Columns

ഇസ്‌ലാമിലെ സ്ത്രീ അങ്ങിനെയല്ല

സ്ത്രീകളോട് കണ്ണുകളെ സൂക്ഷിക്കണം എന്ന് പറയുന്നതിന് മുമ്പാണ് പുരുഷനോട് കണ്ണുകളെ സൂക്ഷിക്കാന്‍ ഖുര്‍ആന്‍ പറഞ്ഞത്.  പുരുഷന്റെ കണ്ണുകളെ സ്വതന്ത്രമായി വിടുകയും സ്ത്രീകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് പലപ്പോഴും സമൂഹം സ്വീകരിച്ച നിലപാട്. കുഴപ്പമെന്നത് സ്ത്രീകളുടെ മാത്രം കുത്തകയാണ് എന്ന പൊതു ബോധം അങ്ങിനെയാണ് നമുക്കിടയില്‍ ഉണ്ടാക്കിയെടുത്തത്. സ്ത്രീകള്‍ വീടുകളില്‍ മാത്രമായി ചുരുങ്ങണം എന്നതും ആ ഒരു പൊതു ബോധത്തിന്റെ ബാക്കിയായാണ്. സ്ത്രീയും പുരുഷനും കൂടിയതാണ് സമൂഹം. പുതിയ കണക്കില്‍ സ്ത്രീകളാണ് പുരുഷനെക്കാളും കൂടുതല്‍.  സമൂഹത്തിന്റെ പകുതിയായി വിഭാഗത്തെ അവഗണിച്ചു മുന്നോട്ട് പോകുക അസാധ്യമാണ് . സ്ത്രീകളുടെ മാന്യമായ സാമൂഹിക ഇടപെടല്‍ ഇസ്‌ലാം വിലക്കുന്നുവോ? ഇല്ല എന്നതാകും നമുക്ക് പറയാന്‍ കഴിയുക.  സ്ത്രീകള്‍ പൊതു രംഗത്തു വരുന്നത് കുഴപ്പമാണ് എന്നത് മനസ്സുകളുടെ വിഷയമാണ്. സ്ത്രീ കുഴപ്പമാണ് എന്ന അടിസ്ഥാന നിലപാട് മാറ്റുക എന്നതാണ് അതിനുള്ള പരിഹാരം.

ഇസ്‌ലാമിക ചരിത്രത്തില്‍ അഭിശപ്തമായ ഒരു സംഭവമാണ് ജമല്‍യുദ്ധം. അതിനു ഒരു ഭാഗത്തു നേതൃത്വം നല്‍കിയത് പ്രവാചക പത്‌നിയായ ആയിശയാണ്. പ്രവാചകന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്ത സഹാബികളില്‍ ചിലര്‍ അവരുടെ പക്ഷത്തുണ്ടായിരുന്നു. അവരൊന്നും ഈ ‘ഫിതന’യുടെ പേരില്‍ അവരെ മുടക്കിയതായി കണ്ടില്ല. ആ യുദ്ധത്തിന്റെ ശരി തെറ്റുകള്‍ എന്നതിലപ്പുറം ഒരു യുദ്ധത്തിന് സ്ത്രീ നേതൃത്വം നല്‍കാമോ എന്നൊരു ചര്‍ച്ച നാമെവിടെയും കണ്ടില്ല. വൈജ്ഞാനിക രംഗത്തും അവരുടെ സ്ഥാനം മഹത്തരമാണ്. ആയിഷ തന്നെ അതിനു തെളിവാണ്. ഇമാം ഷാഫി അവര്‍കളുടെ അധ്യാപകരില്‍ പ്രമുഖയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്നത് എത്ര പേര്‍ക്കറിയാം. തന്റെ  പ്രസിദ്ധമായ രിസാല എന്ന കൃതി അവസാനം വട്ടം തിരുത്തിയത് അവരുടെ തന്നെ സഹായത്തോടെയാണ്.

സ്ത്രീകളെ മനുഷ്യരായി ഗണിക്കാത്ത കാലത്താണ് പ്രവാചകന്‍ രംഗത്തു വരുന്നത്. അങ്ങിനെ അവരും തീരുമാനമുള്ള മനുഷ്യരാണ് എന്ന് സമൂഹത്തെ പ്രവാചകന്‍ തര്യപ്പെടുത്തികൊടുത്തു. സ്ത്രീ പുറത്തിറങ്ങിയാല്‍ അത് കുഴപ്പമാണ് എന്നൊന്നും നാം കണ്ടില്ല. കണ്ണുകളെ സൂക്ഷിക്കണം ദേഹം മറക്കണം എന്നത് തന്നെ ആവശ്യമായി വരുന്നത് വീടിനു പുറത്താണ്. വീട്ടില്‍ എന്ത് നിലപാട് എന്ന് ആ വചനത്തിന്റെ അടുത്ത ഭാഗങ്ങളില്‍ വരുന്നുണ്ട്. അപ്പോള്‍ പരിധികള്‍ സൂക്ഷിക്കുക എന്നത് സ്ത്രീയുടെയും പുരുഷന്റെയും കടമയാണ്. പക്ഷെ പലപ്പോഴും നിയമങ്ങള്‍ പുരുഷന് മാത്രം ബാധകമാകുന്നതാന് നാം കാണുന്നതും. ദൈവീക നിയമങ്ങള്‍ പാലിക്കപ്പെടുന്ന സമൂഹത്തില്‍ ഒരു ഫിതനയും ഭയപ്പെടേണ്ടി വരില്ല. അതെ സമയം നമുക്ക് പരിചിതമായ സാമൂഹിക അവസ്ഥയില്‍ പുരുഷന്‍ തന്നെ ഫിതനയായ കാലമാണ്.

സ്ത്രീക്ക് അധികാരം പറ്റുമോ എന്ന ചര്‍ച്ചയുടെ കാലം കഴിഞ്ഞു. സ്ത്രീക്ക് പുരുഷനോളം സംവരണം നല്‍കിയാണ് ആധുനിക ഭരണ സങ്കേതങ്ങള്‍ ചലിക്കുന്നത്. അവിടെയൊന്നും ആര്‍ക്കും എതിര്‍പ്പ് കാണുന്നില്ല. മുസ്‌ലിം സ്ത്രീ അവളുടെ സത്വം സൂക്ഷിച്ചു സാമൂഹിക പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ ലോകത്തിന്റെ സൈ്വര്യം നഷ്ടമാകും എന്ന കണ്ടെത്തല്‍ അത്ഭുതപ്പെടുത്തും. സ്ത്രീകള്‍ എന്നത്തേക്കാള്‍ കൂടുതല്‍ പൊതു രംഗത്തു വരുന്ന കാലത്തു മുസ്‌ലിം സ്ത്രീക്കും അവളുടെ ഇടമുണ്ട് എന്ന് തിരിച്ചറിയാലാണ് നല്ല സമീപന രീതി. സ്ത്രീയുടെ ഒന്നാം കടമ വീട്ടകമാണ്. അത് മറന്നു കൊണ്ട് നടത്തുന്ന ഏതു പൊതു പ്രവര്‍ത്തനവും ഗുണം ചെയ്യില്ല എന്നതും ഉറപ്പാണ്.

ഒരിക്കല്‍ തബൂക്കിലേക്കു പോകാതിരിക്കാന്‍ ജദ്ദു ബിനു ഖൈസ് എന്ന വ്യക്തി റോമിലെ സ്ത്രീകളെ കണ്ടാല്‍ തനിക്കു നിയന്ത്രണം പോകും എന്നൊരു ന്യായം പറഞ്ഞു. തന്റെ മനസ്സിലെ കാപട്യം പുറത്തു കാണിക്കാതിരിക്കാനുള്ള വഴിയായി അദ്ദേഹം ആ ഉപായം കണ്ടെത്തി. അതിനു ഖുര്‍ആന്‍ നല്‍കിയ മറുപടി ‘ അവര്‍ പണ്ട് മുതലേ ഫിതനയില്‍ അകപ്പെട്ടു പോയിരിക്കുന്നു’ എന്നാണ്. സ്ത്രീയെ കാണുമ്പോള്‍ അങ്ങിനെ ‘ഫിതന’ മാത്രം മനസ്സില്‍ വരുന്നത് ഒരു രോഗമാണ് .

 

Facebook Comments
Show More

Related Articles

Close
Close