Current Date

Search
Close this search box.
Search
Close this search box.

ഖബീബ് നൂര്‍മഗോമെദോവ്; യു.എഫ്.സി നേടിയ ആദ്യത്തെ മുസ്‌ലിം

യു.എഫ്.സി (അമേരിക്കന്‍ അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാംമ്പ്യന്‍ഷിപ്പ്) നേടിയ ആദ്യത്തെ മുസ്‌ലിം താരമാണ് റഷ്യക്കാരനായ ഖബീബ് നൂര്‍മഗോമെദോവ്. രണ്ടുതവണ കോംബാറ്റ് സാംബോ ലോക ചാമ്പ്യനായ അദ്ദേഹം സാംബോ, ജൂഡോ, ഗുസ്തി എന്നിവയില്‍ മികച്ച പരിശീലനം നേടിയ ചരിത്രത്തിലെ മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന റഷ്യന്‍ സെലിബ്രിറ്റി കൂടിയാണ് ഖബീബ്. കഴിഞ്ഞ ജസ്റ്റിന്‍ ഗെയ്ത്‌ജെയുമായുള്ള ഏറ്റുമുട്ടലില്‍ മികച്ച വിജയം നേടിയ ശേഷം കായികലോകത്ത് നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ലോക ലൈറ്റ്‌വെയ്റ്റ് ചാമ്പ്യനായ ഖബീബ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞുനില്‍ക്കുകയാണ്. തകര്‍ക്കപ്പെടാത്ത 29 വിജയങ്ങളുമായി, പരാജയമറിയാതെ ഒന്നാമനായി നില്‍ക്കുമ്പോഴാണ് ഖബീബ് ഞെട്ടിപ്പിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്. നേരത്തെ കോവിഡുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കാരണം പിതാവ് അബ്ദുല്‍ മനാപ് നൂര്‍മഗോമെദോവ് മരണപ്പെട്ടിരുന്നു. പിതാവിന്റെ മരണശേഷം നടന്ന ആദ്യത്തെ പോരാട്ടമാണിത്. തന്റെ പരിശീലകന്‍ കൂടിയായ പിതാവിന്റെ വിയോഗശേഷം, മാതാവിനെ ഇനി ഒറ്റക്കാക്കില്ലെന്നും താന്‍ തന്റെ അവസാനമത്സരമാണ് നടത്തിയതെന്നും വികാരഭരിതനായി ഖബീബ് പ്രഖ്യാപിക്കുകയായിരുന്നു. അതോടെ യു.എഫ്.സി.യുടെ ചരിത്രത്തിലെ ഒരു ഇതിഹാസ അധ്യായത്തിനാണ് തിരശ്ശീല കുറിക്കപ്പെട്ടത്.

ഖബീബിന്റെ ചിത്രങ്ങള്‍ ഇത്രയധികം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നതിന്റെയും ചര്‍ച്ചചെയ്യപ്പെടുന്നതിന്റെയും പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. കിട്ടാവുന്ന ദ്വാരങ്ങളിലൂടെയൊക്കെ ഇസ്‌ലാമോഫോബിയ കടത്തിവിട്ടുകൊണ്ടിരിക്കുകയാണ് ഇസ്‌ലാമിന്റെ ശത്രുക്കള്‍. കായികലോകവും അതില്‍ നിന്ന് മുക്തമല്ല. കളിക്കളത്തിനകത്തും പുറത്തും ഇസ്ലാമോഫോബിയ പല രൂപത്തിലും ഭാവത്തിലുമായി നിറഞ്ഞാടുന്നുണ്ട്. അവിടെയാണ്, എല്ലാവരേയും തകര്‍ത്ത് തരിപ്പണമാക്കുകയും ഒപ്പം പരസ്യമായി തന്റെ ഇസ്‌ലാമിനെ അടയാളപ്പെടുത്താനും ഒരു താരം ധൈര്യം കാണിക്കുന്നത്. ഏറ്റവും ഒടുവില്‍, റിംഗിനകത്ത് വെച്ച് തന്നെ പടച്ചവനെ ആവോളം സ്തുതിച്ച് സൂജൂദ് ചെയ്തുകൊണ്ടാണ് അദ്ദേഹം കളം വിടുന്നത്. ഒരുപക്ഷെ, ഇക്കാലത്ത് ഇത്രയധികം ഭക്തിയും, വിനയവും നിറഞ്ഞ കായികതാരം ‘ദി ഈഗിള്‍’ എന്ന പേരില്‍ വിശ്രുതനായ ഖബീബിനെപ്പോലെ മറ്റൊരാള്‍ ഉണ്ടാവില്ല.

കളിക്കളത്തിനകത്തും പുറത്തും ഇസ്ലാമോഫോബിയ പല രൂപത്തിലും ഭാവത്തിലുമായി നിറഞ്ഞാടുന്നുണ്ട്. അവിടെയാണ്, എല്ലാവരേയും തകര്‍ത്ത് തരിപ്പണമാക്കുകയും ഒപ്പം പരസ്യമായി തന്റെ ഇസ്‌ലാമിനെ അടയാളപ്പെടുത്താനും ഒരു താരം ധൈര്യം കാണിക്കുന്നത്. ഏറ്റവും ഒടുവില്‍, റിംഗിനകത്ത് വെച്ച് തന്നെ പടച്ചവനെ ആവോളം സ്തുതിച്ച് സൂജൂദ് ചെയ്തുകൊണ്ടാണ് അദ്ദേഹം കളം വിടുന്നത്.

ഓരോ തലമുറയ്ക്കും പറയാന്‍ ഒരുപാട് കായിക ഹീറോസ് ഉണ്ടാവും. അവരില്‍ ചിലര്‍ തങ്ങള്‍ പ്രതിനിധീകരിക്കുന്ന കായിക ഇനത്തെ മറികടന്ന് പ്രശസ്തിയും പെരുമയും നേടിയവരാകാം. ഖബീബ് നൂര്‍മഗോമെദോവിനെ അത്തരക്കാരില്‍ എണ്ണിയാല്‍ തെറ്റാവില്ല, താന്‍ മത്സരിക്കുന്ന കായിക ഇനത്തിനപ്പുറത്ത് വളര്‍ച്ച നേടിയ താരമാണ് ഖബീബ്. വിശേഷിച്ച്, ആഗോളതലത്തില്‍ പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. പടിഞ്ഞാറും മുഖ്യധാര മാധ്യമങ്ങളുമൊക്കെ മുസ്‌ലിം സമൂഹത്തെ നിരന്തരം അപരവത്കരിക്കുകയും അരികുവത്കരിക്കുകയും ചെയ്യുന്ന കാലത്ത്, തങ്ങളുടെ വിശ്വാസം പൊതു ഇടങ്ങളില്‍ ഉറക്കെ പ്രഖ്യാപിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന കായിക ഇതിഹാസങ്ങളുടെ വിജയത്തില്‍ മുസ്‌ലിംകള്‍ പങ്കുചേരുകയും അതില്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. ഏറ്റവും മികച്ച എതിരാളി ജസ്റ്റിന്‍ ഗെയ്ത്‌ജെയെ പരാജയപ്പെടുത്തി റിംഗിനകത്തെ ഏറ്റവും പ്രബലനായ പോരാളി താന്‍ തന്നെയാണെന്ന് തെളിയിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ അവിസ്മരണീയമായ കരിയര്‍ അവസാനിപ്പിക്കുന്നത്. ജസ്റ്റിനെ പരാജയപ്പെടുത്തിയതോടു കൂടി തന്റെ അപരാജിത റെക്കോര്‍ഡ് 20-0 ലേക്ക് എത്തിക്കുകയുണ്ടായി.

Also read: പൗരത്വ സങ്കല്‍പ്പത്തിന്റെ ചരിത്രവും വികാസവും

റഷ്യയിലെ ദാഗെസ്താന്‍ പ്രവിശ്യയിലെ പര്‍വതപ്രദേശത്താണ് ഖബീബിന്റെ ജനനം. ചെറുപ്പം മുതല്‍ തന്നെ, ഒരു യോദ്ധാവായിട്ടാണ് അദ്ദേഹം വളര്‍ന്നത്. കരിയറിലുടനീളം പിതാവ് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അമേരിക്കയില്‍ നടക്കുന്ന തന്റെ മകന്റെ യു.എഫ്.സി മത്സരങ്ങള്‍ കാണാന്‍ വിസ നിഷേധിച്ചപ്പോള്‍ പോലും ഖബീബിനെ വിജയത്തിലേക്ക് നയിച്ചത് പിതാവിന്റെ പരിശീലനം ആയിരുന്നു. പിതാവ് അബ്ദുല്‍ മനാപ് തികഞ്ഞ മതവിശ്വാസിയായിരുന്നു. അദ്ദേഹത്തിന്റെ ഇസ്ലാമിക വിശ്വാസം എല്ലാ അഭിമുഖങ്ങളിലും തിളങ്ങിനിന്നിരുന്നു. മക്കള്‍ തന്നെ പൂര്‍ണമായി അനുകരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. റിംഗില്‍ പരിശീലിപ്പിക്കുന്നതോടൊപ്പം തന്റെ മകനെ വിശ്വാസപരമായും പിതാവ് മികച്ച രീതിയില്‍ പരിശീലിപ്പിച്ചു. വിജയത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പായി ഉറച്ച വിശ്വാസത്തെ പിതാവ് പരിചയപ്പെടുത്തി. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പിതാവ് മരണപ്പെടുന്നത്. പിതാവിന്റെ വിയോഗം ഖബീബിനെ വല്ലാതെ മനഃപ്രയാസത്തിലാക്കി.

ഖബീബിന്റെ വിജയത്തിന്റെ താക്കോല്‍ ഒരു രഹസ്യമായിരുന്നില്ല. അദ്ദേഹത്തിനെതിരെ എപ്പോഴെങ്കിലും പോരാടിയ ഓരോ പോരാളിക്കും അദ്ദേഹം ചെയ്യാന്‍ പോകുന്നത് എന്താണെന്ന് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നിട്ടും, കഠിനാധ്വാനം, അച്ചടക്കം, സാങ്കേതിക മികവ്, ആത്മീയ ബോധ്യം എന്നിവയിലൂന്നിയ സൂത്രവാക്യം നടപ്പിലാക്കുന്നതോടെ അദ്ദേഹത്തെ വിജയത്തില്‍ നിന്നും തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഖബീബിന്റെ പരിശീലനസമ്പ്രദായം ഐതിഹാസികമായിരുന്നു. കോക്കസിലെ ആളുകളെല്ലാം തന്നെ കഠിനാധ്വാനികളായിരുന്നു. കുട്ടിക്കാലത്ത് കരടികളെ ഗുസ്തി പിടിക്കുന്നതിലും മഞ്ഞുമൂടിയ നദികളുടെ ശക്തമായ പ്രവാഹങ്ങള്‍ക്കെതിരെ പോരാടുന്നതിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

Also read: പടിഞ്ഞാറ് പ്രവാചകനെ ഇങ്ങനെയാണ് വായിക്കുന്നത്

റിംഗിന് പുറത്ത് തന്റെ പിതാവിനെയും ഭാര്യയെയും മതത്തെയുമൊക്കെ അപമാനിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തവരെയൊക്കെ റിംഗിനകത്ത് വെച്ച് ഒരു ദയാദാക്ഷിണ്യവുമില്ലാതെ ഇടിച്ചുതോല്‍പ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ബോക്‌സര്‍ മുഹമ്മദ് അലിയെപ്പോലെ സജീവ രാഷ്ട്രീയത്തിലേക്ക് ഖബീബ് രംഗപ്രവേശം ചെയ്തിരുന്നില്ല. എന്നിരുന്നാലും, അല്‍ഹംദുലില്ലായും ഇന്‍ഷാഅല്ലായുമൊക്കെ ഉറക്കെ പ്രഖ്യാപിക്കുന്ന അദ്ദേഹത്തിന്റെ പൊതു പ്രസംഗങ്ങള്‍ ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുകയുണ്ടായി. കൂടാതെ, വിജയം ലഭിക്കുന്നത് അല്ലാഹുവില്‍ നിന്ന് മാത്രമാണെന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ എല്ലാ കെണികളും ആധിപത്യം പുലര്‍ത്തുന്ന അന്തരീക്ഷത്തിലാണ് മദ്യത്തോടും സ്ത്രീകള്‍ നിറഞ്ഞാടുന്ന വിഷ്വല്‍ ട്രീറ്റുകളോടും ശക്തമായ നോ പറയാന്‍ അദ്ദേഹം മുന്നോട്ട് വരുന്നത്. തങ്ങളുടെ സ്വത്വം ഉറക്കെപ്രഖ്യാപിക്കുന്നതിനായുള്ള മാതൃകയും പ്രചോദനവുമാണ് ഖബീബ് എന്ന ചാമ്പ്യന്‍.

Related Articles