Columns

മനുസ്മൃതിയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ

സ്ത്രീവിദ്യാഭ്യാസം നേടേണ്ടതില്ല, പുറത്ത് ജോലിക്ക് പോകേണ്ടതില്ല, വിവാഹം കഴിക്കുകയും ഭര്‍ത്താവിനെ ശുശ്രൂഷിക്കുകയുമാണ് അവര്‍ ആകെ നിര്‍വഹിക്കേണ്ടത് എന്ന് വ്യക്തമാക്കുകയാണ് മനുസ്മൃതി ചെയ്യുന്നത്. മറ്റൊരിടത്ത് ശൃംഗാരചേഷ്ടകളാല്‍ പുരുഷന്മാരെ വശീകരിച്ച് ദുഷിപ്പിക്കുക എന്നത് സ്ത്രീകളുടെ സ്വഭാവമാണ് (രണ്ടാമധ്യായം 213 ശ്ലോകം) എന്ന് പറഞ്ഞ് സ്ത്രീകളെയാകെ അപമാനിക്കാനും മനുസ്മൃതി തയ്യാറാവുന്നുണ്ട്.

മനുസ്മൃതിയുടെ അഞ്ചാം അധ്യായത്തിലാണ് സ്ത്രീധര്‍മ്മത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് : ”ബാലയോ യുവതിയോ വൃദ്ധയോ ആരായാലും സ്ത്രീ സ്വഗൃഹത്തില്‍ പോലും ചെറിയ കാര്യമായാലും തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കരുത്” (ശ്ലോകം 147) ”ബാല്യത്തില്‍ പിതാവിന്റെയും യൗവനത്തില്‍ ഭര്‍ത്താവിന്റെയും ഭര്‍ത്താവുമരിച്ചാല്‍ പുത്രന്മാരുടെയും അധീനതയില്‍ വേണം സ്ത്രീ ജീവിക്കാന്‍ സ്ത്രീസ്വതന്ത്രയായി ജീവിക്കരുത്.” (ശ്ലോകം 148) ”പിതാവിനോടൊ, ഭര്‍ത്താവിനോടൊ,പുത്രന്മാരോടൊ പിരിഞ്ഞ് പാര്‍ക്കണം എന്ന് സ്ത്രീ ആഗ്രഹിക്കരുത്. അവരില്‍ നിന്നകന്നുവാണാല്‍ അവര്‍ ഭര്‍തൃകുലത്തെയും പിതൃകുലത്തേയും നിന്ദാപാത്രങ്ങളാക്കി തീര്‍ക്കും.” (ശ്ലോകം 149) ”പിതാവോ പിതാവിന്റെ അനുമതിയോടെ ഭ്രാതാവോ സ്ത്രീയെ ആര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നുവോ, ആജീവനാന്തം അവര്‍ അവരെ ശുശ്രൂഷിക്കേണ്ടതാകുന്നു. അവര്‍ മരിച്ചാല്‍ അവര്‍ അവനെ അതിലംഘിക്കയുമരുത്.” (ശ്ലോകം 151) വിധാവാ വിവാഹം പാടില്ല എന്ന് അര്‍ത്ഥം. ശ്ലോകം 152ല്‍ ‘കന്യാദാന വാഗ്ദാനം മുതല്‍ സ്ത്രീ ഭര്‍ത്താവിന് അധീനയാകുന്നു’ എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനേക്കാള്‍ നിഷ്ഠൂരമാണ് ശ്ലോകം154. ”ഭര്‍ത്താവ് സദാചാര ശൂന്യനോ, പരനാരിരക്തനോ ഗുണരഹിതനോ ആയാലും പതിവ്രതയായ ഭാര്യക്ക് ദേവനെപ്പോലെ പൂജ്യനാകുന്നു.” എന്നൊക്കെ പറയുന്ന മനുസ്മൃതി ”തന്നെക്കാള്‍ മുമ്പു മരിച്ച ഭാര്യയുടെ അന്ത്യകര്‍മ്മത്തിന് അഗ്നികൊളുത്തിയശേഷം ഗൃഹനാഥന്‍ വീണ്ടും വിവാഹം ചെയ്യുകയും അഗ്നികര്‍മ്മങ്ങള്‍ ഉടനെ നടത്തുകയും വേണം” എന്ന് ശ്ലോകം 168 ല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിധവ വിവാഹിതയാവരുത് എന്നാല്‍ ഭാര്യ മരിച്ച ഭര്‍ത്താവ് ഉടന്‍ വിവാഹിതനാവുകയും വേണം എന്നാണ് മനുസ്മൃതിയുടെ നിലപാട്.

സിദ്ധിനാഥാനന്ദസ്വാമിയുടെ മനുസ്മൃതി വ്യാഖ്യാനത്തിന് അവതാരിക എഴുതിയിട്ടുള്ളത് പ്രൊഫ. എന്‍. വി. കൃഷ്ണവാരിയരാണ്. അവതാരികയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു ”ബ്രാഹ്മണനെ മനു അങ്ങേ അറ്റം പുകഴ്ത്തി; ശുദ്രന് എന്തെങ്കിലും അവകാശം ഉള്ളതായി മനു കരുതിയില്ല; വര്‍ണ ബാഹ്യരുടെ കാര്യം പറയേണ്ടതുമില്ല. സ്ത്രീകളെ പലേടത്തും വാഴ്ത്തുന്നുണ്ടെങ്കിലും പുരുഷാധീശത്വത്തെ മനു സര്‍വ്വാത്മനാ അംഗീകരിച്ചു. ഈ കാരണങ്ങളാല്‍ മനുസ്മൃതിയിലെ നിര്‍ദ്ദേശങ്ങള്‍ പുലര്‍ത്തികൊണ്ടുള്ള ഒരു ജീവിതത്തെ പറ്റി ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ സങ്കല്പിക്കുക തന്നെ പ്രയാസമാകുന്നു.”

Also read: സ്ത്രീകൾ സുരക്ഷയും സ്വാതന്ത്ര്യവും തേടുമ്പോൾ

”ഗര്‍ഭധാരണത്തിനാണ് സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുരുഷന്മാര്‍ ഗര്‍ഭധാനത്തിനും” ഒമ്പതാം അധ്യായം ശ്ലോകം 96.

മനുസ്മൃതി പരിശോധിച്ചാൽ അതിൽ എട്ടുവിധത്തിലുള്ള വിവാഹങ്ങൾക്കുള്ള സാധ്യതകളെ കുറിച്ച് പറയുന്നു. അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം പേർ നൽകിയിട്ടുണ്ട്. 1)ബ്രാഹ്മം. 2)ആർഷം. 3)പ്രാജാപത്യം. 4)ദൈവം. 5)ഗാന്ധർവ്വം. 6)അസുരം. 7)രാക്ഷസം. 8)പൈശാചം.

1)ബ്രാഹ്മം: പിതാവ് പുത്രിയെ ഉദകത്തോട് കൂടി പ്രതിഫലം കൂടാതെ ഒരു ബ്രഹ്മചാരിക്ക് നൽകുക .ഹിന്ദു ബ്രാഹ്മണർക്ക് വിധിച്ചിട്ടുള്ള പതിനാറ് ക്രിയകളായ ഷോഡശക്രിയകളിലെ ഒൻപതാമത്തെ ക്രിയയായ വിവാഹം ‘ബ്രാഹ്മവിവാഹം’ ആണ്.
2)ആർഷം: പശുവിനെയോ, കാളയെയോ വാങ്ങി പകരം കന്യകയെ കൊടുക്കുക.
3)പ്രാജാപത്യം: പിതാവ് പ്രതിഫലം കൂടാതെ പുത്രിയെ പുരുഷന് നൽകുക.
4)ദൈവം: പിതാവ് പുത്രിയെ ആഭരണങ്ങൾ അണിയിച്ചു കൊണ്ട് യാഗത്തിൽ പുരോഹിതന് നൽകുക.
5)ഗാന്ധർവ്വം: കാമുകൻ അനുരക്തയായ സ്ത്രീയെ ബന്ധുകളോട് ആലോചിയ്ക്കാതെയും കർമങ്ങൾ കൂടാതെയും പരസ്പര സമ്മതപ്രകാരം കൈകൊള്ളുക.
6)അസുരം: ഒരു പുരുഷൻ കന്യകയെ പിതാവിന്റെ അടുക്കലിൽ നിന്നും പണമോ പാരിതോഷികമോ നൽകി വിലയ്ക്ക് വാങ്ങിക്കുക.
7)രാക്ഷസം: ഒരു സ്ത്രീയെ ബാലൽക്കരേണ പിടിച്ചു കൊണ്ടുപോവുക.( തട്ടികൊണ്ടുപോയി കല്ല്യാണം കഴിക്കുക)
8)പൈശാചം: സ്ത്രീക്ക് ബോധമില്ലതിരിക്കുമ്പോൾ അവളെ പുരുഷൻ ബലാ‌ൽക്കാരമായി ഭാര്യയാക്കുക.

Also read: അപഹരിക്കപ്പെടുന്ന ഇസ് ലാമും പരിഹാര മാര്‍ഗ്ഗങ്ങളും

മനുസ്മൃതി മാനവവിരുദ്ധവും സ്ത്രീവിരുദ്ധവും പൈശാചികവും പ്രാകൃതവുമായ നീതിശാസ്ത്ര മാണ്. ജാതിവ്യവസ്ഥയെ ഉറപ്പിക്കുന്ന ചാതുർവർണ്യനിയമം ഇന്ത്യൻ സമൂഹത്തെ അനേകം ജാതികളായി വിഭജിച്ചു. മനുവാദി നിയമമനുസരിച്ച് സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന് ഒരവകാശവും ഇല്ല.

പുരുഷന്റെ ഭോഗയന്ത്രം മാത്രമായി സ്ത്രീയെ കാണുന്ന രീതിയിലുള്ളവയാണ് മനുസ്മൃതിയിലെ നിയമങ്ങൾ. അഞ്ചാം അധ്യായത്തിലും ഒൻപതാം അധ്യായത്തിലും വിവരിക്കപ്പെട്ടിരിക്കുന്ന നിയമങ്ങൾ വായിച്ചാൽ ആർക്കും അത് ബോധ്യമാവുന്നതാണ്. ”ഗര്‍ഭധാരണത്തിനാണ് സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുരുഷന്മാര്‍ ഗര്‍ഭധാനത്തിനും” ഒമ്പതാം അധ്യായം ശ്ലോകം 96.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker