Book Review

സ്നേഹിക്കാനറിയാത്ത ലോകത്തെ കുറിച്ച് ഒരു ഫലസ്തീനിയുടെ വ്യാകുലതകള്‍

അധിനിവേശവും കുടിയേറ്റവും പോരാട്ടവും നാടുകടത്തലും ഫലസ്തീനിന്‍റെ മണ്ണില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സജീവമാകുമ്പോള്‍, ലോകഭാഷകളില്‍ വിരജിതമാകുന്ന ഫലസ്തീനി കുടിയേറ്റം പ്രമേയമാക്കിയുള്ള സാഹിത്യരചനകള്‍ പുതിയ ലോകക്രമത്തിന്‍റെ വ്യക്തമായ ചിത്രങ്ങളായാണ് നമുക്കു മുന്നില്‍ പിറന്നുവീഴുന്നത്. അമേരിക്കന്‍ എഴുത്തുകാരി ബെലിന്‍ ഫെര്‍ണാണ്ടസ്, അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ താമസിക്കുന്ന ഫലസ്തീനിയന്‍ എഴുത്തുകാരി സൂസന്‍ അബുല്‍ ഹവയുടെ എഗൈന്‍സ്റ്റ് ദി ലൗലസ്സ് വേള്‍ഡ്(സ്നേഹിക്കാനറിയാത്ത ലോകത്തിനെതിരെ) എന്ന നോവലിനെക്കുറിച്ച് മിഡില്‍ ഈസ്റ്റ് ഐയില്‍ എഴുതിയ വായനാനുഭവമാണിത്. നോവലിലെ ഫലസ്തീനി നായികയായ നഹര്‍ എന്ന പെണ്ണ് ഇസ്രയേലി കോടതിയില്‍ വിചാരണ നേരിടുമ്പോള്‍, സമ്പൂര്‍ണ ഹീബ്രു ഭാഷയില്‍ നടന്ന വിചാരണക്കൊടുവില്‍, ആരോപിതമായ കുറ്റത്തിന്‍റെ പേരില്‍ ജയിലില്‍ കടത്തുന്നത് തടയാന്‍ പോലും കഴിയാത്ത വിധം നിസ്സഹായയാവുന്ന കഥയാണ് നോവല്‍ ചര്‍ച്ചചെയ്യുന്നത്.

ഏകാന്തതയുടെ നോവ്
പുസ്തകം അവസാനത്തോടടുക്കുമ്പോള്‍ കോടതിമുറിയിലെ പെണ്‍കുട്ടിയുടെ വിചാരണയുടെ കഥപറച്ചിൽ തന്നെ നഹര്‍ എന്ന കഥാപാത്രം എത്രമാത്രം ഒറ്റപ്പെടലിന്‍റെ വേദന അനുഭവിച്ചറിഞ്ഞുവെന്ന് വായനക്കാരന്‍ തിരിച്ചറിയും. കോടതിമുറിയിലെ നഹറിന്‍റെ വിചിത്രമായ പെരുമാറ്റം അവിടെയുള്ള എല്ലാവരെയും അമ്പരപ്പിക്കുന്നു. ഇസ്രയേലിന്‍റെ കയ്യില്‍ തടവുകാരനായ തന്‍റെ ഭര്‍ത്താവ് ബിലാല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അറബി ഭാഷയില്‍ ചില കവിതകള്‍ പാടുന്നു. നഹര്‍ പറയുന്നു: ‘ഞാന്‍ ആദ്യം യമ്മാ മുവൈലല്‍ ഹവ എന്ന പാട്ടുപാടിത്തുടങ്ങി. ജഡ്ജി എനിക്ക് താക്കീതു നല്‍കി. അല്‍പസമയത്തിന് ശേഷം അബ്ദുല്‍ ഹലീം ഹാഫിളിന്‍റെ എനിക്കറിയാവുന്ന പാട്ടുകളെല്ലാം പാടി. ആദ്യം അന്ധാളിപ്പു പ്രകടിപ്പിച്ച ജഡ്ജ് പിന്നെ കോപാകുലയായി എന്‍റെയും അഭിഭാഷകരുടെയും എല്ലാ സദസ്യരുടെയും മുഖത്തു നോക്കി ഗര്‍ജിക്കുകയും എന്നെ മൗനിയാക്കാന്‍ പാറാവുകാരോട് ആജ്ഞാപിക്കുകയും ചെയ്തു’.
കോടതി മുറിയില്‍ വെച്ചുള്ള തന്‍റെ പാട്ടിലൂടെ തന്നെ, നോവലില്‍ അഭിസംബോധകനായി സംസാരിക്കുന്ന നഹര്‍ തന്‍റെ ജീവിതം വായനക്കാരനു മുന്നില്‍ ചുരുക്കി വിവരിക്കുന്നുണ്ട്. ‘കൊളോണിയല്‍ അധികാരകേന്ദ്രത്തില്‍ ഞാന്‍ അധിനിവേശം നടത്തിയിരിക്കുന്നു. ബന്ധനങ്ങള്‍ക്കകത്തു തന്നെ എന്നെ ഞാന്‍ സ്വതന്ത്ര്യയാക്കിയിരിക്കുന്നു. കോടതിമുറിയെ എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ ബന്ധിയാക്കിയിരിക്കുന്നു’. നഹറിന്‍റെ ഈ വാക്കുകള്‍ തന്നെ നോവലിന്‍റെ പ്രമേയത്തെ സമ്പൂര്‍ണമായി ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. കാരണം ‘എഗൈന്‍സ്റ്റ് ദി ലൗലസ്സ് വേള്‍ഡ്’ എന്ന പേരുതന്നെ കൊളോണിയലിസ്റ്റ് നോവലുകളോട് പരസ്യമായ വെല്ലുവിളിയുയര്‍ത്തുന്നതും ഫലസ്തീനിയന്‍ പ്രമേയം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതുമാണ്.

ഫലസ്തീനിയന്‍ അമേരിക്കന്‍ എഴുത്തുകാരിയായ സൂസന്‍ അബുല്‍ ഹവ അന്താരാഷ്ട്രതലത്തില്‍ തന്നെ മനുഷ്യാവകാശ വിഷയങ്ങളിലെ ശ്രദ്ധേയ ശബ്ദമാണ്. ഖുദ്സിലേക്ക് കുടുംബവേരുകള്‍ ചെന്നെത്തുന്ന അവര്‍ ‘ആകാശത്തിനും ജലത്തിനുമിടയിലെ നീല'(ദി ബ്ലൂ ബിറ്റ് വീന്‍ സ്കൈ ആന്‍റ് വാട്ടര്‍), ആദ്യത്തെ പ്രസിദ്ധ നോവലും ഫലസ്തീനിലെ അഭയാര്‍ഥി കുടുംബങ്ങളുടെ തലമുറകളെ കുറിച്ച് പറയുന്ന, മുപ്പത് ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുകയും ലോകവ്യാപകമായി മില്ല്യണ്‍ കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും ചെയ്ത ‘ജനീനിലെ പ്രഭാതങ്ങള്‍'(മോണിംഗ്സ് ഇന്‍ ജനീന്‍) എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ്. ഇസ്രയേലീ അധിനിവേശ ഭൂമിയില്‍ കഴിയുന്ന ഫലസ്തീനി വിദ്യാര്‍ഥികള്‍ക്കായി വിനോദകേന്ദ്രമെന്ന രീതിയിലുള്ള ‘മലാഇബു ഫിലസ്തീന്‍'(ഫലസ്തീന്‍ കളിമൈതാനങ്ങള്‍) എന്ന കൂട്ടായ്മയുടെ സ്ഥാപക കൂടിയാണവര്‍. തന്‍റെ ഗ്രന്ഥങ്ങളിലൂടെയും പരസ്യമായ ഇടപെടലുകളിലൂടെയും, നോവലിലെ സാങ്കല്‍പിക കഥാപാത്രമായ നഹറിനെ പോലെത്തന്നെ, ജനങ്ങള്‍ അവര്‍ക്കു നേരെയും പ്രയോഗിക്കുന്ന നിയമങ്ങളെയും വിധികളെയും പൂര്‍ണമായി അവഗണിക്കുകയാണ് സൂസന്‍. അതിന്‍റെ വലിയൊരു ഉദാഹരണമാണ് 2010 ല്‍ ഇസ്രയേലിന്‍റെ യുദ്ധക്കുറ്റങ്ങളെ അനുകൂലിക്കുന്ന അറ്റോര്‍ണി അലന്‍ ദേര്‍ഷോവിറ്റ്സിനെ ബോസ്റ്റണിലെ എഴുത്തുകാരുടെ ഒരു പ്രോഗ്രാമില്‍ വെച്ച് പരസ്യമായി അവര്‍ നേരിട്ടതും വാഗ്വാദത്തിനിടെ അവരുടെ വാദങ്ങളെ തകര്‍ത്തു കളഞ്ഞതും.

1948ല്‍ ഹൈഫയില്‍ നിന്ന് അഭയാര്‍ഥിയായി വന്ന നഹറിന്‍റെ മാതാവ്, രണ്ടാം തവണ 1967 ല്‍ അഭയാര്‍ഥിയായി ഭര്‍ത്താവിന്‍റെ കൂടെ ജോര്‍ദാന്‍ പുഴമാര്‍ഗം പ്രാണരക്ഷാര്‍ഥം രക്ഷപ്പെടുന്ന സമയത്ത് ഗര്‍ഭിണിയായിരുന്നു. ‘എന്‍റെ ഉമ്മ എന്നോട് പറഞ്ഞതായി ഞാനോര്‍ക്കുന്നു. ഞാനും നിന്‍റെ ഉപ്പയും പുഴ കടന്നുപോവുമ്പോള്‍, നമ്മെ ഇരുവരെയും വിഴുങ്ങാതെ സുരക്ഷിതമായി കരക്കെത്തിക്കുകയാണെങ്കില്‍ നിനക്ക് നഹര്‍(പുഴ) എന്ന പേരിടുമെന്ന് ഞാന്‍ ശപഥം ചെയ്തിരുന്നു. അങ്ങനെയാണെനിക്ക് നഹറെന്ന പേരു കിട്ടിയത്’.

Also read: സെൽഫ് എക്സ്‌പ്ലോറിങ്ങ് എന്നാൽ..

ഒരെഴുത്തുകാരിയായി കുവൈത്തില്‍ വളര്‍ന്ന നഹര്‍, വേശ്യാലയം നടത്തിയിരുന്ന ഉമ്മു ബുറാഖെന്നു പേരുള്ള കുവൈത്തിലെ ഒരു വൃദ്ധയായ സ്ത്രീയെ പരിചയപ്പെടുന്നു, ഒരു വിവാഹവേളയില്‍ നൃത്തം ചെയ്യുന്നതു കണ്ട നഹറിനെ അവര്‍ അടുത്തുപരിചയപ്പെടുന്നു, അതിജീവനത്തിനു വേണ്ടി ഒന്നും ചിന്തിക്കാതെ ഉമ്മു ബുറാഖിന്‍റെ സംഘത്തില്‍ ചേരുന്ന നഹര്‍ ആ ബന്ധങ്ങളുപയോഗിച്ച് തന്‍റെ ഭര്‍ത്താവിനെ യൂണിവേഴ്സിറ്റിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. ‘കിഴക്കന്‍ നൃത്തം’ എന്ന പേരറിയാത്ത സാധാരണക്കാര്‍ അരക്കെട്ടുകൊണ്ടുള്ള നൃത്തമെന്നു പേരുവിളിക്കുന്ന ആ കലയെക്കുറിച്ച് അബുല്‍ ഹവ എഴുതുന്നു: ‘തീന്‍മേശക്കു ചുറ്റും ഞങ്ങള്‍ നൃത്തം ചെയ്തു. അധികാരത്തിന് നേര്‍വിപരീതമാണത്. ശരീരത്തിനു മേലുള്ള അധികാരത്തെ ഉപേക്ഷിക്കല്‍, എല്ലാ ശരീരഭാഗങ്ങള്‍ക്കും സമ്പൂര്‍ണ സ്വാതന്ത്ര്യം വകവെച്ചകൊടുക്കല്‍.’

ഇറാഖിന്‍റെ കുവൈത്ത് അധിനിവേശ കാലത്ത് ഒരു കൂട്ടബലാത്സംഘത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട്, കുടുംബം വീണ്ടും ജോര്‍ദാനിലേക്ക് പലായനം ചെയ്ത സാഹചര്യത്തില്‍ 1990 ആഗസ്ത് 2 ന് ഉമ്മു ബുറാഖ് നഹറിനെ സഊദി സൈനിക ഓഫീസര്‍മാരുടെ ഒരു പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ അയക്കുന്നു. ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് താമസം മാറുകയെന്നതു മാത്രമാണ് കുടിയേറ്റക്കാര്‍ക്കു മുന്നിലുള്ള ഏകവഴിയെന്നും ഒരു ഭൂമിയും നമ്മുടെ കാല്‍ക്കീഴില്‍ സുസ്ഥിരമല്ല എന്നും നഹര്‍ തിരിച്ചറിയുന്നു. നഹറിന്‍റെ വിഷയത്തില്‍ സ്വാഭാവികമായും ഇസ്രയേലാണ് പ്രതിസ്ഥാനത്ത്. ഫലസ്തീനിന്‍റെ മണ്ണില്‍ നിന്ന് അവളെ അടര്‍ത്തി മാറ്റാനുള്ള ശ്രമങ്ങള്‍ക്കൊപ്പം അവളുടെ ഫലസ്തീനീ അസ്തിത്വത്തെ വിചാരണ ചെയ്യുക കൂടിയാണവര്‍. അതേസമയം, ഒമാനില്‍ നഹറിന്‍റെ മാതാവ് വിവാഹവസ്ത്രങ്ങള്‍ നെയ്തുകൊണ്ട് സ്വയം ഒരു പേരുണ്ടാക്കിയെടുക്കുകയായിരുന്നു. അതാണ് നഹറിനെ തെമ്മാടിത്തങ്ങള്‍ ഉപേക്ഷിച്ച് നന്നായി വരാന്‍ മാറിച്ചിന്തിപ്പിച്ചതും വിധവയായിട്ടും, പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടും മാതാവ് നേടിയെ നേട്ടങ്ങളെ അഭിമാനത്തോടെ ഓര്‍മിപ്പിച്ചതും. അപൂര്‍വസിദ്ധിയുള്ള ഒരു കലാകാരിയും സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും സൂക്ഷിപ്പുകാരിയും കൂടിയായിരുന്നു മാതാവ്.

നാട്ടിലേക്കു മടക്കം
ബിലാലുമായുള്ള നഹറിന്‍റെ രണ്ടാം വിവാഹം 1993ലെ ഓസ്ലോ ഉടമ്പടിക്ക് ശേഷം തീരുമാനിച്ചപ്പോഴായിരുന്നു ഫലസ്തീനിലേക്ക് തിരിച്ചുവരാനും മുന്‍ഭര്‍ത്താവിനെ മൊഴിചൊല്ലി പുതിയ ജീവിതം നയിക്കാനും അവള്‍ക്ക് അനുമതി ലഭിക്കുന്നത്. നാട്ടിലേക്കുള്ള മടക്കവഴിയില്‍ ഫലസ്തീന്‍ ജോര്‍ദാന്‍ അതിര്‍ത്തിയിലെ ആറു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനും പലവിധത്തിലുള്ള നിര്‍ബന്ധിത ചെക്കിംഗിനുമൊടുവില്‍ അതിര്‍ത്തി കടന്ന അവള്‍ പ്രകൃതി കാഴ്ചകള്‍ ആസ്വദിച്ച് ദീര്‍ഘനിശ്വാസം വിടുന്നു. ‘ചെറുപ്പകാലത്തെ യാത്രകളുടെ ഓര്‍മകള്‍, കുടുംബത്തോടും അയല്‍വാസികളോടുമൊപ്പമുള്ള കഥകള്‍ എല്ലാം അവിടെയുണ്ടായിരുന്നു. എന്‍റെ ഓര്‍മകളില്‍ നിന്ന് അപ്രത്യക്ഷമായിപ്പോയി എന്നു ഞാന്‍ കരുതിയവ പോലും അവിടെ എന്നെ വീണ്ടും ജീവിപ്പിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സ്വന്തം നാടുവിട്ടുപോയപ്പോള്‍ ഇനിയില്ല എന്നു കരുതിയ മുഹൂര്‍ത്തങ്ങള്‍ എന്നെ വാരിപ്പുണര്‍ന്നു.’

Also read: ധാര്‍മികത നാസ്തികതയില്‍

‘ഫലസ്തീനിന്‍റെ മണ്ണിലേക്കുള്ള തിരിച്ചുവരവ് സ്വന്തം മണ്ണിനെയും ചരിത്രത്തെയും അസ്തിത്വത്തെയും വീണ്ടെടുക്കുക കൂടിയാണ്. ഇവിടെ നിന്നാണ് ഞങ്ങള്‍ പ്രയാണമാരംഭിച്ചത്, നമ്മുടെ പോരാട്ട കവിതകള്‍ പിറന്നതും പ്രപിതാക്കള്‍ മറവുചെയ്യപ്പെട്ടതും ഇവിടെ തന്നെ. ഇവിടത്തെ ബാങ്കിന്‍റെ അലയൊലികള്‍ രോമകൂപങ്ങളെ എഴുന്നേറ്റു നിര്‍ത്തുന്നു, കണ്ണുകള്‍ ഇറുകിയടച്ചു, നമസ്കാരത്തിലേക്കുള്ള വിളിക്ക് ഉത്തരം നല്‍കി.’
ഭര്‍ത്താവ് ബിലാലിനോടും മാതാവിനോടുമൊപ്പം ജൂതന്മാര്‍ താമസിച്ചിരുന്ന പടിഞ്ഞാറന്‍ തീരത്തായിരുന്നു നഹര്‍ താമസിച്ചിരുന്നത്. കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇടങ്ങളിലൊക്കെ ജൂതന്മാര്‍ കടകള്‍ നിര്‍മിച്ചിരുന്നു. ഓസ്ലോ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഇസ്രയേലി ജയിലില്‍ നിന്ന് മോചനം നേടിയ ബിലാല്‍ ഭാര്യയെ പുതിയ തരം ചെടികളെയും അതിന്‍റെ ആരോഗ്യവശങ്ങളെയും പരിചയപ്പെടുത്തുന്നു. റുമ്മാന്‍ ചെടിയും സുഗന്ധമുള്ള സഅ്തര്‍ എന്നൊരു ചെടിയും അവരൊരുമിച്ചു പറിക്കുന്നു. സത്യത്തില്‍, ഫലസ്തീന്‍ ഭൂമിയുടെ കേന്ദ്രീകൃത സ്ഥാനം വ്യക്തമാക്കുന്നതിലും അവിടുത്തെ കൃഷിയെ പറ്റി പറയുന്നതിലും ഗ്രന്ഥകാരി നിസ്സംശയം വിജയിച്ചുവെന്നു പറയാം. കാരണം, ബ്രിട്ടീഷ് ചാനലിന്‍റെ ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഇസ്രയേലിന്‍റെ ഏതുവിധം ബോംബുവര്‍ഷങ്ങള്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത വിധത്തിലുള്ളതാണ് അവിടുത്തെ കര്‍ഷക പാരമ്പര്യമെന്ന വലിയൊരു സത്യത്തെയാണ് അത് അനാവരണം ചെയ്യുന്നത്. പല കുടുംബങ്ങളും സ്വന്തമായി നടത്തിയിരുന്ന ഒലീവ് തോട്ടങ്ങളായിരുന്നു ഇസ്രയേലീ സൈന്യത്തിന്‍റെയും മറ്റും സായുധ പോരാട്ടങ്ങളുടെയും ബോംബുവര്‍ഷങ്ങളുടെയും  ലക്ഷ്യസ്ഥാനം.

തന്‍റെ നശിച്ചുപോകാനിരിക്കുന്ന ബദാം മരങ്ങളെ രക്ഷിക്കാനായി രാത്രിയില്‍ നഹറിന്‍റെ സഹായത്തോടെ പൈപ്പു വഴി വെള്ളം അവിടെയെത്തിക്കാനും പ്രദേശത്തെ സൈന്യം ശ്രദ്ധിക്കാതിരിക്കാന്‍ കരിമരുന്ന് പ്രയോഗം നടത്താനും അവര്‍ക്കു സാധിച്ചു. ദൗര്‍ഭാഗ്യകരമെന്നോണം ഒരിക്കല്‍ പടക്കം ഉപയോഗിച്ചപ്പോള്‍ അവനെ പിടികൂടിയെങ്കിലും ബദാം മരങ്ങള്‍ വളരുക തന്നെയായിരുന്നു.

Also read: ചരിത്രങ്ങള്‍ പറയുന്ന വിശുദ്ധ ഖുര്‍ആന്‍

ജന്ദല്‍ എന്നു പേരുള്ള ആട്ടിടയനായിരുന്നു ബിലാലിന്‍റെ ആടുകളെ പരിപാലിച്ചത്. ഒരുദിവസം ഇസ്രയേല്‍ സൈന്യം ജന്ദലിനു മേല്‍ വെടിയുതിര്‍ത്തു. സ്വശരീരത്തെ അറിയുന്ന പോലെ ആ പ്രദേശത്തെ ഓരോ ഊടുവഴികളും പാരമ്പര്യവും അറിയാവുന്ന ജന്ദലിന്‍റെ വധത്തിലൂടെ പാരമ്പര്യത്തെ ഇല്ലാതാക്കല്‍ തന്നെയായിരുന്നു സൈന്യത്തിന്‍റെ ഉദ്ദേശ്യം.
പതിയെ ഘട്ടംഘട്ടമായി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങുന്ന നഹര്‍ അവസാനമായി തന്‍റെ കാലുകള്‍ പതിയുന്ന ഭൂമി ഫലസ്തീന്‍ തന്നെയാകുമെന്ന് അവള്‍ ശപഥം ചെയ്യുന്നു. പക്ഷെ, അപ്പോഴും അവളുടെ കുടുംബക്കാര്‍ ജോര്‍ദാനില്‍ തന്നെയായിരുന്നു. ‘ഞാന്‍ ഒരു ഫലസ്തീനിയാണെന്ന് പറയുമ്പോഴും പ്രിയപ്പെട്ട പലതും, പലരും പലയിടങ്ങളിലുമാണ്. കുടിയേറ്റത്തിന്‍റെ യഥാര്‍ഥ ഭീതിയാണിത്.’

സൂസന്‍ അബുല്‍ ഹവയുടെ ഈ നോവല്‍, വൈരുധ്യങ്ങള്‍ക്കിടയിലും മനുഷ്യത്വത്തിന്‍റെ പേരില്‍ ഒന്നിക്കുന്ന മനുഷ്യരുടെ കഥ കൂടിയാണ്. കമ്മ്യൂണിസ്റ്റ് വിശ്വാസിയായ പള്ളിയില്‍ പോകുന്ന ബിലാല്‍, തടവറയില്‍ വെച്ച് ലോകത്തെ കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചയെ കുറിച്ചു പറയാന്‍ വേണ്ടി പുസ്തകം ചോദിക്കുന്ന നഹര്‍ അങ്ങനെ പലതും.

Against the Loveless World
Susan Abulhawa (Author)
Publisher : Atria Books
Publish Date: August 25, 2020
Pages: 384
വിവ- മുഹമ്മദ് ശാക്കിര്‍ മണിയറ
Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker