Current Date

Search
Close this search box.
Search
Close this search box.

പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യുന്നതാണ് സേവനം

തിരിച്ചു പ്രതീക്ഷിച്ച് ഒന്നും ചെയ്യരുത് എന്നതാണ് ഇസ്ലാമിന്റെ നിലപാട്. പ്രവാചകനോട് ഈ നിര്‍ദ്ദേശം നല്‍കുന്നത് ദിവ്യ സന്ദേശം ലഭിക്കുന്നതിന്റെ ആദ്യ നാളുകളിലായിരുന്നു. പ്രവാചകന്‍ എന്ന നില വരുന്നത് വരെ മുഹമ്മദിന് സമൂഹത്തില്‍ വലിയ സ്ഥാനം നില നിന്നിരുന്നു. മാത്രമല്ല ആ നാട്ടിലെ ഒരു പരോപകാരി കൂടിയായിരുന്നു മുഹമ്മദ്. പ്രവാചകന്‍ എന്ന നിലയില്‍ മുന്നോട്ടു പോകുമ്പോള്‍ മുമ്പ് സഹായം സ്വീകരിച്ചവര്‍ തന്നെ എതിര്‍ക്കാന് മുന്‍പന്തിയില്‍ കാണും എന്ന സന്ദേശമാണ് പ്രവാചകന്‍ നല്‍കുന്നത്.

എന്നും അതൊരു തത്വമായി നാം സ്വീകരിക്കണം. ഒരാളെ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്. അതിനു ദൈവിക പ്രതിഫലം ആവശ്യമെങ്കില്‍ തിരിച്ച് ഒന്നും പ്രതീക്ഷിക്കരുത്. നന്ദി എന്ന ഒരു വാക്കു പോലും പ്രതീക്ഷിക്കരുത്, അതെ സമയം നന്ദിയുള്ളവരാകുക എന്നത് സൗകര്യം ഉപയോഗിച്ചവരുടെ കാര്യമാണ്. അതവരുടെ കടമ.

പ്രളയത്തിന് ശേഷം കേരളത്തിലെ പല ദിക്കുകളിലും വീടും പരിസരവും വൃത്തിയാക്കാന്‍ പോയവര്‍ക്ക് മോശമായ അനുഭവം ലഭിച്ചു കൊണ്ടിരിക്കുന്നു എന്ന രീതിയില്‍ ചില ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പറന്നു നടക്കുന്നു. കേരളത്തിന്റെ പല ദിക്കുകളില്‍ നിന്നും സേവന പ്രവര്‍ത്തനത്തിന് പോയ പലര്‍ക്കും വീട്ടുകാരില്‍ നിന്നും മോശം അനുഭവം ഉണ്ടായി എന്ന രീതിയില്‍ പലരുടെ പോസ്റ്റുകളും കണ്ടു. സേവന പ്രവര്‍ത്തനത്തിന് പോകുന്നവര്‍ തീര്‍ച്ചയായും തിരിച്ചൊന്നും പ്രതീക്ഷിക്കില്ല.

സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവഴിച്ചാണ് അവര്‍ പ്രവര്‍ത്തനത്തിന് പോകുന്നത്. ഒരു ജനത ചേറിലും ചെളിയിലും പൂണ്ടു കിടക്കുമ്പോള്‍ സ്വന്തം വീട്ടില്‍ സുഖകരമായി കിടന്നുറങ്ങാന്‍ മനസ്സ് സമ്മതിക്കാത്തവരാണ് കിലോമീറ്ററുകള്‍ താണ്ടി സേവനത്തിനു പോകുന്നതും. അവരുടെ ഉദ്ദേശം ഒന്ന് മാത്രം അത് ദൈവ പ്രീതിയാണ്. അല്ലാത്തവരും ആ കൂട്ടത്തില്‍ കാണും. പക്ഷെ അവരാരും ഈ പ്രവര്‍ത്തനത്തിന് ഒരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല. ജനം എങ്ങിനെ സ്വീകരിക്കുന്നു എന്നത് അവരുടെ വിഷയമല്ല. കഷ്ടപ്പെടുന്ന സഹജീവികളെ സഹായിക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശം.

വീട്ടുകാര്‍ എന്ത് പറയുന്നു എന്നത് സഹായിക്കുന്നവരുടെ വിഷയമല്ല. സേവന പ്രവര്‍ത്തനത്തെ ആ രീതിയില്‍ കാണാന്‍ കഴിയണമെങ്കില്‍ അത്തരം ഒരു മനസ്സ് രൂപപ്പെട്ടു വരണം. പക്ഷെ അതൊന്നും സേവന രംഗത്തു നിന്നും പിന്മാറാന്‍ കാരണമാകാന്‍ പാടില്ല. സേവനം,സാമൂഹിക പ്രതിബദ്ധത, എന്നതെല്ലാം അടിസ്ഥാന മാനവിക മൂല്യങ്ങളാണ്. അത് മനുഷ്യന്റെ അടിസ്ഥാന ഗുണങ്ങളും. ഇത്തരം ക്ലിപ്പുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നത് കൊണ്ട് ലഭ്യമാകുന്ന ഏക ഗുണം ഇത്തരം നല്ല മനസ്സുകളെ പിന്നോട്ട് കൊണ്ട് പോകുക എന്നത് മാത്രമാകും. ഒറ്റപ്പെട്ട അനുഭവങ്ങള്‍ മൊത്തമായി അവതരിപ്പിച്ചാല്‍ അത് ആളുകളുടെ മനോവീര്യം തകര്‍ക്കും.

ഇസ്ലാമിക പ്രസ്ഥാനം ഈ രംഗത്തു സേവനം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മണ്ണിന്റെ മക്കളെയും പട്ടിണി കിടക്കുന്നവനെയും ബുദ്ധിമുട്ടുന്നവനെയും കണ്ടെത്തി സഹായിക്കുക എന്നത് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമാണ്. അത് കൊണ്ട് തന്നെ ഇസ്ലാമിക പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തന മാര്‍ഗത്തില്‍ ഇത്തരം സേവനങ്ങള്‍ നിര്‍ബന്ധ ബാധ്യതയായി കണക്കാക്കുന്നു.

ജനം എങ്ങിനെ പ്രതികരിക്കുന്നു എന്നതല്ല അവര്‍ കണക്കിലെടുക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ദൈവീക സാമീപ്യം നല്‍കുന്നു എന്നതാണ്. നിരാശ വിശ്വാസിയുടെ സ്വഭാവമല്ല. നാം നമ്മുടെ കടമ നിര്‍വഹിക്കുന്നു. മറ്റവരുടെ കടമകള്‍ അവരാണ് നിര്‍വഹിക്കേണ്ടത്. പ്രതിഫലം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സേവനമാകുക. അത് വാക്കു കൊണ്ടും സാമ്പത്തികമായും. ആ ബോധം നില നിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്. ആളുകളുടെ സേവന മനസ്ഥിതി തകര്‍ക്കുന്ന രീതിയില്‍ കയറി വരുന്നതെല്ലാം അത് കൊണ്ട് തന്നെ നാം നിരാകരിക്കണം.

Related Articles