Columns

ഈജിപ്ത്: അട്ടിമറിയുടെ അഞ്ചു വര്‍ഷങ്ങള്‍

ഇന്നേക്ക് അഞ്ചു വര്‍ഷം മുമ്പ് ഒരു ജൂലൈ മൂന്നിനാണ് ഈജിപ്തില്‍ തെരഞ്ഞെടുത്ത പ്രസിഡന്റിനെ അട്ടിമറിച്ചു പട്ടാളം അധികാരം ഏറ്റെടുത്തത്. മുബാറക്കിന്റെ കാലമാണോ സീസിയുടെ കാലമാണോ ഉത്തമം എന്ന ചോദ്യത്തിന് മുബാറക് എന്ന് ആളുകള്‍ പറയുന്നു എന്നാണ് അറിയുന്ന വിവരം. ‘മുബാറകിന്റെ കാലത്തു ഒരു ചുവന്ന വര ഉണ്ടായിരുന്നു. പക്ഷെ സര്‍ക്കാരിനെ വിമര്‍ശിക്കാതിരുന്നാല്‍ ആളുകള്‍ സുരക്ഷിതരായിരുന്നു. ഇന്ന് ആളുകള്‍ പൂര്‍ണമായി അസ്വസ്ഥരാണ്’ ജനത്തിന്റെ മൊത്തത്തിലുള്ള പ്രതികരണം ഇങ്ങിനെയാണ്.

ഈജിപ്ത് ചരിത്രത്തിലെ ആദ്യമായി നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഭരണകൂടത്തെ  അങ്ങിനെയാണ് പട്ടാളത്തിന്റെ സഹായത്തോടെ പുറത്താക്കിയത്. ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റ് കൂടുതല്‍ അധികാരങ്ങള്‍ സ്വായത്തമാകുന്നു എന്ന പേരിലാണ് ജനങ്ങളുടെ പ്രതിഷേധം ആരംഭിച്ചത്.  ജനങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു എന്നാണു പ്രതിപക്ഷ കക്ഷികളുടെ അവകാശ വാദം. ഭരണ ഘടന മാറ്റത്തെ കുറിച്ച് നടത്തിയ ഹിത പരിശോധനയില്‍ കിട്ടിയ അംഗീകാരം പ്രതിപക്ഷം അംഗീകരിച്ചില്ല.  

ജനങ്ങളുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് വിഷയത്തില്‍ ഇടപെടുന്നതു എന്നാണ് പട്ടാള ഭാഷ്യം. പുറത്തു നിന്ന് പലരും ഈ വിഷയത്തില്‍ പട്ടാളത്തെ സഹായിച്ചു.  മുര്‍സിയെ നീക്കം ചെയ്തതിനു ശേഷം, സൈന്യം പിന്തുണച്ച ഇടക്കാല ഗവണ്‍മെന്റ്, മുസ്ലീം ബ്രദര്‍ഹുഡ് അനുകൂലികള്‍ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. പക്ഷെ അത് കൊണ്ടൊന്നും പിറകോട്ടു പോകാന്‍ അവര്‍ തയ്യാറായില്ല. എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ പര്യാപ്തമായ കരി നിയമങ്ങള്‍ ചുട്ടെടുക്കുന്ന കാര്യത്തില്‍ സിസി സര്‍ക്കര്‍ മുന്നേറുന്നു.

സാമ്പത്തിക രംഗത്തു സര്‍ക്കാര്‍ കടന്നു പോകുന്നത് വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ്. എണ്ണക്ക് വലിയ ശതമാനം വിലകൂട്ടി. പണപ്പെരുപ്പം മുപ്പതു ശതമാനം വര്‍ധിച്ചു. അവശ്യ സാധങ്ങളുടെ വില വളരെയധികം വര്‍ധിച്ചു. രണ്ടു ഡോളറിനു താഴെ ദിവസ വരുമാനമുള്ള ഒരുപാട് ആളുകള്‍ ഈജിപ്തിലുണ്ട്. സീനായ് ഭാഗത്തു വര്‍ധിച്ചു വരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ കൂടി ഇന്ന് രാജ്യം നേരിടുന്ന വലിയ സാമൂഹിക വിഷയമാണ്.

എന്തിനുമപ്പുറം ആരെ വേണമെങ്കിലും ഇപ്പോഴും അറസ്റ്റു ചെയ്തു കൊണ്ട് പോകാം എന്നൊരു അവസ്ഥ നാട്ടില്‍ നിലനില്‍ക്കുന്നു. തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു എന്ന് വരികിലും അതിന്റെ വിശ്യാസ്യത്ത ചോദ്യം ചെയ്യപ്പെടുന്നു. തനിക്കെതിരെ മത്സരിക്കാന്‍ മുന്നോട്ടു വന്ന ആളുകളെ പല കാരണങ്ങള്‍ പറഞ്ഞിട്ടും ഒതുക്കിയ കഥ നാം കേട്ടതാണ്.  ഈജിപ്ത് രാഷ്ട്രീയത്തില്‍ എന്നും നിര്‍ണായകമാണ് മൂന്ന് ശക്തികള്‍. ഒന്ന് സൈന്യമാണ്. അവരുടെ അപ്രമാദിത്വം ഇന്നും നില നില്കുന്നു. മറ്റൊന്ന് ഇഖ്വാനാണ്. അവരെ പൂര്‍ണമായും അവഗണിച്ചു കൊണ്ടാണ് സിസി ഭരണ കൂടം മുന്നോട്ടു പോകുന്നത്. ഭരണത്തിന്റെ ശക്തി ഉപയോഗിച്ച് സംഘടനയുടെ പ്രവര്‍ത്തനം തടഞ്ഞത് കൊണ്ടും അവരുടെ ശക്തി കുറക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

മധ്യേഷ്യയില്‍ ഒരു ജനാധിപത്യ പരീക്ഷണം പലര്‍ക്കും അംഗീകരിക്കാന്‍ കഴിയാതെ പോയി എന്നതാണ് മുര്‍സി ഭരണ കൂടത്തിനു അവസാനമാകാന്‍ കാരണം. സമൂഹം കൂടുതല്‍ കുടുസ്സായി തീര്‍ന്നു, ജീവിത നിലവാരം വര്‍ധിച്ചു എന്നതാണ് സിസി ഭരണത്തിന്റെ ബാക്കി പത്രം. നൂറു കണക്കിന് ആളുകളാണ് ശിക്ഷ പ്രതീക്ഷിച്ചു ജയിലില്‍ കിടക്കുന്നതു. അഞ്ചു വര്‍ഷം കൊണ്ട് രാജ്യം പിറകോട്ടോ മുന്നോട്ടോ എന്ന് ചോദിച്ചാല്‍ പിറകോട്ടു എന്ന് തന്നെയാണ് അന്താരാഷ്ട്ര സമൂഹം നല്‍കുന്ന വിവരണം.

 

Facebook Comments
Show More

Related Articles

Close
Close