Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടക: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമോ ?

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാലും കോണ്‍ഗ്രസ് -ജെ ഡി എസ് സഖ്യം നേടി എന്നത് ഒരു ശുഭ സൂചനയാണ്. സംഘപരിവാര്‍ സഖ്യത്തെ വലിയ ഭൂരിപക്ഷത്തിനാണ് പലയിടത്തും തോല്‍പ്പിച്ചത്. അടുത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒരു നല്ല സൂചനയായി ഈ തിരഞ്ഞെടുപ്പു ഫലം മാറുന്നു എന്നാണു നിരീക്ഷകര്‍ പറയുന്നതും. മോഡി സര്‍ക്കാര്‍ അവസാന കാലത്തു നേരിടുന്ന പരാജയങ്ങള്‍ ജനാധിപത്യത്തിന് നല്‍കുന്ന ഊര്‍ജം വലുതാണ്. അയോധ്യയും രാമനും അടുത്ത തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന് ജനകീയ വിഷയങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല എന്നുറപ്പാണ്. മനുഷ്യരുടെ ജീവിത നിലവാരം ചര്‍ച്ചയായാല്‍ തീരുന്നതാണ് മോഡി യുഗം എന്നതിന്റെ കൂടി തെളിവാണ് കര്‍ണാടക തിരഞ്ഞെടുപ്പുകള്‍.

പ്രതിപക്ഷ കക്ഷികളെ ഭിന്നിപ്പിച്ചു നിര്‍ത്താന്‍ കഴിയുന്നു എന്നിടത്താണ് പലപ്പോഴും സംഘ പരിവാര്‍ വിജയിക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന് ബദലായി ബി ജെ പി മാത്രമേയുള്ളൂ എന്നത് ഒരു സത്യമാണ്. പ്രാദേശിക തലത്തില്‍ മതേതര വോട്ടുകള്‍ പലപ്പോഴും ഭിന്നിച്ചു പോകുന്നു. അതിന്റെ ഗുണം ലഭിച്ചു എന്നതാണ് കഴിഞ്ഞ തവണ സംഘപരിവാര്‍ അധികാരത്തില്‍ വരാന്‍ കാരണം. കര്‍ണാടകത്തില്‍ ബി ജെ പിയെ മാറ്റി നിര്‍ത്തുക എന്ന അടിസ്ഥാനത്തില്‍ വലിയ കക്ഷിയായിട്ടു പോലും ജെ ഡി എസിനു കോണ്‍ഗ്രസ്സ് നല്‍കിയ പിന്തുണ ഒരു വഴിത്തിരിവായിരുന്നു. മുഖ്യശത്രുവിനെ മാറ്റി നിര്‍ത്താന്‍ വിട്ടുവീഴ്ച കാണിക്കുക എന്ന തീരുമാനമാണ് ഇന്ന് കര്‍ണാടകത്തില്‍ ഇങ്ങിനെ ജനവിധി വരാന്‍ കാരണം.

കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി പലപ്പോഴും നിലപാടുകളില്‍ ഉറച്ചു നിന്ന പാര്‍ട്ടിയാണ്. ആ നിലപാട് പലപ്പോഴും കേരളത്തില്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് അവര്‍ നേരിടുന്ന വിഷയം. കോണ്‍ഗ്രസ്സും ബി ജെ പിയും നേര്‍ക്ക് നേരെ വരുന്നിടത്തു കോണ്‍ഗ്രസ്സിന് നിലപാട് സ്വീകരിക്കാന്‍ ബുദ്ധിമുട്ട് വരില്ല. പക്ഷെ കേരളത്തില്‍ പലപ്പോഴും അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ മറ്റു പലര്‍ക്കുമാണ് ഗുണം ചെയ്യുന്നത്.

അടുത്ത തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഒട്ടുക്കും ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കര്‍ണാടകത്തില്‍ നിന്നും ലഭിച്ചത്. കേന്ദ്രത്തിലെ ഫാസിസ്റ്റു സര്‍ക്കാരിനെ മാറ്റി നിര്‍ത്താന്‍ മതേതര കക്ഷികളുമായി കോണ്‍ഗ്രസ് എത്ര മാത്രം വിട്ടു വീഴ്ച മനോഭാവം കാണിക്കുന്നു അവിടെയാണ് വിജയം. അതെ സമയം മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതിനാകും ബി ജെ പി ഊന്നല്‍ നല്‍കുക. ഇപ്പോള്‍ തന്നെ കേരളം പോലുള്ള ഒരിടത്തു നിന്നും ഒരു കൗണ്‍സിലറെ കോണ്‍ഗ്രസ്സില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ സംഘ് പരിവാറിന് കഴിഞ്ഞു എന്നത് നിസാര കാര്യമല്ല. ആന്ധ്രയില്‍ ടി ഡി പി യുമായും വടക്കന്‍ സംഥാനങ്ങളില്‍ മറ്റു കക്ഷികളുമായും കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന സഖ്യം പ്രതീക്ഷ നല്‍കുന്ന ഒന്ന് തന്നെയാണ്. ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തില്‍ ഒരു എണ്ണപ്പെടുന്ന ശക്തിയല്ല എന്നതും കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു.

Related Articles