Current Date

Search
Close this search box.
Search
Close this search box.

എന്താണ് ധൂര്‍ത്ത് ?

Credit-Card.jpg

ധൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കണം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ എന്താണ് ധൂര്‍ത്ത്? എന്ന ചോദ്യന്റെ മറുപടി ഏറെ ആലോചിച്ചു മാത്രം തീര്‍ച്ചപ്പെടുത്തേണ്ടതാണ്. കാരണം ധൂര്‍ത്ത് പോലെ തന്നെ പിശുക്കിനെയും ഇസ് ലാം ആക്ഷേപിക്കുന്നു. ഒപ്പം അല്ലാഹു നല്‍കിയ  അനുഗ്രഹം മറച്ചുവെക്കാന്‍ പാടില്ലെന്നും പഠിപ്പിക്കുന്നു. ഒരിക്കല്‍ പിശുക്കനായ ഒരാളോട് നബി(സ) ചോദിച്ചു: ‘താങ്കള്‍ക്ക് സ്വത്തുണ്ടോ?’ അദ്ദേഹംപറഞ്ഞു: ‘അതെ ‘ ‘ഏതുതരം ധനമാണുള്ളത്? ‘പ്രവാചകന്‍ ചോദിച്ചു. ‘അല്ലാഹു എല്ലാതരം സമ്പത്തും എനിക്ക് നല്‍കിയിട്ടുണ്ട് ‘ അയാള്‍ പറഞ്ഞു. അപ്പോള്‍ നബി(സ) ഇങ്ങനെ പ്രസ്താവിച്ചു: ‘അല്ലാഹു താങ്കള്‍ക്ക് സമ്പത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ ദൈവാനുഗ്രഹത്തിന്റെയും ഔദാര്യത്തിന്റെയും അടയാളം താങ്കളില്‍ കാണപ്പെടേണ്ടതുണ്ട് ‘ (നസാഈ)

മറ്റൊരു നബിവചനത്തില്‍ ഭൗതിക ലോകത്തിന്റെ സൗഭാഗ്യങ്ങളായി നല്ല വാഹനത്തെയും വിശാലമായ ഭവനത്തെയും എണ്ണിയതായി കാണാം. ദാരിദ്ര്യമാണ് ഇസ്‌ലാമിന്റെ ചിഹ്നം എന്ന രീതിയിലുള്ള പ്രചാരണം പില്‍ക്കാലത്ത് പിഴച്ച സൂഫികള്‍ ഉണ്ടാക്കിയതാണെന്ന് ഡോ: യൂസുഫുല്‍ ഖറദാവി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു നിരീക്ഷണം ഇങ്ങനെയാണ്:

‘പ്രവാചകന്‍ നല്ല ഭക്ഷണം ആഹരിച്ചിട്ടുണ്ട്. മാംസം കഴിച്ചിട്ടുണ്ട്. വര്‍ണവസ്ത്രം ധരിച്ചിട്ടുണ്ട്. വിദേശ പ്രതിനിധികളെ സ്വീകരിക്കുമ്പോഴും മറ്റും മുന്തിയ തരം അങ്കി ധരിച്ചിട്ടുണ്ട് ‘

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:’ചോദിക്കുക, അല്ലാഹു തന്റെ അടിമകള്‍ക്കുവേണ്ടി സജ്ജമാക്കിയ അലങ്കാര വസ്തുക്കളും ഉത്തമ വിഭവങ്ങളും നിഷിദ്ധമാക്കുന്നത് ആര്?പറയുക: ഐഹികജീവിതത്തില്‍ അവ വിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുനേല്‍പു നാളില്‍ അവര്‍ക്കു മാത്രവും’ (അല്‍ അഅറാഫ്: 32 )

ചുരുക്കത്തില്‍ ധൂര്‍ത്ത് ദുര്‍വ്യയങ്ങളുടെ (ഇസ്രാഫ്) മാനദണ്ഡം എല്ലാവര്‍ക്കും ഒരുപോലെയല്ല. ഒരു ഉദ്യോഗസ്ഥന്‍, ബിസിനനുകാരന്‍ അല്ലെങ്കില്‍ ഉയര്‍ന്ന ജോലിയുള്ള  ഗള്‍ഫുകാരന്‍ നല്ല വീടുവെക്കുന്നതും വാഹനം വാങ്ങുന്നതും  വിവാഹസദ്യയിലും മറ്റും വിശാലത കാട്ടുന്നതും വിമര്‍ശിക്കപ്പെടേണ്ടതല്ല. മറിച്ച് ഇത്രയും ‘റേഞ്ച് ‘ ഇല്ലാത്ത ആള്‍ അങ്ങനെയൊക്കെ ചെയ്യുന്നത് ആശാസ്യവുമല്ല.

അഥവാ, ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിയും അവരുടെ ചുറ്റുപാടുകളുമാണ്  ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ഭാടവുമെല്ലാം നിര്‍ണയിക്കാനുള്ള മാനദണ്ഡം. കാശുളളവര്‍ അത് കെട്ടിപ്പൂട്ടി വെച്ചാല്‍ സമൂഹം ചലിക്കുകയില്ലായെന്നു കൂടി മനസ്സിലാക്കുക. ഒപ്പം സമ്പത്ത് ദാരിദ്ര്യത്തേക്കാള്‍ വലിയ പരീക്ഷണമാണെന്ന ബോധത്തോടെ വേണം നാം എല്ലാവരും ജീവിക്കാന്‍ എന്ന കാര്യത്തിലുമില്ല സംശയം.

 

Related Articles