Current Date

Search
Close this search box.
Search
Close this search box.

വിരല്‍തുമ്പിലെ ജനിതക പ്രതിഭാസം

ഭൂമിയിലെ കോടാനുകോടി മനഷ്യരുടെ വിരലടയാളത്തിലെ സൂക്ഷ്മരേഖകള്‍ ശാസത്രലോകത്ത് ഇന്നും വിസ്മയക്കാഴ്ചയാണ്. പ്രകൃതി മനുഷ്യന് തനതായ  ഒരു വ്യക്തിത്വം നല്‍കി അണിയിച്ചൊരുക്കുന്ന സങ്കീര്‍ണമായ ജനിതക വൈവിധ്യത്തിന്റെ മകുടോദാഹരണമായ വിരല്‍തുമ്പിലെ രേഖകള്‍ ഇന്ന് കുറ്റാന്വേഷണ വിദഗ്ദര്‍ക്കെന്നല്ല ബയോമെട്രിക്ക് എന്ന ആധുനിക ശാസ്ത്രശാഖക്കുതന്നെ ഒരു മുതല്‍ക്കൂട്ടായിരിക്കുകയാണ്. കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ക്രയവിക്രയങ്ങള്‍ക്കും, രഹസ്യ സ്വഭാവവും സൂക്ഷ്മതയും പാലിക്കേണ്ട കേന്ദ്രളിലും, സൈനിക-രാജ്യരക്ഷാ താവളങ്ങള്‍ക്കും ഇത്തരം മേഖലകളിലെ സുരക്ഷിതത്വവും വിശ്വാസ്യതയും ഭദ്രമാക്കാനും ഈ അത്യാധുനിക സാങ്കേതിക വിദ്യ ഉപകരിച്ചുവരുന്നു. കുറ്റാന്വേഷണ മേഖലകളില്‍ കുറ്റകൃത്യത്തിന്റെ തെളിവുകള്‍ ശേഖരിക്കുന്ന ഫോറന്‍സിക് വിദഗ്ദരും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. തൊഴില്‍സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വന്‍കിട വ്യവസായശാലകള്‍ എന്നിവയും ഇപ്പോള്‍ വ്യാപകമായി ഈ സൗകര്യം ഉപയോഗപ്പെടുത്തിവരുന്നുണ്ട്.

ഭൂമുഖത്ത് ഏതെങ്കിലും കാലത്ത് ജീവിച്ച ഏതെങ്കിലും രണ്ട് മനുഷ്യരുടെ വിരലിലെ രേഖകള്‍ ഒരേപോലെ കാണില്ലത്രെ. മനുഷ്യന്‍ ജനിക്കുന്നതിനു മുമ്പ് ഗര്‍ഭപാത്രത്തില്‍നിന്ന് ശിശുവിന്ന് ജനിതകമായി നല്‍കപ്പെട്ട മുദ്രയാണിത്. മനുഷ്യന്‍ എത്രകാലം ജീവിച്ചാലും വിരലടയാളത്തിലെ രേഖകളില്‍ ഒരു വ്യത്യാസവും സംഭവിക്കുന്നില്ല. ജനിതക ഇരട്ട കുഞ്ഞുങ്ങള്‍ പോലും ഈ വ്യത്യസ്തത പുലര്‍ത്തുന്നു. 1823-ലാണ് ഓരോ മനുഷ്യനും വിരലടയാളത്തില്‍ വ്യത്യസ്തരാണെന്ന വസ്തുത ശാസ്ത്രലോകം മനസ്സിലാക്കിത്തുടങ്ങിയത്. അനേകായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈജിപ്തില്‍ എംബാം ചെയ്ത് സൂക്ഷിക്കപ്പെട്ട മൃതദേഹങ്ങളിലെ വിരലടയാളങ്ങള്‍പോലും ഇന്നും മാറ്റംവരാതെ  നില്‍ക്കുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ 120 ദിവസം പ്രായമാകുമ്പോള്‍ രൂപപ്പെടുന്ന ഈ ജനിതക കോഡുകള്‍ പിന്നീടൊരിക്കലും  മാറുന്നില്ലെന്നും ജനിതക ശാസ്ത്രം വ്യക്തമാക്കുന്നു.

സൃഷ്ടിവൈഭവത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളിലൊന്നെന്ന നിലക്കാണ് വിശുദ്ധ ഖുര്‍ആന്‍ വിരല്‍തുമ്പിലെ രേഖാരൂപത്തെ പരാമര്‍ശിക്കുന്നത്. ഭൂമിയില്‍ പിറന്നതും പിറക്കാനിരിക്കുന്നതുമായ പരശ്ശതംകോടി  മനുഷ്യരുടെ വിരലടയാള വൈജാത്യത്തിന്റെ സാധ്യതകള്‍ പല മേഖലകളിലും പലരീതിയിലും മനുഷ്യന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും മഹത്തായ ഈ പ്രതിഭാസത്തിനു പിന്നിലെ നിര്‍മാതാവിനെ പ്രകീര്‍ത്തിക്കാന്‍ മറക്കുന്നു.

”മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്റെ അസ്ഥികളെ സംഘടിപ്പിക്കാന്‍ നമുക്കാവില്ലെന്ന്. എന്തുകൊണ്ടില്ല? നാമാകട്ടെ, അവന്റെ വിരല്‍ക്കൊടികള്‍ വരെ കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനല്ലോ.”(ഖുര്‍ആന്‍ 75:3-4) വിരല്‍തുമ്പിലെ വൈവിധ്യത്തെ സൂചിപ്പിക്കുന്ന ഈ ഖൂര്‍ആന്‍ വാക്യം നാസ്തികരുടേയും നിഷേധികളുടേയും നേര്‍ക്കുള്ള കനത്ത പ്രഹരം കൂടിയാണെന്ന് കാണാം.

Related Articles