Current Date

Search
Close this search box.
Search
Close this search box.

കുറ്റകൃത്യങ്ങള്‍ എങ്ങനെ തടയും?

ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിയമങ്ങള്‍ കര്‍ക്കശമാക്കാനൊരുങ്ങുന്നു. ദല്‍ഹിയില്‍ 23-കാരി പീഡിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് വ്യാപകമായി ഉയര്‍ന്ന ജനരോഷത്തെ തുടര്‍ന്നാണ് ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ഈ നീക്കത്തിനുണ്ട് (ഇതിലൊരു പാര്‍ട്ടി പത്ത് വര്‍ഷം മുമ്പ്  ഇതുപോലുള്ള ഡസന്‍ കണക്കിന് അതിക്രമങ്ങള്‍ക്ക് ചൂട്ടുപിടിച്ചിട്ടുണ്ട് ഇന്ത്യയിലെ ഒരു സംസ്ഥാനത്ത്). കഴിഞ്ഞ ഡിസംബര്‍ ആദ്യവാരത്തില്‍ പാര്‍ലമെന്റില്‍ മേശപ്പുറത്ത് വെച്ച ‘ക്രിമിനല്‍ നിയമം 2012’ ല്‍ കൂടുതല്‍ ഭേദഗതികള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജെ. എസ് വര്‍മ അധ്യക്ഷനായി ഒരു മൂന്നംഗ കമ്മിറ്റിയെയും നിശ്ചയിച്ചിട്ടുണ്ട്. അവരാണ് ഭേദഗതികള്‍ നിര്‍ദേശിക്കുക. ഈ കമ്മിറ്റി നിയമ വിശാരദര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എന്‍. ജി. ഒകള്‍ തുടങ്ങിയ പൊതുപ്രവര്‍ത്തകരില്‍ നിന്നും സംഘടനകളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടിട്ടുണ്ട്. ജനുവരി 5 വരെയാണ് ഇതിന്റെ സമയം നിശ്ചയിച്ചിട്ടുള്ളത്. [email protected] എന്ന വിലാസത്തില്‍ നിര്‍ദേശങ്ങള്‍ അയക്കാം. നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ കുറ്റവാളികളെ ശിക്ഷിക്കാന്‍ മതിയായതല്ല എന്ന ചിന്തയാണ് ഈ നീക്കത്തിന് പിന്നില്‍. നിയമം കര്‍ശനമാക്കിയാല്‍ കുറ്റകൃത്യത്തിന് തടയിയിടാനാവുമെന്നും അവര്‍ കരുതുന്നു.

ഇവിടെ ഉയരുന്ന ആദ്യ ചോദ്യം ഇതാണ്. ക്രിമിനല്‍ നിയമങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇത് ഭാവിയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമല്ല എന്ന ചിന്ത അതിന്റെ നിര്‍മാതാക്കള്‍ക്ക് എന്ത്‌കൊണ്ട് ഉണ്ടാവുന്നില്ല? നിയമങ്ങള്‍ അപര്യാപ്തമായിത്തീരുന്നതിന്റെ കാരണങ്ങള്‍ തേടി അധികമൊന്നും അലയേണ്ടതില്ല. മനുഷ്യ ബുദ്ധി പരിമിതികള്‍ ഉള്ളതും തെറ്റ് പറ്റുന്നതുമാണ് എന്നത് തന്നെ ഒന്നാമത്തെ കാരണം. മനുഷ്യബുദ്ധിക്കൊരിക്കലും ഭാവി മുന്‍ കൂട്ടി കാണാനാവില്ല. മനുഷ്യന്റെ സ്രഷ്ടാവായ വിധാതാവിന് മാത്രമേ അത്തരം നിയമങ്ങള്‍ ആവിഷ്‌കരിക്കാനാവൂ. രണ്ടാമത്തെ കാര്യം, ആവിഷ്‌കരിക്കപ്പെടുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നതാണ്. വളരെ സൂക്ഷ്മതയോടെയും സത്യസന്ധതയോടെയും ധൈര്യത്തോടെയും ചെയ്യേണ്ട കാര്യമാണിത്. പക്ഷേ ഈ മൂന്ന് സ്വഭാവ ഗുണങ്ങളുടെയും അഭാവമാണ് നാം എല്ലായ്‌പ്പോഴും നേരിടുന്ന പ്രശ്‌നം. മരണശിക്ഷ കൊടുത്താല്‍ അതിക്രമങ്ങള്‍ തടയാന്‍ കഴിയുമെന്ന് മുറവിളി കൂട്ടി വലിയൊരു വിഭാഗം രംഗത്ത് വരുന്നത് ഈ സന്ദര്‍ഭത്തിലാണ്. നിയമങ്ങള്‍ നടപ്പിലാക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങളില്ലാത്തത് കൊണ്ട് കൂടിയാണ് ഈ മുറവിളി ഉയരുന്നത്. നിയമം കൊണ്ട് വരുന്നതിന് മുമ്പ് തന്നെ അത് മറികടക്കാനുള്ള അടവുകള്‍ ക്രിമിനല്‍ മനോഭാവമുള്ളവര്‍ കണ്ടെത്തിയിരിക്കും. കോടതികളെ വരെ അവര്‍ ചതിയില്‍ പെടുത്തും. പോലിസിനെ വഴി മാറി നടക്കാന്‍ അവര്‍ വളരെ വിദഗ്ധരാണ് (ചിലപ്പോള്‍ പോലീസ് അവരുമായിയ് ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ഉണ്ടാക്കും; ചില സന്ദര്‍ഭങ്ങളില്‍ പോലിസ് അവരെ സംരക്ഷിച്ചെന്നും വരും). സകലതും ജീര്‍ണ്ണിച്ചു പോയ സംവിധാനത്തില്‍ എന്ത് കാര്യം നടത്താനും ഒരു പ്രയാസവുമില്ല. കൈയൂക്കും പണവുമാണ് ഇവിടെ അധികാരം നടത്തുന്നത്. അതിനാല്‍ വരാന്‍ പോകുന്ന കര്‍ക്കശ നിയമങ്ങള്‍ സമൂഹത്തിന് എന്തെങ്കിലും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ യാതൊരു ന്യായവും കാണുന്നില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നിര്‍ദേശങ്ങള്‍ അയക്കേണ്ടതില്ല എന്ന് വെക്കരുത്. മൂന്നംഗ കമ്മിറ്റിക്ക് നിര്‍ദേശങ്ങള്‍ അയച്ചുകൊടുക്കണം. മുസ്ലിം നിയമജ്ഞര്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ അയച്ചുകൊടുക്കുമ്പോള്‍ നിയമം കര്‍ക്കശമായി നടപ്പാക്കാനുള്ള ഇഛാശക്തിയും കരുത്തും എങ്ങനെ ലഭിക്കുമെന്ന കാര്യവും കൂടി സൂചിപ്പിച്ചിരിക്കണം. ദൈവഭയത്തിലും പരലോകത്ത് തന്റെ കര്‍മങ്ങള്‍ വിചാരണ ചെയ്യപ്പടുമെന്ന ദൃഢബോധ്യത്തിലും അധിഷഠിതമായ ഒരു നിയമ വ്യവസ്ഥക്ക് മാത്രമേ ഫലപ്രദമായി നിയമങ്ങള്‍ ആവിഷ്‌കരിക്കാനും അവ നടപ്പാക്കപ്പെടുന്നുണ്ടന്ന് ഉറപ്പ് വരുത്താനും സാധിക്കൂ. പോലിസ് സംവിധാനത്തിന്റെയും പരമോന്നത കോടതിയുടെയും കണ്ണ് വെട്ടിച്ചാലും ദൈവത്തിന്റെ കോടതിയെ തനിക്ക് മറികടക്കാനാവില്ല എന്ന ബോധമാണ് ഏതൊരു മനുഷ്യനെയും കുറ്റകൃത്യങ്ങളില്‍ നിന്ന് തടഞ്ഞ് നിര്‍ത്തുക.  ഇക്കാര്യങ്ങളൊന്നും വര്‍മ കമീഷന്റെ പരിധിയില്‍ വരുന്നില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് പറയുന്നത്. അതോടൊപ്പം ഇത്തരം കുറ്റ കൃത്യങ്ങള്‍ വ്യാപിക്കുന്നതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കാരണങ്ങളെക്കുറിച്ചും സമൂഹം ബോധവാന്‍മാരാവേണ്ടതുണ്ട്. അശ്ലീലത, ആഭാസങ്ങള്‍, നഗ്നതാ പ്രദര്‍ശനം, വഷളത്തരങ്ങള്‍ നിറഞ്ഞ സിനിമകള്‍, സീരിയലുകള്‍, പത്രമാഗസിനുകള്‍ ഇവയെല്ലാം അര്‍ബുദം കണക്കെ പടര്‍ന്നുകൊണ്ടിരിക്കുന്നു. കുടാതെ തിന്‍മകളുടെ മാതാവായ മദ്യത്തെയും മയക്കുമരുന്നുകളെയും നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവയുടെ മേലൊന്നും ഗവണ്‍മെന്റിന് യാതൊരു നിയന്ത്രണവും ഇല്ല. മറിച്ച് ഇതിന്റെയൊക്കെ കച്ചവടക്കാരെ പോലീസ് സംരക്ഷിക്കുന്നതായും കണ്ട് വരുന്നു. യുവത വഴിതെറ്റാന്‍ പിന്നെ വല്ലതും വേണോ? ഇതൊക്കെയാണ് ലൈംഗികാതിക്രമങ്ങളുടെ സ്രോതസ്സുകള്‍. ഇക്കാര്യങ്ങളൊക്കെ ചുണ്ടിക്കാണിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടാകാന്‍ ഇടയില്ലെങ്കിലും, മുസ്‌ലിം പണ്ഡിതന്മാര്‍ ഈയൊരു വീക്ഷണം കൂടി ജസ്റ്റീസ് വര്‍മ കമീഷന്റെ മുമ്പില്‍ എത്തിക്കേണ്ടതുണ്ട്.
(ദഅ്‌വത്ത് ത്രൈദിനം, 25-12-2012)
വിവ: അശ്‌റഫ് കീഴുപറമ്പ്

Related Articles