Columns

രക്തസാക്ഷി മരിക്കുന്നില്ല

“അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരെ മരണപ്പെട്ടവർ എന്ന് പറയരുത്” എന്നാണു ഖുർആൻ പറയുന്നത്. ഈ ഭൂമിയിലെ ജീവിതം അവസാനിക്കലാണ് മരണം. രക്തസാക്ഷി മരിക്കുന്നില്ല എന്നത് ഒരു പൊതു മുദ്രാവാക്യം മാത്രമായി നാം കാണാറില്ല. താൻ വിശ്വസിക്കുന്ന ആദർശത്തിന് തന്റെ രക്തം കൊണ്ട് തന്നെ സാക്ഷി നിന്നവനാണ് രക്തസാക്ഷി. രക്തസാക്ഷിയെ ഇല്ലാതാക്കിയാൽ ഇല്ലാതാകുന്നത് അയാളുടെ ശരീരം മാത്രമാണ്. അതെ സമയം രക്തസാക്ഷിയുടെ ആദർശം കൂടുതൽ തിളങ്ങുന്നു എന്നതാണ് ശേഷം സംഭവിക്കുക. അത് കൊണ്ടാണ് ബദറിൽ മരണപ്പെട്ടവർ ബദറിനു ശേഷം ജീവിച്ചവരേക്കാൾ പ്രശസ്തരായത്. ബദറിൽ പങ്കെടുത്തു എന്നത് തന്നെയാണ് ബദരീങ്ങൾ എന്നതിന്റെ അടിസ്ഥാനം. എങ്കിലും അവിടെ ജീവിതം ബലി കൊടുത്തവർ കൂടുതൽ തിളങ്ങുന്നു എന്നതാണ് ചരിത്രം.

മക്കാ കാലത്തിലാണ് കിടങ്ങ്കാരുടെ കഥ പ്രവാചകൻ ആളുകൾക്ക് വിവരിച്ചു കൊടുത്തത്. വിശ്വാസികളെ കിടങ്ങ് കുഴിച്ചു കത്തിച്ചത് എന്തിനു എന്നും ഖുർആൻ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പറഞ്ഞു. “ സ്തുത്യർഹനും പ്രതാപവാനുമായ ഏക ദൈവത്തിൽ വിശ്വസിച്ചു എന്നല്ലാതെ ഒരു തെറ്റും വിശ്വാസികൾ ചെയ്തില്ല” എന്നാണു ഖുർആൻ പറഞ്ഞത്. ഫൈസലിനെ കൊന്നു തള്ളുമ്പോൾ കൊലയാളികൾക്ക് മറ്റൊരു വിദ്വേഷവും അദ്ദേഹത്തിനോട് ഉണ്ടാവാൻ ഇടയില്ല. ഫൈസൽ സത്യമാർഗം സ്വീകരിച്ചു എന്നത് മാത്രമായിരിക്കാം കാരണം. അതിലപ്പുറം മറ്റൊന്ന് കൂടി കൊലയാളികൾ ആഗ്രഹിച്ചിരിക്കണം. നാട്ടിൽ ഒരു കലാപം . പക്ഷെ അവിടെയാണ് അക്രമകാരികൾ പരാജയപ്പെട്ടത്. അല്ലാഹുവിന്റെ ദീൻ സ്വീകരിക്കുക എന്നത് എക്കാലത്തും വലിയ പ്രയാസമാണ്. അതൊരു കേവലം പേര് മാറ്റമല്ല. അത് ഒരു പൂർണമായ നിലപാട് മാറ്റമാണ്.

Also read: ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പ്രചാരണം സാധ്യമാക്കിയത്

മക്കയിൽ നിന്നാണ് മുഹമ്മദ്‌ നബി തന്റെ പ്രബോധനം ആരംഭിച്ചത്. അതിനു മുമ്പ് അവരവരുടെ നാടുകളിൽ മുൻകാല പ്രവാചകരും പ്രബോധനം നടത്തിയിരുന്നു. അവരിൽ പലരെയും ആളുകൾ കൊന്നിട്ടുണ്ട്. മറ്റു പലരും സമൂഹത്തിൽ നിന്നും പീഡനം ഏറ്റു വാങ്ങിയിട്ടുണ്ട്. പക്ഷെ അവരെ അള്ളാഹു ഏൽപ്പിച്ച ദൌത്യം അവർ ഏറ്റെടുത്തു. യാതൊരു പരാതിയുമില്ലാതെ. ഈ ലോകത്തെ ജീവിതം നശ്വരമാണ്‌. അനശ്വരമായ പരലോകമാണ്‌ എന്നും വിശ്വാസിയുടെ മുന്നില കടമ്പ. വിശ്വാസം കൊണ്ടും കർമ്മം കൊണ്ടും അത് നേടിയെടുക്കലാണ് വിശ്വാസി ചെയ്യുന്നത്. അതിൽ ചിലർ അവരുടെ നേര്ച്ച പൂർത്തിയാക്കി തിരിച്ചു പോയി. മറ്റു ചിലർ അല്ലാഹുവോട് ചെയ്ത കരാർ പൂർത്തിയാക്കി. മറ്റു ചിലർ അവരുടെ ഊഴം കാത്തിരിക്കുന്നു. ഫൈസൽ തന്റെ ദൗത്യം പൂർത്തിയാക്കി അല്ലാഹുവിലേക്ക് മടങ്ങി. ജീവിതം കൊണ്ട് മാത്രമല്ല മരണം കൊണ്ടും അദ്ദേഹം മുൻകടന്നു.

അല്ലാഹുവിന്റെ ശത്രുക്കൾ എന്നും പരാജയപ്പെട്ട ചരിത്രമാണ്‌ നമുക്ക് പറയാനുള്ളത്. ഫാസിസം പുതിയ കാലത്തിന്റെ സൃഷ്ടിയല്ല അതിനു മനുഷ്യനോളം പഴക്കമുണ്ട്. തന്റെ അധികാരം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുക എന്നതിന് തുടക്കം കുറിച്ചത് ഖാബീലാണ്. അന്നും ഹാബേൽ അതിനെ മാന്യമായി നേരിട്ടു. അത് കൊണ്ട് തന്നെ ചരിത്രത്തിൽ ഹാബീലിന്റെ നന്മ നാം എന്നും ഓർക്കുന്നു. ഫൈസലിന്റെ കൊലയാളികൾ ഉദ്ദേശിച്ച പലതും നഷ്ടമായി. ദൈവിക മാർഗത്തിൽ അനിവാര്യതയായി വരുന്ന ഒന്നായി വിശ്വാസികൾ ഫൈസലിന്റെ രക്തസാക്ഷിത്വത്തെ കണ്ടു. സംഘ പരിവാർ ഇന്ത്യ മുഴുവൻ നടപ്പാക്കുന്ന ഒന്നുണ്ട്. ഭയപ്പെടുത്തി കീഴ്പ്പെടുത്തൽ. ഏകനായ ദൈവത്തെ മാത്രം ഭയക്കുന്ന ഒരു ജനതയുടെ വീര്യം കെടുത്താൻ ഇതൊന്നും മതിയാകില്ല. ഫൈസലിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുമ്പത്തിൽ നിന്നും പലരും സ്വമേധയാ സത്യ മാർഗത്തിൽ എത്തിച്ചേർന്നു. അവിടെയാണ് നാം കൊലയാളികൾ പരാജയപ്പെട്ട് എന്ന് പറഞ്ഞതും.

Also read: മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 2

കൊലയാളികൾക്ക് അർഹമായ ശിക്ഷ നൽകാൻ കഴിയുന്നില്ല എന്നിടത്താണ് നമ്മുടെ നീതിന്യായ വ്യവസ്ഥ പരാജയമാകുന്നത്. ഫൈസലിന്റെ കാര്യത്തിലും അത് തന്നെ സംഭവിക്കുന്നു. സംഘ പരിവാർ പ്രതി സ്ഥാനത്തു വന്നാൽ പിന്നെ എല്ലാത്തിനും ഒരു വേഗതക്കുറവാണ്. അത് മാറിയ കാലത്തിന്റെ കുഴപ്പമാണ്. ഫൈസലിൽ അവസാനിപ്പിക്കാൻ സംഘ പരിവാർ ഒരുക്കമായിരുന്നില്ല. അവർ തങ്ങളുടെ കലാപരിപാടി തുടർന്ന് കൊണ്ടിരുന്നു. പിന്നെ അവർ റിയാസ് മൌലവിയെ ഇല്ലാതാക്കി. എന്നിട്ടും സമുദായം പ്രകോപനം കാണിച്ചില്ല. അവിടെയും നമ്മുടെ നീതിന്യായ പോലീസ് വ്യവസ്ഥകൾ തങ്ങളുടെ മെല്ലെപ്പോക്ക് നയം തുടർന്ന് കൊണ്ടിരുന്നു. മോഡി കാലത്ത് അടിച്ചും കുത്തിയും കത്തിച്ചും കൊലപ്പെടുത്തിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ കണക്കുകൾ നമ്മുടെ മുന്നിലുണ്ട്. അതിന്റെ പിന്നിൽ അവർക്കൊരു ഉദ്ദേശവുമുണ്ട്. “ അവർ അല്ലാഹുവിന്റെ പ്രകാശത്തെ വായ കൊണ്ട് ഊതിക്കെടുത്താൻ ആഗ്രഹിക്കുന്നു. അല്ലാഹു അവന്റെ പ്രകാശം പൂർത്തിയാക്കുക തന്നെ ചെയ്യും. സത്യനിഷേധികൾ എത്ര വെറുത്താലും ശരി” എന്നാണ് ഖുർആൻ പറയുന്നത്.

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker