Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് ഹാമിദ്: മുസ് ലിം ശാക്തീകരണത്തിന്റെ ഉത്തമ മാതൃക

ഒരു അന്ധന്‍ ഒരിക്കലും ഒരു ബുദ്ധിശൂന്യനായ ആളാകണമെന്നില്ല. സയ്യിദ് ഹാമിദുള്‍പ്പെടെ സമുദായത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി പ്രയത്‌നിച്ചവരില്‍ അക്ഷരംപ്രതി പുലരുന്ന ഒന്നാണിത്. ഒന്നോ രണ്ടോ പുസ്തകങ്ങളിലൊതുക്കിവെക്കാനാവില്ല എന്നതുതന്നെ അദ്ദേഹത്തിന്റെ ബഹുമുഖമായ കാഴ്ചപ്പാടുകളെയും സംഭാവനകളെയും അനാവൃതമാക്കുന്നു.

അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളിലൂടെ അദ്ദേഹത്തിന്റെ പറയപ്പെടാത്ത ജീവിതകഥ അവതരിപ്പിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് മന്‍സൂര്‍ ആഗയുടെ ‘പൈകറെ-ഫിക്‌റോ-അമല്‍: സയ്യിദ് ഹാമിദ് ഇന്‍ മെമോറിയം’ എന്ന ഗ്രന്ഥസമാഹാരം. കുടുംബത്തിനകത്തും പുറത്തും ഒരു പ്രസ്ഥാനം പോലെ ജീവിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വിലയിരുത്തുകയാണ് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം. നമ്മുടെ സമുദായത്തിന്റെ ഭാവിയെ രൂപപ്പെടുത്താനും മറ്റു സമുദായങ്ങളോടൊപ്പം രാജ്യപുരോഗതിക്കായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വരുംതലമുറകള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്ന് അത് നമ്മെ ഉണര്‍ത്തുന്നു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവല്‍സ്മരണകളിലൂടെ കടന്നുപോയപ്പോള്‍, പരസ്പര വൈരുദ്ധ്യങ്ങളോ ഇരട്ടത്താപ്പോ ഇല്ലാത്ത നയനിലപാടുകളായിരുന്നു അദ്ദേഹത്തിന്റേതെന്നും ആ ജീവിതത്തിന്റെ പ്രതിഫലനമായിരുന്നു സ്വകാര്യജീവിതമെന്നും എനിക്ക് ബോധ്യപ്പെട്ടു. വളരെ അപൂര്‍വമായൊരു ജീവിതത്തിന്റെ ഉടമയായി എന്നതുതന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കി നിര്‍ത്തിയത്.

ഒരു പിതാവെന്ന നിലയിലും അലീഗഢ് മുസ്്‌ലിം യൂനിവേഴ്‌സിറ്റിയുടെ വിസിയെന്ന നിലയിലും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവെന്ന നിലയിലുമെല്ലാം അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞു. നാലു കാര്യങ്ങള്‍ സമൂഹത്തിനിടയില്‍ പുലരാനാണ് അദ്ദേഹം ആഗ്രഹിച്ചത്: നിരക്ഷരത അവസാനിപ്പിക്കുകയും ധാര്‍മിക മൂല്യങ്ങളുള്ള മേന്മയേറിയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, വൃത്തിയുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യം, സാമൂഹിക പരിഷ്‌കരണങ്ങളുടെ ആവശ്യകത, സമുദായങ്ങള്‍ക്കിടയിലെ സൗഹാര്‍ദത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു അവ.
ആധുനിക വിദ്യാഭ്യാസരംഗത്തെ പ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്നതിനായി അഹോരാത്രം പരിശ്രമിച്ച സര്‍സയ്യിദിന്റെ കാഴ്ചപ്പാടിനെ മതകീയമായി പിന്തുടരുകയായിരുന്നു സയ്യിദ് ഹാമിദ്. സമുദായത്തെ സാമൂഹികമായും രാഷ്ട്രീയപരമായുമെല്ലാം ശാക്തീകരിക്കാനുള്ള ഏകവഴി വിദ്യാഭ്യാസമാണെന്ന് ഇരുവര്‍ക്കും ഉറച്ച ബോധ്യമുണ്ടായിരുന്നു. ഈയൊരു കാഴ്ചപ്പാടിന്റെ ദീപശിഖയെയാണ് വരും തലമുറകള്‍ക്കായി കാത്തുവെക്കേണ്ടത്. അദ്ദേഹത്തിന്റെ സംഭാവനകളെ സര്‍ സയ്യിദിനോടുപമിക്കുന്നത് അതിനെ അവഗണിക്കുന്നതിന് തുല്യമാകും. ആധുനിക കാലത്തെ സര്‍സയ്യിദ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്.

Also read: ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ പുരാവസ്തുശാസ്ത്രം

മുസ്്‌ലിംകളെ അന്ധകാരത്തില്‍ നിന്നും കരകയറ്റി പ്രതീക്ഷയുടെ ലോകത്തേക്ക് വെളിച്ചം പകര്‍ന്ന അലീഗഢ് പ്രസ്ഥാനത്തിന്റെ ഏറ്റവും മികച്ച ഉത്പന്നങ്ങളിലൊന്നായാണ് ഗോവ, മൈസൂര്‍ യൂനിവേഴ്‌സിറ്റികളുടെ സ്ഥാപക വിസിയായ പ്രൊ. ബി ഷെയ്ഖ് അലി അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. തന്നോട് തുലനം ചെയ്യുന്നത് സര്‍ സയ്യിദിനോടുള്ള അനാദരവായി അദ്ദേഹം കണ്ടിരുന്നതിനാല്‍ സര്‍സയ്യിദെന്ന വിളി അദ്ദേഹത്തിന് ഒട്ടും ഇഷ്ടമായിരുന്നില്ലത്രെ. ഹംദര്‍ദ് എജുക്കേഷന്‍ സൊസൈറ്റിയുടെ നിലവിലെ സെക്രട്ടറിയായ സയ്യിദ് ഹാമിദിന്റെ മകന്‍ സയ്യിദ് സമര്‍ ഹാമിദിനും പറയാനുള്ളത് ഇതുതന്നെ. നിസ്വാര്‍ത്ഥത, ഭക്തി, ഉദാരത, കണിശത, ദയ, സൂക്ഷ്മത തുടങ്ങിയ മൂല്യങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിയായിരുന്നു സയ്യിദ് ഹാമിദെന്ന് അദ്ദേഹം എഴുതുന്നു.

സര്‍സയ്യിദാണ് അലീഗഢ് സ്ഥാപിച്ചതെങ്കിലും അതിനെ കര്‍ക്കശ നിലപാടുകളോടെ പോറലേല്‍ക്കാതെ നിര്‍ത്തിയത് തന്റെ പിതാവാണെന്ന് മറ്റൊരു മകനായ ഫറാസ് ഹാമിദ് പറയുന്നു. സര്‍സയ്യിദില്‍ നിന്നും ജ്ഞാനശിഖ ഏറ്റുവാങ്ങി രാജ്യത്തുടനീളം അതിന്റെ പ്രകാശം പരത്തിയ സയ്യിദ് ഹാമിദിന്റെ മുന്നേറ്റത്തിന് ഊര്‍ജമായത് തഅ്‌ലീമീ കാരവാന്‍ ആയിരുന്നു. ഡല്‍ഹിയിലെ ജാമിയ ഹംദര്‍ദും ഹൈദരാബാദിലെ മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റിയും സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്റെ കരങ്ങളുണ്ടായിരുന്നു. നമ്മുടെ സമുദായം അദ്ദേഹം കാണിച്ചുതന്ന ഈ മാതൃക പിന്‍പറ്റണമെന്നാണ് എന്റെ എളിയ അഭിപ്രായം. തങ്ങള്‍ മറ്റുള്ളവരെ ഉപദ്രവിച്ചില്ലെങ്കില്‍ അവരില്‍ നിന്നും തിരിച്ചും അത് പ്രതീക്ഷിക്കേണ്ടതില്ലെന്ന പക്ഷക്കാരനായിരുന്നു തന്റെ പിതാവെന്ന് മകള്‍ സമാന്‍ ഗഫൂര്‍ ഓര്‍ക്കുന്നു. അദ്ദേഹം മറ്റുള്ള ആളുകളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും എല്ലാം പ്രതിസന്ധികളിലും മൂല്യങ്ങള്‍ മുറുകെപ്പിടിക്കുകയും ചെയ്തു. പഞ്ചാബ് യൂനിവേഴ്‌സിറ്റിയുടെ മുന്‍ വിസിയായിരുന്ന അമ്രീഖ് സിംഗിന്റെ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. നാല്‍പതുവര്‍ഷം നീണ്ട തന്റെ അധ്യാപനകാലയളവിനുള്ളില്‍ സയ്യിദ് ഹാമിദിനോളം മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താന്‍കഴിയുന്ന ചുരുക്കം പേരെയെ അദ്ദേഹത്തിനറിവുള്ളൂ.
രാജ്യത്തുടനീളം മദ്രസാ വിദ്യാഭ്യാസം ആധുനികവല്‍കരിക്കുന്നതിന് നേതൃത്വം നല്‍കുകയും ആധുനിക വിദ്യാഭ്യാസത്തിന് പാഠ്യപദ്ധതിയില്‍ ഇടം നല്‍കാന്‍ മൗലവിമാരെ നിരന്തരം ഉപദേശിക്കുകയും ചെയ്ത പുരോഗമനകാരിയായിരുന്നു സയ്യിദ് ഹാമിദെന്നാണ് അദ്ദേഹത്തിന്റെ സഹോദരപുത്രിയും മാധ്യമപ്രവര്‍ത്തകയുമായ സീമാ മുസ്തഫയുടെ അഭിപ്രായം. സാമുദായിക സൗഹാര്‍ദം എന്നും അദ്ദേഹത്തിന്റെ ഇഷ്ട വിഷയമായിരുന്നുവെന്ന് ഡോ. ജോണ്‍ ദയാല്‍ താനെഴുതിയ അധ്യായത്തില്‍ സ്മരിക്കുന്നു. രാജ്യത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ, സമാധാനപ്രവര്‍ത്തകരെയും ഉന്നതരായ പല മതപണ്ഡിതരെയും ഒരൊറ്റ റെയില്‍വേ കോച്ചിനുള്ളില്‍ ഒരുമിച്ചുകൂട്ടാന്‍ രാജ്യത്തുടനീളം യാത്രകള്‍ നടത്തിയ സയ്യിദ് ഹാമിദിന് കഴിഞ്ഞു.

Also read: അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ തീഹാർ ജയിലർ

അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയുടെ പരിസരത്ത് എത്തിച്ചേര്‍ന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന് കാണാനായത് കവാടത്തില്‍ വിനയാന്വിതനായി നിന്ന് അതിഥികളെ സ്വീകരിക്കുന്ന സയ്യിദ് ഹാമിദിനെയാണ്. അദ്ദേഹം തുടരുന്നു: അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ കുലീനത വിശദീകരിക്കാന്‍ പുസ്തകങ്ങള്‍ മതിയാകില്ല. മുതിര്‍ന്ന ഐ.എഎസ് ഓഫീസര്‍, അലീഗഢ് വിസി തുടങ്ങിയ പദവികളിലിരുന്നിട്ടും ശാന്തമായൊരു പ്രകൃതം അദ്ദേഹം എപ്പോഴും കാത്തുസൂക്ഷിച്ചു. മുസ്്‌ലിം സമുദായത്തിന്റെ ഒരു പ്രതീകമെന്നതിലുപരി, നിസ്വാര്‍ഥനായ ഒരു സന്നദ്ധപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലെ മുസ്്‌ലിംകളുടെ പ്രാതിനിധ്യക്കുറവില്‍ ആശങ്കാകുലനായിരുന്ന അദ്ദേഹം അത് പരിഹരിക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്തു. മില്ലി ഗസറ്റിനു നല്‍കിയ ഒരഭിമുഖത്തില്‍ ഹംദര്‍ദ് മാതൃകയില്‍ ഇനിയും സ്ഥാപനങ്ങള്‍ ആരംഭിച്ചുകൂടേയെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്: ‘എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളില്‍ ഇങ്ങനെയൊരു കേന്ദ്രം വേണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ അതൊട്ടും എളുപ്പമല്ല. അതിനായി മുന്നോട്ടുവരുന്നവര്‍ക്ക് എല്ലാ സഹകരണങ്ങളും നല്‍കാന്‍ ഞാന്‍ സന്നദ്ധനാണ്’. സച്ചാര്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന സഫര്‍ മഹ്്മൂദ് സയ്യിദ് ഹാമിദിന്റെ ചുമതലയെ ഓര്‍ത്തെടുക്കുന്നത് ഒരു തലമുതിര്‍ന്ന രാഷ്ട്രീയനേതാവിന്റെ രൂപത്തിലാണ്.

മേല്‍പറഞ്ഞ പുസ്തകത്തിലെ ഏതാനും അധ്യായങ്ങള്‍ സമാഹരിച്ചാണ് മുശ്താഖ് മദനിയും പിഎ ഇനാംദാറും ചേര്‍ന്ന് ‘സയ്യിദ് ഹാമിദ്: ഇന്ത്യയുടെ മുസ്്‌ലിം മുഖം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. ‘പേയ്കാറെ-ഫിക്‌റോ അമല്‍’, ‘ഇഅ്തിറാഫ്’ എന്നിവയാണ് അദ്ദേഹത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന ഉറുദുവിലെ ഗ്രന്ഥങ്ങള്‍.

വിവ. അഫ്‌സല്‍ പി.ടി മുഹമ്മദ്

Related Articles