Current Date

Search
Close this search box.
Search
Close this search box.

നുണപ്രചാരണങ്ങള്‍ തുടരുന്നു

Moududi.gif

ജൂലൈ 30-ന്റെ സമകാലിക മലയാളത്തില്‍ ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയത് വായിച്ചപ്പോള്‍ ”പടച്ചവനേ, ബുദ്ധിജീവികളെന്ന് പറയപ്പെടുന്ന ഇക്കൂട്ടര്‍ക്ക് നീ സാമാന്യബുദ്ധി നല്‍കേണമേ!” എന്ന് പ്രാര്‍ത്ഥിക്കാനാണ് തോന്നിയത്. ജിന്നാ സാഹിബിനെ കാഫിറെ അഅ്‌സം എന്ന് മൗദൂദി ഏത് ഗ്രന്ഥത്തില്‍/ഏത് പ്രഭാഷണത്തില്‍ എപ്പോള്‍/എവിടെ പറഞ്ഞുവെന്ന ചോദ്യത്തിന് വസ്തുനിഷ്ഠമായ മറുപടി പറയാതെ മൗദൂദി 1979ല്‍ മണ്‍മറഞ്ഞ് പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ ഇറങ്ങിയ ഇംഗ്ലീഷ് പുസ്തകത്തില്‍ അങ്ങിനെ ഉണ്ടെന്ന് പറഞ്ഞാല്‍ അതെങ്ങിനെയാണ് തെളിവാകുക?

1948ല്‍ മരണപ്പെട്ട ജിന്നയുമായി മൗദൂദി നേര്‍ക്കുനേരെ ഏറ്റുമുട്ടി വിമര്‍ശനങ്ങള്‍ നടത്താനിടയുണ്ടായിട്ടില്ല. മൗദൂദി എപ്പോഴും ആശയത്തെയും പ്രത്യയശാസ്ത്രത്തെയും പ്രസ്ഥാനത്തെയും യുക്തിപൂര്‍വം നിരൂപണം ചെയ്യുകയോ വിമര്‍ശിക്കുകയോയാണ് ചെയ്യാറ്. പാക് രാഷ്ട്രപിതാവ് കൂടിയായ ജിന്ന മരിച്ചതിന് ശേഷം അങ്ങിനെ മൗദൂദി പറയുന്ന പ്രശ്‌നമേ ഉണ്ടാകുകയില്ല. സത്യത്തില്‍ മുസ്‌ലിം മനസ്സില്‍ പൊതുവെയും മുസ്‌ലിംലീഗുകാരുടെ മനസ്സില്‍ പ്രത്യേകിച്ചും മൗദൂദിയോടും ജമാഅത്തെ ഇസ്‌ലാമിയോടും കടുത്ത വിദ്വേഷം ജനിപ്പിക്കാന്‍ കെട്ടിച്ചമച്ച ശുദ്ധ വ്യാജമാണിത്.

ഹമീദ് ചേന്ദമംഗലൂര്‍ അങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടും ഇത്തരം വ്യാജങ്ങള്‍ പ്രചരിപ്പിക്കാം. പക്ഷേ, ബുദ്ധിയുള്ളവരാരും ഇത് അംഗീകരിക്കില്ല.
1941ല്‍ മൗദൂദിയുടെ ദൂതന്‍ (ഖമറുദ്ദീന്‍ ഖാന്‍) ദല്‍ഹിയിലെ ഗില്‍റാനയില്‍ വെച്ച് ജിന്നാ സാഹിബുമായി കൂടിക്കാഴ്ച നടത്തി. മുക്കാല്‍ മണിക്കൂര്‍ സമയം നീണ്ടുനിന്ന ആ കൂടിക്കാഴ്ചയില്‍ ഖമറുദ്ദീന്റെ സംഭാഷണം ശ്രദ്ധാപൂര്‍വം ശ്രവിച്ചശേഷം ഖാഇദെ അഅ്‌സം പറഞ്ഞതിങ്ങനെ: ‘…. ഞാന്‍ അബുല്‍ അഅ്‌ലാ മൗദൂദിയുടെ സേവനങ്ങളെ സംതൃപ്ത ദൃഷ്ടിയോടെയാണ് നോക്കിക്കാണുന്നത്. അന്തിമലക്ഷ്യത്തെ സംബന്ധിച്ചേടത്തോളം ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിംലീഗും തമ്മില്‍ യാതൊരന്തരവുമില്ല…” (പാക്കിസ്ഥാനില്‍ പ്രസിദ്ധീകൃതമായ ചൗധരി അബ്ദുറഹ്മാന്‍ അബ്ദുവിന്റെ ”അബുല്‍ അഅ്‌ലാ മൗദൂദി” എന്ന കൃതി പേജ് 198, 199, ഉദ്ധരണം: അബുല്‍ അഅ്‌ലാ – ടി. മുഹമ്മദ് പേജ്: 113). ഇതേ സംഗതി ‘മൗദൂദി: തോട്ട് ആന്റ് മൂവ്‌മെന്റ്’ എന്ന കൃതിയില്‍ അസ്അദ് ഗീലാനിയും ഉദ്ധരിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിലും ഇന്ത്യയിലും ചിന്താശീലരും മതബോധമുള്ളവരുമായ ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ മൗദൂദിയോട് അങ്ങേയറ്റത്തെ ആദരവ് അന്നും ഇന്നും പുലര്‍ത്തുന്നുണ്ട്. പാക് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന മൗദൂദിക്കെതിരെ ദുരാരോപണം പറഞ്ഞു പരത്താന്‍ ഖാദിയാനികള്‍ ഉള്‍പെടെയുള്ള ഇസ്‌ലാം വിരുദ്ധ ശക്തികളും മറ്റും നടത്തിയ ശ്രമത്തെ, പലപ്പോഴും ഖാദിയാനികള്‍ക്കും മോഡേണിസ്റ്റുകള്‍ക്കും വേണ്ടി വക്കാലത്ത് ഏറ്റടുക്കുന്ന ഹമീദ് ഏറ്റുപിടിക്കുന്നതില്‍ അത്ഭുതമില്ല. അന്ധമായ മൗദൂദി, ജമാഅത്തെ ഇസ്‌ലാമി വിരോധത്താല്‍ എന്തു പടുവിഡ്ഢിത്തം എഴുന്നള്ളിക്കാനും ഏതു പടുകുഴിയില്‍ ചെന്നുവീഴാനുമുള്ള ”മഹാഭാഗ്യം” അദ്ദേഹത്തിനുണ്ട്.

Related Articles