Current Date

Search
Close this search box.
Search
Close this search box.

മഹല്ല് കമ്മിറ്റികളുടെ ഇസ്ലാമിക മാനം

mahallu.jpg

മതം തന്നെ ചില ആചാര ആരാധനകളായി മാറി എന്നതാണ് മതം അനുഭവിക്കുന്ന വലിയ ദുരന്തം. മതം പരിമിതപ്പെട്ടപ്പോള്‍ അതിന്റെ ഉപോല്പന്നങ്ങളും പരിമിതപ്പെട്ടു. അങ്ങിനെയാണ് മഹല്ല് കമ്മിറ്റികളും പരിമിതമായി പോയത്. മഹല്ല് എന്നതു കേവലം പള്ളിയിലേക്കും പള്ളിക്കാടിലേക്കും അങ്ങിനെയാണ് ചുരുങ്ങി പോയതും. മഹല്ലിലെ ജനങ്ങളെ ബാധിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളില്‍ മഹല്ലുകള്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് കൗതുകമുള്ള വിഷയമാണ്.

പൊന്നാനി -കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ സര്‍വേ നടക്കുന്നു. പലയിടത്തും ആരാധനാലയങ്ങള്‍ കാരണം സര്‍വേ ഏകപക്ഷീയമാകുന്നു. ഇരകളെ കാണുക ആശ്വസിപ്പിക്കുക,ഇരകള്‍ക്ക് ആവശ്യമായ നിയമ സഹായം നല്‍കാന്‍ ശ്രമം നടത്തുക എന്നത് കമ്മിറ്റികളുടെ ഉത്തരവാദിത്വമാണ്. നാട്ടിലെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുക എന്നത് മഹല്ലുകളുടെ കടമയാണ്. സാമൂഹിക വിഷയങ്ങളില്‍ രാഷ്ട്രീയം കൂടി കടന്നു വരുന്നു എന്ന പേര് പറഞ്ഞാണ് പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ നിന്നും മഹല്ലുകള്‍ പിറകോട്ടു പോകുന്നത്. മതവും രാഷ്ട്രീയവും കൂട്ടി കുഴയുന്നു എന്ന ആരോപണമാണ് മഹല്ല് കമ്മിറ്റികളെ പൊതു വിഷയങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതും.

മതപരമെന്നു വിളിക്കുന്ന കാര്യങ്ങളില്‍ മാത്രമാണ് നമ്മുടെ കമ്മിറ്റികള്‍ ഇടപെടുക. അധികം കമ്മിറ്റികളും പള്ളി നിര്‍മാണം, പുനര്‍നിര്‍മാണം, പള്ളിയുമായി ബന്ധപ്പെട്ട അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രമായി ചുരുങ്ങി പോകുന്നു. പള്ളിക്കാടും കടന്നു പുറത്തേക്കു പോകുന്ന മഹല്ലുകള്‍ കേരളത്തില്‍ വളരെ കുറവാണ്. അതെ സമയം മഹല്ല് എന്നത് ഒരു പ്രദേശത്തു താമസിക്കുന്ന ആളുകളുടെ ഒരു കൂട്ടായ്മയാണ്. മഹല്ല് തിരഞ്ഞെടുപ്പുകള്‍ അധികവും കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്നു. പ്രദേശത്തെ മുസ്ലിം സമുദായത്തിനിടയില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ അത് വീതിച്ചെടുക്കും. മഹല്ല് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പള്ളിയുടെ പുറത്തേക്കു പോകരുത് എന്ന് നാം തീരുമാനിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും മഹല്ലിലെ ആളുകള്‍ക്ക് കമ്മിറ്റി കൊണ്ട് കാര്യമായി ഉപയോഗം ഉണ്ടാകാറില്ല.

മഹല്ലിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ ഇടപെടലും കാരണവുമാണ് എന്നത് മഹല്ല് കമ്മിറ്റികളെ പലപ്പോഴും പിറകോട്ടു കൊണ്ട് പോകുന്നു. ദേശീയ പാത വികസനം ഒരു രാഷ്ട്രീയത്തിന്റെ കൂടി വിഷയമാണ്. അത് കൊണ്ട് തന്നെ ഇരകളില്‍ നിന്നും മഹല്ല് കമ്മിറ്റികള്‍ ദൂരം കാത്തു സൂക്ഷിക്കുന്നു. ഒരു മഹല്ലിലെ വിശ്വാസികള്‍ക്ക് വേണ്ടിയാണ് ഇരകള്‍ ഉണ്ടാകുന്നത് എന്നത് കൊണ്ട് തന്നെ ആ ഇരകളെ പരിഗണിക്കുക എന്നത് കമ്മിറ്റികളുടെ ഉത്തരവാദിത്വമാകും. അതെ സമയം അത്തരം വിഷയങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന പ്രവണതയാണ് നാം കണ്ടു വരുന്നതും. സാമൂഹിക പ്രവര്‍ത്തനം ഇസ്ലാം ഊന്നി പറയുന്ന കാര്യമാണ്. നമ്മുടെ കാലത്തു അത് കൃത്യമായി നടത്താന്‍ കഴിയുന്ന വിഭാഗമാണ് മഹല്ല് കമ്മിറ്റികള്‍. മഹല്ലിലെ അവശരെയും അഗതികളെയും വിധവകളെയും സംരക്ഷിക്കുക എന്നത് അവരുടെ മുഖ്യ കടമയാണ്. അത് പോലെ തന്നെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന മഹല്ല് വിവാസികളെ പരിഗണിക്കുക എന്നതും അവരുടെ ചുമതല തന്നെ.

മഹല്ല് കമ്മിറ്റികളുടെ ഇസ്ലാമിക മൂല്യം മനസ്സിലാവാത്തവരാണ് ഇന്നതിന്റെ തലപ്പത്തു എന്നതാണ് കമ്മിറ്റികള്‍ നേരിടുന്ന പ്രധാന ദുരന്തം. പലിശയെ കുറിച്ച് പറയുമ്പോള്‍ അതിനു പകരം പരിഹാരം കാണുക എന്നത് കമ്മിറ്റികളുടെ കടമയാണ്. സാമ്പത്തിക പരാധീനത കാരണം ചികിത്സ നിഷേധിക്കപ്പെടുന്ന രോഗികള്‍ക്ക് മഹല്ല് കമ്മിറ്റികള്‍ താങ്ങാവണം. മഹല്ലിലെ ധാര്‍മിക അവസ്ഥ ശരിപ്പെടുത്താനും കമ്മിറ്റികള്‍ രംഗത്തു വരണം. അതെ സമയം മോന്തായം തന്നെ വളഞ്ഞു പോയ കഥയാണ് പലപ്പോഴും പറയാനുണ്ടാവുക. പല കമ്മിറ്റി അംഗങ്ങളുടെയും സദാചാര നിലവാരം പോലും വളരെ പിറകിലാണ്. ശുദ്ധ അനിസ്ലാമിക രീതിയില്‍ സമ്പത്തു സ്വരൂപിക്കുന്നവര്‍ പോലും കമ്മിറ്റികളുടെ തലപ്പത്തിരിക്കുന്നു എന്നത് നമ്മുടെ വര്‍ത്തമാന യാഥാര്‍ഥ്യവും.

ജീവിച്ചിരിക്കുന്ന മനുഷ്യരെക്കാളും മരിച്ചു പോയവരെ സംരക്ഷിക്കാനുള്ള ഒരു ഇടപാടായി പല കമ്മിറ്റികളും രൂപാന്തരം സംഭവിച്ചിരിക്കുന്നു. അവിടെ നിന്നും മഹല്ലിലെ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ വിഷയങ്ങളിലേക്ക് കടന്നു വരുമ്പോള്‍ മാത്രമാണ് മഹല്ലുകള്‍ക്കു ഒരു ഇസ്ലാമിക മാനം കൈവരിക.

Related Articles