Current Date

Search
Close this search box.
Search
Close this search box.

സഗരിക ഗോഷിന്റെ ചോദ്യങ്ങള്‍

രാജ്യത്ത് പലപ്പോഴായി സ്‌ഫോടനങ്ങള്‍ നടക്കാറുണ്ട്. ഇവക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഏതെന്ന് പലപ്പോഴും അറിയാറില്ല. പക്ഷേ, അത്തരം അജ്ഞാത ശക്തികളെ മുഴുവന്‍ ഇസ്‌ലാമിക ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ച് മുസ്‌ലിം സമുദായത്തെ താറടിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികളാണ് കുറെ കാലമായി നടന്നുവരുന്നത്. ഇതിനെതിരെ ചില മനുഷ്യാവകാശ സംഘടനകളും നേര്‍വഴിയില്‍ ചിന്തിക്കുന്ന വ്യക്തികളും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പക്ഷേ, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരെ  പൊതുവെ ഇക്കൂട്ടത്തില്‍ കാണാറില്ല. മുഖ്യധാരാ മാധ്യമങ്ങളാണല്ലോ ഈ താറടിക്കലിന് നേതൃത്വം നല്‍കുന്നത്. പോലീസും മറ്റു ഏജന്‍സികളും തയാറാക്കുന്ന കള്ളക്കഥകള്‍ മീഡിയ ഏറ്റുപാടുക മാത്രമല്ല, മണ്‍കൂനയെ മഹാപര്‍വതമായി ചിത്രീകരിച്ച് പൊതുസമൂഹത്തെ ഇളക്കിവിടുകയും ചെയ്യുന്നു. മീഡിയയുടെ സഹായത്തോടെയാണ് ഈ കച്ചവടം പൊടിപൊടിക്കുന്നതെന്ന് ഇന്നൊരു രഹസ്യമല്ല. അന്വേഷണ ഏജന്‍സികളുടെ 90 ശതമാനം പണിയും എളുപ്പമാക്കിക്കൊടുക്കുന്നത് മീഡിയ തന്നെയാണ്. ഇതിനെതിരെ ഒരു നീക്കം മാധ്യമ പ്രമുഖരില്‍ നിന്നുതന്നെ നാം പ്രതീക്ഷിച്ചുകൊണ്ടിരുന്നതാണ്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ (മാര്‍ച്ച് 13) പ്രമുഖ ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തക സഗരിക ഗോഷ് എഴുതിയ ലേഖനം വായിച്ചപ്പോള്‍ ആ പ്രതീക്ഷ പൂവണിഞ്ഞ പ്രതീതിയാണുണ്ടായത്.

‘നമ്മുടെ ആണിക്കല്ലായ പോലീസ് സേന’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ”ഏതൊരു സ്‌ഫോടനം നടന്നാലും പോലീസ്  മുസ്‌ലിംകളെ മാത്രം സംശയിക്കുന്നു… ചില ‘ദേശസ്‌നേഹി’ മീഡിയയെ തൃപ്തിപ്പെടുത്താനാണിത്… കാവിഭീകരത എന്ന് പ്രയോഗിച്ചതിന് ആഭ്യന്തരമന്ത്രി മാപ്പ് ചോദിക്കുകയുണ്ടായല്ലോ. എന്നാല്‍, നിരപരാധികളായ മുസ്‌ലിംകളെ കോടതി വെറുതെ വിടുമ്പോള്‍ എന്താണ് അവരോട് മാപ്പ് ചോദിക്കാത്തത്? …പോലീസിന്റെ കൈയില്‍ തെളിവുകളൊന്നും ഉണ്ടാകാറില്ല, കുറെ അസംബന്ധ കഥകളല്ലാതെ… മുസ്‌ലിംകളാണ് ഈ സ്‌ഫോടനങ്ങള്‍ നടത്തിയതെങ്കില്‍ അവര്‍ എന്തിനത് നടത്തി എന്നും അവരുടെ ആവശ്യങ്ങള്‍ എന്ത് എന്നും പോലീസ് ഏജന്‍സികള്‍ രാഷ്ട്രത്തോട് പറയാത്തത് എന്താണ്?…. അന്വേഷണ ഏജന്‍സികളുടെ നിരുത്തരവാദപരമായ സമീപനം കോടതികളുടെ ശ്രദ്ധയിലും പലപ്പോഴും പെടാതെ പോകുന്നു… സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹിന്ദുത്വ ദേശീയത മുസ്‌ലിംകളെ പിശാചുക്കളായി ചിത്രീകരിക്കുകയാണ്… അന്വേഷണ ഏജന്‍സികള്‍ ഇങ്ങനെ ഒരു പ്രത്യേക സമുദായത്തിലെ വ്യക്തികളെ ടാര്‍ഗറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ അവര്‍ക്കൊരിക്കലും ഭീകരവൃത്തികള്‍ നടത്തുന്നത് ആരാണെന്ന് കണ്ടെത്താന്‍ കഴിയില്ല… പോലീസിന്റെ പ്രവര്‍ത്തനം സുതാര്യമാക്കിയേ തീരൂ…”
 വളച്ചുകെട്ടില്ലാത്ത ഈ വിശകലനത്തില്‍ സഗരിക ഗോഷ് നാല് സ്ഥാപനങ്ങളെയാണ് വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. പോലീസ്, രാഷ്ട്രീയ നേതൃത്വം, കോടതികള്‍, മീഡിയ എന്നിവയെ. മീഡിയയെക്കുറിച്ച ഇത്തരം വിമര്‍ശനങ്ങള്‍ ജസ്റ്റിസ് കട്ജു, ടീസ്റ്റ സെറ്റില്‍വാദ് തുടങ്ങിയവരും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍, ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഒരു മീഡിയ പ്രവര്‍ത്തക ഇങ്ങനെ തുറന്നടിക്കണമെങ്കില്‍ അസാധാരണ ധൈര്യം തന്നെ വേണം. അതേസമയം സഗരിക അവരുടെ വിശകലനത്തില്‍ രാഷ്ട്രത്തിന്റെ നയരൂപീകരണ കര്‍ത്താക്കളെക്കുറിച്ച് ഒന്നും പറയുന്നില്ല. ഒരു പ്രത്യേക വിഭാഗത്തോട് ഈ രീതിയല്‍ പെരുമാറുക എന്നത് സ്റ്റേറ്റ് പോളിസിയുടെ ഭാഗം കൂടിയാവാമല്ലോ. അമേരിക്ക ലോകമൊട്ടുക്കും തുടക്കം കുറിച്ച ‘ഭീകരതാ വിരുദ്ധ യുദ്ധ’ത്തില്‍ നമ്മുടെ ഗവണ്‍മെന്റും ഭാഗഭാക്കാണെന്നത് ഒരു വസ്തുതയാണ്. അമേരിക്കയുമായും ഇസ്രയേലുമായും നമ്മുടെ ബന്ധങ്ങള്‍ പലനിലക്ക് മുറുകിവരികയാണല്ലോ. നമ്മുടെ നാട്ടില്‍ നടക്കുന്ന സ്‌ഫോടനങ്ങളെക്കുറിച്ച അന്വേഷണങ്ങളില്‍ ആ രണ്ട് രാഷ്ട്രങ്ങളിലെ ഏജന്‍സികള്‍ കുടി പങ്കാളികളാകുന്നുണ്ട്. അപ്പോള്‍ ഇതെല്ലാം സ്‌റ്റേറ്റ് പോളിസിയുടെ തന്നെ ഭാഗമായി നടക്കുന്നതാണ് എന്ന് തന്നെയല്ലേ അനുമാനിക്കേണ്ടത്?

 വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles