Current Date

Search
Close this search box.
Search
Close this search box.

ദഹ് ലവിയുടെ നാൽപത് ഹദീസുകൾ

ഇന്ത്യയിലെ ഹദീസ് പ്രസ്ഥാനം പുഷ്കലമാവുന്നത് ശാഹ് വലിയ്യുല്ലാഹി ദ്ദഹ് ലവി (1114 – 1176 AH / 1703 – 1762 CE) യിലൂടെയും അദ്ദേഹത്തിന്റെ സന്താനങ്ങൾ, വിദ്യാർഥികൾ എന്നിവരിലൂടെയുമാണ്. ഹദീസിലെ മുതഖദ്ദിമീൻ (മുൻഗാമികളുടെ ), മുതഅഖ്ഖിറീൻ ( പിൻഗാമികൾ )എന്നീ ധാരകളിൽ മുൻഗാമികളുടെ ധാരക്ക് ധൈഷണിക ശക്തി പകർന്ന സ്കൂൾ ഓഫ് തോട്ടാണ് ദഹ് ലവി  സ്ക്കൂൾ ഓഫ് തോട്ട് .മുവത്വയുടെ സർവ്വകാല ആധികാരിക വിശദീകരണമായ മുസ്വഫ്ഫ ദഹ്ലവിയുടെ ഹദീസ് നിദാന കാഴ്ചപ്പാടുകളുടെ ആധികാരിക പ്രതിഫലനമാണ്. പിന്നീട് ദയൂബന്ധി മദ് റസയായി വികസിച്ചതും ഔനുൽ ബാരി അടക്കമുള്ള ഗ്രന്ഥ രചനകളിലേക്കെല്ലാം വളർന്നതും ഈ മുതഖദ്ദിമീൻ ധാര തന്നെ. അഹ് ലു റഅ്യെന്ന് ഹദീസിന്റെ അക്ഷര പാഠകർ ( ഹർഫി / സലഫി ധാര) ഓമനപ്പേരിട്ട് വിളിച്ച ഈ ചിന്താ പ്രസ്ഥാനം കൂടുതൽ ചേർന്നു നില്ക്കുന്നത് മുതഖദ്ദിമീൻ മദ്റസയോടാണ്. അക്ഷരപൂജകരായ മുതഅഖ്‌ഖിറുകളെ സംബന്ധിച്ചേടത്തോളം ദഹ്ലവിയുടെ നാല്പതല്ല നവവി (631 -676 AH/1233 -1277 CE) യുടെ നാല്പതു ഹദീസുകൾ പോലും ശൃംഖല കൊണ്ട് മുത്തസ്വിലാവില്ല എന്നുറപ്പാണ്.

Also read: ചരിത്രത്തില്‍ ഒരു മതരാഷ്ട്രമുണ്ട് … അതിനെ ഇസ് ലാം എതിര്‍ക്കുന്നു

വാർത്തകളുടെ ആധികാരികതയിൽ തുടങ്ങി തഖ്‌വയുടെ യാഥാർഥ്യം വിവരിക്കുന്നതടക്കമുള്ള 40 ഹദീസുകൾ തലവാചകങ്ങളായി ഇസ്ലാമിന്റെ ആത്മാവിനെ ലളിതമായി വിശദീകരിക്കുന്ന ശൈലിയാണ് ദഹ് ലവിയുടേത്. ഹദീസുകളുടെ ശൃംഖലയും സനദും പഠിക്കണമെന്നുള്ളവർ മറ്റു സ്രോതസ്സുകളിൽ നിന്ന് അത് കണ്ടെത്തട്ടെ . ഹദീസുകളുടെ അന്തരാത്മാവിനെ കണ്ടെത്താനുള്ളവർക്ക് അത്യാവശ്യം വയറ് നിറക്കുവാൻ പര്യാപ്തമായ സദ്യയാണ് ദഹ് ലവിയുടെ 40 ഹദീസുകൾ . മലയാളത്തിൽ പരാവർത്തനം നടത്തിയിട്ടുള്ളത് പ്രമുഖ പണ്ഡിതനും ആക്റ്റിവിസ്റ്റുമായ അബ്ദുൽ മജീദ് നദ്‌വിയാണ്. ജനാബ് അബ്ദുന്നാസിർ മഅ്ദനി ഉസ്താദ് ആമുഖവും റാസിഖ് റഹീം സാഹിബ് ആസ്വാദനാനുഭവവും എഴുതിയിട്ടുള്ള ഈ ഗ്രന്ഥം നവവിയുടെ നാല്പത് ഹദീസുകൾ രണ്ട് കൈയ്യും നീട്ടി വാങ്ങി ഏത് വിശ്വാസിയും നെഞ്ചിലേറ്റുമെന്നതിൽ രണ്ടു ഗ്രന്ഥങ്ങളുടേയും പഠിതാവായ കുറിപ്പുകാരന് തെല്ലും സംശയമില്ല. നാല്പത് ഹദീസുകൾ കാണാതെ പഠിക്കാൻ നിയ്യത്ത് ചെയ്തിട്ടുള്ളവർക്കും, ദൈർഘ്യം കാരണം അർബഈ ന്നവവ്വിയ്യ: മാറ്റി വെച്ചിട്ടുള്ളവർക്കും മത പാഠശാലകളിലെ പ്രാഥമിക ഹദീസ് പഠനത്തിനും വിഷയാധിഷ്ഠിതമായി ഹദീസ് പഠനം ഉദ്ദേശിക്കുന്നവർക്കുമെല്ലാം നിർദ്ദേശിക്കാവുന്ന ഒരു ലഘുകൃതിയാണിത്. കോഴിക്കോട് റീഡേഴ്സ് നെറ്റ് വർക്കാണ് പ്രസാധകർ. 112 പേജുള്ള പ്രസ്തുത ഗ്രന്ഥത്തിന് 85 രൂപയാണ് മുഖവില.

Related Articles