Current Date

Search
Close this search box.
Search
Close this search box.

‘അപകടകരം ഈ കണ്ടില്ലെന്ന് നടിക്കല്‍’

ഹിന്ദു ദിനപത്രത്തിലെ ഒരു ലേഖനത്തിന്റെ തലക്കെട്ടാണ് മേല്‍കൊടുത്തത് (ഏപ്രില്‍ 6). എഴുതിയത് ഗര്‍ഗ ചാറ്റര്‍ജി. ബംഗ്ലാദേശിനെക്കുറിച്ച ഒരു അഭിപ്രായമെഴുത്താണ് ലേഖനം. ബംഗ്ലാദേശില്‍ 1971ലെ ‘യുദ്ധക്കുറ്റവാളികള്‍’ക്കെതിരെ  പ്രഖ്യാപിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ പശ്ചിമ ബംഗാളിലെ മുസ്‌ലിംകള്‍ കൂറ്റന്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ച് കളയുന്നു എന്നതാണ് ലേഖനത്തിലെ പ്രധാന പരാതി. കാരണം ‘യുദ്ധക്കുറ്റവാളികള്‍’ക്ക് വേണ്ടിയാണല്ലോ ഇതെല്ലാം ചെയ്ത് കളയുന്നത്. സംസ്ഥാനത്തെ ഗവണ്‍മെന്റാകട്ടെ, രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ ഈ അപകടകരമായ അവസ്ഥാവിശേഷം ഒരക്ഷരം മിണ്ടാതെ നോക്കിയിരിക്കുകയും ചെയ്യുന്നു! ഈ ലേഖനം ബംഗ്ലാദേശ് ഭരണകൂടം യുദ്ധക്കുറ്റങ്ങളുടെ മറവില്‍ ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ ന്യായീകരിക്കുന്നതും അതിന്റെ പേരില്‍ ഷാബാഗ് മൈതാനത്ത് അരങ്ങേറുന്ന ഭരണകൂട നാടകങ്ങളെ പിന്തുണക്കുന്നതുമാണ്. യുദ്ധക്കുറ്റങ്ങളുടെ മറവില്‍ ജമാഅത്ത് നേതാക്കള്‍ക്കെതിരെ കൊലപാതകം, ബലാത്സംഗം, ക്ഷേത്രം പൊളിക്കല്‍, ഹിന്ദുക്കളെ ആക്രമിക്കല്‍ തുടങ്ങി ഒരുമാതിരിപ്പെട്ട സകല കുറ്റകൃത്യങ്ങളും ഈ ലേഖനം ചാര്‍ത്തിനല്‍കുന്നുണ്ട്. മാത്രവുമല്ല, കഴിഞ്ഞ മാര്‍ച്ച് 30ന് കൊല്‍ക്കത്തയില്‍ നടത്തിയ അസാധാരണ  റാലിയുടെ പേരില്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും മുസ്‌ലിമേതര സമൂഹങ്ങളെയും ഇളക്കിവിടാനും ലേഖനത്തില്‍ ശ്രമിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ബംഗ്ലാദേശ് ഗവണ്‍മെന്റ് തുടരുന്ന അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ ഇരകളുടെ പക്ഷം ചേര്‍ന്ന് നടത്തിയ ഒരു റാലി മാത്രമായിരുന്നു അത്.

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ നടക്കുന്ന മറ്റു സംഭവങ്ങളിലെന്ന പോലെ ബംഗ്ലാദേശ് പ്രശ്‌നത്തിലും സകല അനുഭവ യാഥാര്‍ഥ്യങ്ങളും വിസ്മരിച്ച് ഭരണകൂടങ്ങളും മീഡിയയും പത്രക്കാരും പത്രക്കാരല്ലാത്തവരുമെല്ലാം ചേര്‍ന്ന് ബംഗ്ലാ ഗവണ്‍മെന്റ് പുറത്തിറക്കിക്കൊണ്ടിരിക്കുന്ന വ്യാജ പത്രക്കുറിപ്പുകള്‍ പ്രചരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ചര്‍ച്ചകളിലും സംവാദങ്ങളിലും െ്രെടബ്യൂണലിന്റെ നുണകള്‍ ഏറ്റുപാടുകയും ഗവണ്‍മെന്റിന്റെ പ്രതികാര നടപടികളെ സ്തുതിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയില്‍ നിഷ്പക്ഷമായി കാര്യങ്ങളെ നോക്കിക്കാണുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാറും തെഹല്‍ക മാഗസിനും ഈ നുണപ്രചാരണത്തില്‍ ഭാഗഭാക്കാകുന്നു എന്നതാണ് നമ്മെ അമ്പരപ്പിക്കുന്നത്. മീഡിയയില്‍ പ്രവര്‍ത്തിക്കാത്ത മറ്റുള്ളവരും ഇതില്‍ അണിചേര്‍ന്നിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെപ്പറഞ്ഞ ലേഖനമെഴുതിയ ഗര്‍ഗ ചാറ്റര്‍ജി ഒരു ടെക്‌നോക്രാറ്റാണ്. ഇത്തരക്കാരുടെ വേരുകള്‍ അന്വേഷിച്ച് പോയപ്പോള്‍ അവരിലധികവും ബംഗാളി ബ്രാഹ്മണരാണെന്നും കണ്ടെത്താനായി. പശ്ചിമ ബംഗാളിലെ പ്രിന്റ്ഇലക്ട്രോണിക് മീഡിയയില്‍ ഇവരുടെ സ്വാധീനം വളരെ പ്രകടം. പണ്ഡിതന്‍മാരും ബുദ്ധിജീവികളും ബംഗ്ലാ രാഷ്ട്രീയ ചരിത്രം ആഴത്തില്‍ പഠിക്കാന്‍ തയ്യാറാവണമെന്നാണ് നമുക്ക് പറയാനുള്ളത്. 1971-ല്‍ തന്നെ മുജീബ് ഗവണ്‍മെന്റ് പൊതുമാപ്പ് പ്രഖ്യാപിച്ചതാണ്. യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച കേസുകളും ആ കാലത്ത് തന്നെ തീര്‍പ്പായതാണ്. ഇതിന് മുമ്പും അവാമി ലീഗിന്റെ ഹസീന ഗവണ്‍മെന്റ് അധികാരത്തില്‍ ഇരുന്നതുമാണ്. പക്ഷെ അക്കാലത്തൊന്നും ഒരിക്കല്‍ പോലും ഇത്തരമൊരു പ്രശ്‌നം ഉയര്‍ന്ന് വന്നിട്ടില്ല. പിന്നെ എന്ത്‌കൊണ്ടാണ് നീണ്ട 42 വര്‍ഷത്തിന് ശേഷം പൊടുന്നനെ ഇങ്ങനെയൊരു പ്രശ്‌നം കുത്തിപ്പൊക്കുന്നത്? എന്ത്‌കൊണ്ടാണ് ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ സംവിധാനവും അതിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരുന്നത്? ഇസ്‌ലാമിനും ഇസ്‌ലാമിക സമുഹത്തിനുമെതിരെ വ്യംഗമായി യുദ്ധപ്രഖ്യാപനം നടത്തുന്ന അമേരിക്കയുടെ ‘ഭീകരതാ വിരുദ്ധ യുദ്ധ’ത്തിന്റെ ഭാഗം തന്നെയല്ലേ ഇതും? ഇസ്‌ലാമിക തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണക്രമം രാജ്യത്തിന്റെ കിഴക്കന്‍ അയല്‍ രാജ്യത്ത് ഉണ്ടാവരുതെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഇസ്‌ലാം സ്‌നേഹികളായ ആളുകളുടെ കൂട്ടായ്മകള്‍ തകര്‍ക്കപ്പെടേണ്ടത് ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് അനിവാര്യമാണ്. പ്രോ ഇസ്‌ലാം ആയ ഒരു ഭരണസംവിധാനവും നിലവില്‍ വരാതിരിക്കുക എന്നത് തന്നെയാണല്ലോ അമേരിക്കയുടെ ഭീകരതാ വിരുദ്ധയുദ്ധത്തിന്റെയും ഉദ്ദേശ്യം. അതിനാല്‍ സാധ്യമാവുന്നിടത്തൊക്കെ ഈ ഗൂഢാലോചനകള്‍ അരങ്ങ് തകര്‍ത്തുകൊണ്ടിരിക്കും. മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കും ചിന്തകന്‍മാര്‍ക്കും ഇവിടെ പലതും ചെയ്യാനുണ്ട്.ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകൊണ്ടാണ് പലരും ഈ കുപ്രചാരണങ്ങളില്‍ പങ്ക് ചേരുന്നത്. ഫലം എന്ത് തന്നെയായിരുന്നാലും ഇതിനൊക്കെ നേതൃത്വം നല്‍കുന്ന സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുമായി ആശയവിനിമയത്തിനുള്ള സാധ്യതകള്‍ അവര്‍ അന്വേഷിക്കേണ്ടതുണ്ട്.
(ദഅ്‌വത്ത് ത്രൈദിനം 13-4-2013)

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles