്രധാന ആവശ്യങ്ങള്‍. കൊല്‍ക്കത്തയിലെ മുസ്ലിം കൂട്ട കൊലക്കെതിരെ നടപടി എടുക്കണം എന്നതായിരുന്നു.

പിന്നെ രാഷ്ട്ര രൂപീകരണത്തിന് പാകിസ്ഥാന് 500 കോടി നമ്മള്‍ നല്‍കണം എന്നതും. മുസ്ലിം രാഷ്ട്ര നിര്‍മാണത്തിന് സഹായം, മുസ്ലിമിനോട് സഹതാപം. ഇത് രണ്ടുമായിരുന്നു ഗാന്ധിജിയുടെ മരണത്തിലേക്ക് നയിച്ചത്. രോഹിത് നമ്മള്‍ പറഞ്ഞ പോലെ യാക്കൂബ് മേമന് വേണ്ടി സംസാരിച്ചു. മുസഫര്‍ നഗറിന് വേണ്ടി സംസാരിച്ചു. ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ ദളിതര്‍ ഒന്നായി ഇസ്ലാമിലേക്ക് വന്നപ്പോള്‍ രോഹിത് അതിനെ വിശേഷിപ്പിച്ചത് വസന്ത കാലത്തിന്റെ ആഗമനം എന്നായിരുന്നു. നമ്മള്‍ കാണുന്നുണ്ട്, എസ്.എഫ്.ഐ..സിപിഎം പോലെ ഉള്ള ഇടത് പാര്‍ട്ടികള്‍ മുസ്ലിം വിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍. അവര്‍ക്ക് ജമാഅത്തെ ഇസ്ലാമി, എസ്.ഐ.ഒ ഒക്കെ തീവ്രവാദ സംഘടനകള്‍ ആണ്. മുസ്ലിംലീഗ് സാമുദായിക സംഘടന ആണ്. മാത്രമല്ല എല്ലാ ആനുകാലിക മുസ്ലിം വിഷയങ്ങളിലും അവര്‍ക്ക് മൗനം ആണ്. കാരണം നമ്മള്‍ ആദ്യം പറഞ്ഞത് തന്നെ. എന്നാല്‍ രോഹിത് എസ്.ഐ.ഒയെയും എം.എസ്.എഫിനെയും എല്ലാം എ.എസ്.എ യോട് ചേര്‍ത്തു നിര്‍ത്തി.

അതിവിശാലമായ ദളിത് മുസ്ലിം ആദിവാസി ഐക്യത്തെ കുറിച്ചാണ് രോഹിത് സ്വപ്നം കണ്ടത്. മുസ്ലിം ദളിത് ആദിവാസി പ്രശ്‌നങ്ങളെ പ്രതിനിധാനം ചെയ്യാന്‍ ഒരു ഇടത് പാര്‍ട്ടിക്ക് പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത് എന്നും ഒരു രാഷ്ട്രീയ അജണ്ട ആയിരുന്നു. അവരുടെ കാര്യലാഭത്തിന് വേണ്ടി ഉള്ള അവസരവാദ സമീപനങ്ങള്‍.

കഴിഞ്ഞ മാസമാണ് ഹൈദരാബാദ് സര്‍വകലാശാല അധികൃതര്‍ ‘വെളിവാട’ പൊളിച്ചു മാറ്റുന്നത്. കോളേജില്‍ നിന്ന് പുറത്താക്കിയ സമയത്ത് രോഹിത് അടക്കം താമസിച്ച ഒരു ടെന്റ് ആണ് ‘വെളിവാട’ അര്‍ത്ഥം ചേരി എന്നാണ്. ഒരു ബ്രാഹ്മണിക്ക് അഗ്രഹാരയുടെ നടുവില്‍ ഒരു ചേരി കൊണ്ടു വെച്ചത് പോലെ ആണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അതിനെ കണ്ടത്. അത് അവരെ അത്രമേല്‍ അസ്വസ്ഥരാക്കിയിരുന്നു. ജാതി സ്പര്‍ധ വളര്‍ത്തുന്നു എന്ന പേരില്‍ ആണ് അവര്‍ അത് പൊളിച്ചത്. അതേ ആഴ്ചയില്‍ ആണ് പാര്‍ലമെന്റില്‍ സംയുക്തമായി സംവരണ ബില്‍ പാസാക്കുന്നത്..

ഈ വെളിവാടയില്‍ താമസിക്കുന്ന ദളിതന്‍ ഇനി സംവരണം കൊണ്ടു പഠിക്കേണ്ടതില്ല എന്നു പറയുമെന്ന പോലെ, അതിന്റെ അടുത്ത ആഴ്ച്ചയാണ് പൗരത്വ ബില്‍ പാസാവുന്നത്. അതായത് മറ്റു രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ മുസ്‌ലിം അല്ലാത്തവര്‍ക്ക് ഒക്കെ പൗരത്വം കൊടുക്കാനുള്‌ല തീരുമാനം. ചുരുക്കത്തില്‍ രണ്ടു ആളുകള്‍ ആണ് പുറന്തള്ളപ്പെടേണ്ടത്, ഒന്ന് നമ്മുടെ ഉള്ളില്‍ തന്നെ ഉള്ള തൊട്ടുകൂടാന്‍ പറ്റാത്ത ദളിത് ആദിവാസികള്‍, രണ്ടാമത്തെത് പുറത്തു നിന്നു വന്ന മുസ്ലിംകള്‍.

ഒരിക്കല്‍ ഗാന്ധിജി പറഞ്ഞ ഒരു കാര്യം പറയാതെ വയ്യ. സ്വാതന്ത്ര്യശേഷം ഞാന്‍ ഭയക്കുന്നത് ഈ തൊട്ടുകൂടാന്‍ പറ്റാത്തവര്‍ മുസ്ലീംമിനൊപ്പം ചേര്‍ന്ന് ഉന്നത ജാതി ഹിന്ദുവിനെ കൊന്നു കളയുമോ എന്നാണ്.. ആ കൊല എന്നത് ജാതീയമായ കൊല എന്നു കൂടെ വായിക്കണം.. ഇസ്ലാം മുന്നോട്ട് വെക്കുന്ന സാഹോദര്യം സംഭവിച്ചാല്‍ പിന്നെ ജാതിക്ക് എന്താണ് പ്രസക്തി.. അതാണ് ഇന്ന് രോഹിതിന്റെ മരണ ശേഷം രാധികവെമുല എന്ന ദളിത് അമ്മയും നഫീസ ബീവി എന്ന നജീബിന്റെ മുസ്ലിം ഉമ്മയും ഒരുമിച്ചിരുന്നു ഒരു സമരം നയിക്കുന്നതിലൂടെ നാം കാണുന്നത്.

ഒരു തരത്തില്‍ ഒരു ചരിത്രത്തിന്റെ ആവര്‍ത്തനം ആണിത്. സവിത ഭായ് എന്ന താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീയെ നിങ്ങള്‍ക്കറിയുമോ. ഇന്ത്യയിലെ ആദ്യത്തെ അധ്യാപിക എന്നൊക്കെ പറയാം, അവര്‍ ഒരു സ്‌കൂള്‍ തുടങ്ങി, പക്ഷെ ബ്രാഹ്മണര്‍ അത് കത്തിച്ചു.. അന്ന് അവര്‍ക്ക് ഫാത്തിമ ബീവി എന്ന ഒരു മുസ്ലിം സ്ത്രീ അവരുടെ വീട് സ്‌കൂള്‍ നടത്താന്‍ വേണ്ടി വിട്ടുകൊടുത്തു.. ഫാത്തിമ നഫീസ എന്ന ഉമ്മയുടെ വാക്കുകളില്‍ അവര്‍ രാധികാ വെമുലയെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ വരാനിരിക്കുന്ന ഒരു വലിയ വിപ്ലവത്തിന്റെ തുടക്കമാവുകയാണ്.

അവസനമായി ഖുര്‍ആനില്‍ നിന്ന് ഒരു ചെറിയ കാര്യം പറഞ്ഞു അവസാനിപ്പിക്കാം.. ജാലൂതിനെതിരെ യുദ്ധം ചെയ്യാന്‍ വേണ്ടി പുറപ്പെട്ട ത്വാലൂതിന്റെ പടയില്‍ വലിയ ഒരു വിഭാഗം വഴിയില്‍ തന്നെ ക്ഷീണിച്ചു പിന്മാറാന്‍ ഒരുങ്ങി. അപ്പോള്‍ അവരിലെ ഒരു ചെറിയ വിഭാഗം പറഞ്ഞു..’  كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ ۗ وَاللَّهُ مَعَ الصَّابِرِينَ- എത്രയെത്ര ചെറിയ സംഘങ്ങള്‍ ആണ് എത്രയെത്ര വലിയ സംഘങ്ങളെ അല്ലാഹുവിന്റെ അനുമതിയോടെ പരാജയപ്പെടുത്തിയത്.. ‘ അങ്ങനെ ജാലൂതിനെതിരെ വിജയം നേടിയ ആ കഥ അവസാനിപ്പിച്ചു കൊണ്ട് അള്ളാഹു പറയുന്നു.. ‘അള്ളാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പ്രതിരോധിക്കുന്നില്ലായിരുന്നു എങ്കില്‍ ഭൂമിയിലാകെ കുഴപ്പം നിറയുമായിരുന്നു’.
വ്യക്തമായ ലക്ഷ്യ ബോധമുള്ള, ക്ഷമയുള്ള ഒരു കൂട്ടം ആണ് നമ്മള്‍. അപ്പുറത്ത് രാഷ്ട്രീയം, അധികാരം, പോലീസ്, മാധ്യമങ്ങള്‍ എല്ലാം നമ്മള്‍ക്കെതിരെയാകാം. ഇത്തരം പ്രതികൂലാവസ്ഥകളിലും നമ്മള്‍ എന്ന ചെറിയ സംഘത്തെ ഉപയോഗിച്ച് അള്ളാഹു ആ വലിയ സംഘത്തെ പ്രതിരോധിക്കുക തന്നെ ചെയ്യും.

Related Articles