Current Date

Search
Close this search box.
Search
Close this search box.

എന്നിട്ടും ആളുകള്‍ എന്താ നന്നാകാത്തത്!

muslim-majid.jpg

ധര്‍മ്മ പ്രഭാഷണങ്ങള്‍ നടത്തുന്നത് പതിവില്ലെങ്കിലും അത് കേള്‍ക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. അറിയാത്ത കാര്യങ്ങളൊന്നുമായിരിക്കില്ല അവയുടെ ഇതിവൃത്തമായിട്ടുണ്ടാകുക. പക്ഷേ അറിഞ്ഞ കാര്യങ്ങളേ കുറിച്ച് തന്നെയുള്ള ഈ ഓര്‍മപെടുത്തല്‍ വിവരമുള്ളവനും വിവരമില്ലാത്തവനും ഒരു പോലേ പ്രയോജനം ചെയ്യും. കാരണം മനഷ്യന്റെ സത്തയില്‍ തന്നെയുള്ള ഒരു പോരായ്മ അറിവില്ലായ്മയല്ല മറിച്ച് അറിഞ്ഞതിനെ കുറിച്ച വിസ്മ്യതിയാണ്. ഇങ്ങനെ മറന്ന് പോയതിനെ കുറിച്ച ഓര്‍മപ്പെടുത്തലാണ് ധര്‍മ്മ പ്രഭാഷണങ്ങളുടെ പ്രധാനപെട്ട ദൗത്യം.

എന്നാല്‍ ലോകത്ത് ചീത്ത മനുഷ്യരേക്കാള്‍ നല്ല മനുഷ്യരാണ് കൂടുതല്‍ എന്ന വസ്തുത നമ്മുടെ ധര്‍മ പ്രഭാഷകര്‍ മറന്ന് പോകാറുണ്ടോ എന്ന സംശയം പല പ്രഭാഷണങ്ങളും കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ തോന്നാറുണ്ട്. ലോകത്ത് നല്ല മനുഷ്യര്‍ കൂടുതലുള്ളത് കൊണ്ടാണല്ലോ ലോകം തകരാതെ നില നില്‍ക്കുന്നത്. ലോകത്ത് രാഷ്ട്രീയാധിപത്യം കയ്യില്‍ വെച്ചവരെ കുറിച്ചല്ല പറഞ്ഞത്. അവരിലധികവും പിശാചിന്റെ കൂട്ടാളികള്‍ തന്നെ. അവരാണ് ലോകത്തെ നയിക്കുന്നത് എന്നത് ഒരു പ്രതീതി യാഥാത്ഥ്യം മാത്രമാണ്, സാക്ഷാല്‍ യാഥാര്‍ത്ഥ്യമല്ല. ഇവരെല്ലാം കൂടി ലോകത്ത് തിന്മ പരത്താന്‍ മല്‍സരിച്ചിട്ടും ലോകം തകരാതെ നില്‍ക്കുന്നത് ലോകത്തുടനീളമുള്ള നന്‍മേഛുക്കള്‍ ചെയ്യുന്ന നന്മകളുടെ അദ്യശ്യമായ ഒരധികാര ശക്തി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. ഇത് പ്രതീതി യാഥാര്‍ത്ഥ്യമല്ല, സാക്ഷാല്‍ യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഇത് ആദ്യം പറഞ്ഞ പ്രതീതി യാഥാര്‍ത്ഥ്യത്തെ പോലേ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കില്ല. കൂടുംബത്തെ പോറ്റാന്‍ കുടുംബ നാഥന്‍ വലിയ ത്യാഗങ്ങള്‍ അനുഷ്ഠിക്കുന്നത് വാര്‍ത്തയല്ലല്ലോ. പക്ഷേ ഏതെങ്കിലും ഒരു പിതാവ് എവിടെയെങ്കിലും തന്റെ കുടുംബത്തേ കൊന്നാല്‍ അത് വലിയ വാര്‍ത്തയാണ്. ലോകത്ത് തിന്മയാണ് കൂടുതലെന്ന് പ്രതീതി സ്യഷ്ടിക്കുന്നതിന് വാര്‍ത്താ മാധ്യമങ്ങളുടെ വമ്പിച്ച പ്രചരണവും ഒരു കാരണമാണ്. ഈയിടെ ആരോ പറയുകയുണ്ടായി സോഷ്യല്‍ മീഡിയയിലേ വര്‍ഗീയ വിദ്വേഷ പ്രചാരണം കണ്ട് ഓരോ മത വിശ്വാസിയും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ദിവസേനേ വര്‍ഗീയമായ ചേരിതിരിവും കൊലപാതകവും നടക്കാത്ത ഒരു പ്രദേശവും കേരളത്തിലുണ്ടാകുകയില്ലെന്ന്. അത്രക്ക് ശക്തവും പച്ചയിലുമാണല്ലോ സോഷ്യല്‍ മീഡിയയിലെ വര്‍ഗീയ വിദ്വാഷ പ്രചരണം.

പറഞ്ഞ് വന്നത് ധര്‍മ്മ പ്രഭാഷണത്തിന്റെ രീതി ശാസ്ത്ര പരമായ പ്രശ്‌നങ്ങളെ കുറിച്ചാണ്. തന്റെ മുന്നിലിരിക്കുന്നവരെല്ലാം മോശക്കാരാണെന്ന് പ്രഭാഷകര്‍ കരുതും പോലെ മനുഷ്യന്റെ തിന്മകളൊന്നൊന്നായി എണ്ണി പറഞ്ഞ് അതെല്ലാം ഒഴിവാക്കി ‘നിങ്ങള്‍ ഒരു നല്ല മനുഷ്യനാകാന്‍ നോക്ക്’ എന്ന് പ്രഭാഷകര്‍ പറയും പോലെയാണ് പല പ്രഭാഷണങ്ങളും കേട്ടാല്‍ തോന്നുക. ഇത് സംസ്‌കരണത്തിന്റെ നിഷേധാത്മകമായ ഒരു രീതിയാണ്. ഇത് തീരേ വേണ്ടതില്ല എന്നല്ല പറയുന്നത്. ഞാന്‍ പറഞ്ഞല്ലോ ലോകത്ത് നല്ല മനുഷ്യരാണ് കൂടുതലെന്ന്. മനുഷ്യനില്‍ തിന്മയേക്കാള്‍ നന്മകള്‍ കൂടുതലുള്ളത് കൊണ്ടാണിത്. ‘മനുഷ്യന്‍ എത്ര മനോഹരമായ പദം’ എന്ന് ഒരു മഹാപ്രതിഭ പറഞ്ഞില്ലേ മനുഷ്യന്റെ ജൈവപരവും ഗുണപരവുമായ നന്മകളാണ് ഇതിലേ സൂചന. അതിനാല്‍ ഓരോ മനുഷ്യനിലെയും നന്മകളെ കണ്ടെത്താനും ആ നന്മകളെ പരിപോഷിപ്പിക്കാനും ധര്‍മ പ്രഭാഷകര്‍ ഉല്‍ബോധനം ചെയ്തു നോക്കൂ. സംസ്‌കരണത്തിന് അറബിയില്‍ പറയുന്ന തര്‍ബിയത്തിന് വളര്‍ത്തല്‍ എന്ന് കൂടി അര്‍ത്ഥമുണ്ടല്ലോ. വളര്‍ത്തുന്നത് ഏതായാലും തിന്മയാകില്ലല്ലോ. നന്മ വളരുന്നതോടെ തിന്മ സ്വഭാവികമായും ഇല്ലാതാകും വെളിച്ചം പരക്കുമ്പോള്‍ ഇരുട്ട് തനിയെ ഇല്ലാതാകുന്നത് പോലെ. ഇതത്രേ സംസ്‌കരണത്തിന്റെ പോസിറ്റീവായ സമീപനം.
 
തിന്മകള്‍ മാത്രം പറയുന്നതിന് മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. അത് കേള്‍ക്കുമ്പോള്‍ മനുഷ്യന്‍ പലപ്പോഴും നോക്കുക പറയപ്പെടുന്ന ആ തിന്മ തന്നിലുണ്ടോ എന്നല്ല അപരനിലുണ്ടോ എന്നാണ്. ‘എത്ര ഉദ്‌ബോധനങ്ങള്‍ കേട്ടിട്ടും ആളുകള്‍ എന്താ നന്നാകാത്തത്’ എന്ന് പറയുന്നത് കേട്ടിട്ടില്ലേ. താന്‍ എന്ത് കൊണ്ട് നന്നാകുന്നില്ല എന്നല്ല മറ്റുള്ളവര്‍ എന്താ നന്നാകാത്തത് എന്നാണ് ഇത് പറയാതെ പറയുന്നത്. പക്ഷേ നന്മകള്‍ എടുത്ത് പറയുമ്പോള്‍ ഈ പ്രശ്‌നമില്ല. അത് കേള്‍ക്കുമ്പോള്‍ ഒരാള്‍ക്ക് തോന്നുക ആ നന്മകളെല്ലാം മറ്റുള്ള വരില്‍ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് അത് തന്നിലാത്തത്, അല്ലെങ്കില്‍ അത് മറ്റുള്ളവരില്‍ ഉള്ള അളവില്‍ തന്നിലില്ലല്ലോ എന്നാണ്. സ്വയം നന്മ വളര്‍ത്താന്‍ പ്രചോധനമാകുകയും അപരനോട് ബഹുമാനവും ഇഷ്ടവും വളരുകയും ചെയ്യുമെന്ന ഇരട്ട ഗുണമാണ് ഇത്തരം ഉല്‍ബോധനങ്ങള്‍ ചെയ്യുക.

Related Articles