Current Date

Search
Close this search box.
Search
Close this search box.

പ്രതിരോധത്തിന്റെ വാക്കഗ്നികള്‍

മോദിയാനന്തര ഇന്ത്യയുടെ രണ്ടാം വേര്‍ഷന്‍ മുമ്പത്തേക്കാള്‍ വെറുപ്പും ഭയവും ഉല്‍പാദിപ്പിക്കുന്നതായിരുന്നു. ലക്ഷകണക്കിനാളുകള്‍ക്ക് നാടുവിടേണ്ടി വരുമോയെന്ന ഭീതിദമായ സാഹചര്യം. ആ ഭയത്തിന്റെ കരിമ്പടത്തില്‍ പൊതിഞ്ഞ ഒരു സെമിത്തേരിയായി ഇന്ത്യയെ മോദി ഭരണകൂടം സമ്മാനിക്കുകയാണ്. അങ്ങനെ ലക്ഷകണക്കിന് മനുഷ്യര്‍ ഈ അധികാരി വര്‍ഗത്തോട് ഉച്ചൈസ്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് പോകാന്‍ മനസ്സില്ല എന്നതാണ്. ഇതുതന്നെയാണ് വിപ്ലവകരവും അഗ്നി സമാനമായ വാക്കുകള്‍ കൊണ്ട് മലയാളിയുടെ സാംസ്‌കാരിക പ്രതിനിധാനവും- ഈ പുസ്തകത്തിന്റെ എഡിറ്ററുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പുസ്തകത്തിലൂടെ പറഞ്ഞ് കൊണ്ടിരിക്കുന്നത്. കിറ്റ് ഇന്ത്യായെന്ന് നമുക്ക് കേട്ടും അറിഞ്ഞും പരിചയമേയുള്ളൂ. സ്വാതന്ത്ര്യസമര നാളുകളില്‍ ബ്രിട്ടീഷുക്കാരുടെ ഷൂ നക്കിയ, സ്വാതന്ത്ര്യ സമരസേനാനികളുടെ പേരമക്കളോട് പൗരത്വം ചേദിച്ചുകൊണ്ട് നാടുകടത്താന്‍ ശ്രമിക്കുമ്പോള്‍ അവരോട് പോകാന്‍ മനസ്സില്ല എന്ന് പറയാന്‍ തന്നെയാണ് നമ്മുടെ പാരമ്പര്യവും തീരുമാനവും. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയിലൂടെ ഫാസിസ്റ്റ് ഭരണകൂടം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്ന് ഈ ഗ്രന്ഥത്തില്‍ സുവ്യക്തമായും പറയുന്നുണ്ട്. ഒരു ദേശത്തിന് തന്റെ പൗരന്മാര്‍ക്ക് നല്‍കാവുന്ന ഏറ്റവും കടുത്ത ശിക്ഷ വധശിക്ഷയല്ല. മറിച്ച്, പൗരത്വനിഷേധമാണ് എന്ന് കെ.ഇ.എന്‍ ഈ പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നുത്.

Also read: ഇസ്ഫഹാൻ നഗരത്തിന്റെ ചരിത്ര വഴികൾ

പുസ്തകത്തിന്റെ ആകെത്തുകയെക്കുറിച്ച് പറയുകയാണെങ്കില്‍ ഇതൊരു സാധാരണ പ്രബന്ധസമാഹാരമല്ല, ഇന്നലെവരെ സര്‍വ പരിമിതികളോടെയും ഒരു സാധ്യതയായിരുന്ന പൗരത്വത്തെപ്പോലും പൊളിക്കുന്ന ഇന്ത്യന്‍ നവഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെയുള്ള പ്രതിരോധമാണ്. കുറേയെറെ വിവരങ്ങളുടെ വിശ്രമകാല ജീവിതമല്ല, സമാനതകളില്ലാത്ത സമരശേഷിയുടെ വീര്യമാണിതിലെ വാക്കുകളില്‍ ജ്വലിക്കുന്നത്. ചരിത്രരേഖകളേക്കാള്‍ ചില വാക്കുകള്‍ ശബ്ദായമാനമായി സ്വന്തം കാലത്തെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഹോബ്‌സ്.

ഇന്ന് ഇന്ത്യയിലാവട്ടെ സി.എ.എ പോലുള്ള ചില ചുരുക്കെഴുത്തുകളാണ്, സ്വന്തം ചരിത്രത്തിന്റെ ചങ്ക് തുളച്ച് കടന്നുപോകുന്നത്. ഇന്ത്യന്‍ ജനത പലതും കണ്ടവരാണ്, മുറിവുകളേറെ ഏറ്റവരാണ്, പൗരാവകാശങ്ങള്‍ പലതും നഷ്ടപ്പെട്ടവരാണ്, അതിനോടൊക്കെയും ഒരു പരിധിവരെ പെരുത്തപ്പെട്ടവരുമാണ്. അവ്വിധം മുമ്പേതന്നെ പരവശരീയ പൗരരെയാണ് ഇന്ത്യയിലിപ്പോള്‍ പൊടുന്നനെ പൗരത്വനഷ്ടഭീതിയിലേക്ക് നവഫാസിസ്റ്റ് ശക്തികള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. എത്ര പൗരാവകാശങ്ങള്‍ സർക്കാര്‍ എടുത്തുമാറ്റുമ്പോഴും അവസാനത്തെ അഭയവും ആശ്വാസവുമായി എന്നുമൊപ്പമുണ്ടാവുമെന്ന് നമ്മളുറപ്പിച്ച് കരുതിയിരിക്കുന്ന ആ പൗരത്വം തന്നെയാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. പൗരത്വനിഷേധം വധശിക്ഷയേക്കാള്‍ കൊടിയശിക്ഷയാണെന്ന് പ്രസ്താവിക്കുന്ന പുസ്തകം വധശിക്ഷ നടപ്പിലാക്കുന്നതോടെ അവസാനിപ്പിക്കുമെങ്കില്‍, പൗരത്വനഷ്ം അവസാനങ്ങളില്ലാത്ത പീഡനങ്ങളുടെ ആരംഭങ്ങള്‍ മാത്രമായി, മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും എന്തിന് പിറക്കാനിരിക്കുന്നവരെയും നിരന്തരം പിന്തുടരുമെന്നാണ് പുസ്തകം അനുവാചകന് പകര്‍ന്ന് തരുന്നത്.

Also read: സബ്രീന ലീക്ക് ഇന്ത്യൻ മുസ്ലിം ജനതയോട് പറയാനുള്ളത്

ഇന്ത്യയിലെ പൗരത്വനിയമങ്ങളോട് തന്നെ വഞ്ചനചെയ്തുകൊണ്ടാണ് 2019 ലെ പൗരത്വഭേദഗതി ബില്‍ നിലവില്‍ വന്നിട്ടുള്ളതെന്ന് വേണു അമ്പലപ്പടി തന്റെ ലേഖനത്തിലൂടെ വിവക്ഷിക്കുന്നത്. ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ നിന്ന് ബ്രാഹ്മണിക്കല്‍ ഇന്ത്യന്‍ ഫാസിസം എങ്ങനെയെല്ലാം കൈകൊണ്ടിരിക്കുന്നുവെന്ന് പി.കെ പോക്കര്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നു. പ്രജയില്‍ നിന്ന് പൗരനിലേക്കുള്ള ദൂരം ദേശരാഷ്ട്രങ്ങള്‍ പൗരനെ അടയാളപ്പെടുത്തുന്നവിധം സോഷ്യലിസം, സെക്യുലറിസം, എന്നിവയെ ഈ പൗരത്വബില്ലിലൂടെ എപ്രകാരമാണ് ഇന്ത്യന്‍ ഫാസിസം മനുസ്മൃതിയിലേക്കെത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. രണ്ടാം സ്വാതന്ത്ര്യസമരമെന്ന് ബേധ്യപ്പെടുത്തിയ ഈ ജനകീയ വിപ്ലവത്തിന്റെ നാള്‍വഴികള്‍, ജൈവികത, ഇതിന്റെ കര്‍തൃത്വം എന്നിവയെക്കൂടി ചര്‍ച്ചചെയ്തുകൊണ്ടാണ് ഈ ലേഖനസമാഹാരം അവസാനിക്കുന്നത്. അതുപോലെ കൃത്യമായി ഇന്ത്യന്‍ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലനില്‍പിന്റെ അളവുകോല്‍ ഉണര്‍ച്ചയുടെ അടയാളവും അനിവാര്യതയുമായും സി.എ.എ വിരുദ്ധസമരത്തില്‍ ഉണ്ടെന്ന് എന്‍.പി. ഹാഫിസ് മുഹമ്മദും ടി.മുഹമ്മദ് വേളവും അവരുടെ ലേഖനങ്ങളിലൂടെ പ്രസ്താവിക്കുന്നു. ഹസനുല്‍ബന്നയുടെ അസമിലെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി എഴുതിയ ലേഖനം കെ.ഇ.എന്നുമായുള്ള അഭിമുഖം, ആനന്ദിന്റെ കവിത, പി.കെ പാറക്കടവിന്റെ കൊച്ചുകഥകള്‍ എന്നിവയെല്ലാം ഈ പുസ്തകത്തെ വൈവിധ്യപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പ്രമുഖ എഴുത്തുകാരായ എം.പി. വിരേന്ദ്രകുമാര്‍, കെ.പി.രാമനുണ്ണി,എം.ജി.എസ് നാരായണന്‍, എന്‍.പി. ചെക്കുട്ടി, മുഹമ്മദ് താഹിര്‍, കെ.അഷ്‌റഫ് തുടങ്ങിയവരുടെ ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട്. ഈ പുസ്തകം ഒരാവര്‍ത്തിവായിച്ച് തീര്‍ത്ത് മാറ്റിവെക്കുമ്പോള്‍ നമ്മളും അറിയാതെ പറഞ്ഞുപോകും പോകാന്‍ മനസ്സില്ല. ഇതിലെ ഓരോ അക്ഷരങ്ങള്‍ക്കും തീച്ചൂളയുടെ ഗാംഭീര്യമുള്ളതിനാല്‍ ഈ പുസ്തകവായന ഈ കലുഷിതകാലത്ത് പ്രതിരോധപ്രവര്‍ത്തനവും സാംസ്‌കാരികദൗത്യവുമാണ്.

 

പോകാൻ മനസ്സില്ല
എഡിറ്റർ: കെ. ഇ. എൻ
പ്രസാധനം : വചനം ബുക്‌സ് 
വില : 150.00

 

Related Articles