Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം വിരുദ്ധ പൊതുബോധത്തിന് തടയാനാവുന്നതല്ല ഈ പ്രവാഹം

pearl.jpg

കേരളത്തിലെ ഇസ്‌ലാം വിരുദ്ധ പൊതുബോധം സൃഷ്ടിക്കുന്നതില്‍ അനല്‍പമായ പങ്കുവഹിച്ച സംഭവമാണ് അധ്യാപകന്റെ കൈവെട്ടു കേസ്. അതിനെ അനുകൂലിക്കുന്നവര്‍ എത്ര തന്നെ ന്യായീകരിച്ചാലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീവ്ര ഹിന്ദുത്വമായാലും, ഇടതുപക്ഷമായാലും അവരുടെ കൊല/അക്രമങ്ങളെ ബാലന്‍സ് ചെയ്യാന്‍ ഉപയോഗിക്കുന്ന വിശ്വവിഖ്യാത സംഭവം ആണ് കൈവെട്ട്. അതിന്റെ പരിക്കില്‍ നിന്ന് മോചനം നേടാന്‍ അടുത്ത കാലത്തൊന്നും ഇസ്‌ലാമിക സമൂഹത്തിനു കഴിയുമെന്നും തോന്നുന്നില്ല. ഈ അടുത്ത കാലത്ത് നടന്ന കൊടിഞ്ഞി ഫൈസല്‍ വധം, റിയാസ് മൗലവി വധം എന്നിവയിലൊക്കെ സമുദായം കാണിച്ച സംയമനം എത്രയോ ഉന്നതമാണ്. എങ്കില്‍ പോലും അതൊക്കെയും ആ പഴയ കൈവെട്ടു ഹാങ്ങ് ഓവറില്‍ എഴുതി തള്ളാന്‍ മാത്രം അന്ധമായിക്കൊണ്ടിരിക്കുന്ന ഒരു പൊതു സമൂഹത്തിനെ കാണാതിരുന്നു കൂടാ. മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ചാല്‍ മാത്രം കുറ്റവാളികള്‍ ആരെന്ന് വിശ്വസിപ്പിക്കാന്‍ പറ്റും എന്ന വൃത്തികെട്ടതും ദുര്‍ബലവുമായ തന്ത്രം പോലും പയറ്റാന്‍ പുരോഗമനവാദികള്‍ വരെ തയ്യാറാവുന്നതും കണ്ടു. അല്ലെങ്കില്‍ കാസറഗോഡ് പോലുള്ള ഒരു സ്ഥലത്തു പള്ളിയില്‍ വീണ ചോരക്കു പോലും സംയമനം കാണിച്ച ഒരു സമുദായത്തിന് കിട്ടേണ്ടുന്ന പൊതുസമ്മതി ഇത്തരം ചില കുബുദ്ധികളുടെ വീണ്ടു വിചാരമില്ലാത്ത പ്രവര്‍ത്തികളിലാണ് ഒലിച്ചു പോവുന്നത്.

സമാനമായ മറ്റൊരു പരിക്കാണ് ഇസ്‌ലാം സ്വീകരിച്ച കുറച്ചു യുവതി യുവാക്കളടക്കം അപ്രത്യക്ഷമായ സംഭവം. ഇതിനോട് ചേര്‍ത്ത് വായിച്ചായിരിക്കും ഇനി അങ്ങോട്ട് കേരളത്തില്‍ നടക്കുന്ന എല്ലാ ഇസ്‌ലാം ആശ്ലേഷവും ചര്‍ച്ച ചെയ്യപ്പെടുക എന്നതില്‍ ഒരു സംശയവും വേണ്ട. തിരക്കഥയില്‍ ഐസിസ്, ആടുമേയ്ക്കല്‍ എന്നിവ മുഖ്യ വേഷങ്ങള്‍ കെട്ടിയാടും. സഹനടന്റെയോ നടിയുടെയോ വേഷമോ മാത്രമേ യഥാര്‍ത്ഥ നായകനും/നായികക്കും കിട്ടാന്‍ സാധ്യയുള്ളൂ. ഇസ്‌ലാമിക ആശയ പ്രചരണങ്ങള്‍ക്കു ആ ഗ്രൂപ്പ് വരുത്തിവച്ച പരിക്ക് സിറിയയില്‍ പോയി എത്ര തന്നെ ആടുകളെ മേയ്ച്ചതുകൊണ്ടോ, അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ പോയി യുദ്ധം ചെയ്‌തോ പരിഹരിക്കപ്പെടാനാവില്ല. അത്രയേറെ പാതകമാണ്, പുകമറ സൃഷ്ടിച്ച അപ്രത്യക്ഷ്യമാവലിലൂടെ ഈ ഗ്രൂപ്പ് കേരളീയ ഇസ്‌ലാമിക സമൂഹത്തിനോട് ചെയ്തിട്ടുള്ളത്. മത സൗഹാര്‍ദ്ദവും ജനാധിപത്യ സംസ്‌കാരവും ഇത്ര നന്നായി പോവുന്ന ഒരു സംസ്ഥാനത്ത് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവലംബിക്കേണ്ടുന്ന ചില ഇസ്‌ലാമിക മര്യാദകളെങ്കിലും പരിഗണിക്കേണ്ടതായിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങളിലെ നിഗൂഢതയാണ് കൈവെട്ടിലും അപ്രത്യക്ഷമാവലിലും ഒക്കെ ഇത്രയേറെ അപകടം ഉണ്ടാക്കിയത്. പൊതുബോധം വെറുതെ നിര്‍മ്മിക്കപ്പെടുകയല്ല, അത് ഇസ്‌ലാം വിരുദ്ധമാവാന്‍ ശത്രുക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നിരിക്കെ, ആ എരിതീയിലേക്കു എണ്ണ ഒഴിവാക്കാന്‍ മാത്രം വിഡ്ഢികളാവരുത് ഇസ്‌ലാമിക സമൂഹത്തിലെ ഗ്രൂപ്പുകള്‍.

പൊതുസമൂഹം തിരിച്ചറിഞ്ഞതിനേക്കാള്‍ എത്രയോ വിദ്യാസമ്പന്നരായ യുവതീ യുവാക്കള്‍ ഇസ്‌ലാമിക ആദര്‍ശങ്ങളില്‍ ആകൃഷ്ടരാവുകയും അതിനനുസരിച്ചു ജീവിത ക്രമപെടുത്തുകയും ചെയ്യുന്നുണ്ട്. പലരും രഹസ്യമായിട്ടു തന്നെയാണ് ഇത് നിര്‍വഹിക്കുന്നത്. ഇതിന്റെയൊന്നും മര്‍മം പിടികിട്ടാതെ ഇരുട്ടില്‍ തപ്പിയാണ് ലവ് ജിഹാദായിട്ടും, സിറിയയില്‍ ആടുമേയ്ക്കാന്‍ പോവുന്നതായിട്ടും ഒക്കെ പലരും വിഷമം കരഞ്ഞു തീര്‍ക്കുന്നത്. എന്ത് കൊണ്ട് ഇത്തരം ജീവിത ക്രമത്തിലേക്കു ആളുകള്‍ വരുന്നു എന്നത് ഈ ലേഖന വിഷയമല്ല. പ്രലോഭനം/ഭീഷണി എന്നിങ്ങനെയുള്ള കള്ളികളില്‍ എഴുതി ഇതിനെ വരവ് വെക്കാനാണ് പൊതു സമൂഹത്തിനു താല്‍പര്യം. പക്ഷെ ദൈവിക ദീനിന്റെ വിത്തുകള്‍ പലയിടങ്ങളിലും ചിതറി വീണിട്ടുണ്ട്. ഇടിവെട്ടി ഒരു മഴ പെയ്താല്‍ മതി, ആരൊക്കെ എതിര്‍ത്താലും ചിലയിടങ്ങളിലെങ്കിലും അത് പൊട്ടി മുളക്കുക തന്നെ ചെയ്യും. ഇത്തരം നാമ്പുകള്‍ വിശ്വാസത്തിന്റെ രുചി അറിഞ്ഞിട്ടുണ്ടെങ്കില്‍ എന്തൊക്കെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും സ്വര്‍ഗത്തിലേക്ക് പറന്നു പോവാന്‍ മാത്രം കരുത്തരാണ് താനും. അത് ചിലപ്പോള്‍ ഒരു സ്വാഭിമാന കൊലയുടെ ഇരയായിട്ട് ആവാനും മതി (കേരളം ഇനി പുരോഗമിക്കാനുള്ള ഒരു മേഖലയാണത് !). തിരൂര്‍ യാസിര്‍ വധത്തിലെ അതേ പ്രതിയും ആസൂത്രകനും കൊടിഞ്ഞി ഫൈസല്‍ വധത്തിലും പ്രതിയായത് യാദൃശ്ചികമല്ലല്ലോ? വധിക്കപ്പെട്ടേക്കാം എന്ന തോന്നല്‍ പോലും സദാ കൊണ്ട് നടക്കുന്ന ഈ കുരുന്നുകളെ കോടതിക്കോ, വീട്ടുകാര്‍ക്കോ എന്തിനേറെ ജീവിത പങ്കാളിക്ക് പോലും പിടികിട്ടില്ല. പല വേദനകളും ഞെരിച്ചമര്‍ത്തി രൂപം കൊള്ളുന്ന മുത്തുകളാണവര്‍. അടിമകളായിട്ടും ഇസ്‌ലാം അനുഭവിച്ച, ആസ്വദിച്ച ചരിത്രം ഇത്തരക്കാര്‍ക്കു കഴിഞ്ഞു പോയിട്ടുണ്ട്. എന്ന് പറഞ്ഞാല്‍ കോടതിയും സമൂഹവും എല്ലാം ചേര്‍ന്ന് കൂട്ടിലടച്ചാലും പറന്നു പോവാന്‍ മാത്രം കരുത്തുള്ള ഇന്ധനവുമായിട്ടാണ് ഇവര്‍ ഇരിക്കുന്നതെന്ന്. വിമോചന ദ്രവ്യമായി വരുന്ന അബൂബക്കര്‍മാരെ ഇവരില്‍ പലരും കാത്തിരിക്കുന്നെണ്ടെങ്കിലും അവരുടെ പ്രതീക്ഷകള്‍ കുടിയിരിക്കുന്നത് ഒടുവിലത്തെ ഇലന്തമരത്തിനപ്പുറത്തെ സാമ്രാജ്യത്തില്‍ അവരെ കാത്തിരിക്കുന്ന റബ്ബില്‍ തന്നെയാണ്. അതുകൊണ്ടു തന്നെ എന്തൊക്കെ തടയണകള്‍ കൂട്ടിയാലും ഈ ഒഴുക്ക് തടസ്സപ്പെടില്ല തന്നെ. സ്വര്‍ഗ്ഗത്തിലെ ഹൂറിയെ മോഹിച്ചും, മദ്യപ്പുഴ മോഹിച്ചും എന്നൊക്കെ കളിയാക്കി ചിരിക്കുന്ന സമൂഹത്തിനു ഇവരുടെ യഥാര്‍ത്ഥ മോഹം അറിഞ്ഞിരുന്നെങ്കില്‍ രാജാക്കന്മാരും, യാചകരുമൊക്കെ ആത്യന്തിക സമാധാനം നേടാനുള്ള വരിയില്‍ ഇവരോടൊപ്പം അണിനിരന്നേനെ.

എന്നാല്‍ എല്ലാവരും വിശ്വാസമാറ്റത്തോടൊപ്പം, പൂര്‍ണ സംസ്‌കൃതരായിട്ടാണ് കടന്നു വരിക എന്നതും, ഇസ്‌ലാമിന്റെ സൗന്ദര്യം പൂര്‍ണമായും അവരില്‍ സംഭവിച്ചിട്ടുണ്ടാവും എന്ന് കരുതുകയും വയ്യ. മതം മാറ്റം എന്നത് അതാത് സമുദായങ്ങള്‍ ആഘോഷിക്കാറുണ്ടെങ്കിലും പൊതു സമൂഹത്തിനു എന്നും അതിനൊരു വിഡ്ഢിത്തത്തിന്റെ കുപ്പായം ധരിപ്പിക്കേണ്ടത് ആവശ്യമായിരുന്നു. ഉള്ളിന്റെ ഉള്ളിലെ സ്വമത സ്‌നേഹം മുതല്‍ തനിക്കു കാട്ടാനാവാത്ത ധൈര്യം മറ്റൊരാള്‍ കാട്ടിയതിനോടുള്ള അമര്‍ഷം പോലുമാവാം. ഏതു ഷര്‍ട്ട് ധരിച്ചാലെന്താ എന്ന പുരോഗമന സ്വഭാവം ഒന്നും അപ്പോള്‍ കാണിക്കാറില്ല. അല്ലെങ്കില്‍ വിവിധ രാഷ്ട്രീയ ആദര്‍ശങ്ങള്‍, സാമൂഹിക നിലപാട് മാറ്റങ്ങള്‍ക്കൊന്നും കിട്ടേണ്ടതില്ലാത്ത ഒരു പ്രാധാന്യവും മതം മാറ്റത്തിനും കിട്ടേണ്ടതില്ലല്ലോ? പ്രണയത്തിനും സാമ്പത്തിക ലാഭങ്ങള്‍ക്കും നടത്തി വന്നിരുന്ന ഒരു കാര്യമായിട്ട് ജനം തെറ്റിദ്ധരിച്ചതിനു കാരണങ്ങള്‍ ഉണ്ട് താനും. പക്ഷെ അതെ ഉണ്ടാവൂ എന്ന മഞ്ഞ കണ്ണട കോടതിക്കെങ്കിലും ഉണ്ടാവാന്‍ പാടില്ലല്ലോ? ഏതു മതവും ആദര്‍ശവും സ്വീകരിക്കാം എന്നൊക്കെയുള്ള പുരോഗമന ചിന്താഗതികളും ഭരണഘടനാ സ്വാതന്ത്രവുമൊക്കെ വലിയ വായില്‍ പറയുന്നതല്ലാതെ, ഇത്തരം മാറ്റങ്ങളെ, അതെന്തിന്റെ പേരിലായാല്‍ പോലും/ ഏതു മതത്തിലേക്കായാലും അസഹിഷ്ണുതാ പരമായേ സമൂഹം പരിഗണിക്കാറുള്ളൂ. പക്ഷെ ഇങ്ങിനെയുള്ള മാറ്റം എങ്ങിനെയാണ് ഈ പുതു വിശ്വാസികള്‍ സമൂഹത്തില്‍, കുടുംബത്തില്‍ അവതരിപ്പിക്കാറുള്ളത്? കുടുംബത്തില്‍ മാതാപിതാക്കളുടെ രാഷ്ട്രീയത്തിനു വിരുദ്ധമായി മക്കള്‍ രാഷ്ട്രീയ നിലപാട് എടുക്കാറുണ്ട്, വിശ്വാസത്തിനു വിരുദ്ധമായി യുക്തിവാദം കയറി വരാറുണ്ട്, ഇവരൊക്കെയും ബന്ധം ഊഷ്മളമായി തുടരാറുണ്ട്. അത് പോലെ സ്വാഭാവികമായി സംഭവിക്കേണ്ടുന്ന ഒരു കാര്യമായിട്ടാണ് ഒരാളുടെ മതം മാറ്റം അനുഭവപ്പെടുത്തേണ്ടത്. അതിന്റെ ക്ഷമയും സൗന്ദര്യവും മാതാപിതാക്കളോടുള്ള കരുതലും ഒക്കെ കാണിച്ചു കൊടുക്കാനും, വിട്ടു വീഴ്ചകള്‍ ചെയ്യാനും സാധിക്കുക ഈ പുതിയ വിശ്വാസികള്‍ക്കു തന്നെയാണ്. ഈ ത്യാഗസന്നദ്ധതയും ഒഴുക്കിനെതിരെ നീന്തി പിടിച്ചു നില്‍ക്കാനും ഒക്കെ തന്നെയല്ലേ ഒരു വിശ്വാസി ശ്രമിക്കേണ്ടത്? സ്വന്തം ആദര്‍ശം സംരക്ഷിക്കാന്‍ കഷ്ടപ്പെട്ട ത്യാഗികളുടെ സംഭവങ്ങളല്ലേ ചരിത്രം മുന്നോട്ടു നീങ്ങിയിട്ടുള്ളൂ?

അതുപോലെ ഈ പുത്തന്‍ വിശ്വാസികളെ എങ്ങിനെയാണ് ഇസ്‌ലാമിക സമൂഹം ഉപയോഗപ്പെടുത്തുന്നത്, വളര്‍ത്തിയെടുക്കുന്നത്? കുട്ടി കുരങ്ങന്മാരെക്കൊണ്ട് ചിലരെങ്കിലും ചുടു ചോര മാന്തിച്ചതിന്റെ ഫലം ആയിരുന്നോ കേരളത്തില്‍ സംഭവിച്ച ഐസിസ് റിക്രൂട്ട്‌മെന്റ്? ഭൂരിപക്ഷ ഫിഖ്ഹ്, ന്യൂനപക്ഷ ഫിഖ്ഹ് ഒക്കെ ആക്കികൊണ്ടു സാഹചര്യത്തിനനുസരിച്ചു ജീവിക്കാന്‍ മുസ്‌ലിംകളെ, ഇസ്‌ലാമിക വിശ്വാസം പരിശീലിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇസ്‌ലാമിക ജീവിതത്തിലേക്ക് പുതിയതായി പ്രവേശിക്കുന്നവര്‍ അവരുടെ സാമൂഹിക അവസ്ഥയും കുടുംബ പശ്ചാത്തലവുമൊക്കെ നോക്കി ശ്രദ്ദിക്കേണ്ടുന്ന പരിശീലിപ്പിച്ചെടുക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചുള്ള ഒരു അവബോധം ഉത്തരവാദിത്വപ്പെട്ട സംഘടനകള്‍ നിര്വഹിക്കേണ്ടതായിട്ടുണ്ട്. ഇസ്‌ലാമോഫോബിയ പിടി മുറുക്കിയ പശ്ചാത്തലത്തില്‍ അത്തരം ചര്‍ച്ചകള്‍ അനിവാര്യമാണെന്ന തോന്നലിലാണ് ഈ കുറിപ്പ്. ഇനി വരും കാലത്ത് ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ അത് സഹായിച്ചെങ്കില്‍ എന്നാണ് പ്രാര്‍ത്ഥന.

Related Articles