Current Date

Search
Close this search box.
Search
Close this search box.

ആഗോള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍: പത്ത് വ്യതിരിക്തകള്‍

ഇരുപതാം നൂറ്റാണ്ടിന്‍റെ മൂന്നാം പാദത്തില്‍ തുര്‍ക്കി ആസ്ഥാനമായ ഉസ്മാനിയ ഖിലാഫത്ത് പാശ്ചാത്യ സാമ്രാജത്വ ശക്തികളുടെ നിസ്തന്ത്രമായ ഗൂഡാലോചനയുടെയും ആഭ്യന്തര ശൈഥല്യത്തിന്‍റെയും ഫലമായി തകര്‍ന്ന് തരിപ്പണമായപ്പോള്‍, ഇസ്ലാമിക ഖിലാഫത് അഥവാ ഇസ്ലാമിക വ്യവസ്ഥിതി, പുന:സ്ഥാപിക്കുന്നതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിത്യസ്ത പേരുകളില്‍, ഇസ്ലാമിക പണ്ഡിതന്മാര്‍ രൂപം നല്‍കിയ ചിന്താധാരയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍.

ഇസ്ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിനിന്ന് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ എന്ന നിലയില്‍, മുസ്ലിം സമൂഹങ്ങളില്‍ നല്ല സ്വാധീനം നേടീട്ടുണ്ട്. അവയില്‍ ചിലത് ഭരണകക്ഷി സ്ഥാനം അലങ്കരിക്കുന്നുണ്ടെങ്കില്‍, മറ്റ് ചിലേടത്ത് ഭരണത്തില്‍ പങ്കാളികളാവുകയൊ മുഖ്യ പ്രതിപക്ഷ കക്ഷിയായി പ്രവര്‍ത്തിക്കുകയൊ ചെയ്യുന്നു. എന്നാൽ വളര്‍ച്ച പ്രാപിക്കാത്ത രാജ്യങ്ങളില്‍ അത്തരം സംഘടനകള്‍ സാമൂഹ്യ സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഈ പ്രസ്ഥാനങ്ങളെ കുറിച്ച് പലര്‍ക്കും പലതരം വീക്ഷണങ്ങള്‍ ഉണ്ടാവാമെങ്കിലും, സൈദ്ധാന്തിക ജാഡകളില്ലാത്ത പത്ത് പ്രത്യേകതകളാണ് ചുവടെ:

1. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തകരുടെ ധാര്‍മ്മിക വിദ്യാഭ്യാസവും ശിക്ഷണവും മുഖ്യ അജണ്ഡയായി പരിഗണിക്കുന്നതിനാല്‍ ഇസ്ലാമിക വിഷയങ്ങളില്‍ അവര്‍ ആര്‍ജ്ജിക്കുന്ന അവഗാഹം അനുകരണീയമാണ്. കാരണം അറിവോട് കൂടിയ വിശ്വാസമാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അല്ലാഹുവിനെ ഭയപ്പെടാതെ ഒരാള്‍ക്ക് മുസ്ലിമാവുക സാധ്യമല്ല. അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ അറിവുള്ളവര്‍ മാത്രമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കീട്ടുണ്ട്. വിവിധ കാര്യങ്ങളിലെ വിധിവിലക്കുകള്‍ അറിയാതെ ഒരാള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ ഭാഗമാവാന്‍ കഴിയില്ല.

Also read: മാനവിതകയുടെ തത്വശാസ്ത്രം ഇസ്ലാമിലെ ആരാധനകളിൽ – 1

2. പ്രവര്‍ത്തകരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ആത്മ സംസ്കരണത്തിന് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ വലിയ പ്രാധാന്യം നല്‍കി വരുന്നു. ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും അത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.91:9,10 പ്രവാചകന്‍ അരുളി: ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുശിച്ചാല്‍ ശരീരം മുഴുവന്‍ ദുശിച്ചു. അതത്രെ ഹൃദയം. സാധ്യമായ രൂപത്തില്‍ വ്യക്തി,കുടുംബ, സാമൂഹ്യ തലത്തില്‍ ഇസ്ലാമികവല്‍കരണത്തിനായി ഇത്തരം പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നു.

3. ഇബാദത്ത്, ഖിലാഫത്, ഇമാറത് എന്നീ മൂന്ന് കര്‍ത്യവ്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ് ഭൂമിയില്‍ മനുഷ്യരുടെ ദൗത്യം. ഖുര്‍ആന്‍ പറയുന്നു: ഭൂമിയില്‍ അവരുടെ നിയോഗത്തിന്‍റെ കൃത്യമായ ലക്ഷ്യം ഗ്രഹിച്ചവരാണ് അവര്‍. ഖുര്‍ആന്‍ പറയുന്നു: ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ (ഇബാദത്ത്) ഞാന്‍ സൃഷ്ടിച്ചിട്ടില്ല.51:56 നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് (ഖിലാഫത്) അവനാണ്. ആരെങ്കിലും അവിശ്വസിക്കുന്നുവെങ്കില്‍ ആ അവിശ്വാസത്തിന്‍റെ ദോഷം അവനു തന്നെയാണ്. സത്യനിഷേധികള്‍ക്ക് അവരുടെ സത്യനിഷേധം തങ്ങളുടെ നാഥന്‍റെയടുത്ത് അവന്‍റെ കോപമല്ലാതൊന്നും വര്‍ധിപ്പിക്കുകയില്ല.35:39 ഭൂമിയുടെ പരിപാലനത്തെ കുറിച്ച് (11:61) ല്‍ പരാമര്‍ശമുണ്ട്.

4. ജീവിത സമഗ്രതക്ക് ഊന്നല്‍ നല്‍കി എന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മറ്റൊരു സവിശേഷത. പ്രവാചകന്‍ തിരുമേനി ഇസ്ലാമിനെ ഒരു കെട്ടിടത്തോട് ഉപമിച്ചതില്‍ നിന്ന് ഇസ്ലാം സമ്പൂര്‍ണ്ണമാണെന്ന് അനുക്തസിദ്ധമാണ്. മറ്റ് മതങ്ങളെ പോലെ ഒന്നും പുറത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ട കാര്യമില്ല. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടില്‍ ഇസ്ലാം എന്നാല്‍ മതവും പ്രത്യയശാസ്ത്രവും സമജ്ഞസമായി ഉള്‍ചേര്‍ന്ന ആദര്‍ശമാണ്. കാരണം ഇസ്ലാം കേവലം വിശ്വാസവും അനുഷ്ടാനങ്ങളും മാത്രമല്ല അതിന് പ്രത്യയശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവും കുടുംബപരവും രാഷ്ട്രീയവുമായ ഉള്ളടക്കം കൂടിയുണ്ടെന്ന് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ വിശ്വസിക്കുന്നു.

Also read: കർഷകവിരുദ്ധമായ ബ്രാഹ്മണിസം -1

5. മനുഷ്യരുടെ വിമോചന കാഴ്ചപ്പാട് ഉയര്‍ത്തിപിടിക്കുന്നു എന്നതാണ് ഇസ്ലാമിക പ്രസഥാനങ്ങളുടെ മറ്റൊരു സവിശേഷത. പ്രവാചകന്‍ കേവലം ഒരു ആത്മീയാചാര്യന്‍ മാത്രമായിരുന്നില്ലെന്നും പലവിധ ചങ്ങലകളില്‍ ബന്ധിതരായ മനുഷ്യരുടെ വിമോചകന്‍ കൂടിയായിരുന്നു. (7:157) ആ മാതൃക ഉയര്‍ത്തിപിടിച്ച് ആധുനിക കാലത്ത് പീഡിത ജനവിഭാഗങ്ങളെ സമാധാന മാര്‍ഗ്ഗത്തിലൂടെ മോചിപ്പിക്കാനുള്ള കര്‍മ്മപദ്ധതി മുന്നോട്ട് വെക്കുന്നു എന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മറ്റൊരു സവിശേഷത.

6. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്. അതിന്‍റെ ഭാഗമായി വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ഭവന നിര്‍മ്മാണം,കൃഷി എന്നിവക്കെല്ലാം ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: വിശ്വസിച്ചവരേ, നിങ്ങള്‍ നമിക്കുക. സാഷ്ടാംഗം പ്രണമിക്കുക. നിങ്ങളുടെ നാഥന്ന് വഴിപ്പെടുക. (ജനങ്ങള്‍ക്ക്) നന്മ ചെയ്യക. നിങ്ങള്‍ വിജയംവരിച്ചക്കോം.22:77

7. ഫാസിസ്റ്റ് മുതലാളിത്ത ശക്തികള്‍ക്കെതിരെ മാനവികവും സാമുദായികവുമായ ഐക്യത്തിന് ഊന്നല്‍ നല്‍കുന്നു എന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സുപ്രധാന സവിശേഷത. ഫിര്‍ഔനുമായി സഹകരിക്കാന്‍ മൂസാ നബിക്കും ഹാറൂന്‍ നബിക്കും സാധ്യമല്ലാത്തത് പോലെ, സാമ്രാജ്യത്വ ശക്തികളുമായി ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ശക്തമായ ആശയസമരത്തിലാണ്. അല്ലാഹുവിന്‍റെ വചനം ഉയര്‍ത്തിപിടിക്കുകയും മനുഷ്യ നിര്‍മ്മിത വ്യവസ്ഥയെ പരാജയപ്പെടുത്തുകയുമാണ് ഇത്തരം പ്രസഥാനങ്ങള്‍ ലക്ഷ്യംവെക്കുന്നത്. ഇതിന് യുക്തിയിലധിഷ്ടിതമായ പ്രബോധനപ്രവര്‍ത്തനങ്ങളെ അവലംഭിക്കുന്നു. ഖുര്‍ആന്‍ 16:125

Also read: ചെരുപ്പിന് വേണ്ടിയാണു കാല് എന്ന പൊതുബോധമാണ് പ്രശ്നം

8. പ്രസ്ഥാനം എന്ന വാക്ക് ചലനാത്മകതയെ സൂചിപ്പിക്കുന്നു. ഏതൊരു പ്രസ്ഥാനത്തേയും ചലിപ്പിക്കുന്ന ഘടകം അത് മുന്നോട്ട് വെക്കുന്ന സ്വപ്നങ്ങളാണ്. ചരിത്രത്തില്‍ ഉത്ഥാന പദനങ്ങളുണ്ടാവുക സ്വാഭാവികമാണെന്നും പലവിധ ദൗര്‍ബല്യങ്ങളോടും കൂടി പതിനാല് നൂറ്റാണ്ട് കാലം നിലനിന്നിരുന്ന ഇസ്ലാമിക ഖിലാഫത്തിനെ തിരിച്ച് പിടിക്കാന്‍ സ്വപ്നം കാണാനെങ്കിലും കഴിയുന്ന ചിന്താധാര ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കല്ലാതെ ഉണ്ടെന്ന് തോന്നുന്നില്ല.

9. ഇസ്ലാമിനെ കാലത്തോടൊപ്പം ചലിപ്പിക്കാനുള്ള ആര്‍ജ്ജവം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഇതിനു വേണ്ടി പുതിയ പ്രശ്നങ്ങളെ ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്താന്‍ ഇജ്തിഹാദിന്‍റെ മാര്‍ഗ്ഗം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നു. അതോടൊപ്പം പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഹത്ഹീയകന്‍ അഭിപ്രായപ്പെട്ടപോലെ ലക്ഷ്യവും മാര്‍ഗ്ഗവും പരിശുദ്ധമായിരിക്കണമെന്ന കാര്യത്തില്‍ നിഷ്കര്‍ഷപുലര്‍ത്തുന്നു.

10. നിയമനിര്‍മ്മാണത്തിന്‍റെ സ്രോതസ്സ് മനുഷ്യന്‍ കൈവശപ്പെടുത്തുന്നത് അടിമത്വവല്‍കരണത്തിന്‍റെ മറ്റൊരു മുഖമായി അവര്‍ വിലയിരുത്തുന്നു. (അല്‍മായിദ: 44,45 ) ആരാണൊ മനുഷ്യനെ സൃഷ്ടിച്ച് പരിപാലിക്കുന്നത് അവനാണ് അവര്‍ക്ക് ആവശ്യമായ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടതെന്നും അതിന്‍റെ പ്രായോഗിക മാതൃക അന്ത്യപ്രവാചകനാണെന്നും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ശക്തമായി വാദിക്കുന്നു. ഈ ചിന്താഗതിയെയാണ് രാഷ്ട്രീയ ഇസ്ലാം എന്ന് ശത്രുക്കളും മിത്രങ്ങളും ഒരുപോലെ മുദ്രകുത്തി ഉറഞ്ഞുതുള്ളുന്നത്.

ചരുക്കത്തില്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇസ്ലാമിക മൂല്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പുനരുജ്ജീവന പ്രസ്ഥാനമാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍. സാമൂഹികത മനുഷ്യന്‍റെ നൈസര്‍ഗ്ഗികമായ ഒരു ആവശ്യമാണ്. അതിന്‍റെ പൂര്‍ത്തീകരണത്തിനായി, ഒരു ഇസ്ലാമിക പ്ലാറ്റ്ഫോമില്‍ നിലയുറപ്പിക്കണം എന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടെങ്കില്‍, മുകളില്‍പറഞ്ഞ സിവിശേഷതകള്‍ ഉള്ള പ്രസ്ഥാനങ്ങള്‍ ഉണ്ടൊ എന്ന് പരിശോധിക്കാം. എങ്കില്‍ നാം ചരിത്രത്തിന്‍റെ ഭാഗമായി മാറുന്നു. ഇസ്ലാമിനും മുസ്ലിംങ്ങള്‍ക്കും രാജ്യത്തിനും അതിലൂടെ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയും. അല്ലാഹുവിന്‍റെ വലിയ പ്രതിഫലത്തിന് അര്‍ഹമായിത്തീരുകയും ചെയ്യും. ഒപ്പം സഹകരണത്തിന്‍റെ ശക്തിയും നമുക്കനുഭവിക്കാം.

Related Articles