Columns

മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥരാകുന്നവര്‍

ഒരു ഒഴിവു ദിനത്തിന്റെ സുഖം നാട്ടില്‍ വന്നപ്പോള്‍ ഒരു സ്വപ്നം മാത്രമായിരിക്കുന്നു. അന്ന് എങ്ങിനെയോ അത് ഒത്തു വന്നു. പുറത്തു നല്ല മഴയുണ്ട്. അകത്തു ഫാന്‍ ചെറിയ വേഗതയിലിട്ടാല്‍ പുതച്ചുറങ്ങാന്‍ നല്ല സുഖമാണ്. ഫോണ്‍ നിരന്തരം അടിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ഒരു അപരിചിത നമ്പറില്‍ നിന്നാണ് വിളി വരുന്നത്. ‘ഒന്ന് കാണാന്‍ കഴിയുമോ, ഒരു വിഷയം സംസാരിക്കാനുണ്ട്…’ അപ്പുറത്തു നിന്നും മുഖവരയില്ലാതെ കാര്യം പറഞ്ഞു. ഉറക്കം മതിയാക്കി അവരോട് വരാന്‍ പറഞ്ഞു. മൂന്നു പതിറ്റാണ്ടു ഒന്നിച്ചു ജീവിച്ച ശേഷം ബന്ധം വിച്ഛേദിച്ച കഥയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്നെ കാണാന്‍ വന്നതും.

മുഖ പുസ്തകത്തില്‍ വൈറലായ ഒരു കൊച്ചു മിടുക്കിയുടെ കഥ വായിച്ചു. പക്ഷെ അതിനിടയില്‍ നാം അധികവും വായിക്കാതെ പോകുന്ന ഒന്നുണ്ട്. ‘ഇതിനിടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മ മാനസികമായി തകര്‍ന്നു.. ‘ഈ കുട്ടിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് ഒരു പരിധിവരെ ആ ദുരന്തമാണ്. അടുത്തിടെ അത്തരം വിഷയങ്ങള്‍ നമുക്കിടയില്‍ വര്‍ധിക്കുന്നു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭവന പദ്ധതിയുമായി പല വീടുകളിലും പോയപ്പോള്‍ ഇത്തരം അവസ്ഥയിലുള്ള പലരെയും കണ്ടു. ഒരു വൃദ്ധസദനം സന്ദര്‍ശിച്ചപ്പോള്‍ അവസാന കാലത്തു ബന്ധം വേര്‍പെട്ടുപോയവരെയാണ് കൂടുതലും കണ്ടത്.

പിതാവും മാതാവും ജീവിച്ചിരിക്കെ ഒരു പെണ്‍കുട്ടി ജീവിക്കാന്‍ വേണ്ടി നടത്തുന്ന പോരാട്ടം മറ്റൊരു ദിശയില്‍ നിന്നും വായിക്കണം. മാതാപിതാക്കളുടെ വേര്‍പിരിവ് ബാധിക്കുക മക്കളെ തന്നെ. ഈ കളിയില്‍ പലപ്പോഴും ഇരയാകുന്നത് മാതാവാകും. മാതൃത്വം എന്ന വികാരത്തെ ചൂഷണം ചെയ്തു മക്കള്‍ മാതാവിന്റെ കൂടെ വേണം എന്ന് സമൂഹം നിര്‍ബന്ധം പിടിക്കും.

മക്കളുടെ കാര്യത്തില്‍ ഒരു ബേജാറുമില്ലാതെ പിതാവിന് ജീവിക്കാനും അത് സൗകര്യമാണ്. മാതാവും പിതാവും ജീവിച്ചിരിക്കെ അനാഥകളായി മാറുന്നു എന്നതാണ് ഈ കുട്ടികളുടെ അവസ്ഥ. വിവാഹ മോചനം പണ്ടൊക്കെ ചെറുപ്പക്കാരുടെ വിഷയമായിരുന്നു. അടുത്തിടെ അതിനു പ്രായം നഷ്ടമായിരിക്കുന്നു. മൂന്നു പതിറ്റാണ്ടു ഒന്നിച്ചു ജീവിച്ചാല്‍ വാസ്തവത്തില്‍ അത് ഇസല്മിന്റെ കാഴ്ചപ്പാടിലെ ഇഴകി ചേരല്‍ ആയിരുന്നെങ്കില്‍ ഒരിക്കലും അത് വേര്‍പ്പെടുത്താന്‍ കഴിയില്ല. അതെ സമയം പരസ്പരം സംശയത്തോടെ മാറി നില്‍ക്കുന്ന അവസ്ഥയിലാണ് മേല്‍ പറഞ്ഞ ബന്ധം വേറിട്ടത്.

സ്വന്തത്തെ കുറിച്ച സ്വാര്‍ത്ഥ ബോധവും ഇതിനൊരു കാരണമാണ്. തങ്ങള്‍ കാരണം ഭൂമിയില്‍ വന്ന കുട്ടികള്‍ തങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന ഉത്തമ ബോധം നഷ്ടമാകുന്നതാണ് അകല്‍ച്ചയുടെ മറ്റൊരു കാരണം. ഓരോരുത്തര്‍ക്കും അവരുടെ ഭാഗം ജയിക്കണം എന്ന മനോഗതിയും വിടപറയലിന്റെ മറ്റൊരു കാരണമാണ്. നമുക്കറിയുന്ന അനുഭവം പലപ്പോഴും കുട്ടികള്‍ അവരുടെ വഴിയില്‍ സഞ്ചരിക്കുന്നു എന്നതാണ്. കുടുംബം എന്ന തണല്‍ നഷ്ടമാകുമ്പോള്‍ അത് സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്.

പഠനവും ജോലിയും എന്നത് മോശം കാര്യമല്ല. ഒരു പെണ്‍കുട്ടി ജീവിക്കാന്‍ കാണിക്കുന്ന സാഹസം നമ്മെ അത്ഭുതപ്പെടുത്തുന്നു എന്നതിനേക്കാള്‍ അതിനുണ്ടായ സാഹചര്യം നമ്മെ ചിന്തിപ്പിക്കുകയും വേണം. ജനിപ്പിച്ച പിതാവും ചിലപ്പോള്‍ ജനനം നല്‍കിയ മാതാവും ഇതൊന്നും അറിഞ്ഞെന്നു വരില്ല. വിവാഹ മോചനം ഒരു പക്ഷെ ആവശ്യമായി വന്നേക്കാം. അതിനിടയില്‍ കുട്ടികള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.

Facebook Comments
Show More

Related Articles

Leave a Reply

Your email address will not be published.

Close
Close