Book Review

മികച്ച പ്രഭാഷകൻറെ ഗുണങ്ങള്‍

മനുഷ്യന്‍ ആദിമ കാലം മുതല്‍ക്കു തന്നെ തങ്ങളുടെ ചിന്തകളുടെ പ്രസരണത്തിനും പ്രതിരോധത്തിനും വേണ്ടി ഒരുപോലെ ഉപയോഗിക്കുന്ന മാര്‍ഗമാണല്ലോ വാക്ചാരുതയും അവതരണ മികവും. ഭാഷാപരവും സാഹിതീയവുമായ മികവുകള്‍ ഉപയോഗിച്ച്, സാധാരണക്കാര്‍ക്കു പോലും എല്ലാവരും കേള്‍ക്കാനാഗ്രഹിക്കുന്ന ഒരാളായി മാറാന്‍ സാധിക്കും. പ്രവാചകന്മാര്‍ അല്ലാഹുവിന്‍റെ ദീനിന്‍റെ സന്ദേശവാഹകരായിരുന്നു എന്നതുകൊണ്ടു തന്നെ, കേള്‍വിക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുതകുന്ന വിധത്തിലുള്ള അപാരമായ ഭാഷാപാടവം കൊണ്ട് അനുഗ്രഹീതരായിരുന്നു. നൂഹ് നബി(അ)യുടെ സമുദായം അദ്ദേഹത്തിന്‍റെ സംസാര സാമര്‍ഥ്യം അംഗീകരിക്കുകയും ദാവൂദ് നബി(അ)ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ തെളിമയുള്ള സംസാരം(ഫസ്വ്ലുല്‍ ഖിത്വാബ്) എടുത്തു പറഞ്ഞതും കാണാം. ചില മുഫസ്സീറുകള്‍ രേഖപ്പെടുത്തിയത് ഫസ്വ്ലുല്‍ ഖിതാബ് എന്നാല്‍ സത്യാസത്യങ്ങളുടെ ഇടയിലുള്ള വേര്‍തിരിവാണെന്നും മറ്റു ചിലര്‍ പറഞ്ഞത് ചുരുങ്ങിയ വാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളിലാണെന്നുമാണ്. മൂസാ നബി(അ) തന്‍റെ സംസാരത്തില്‍ ഒഴുക്കു നല്‍കാനും അവതരണമികവില്‍ തന്നെക്കാള്‍ മികച്ചു നില്‍ക്കുന്ന സഹോദരന്‍ ഹാറൂന്‍ (അ) നബിയെ കൂടെയയച്ച് തനിക്ക് ശക്തി പകരാനും അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ഖുര്‍ആനില്‍ കാണാം. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യോടും ജനങ്ങളോട് മാന്യമായി സംവദിച്ച് സ്നേഹസംവാദങ്ങളിലൂടെ അവര്‍ക്ക് മതത്തെ പരിചയപ്പെടുത്താന്‍ അല്ലാഹു പറയുന്നതായി കാണാം.

ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം
ഒന്നാമതായി, അവതരണത്തിലെ മികവിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. വര്‍ത്തമാന കാലത്ത് മുന്‍പെങ്ങും അഭിമുഖീകരിച്ചിട്ടില്ലാത്ത വിധം പ്രതിസന്ധികള്‍ പ്രഭാഷകന്മാരും വാഗ്മികളും നേരിടുന്നുണ്ട്. കാരണം, ഒരു വ്യക്തി തന്‍റെ നാട്ടിലെയോ പരിസരത്തെയോ പ്രധാനപ്പെട്ട ഒരു പ്രഭാഷകനെ കേള്‍ക്കുക എന്നതില്‍ നിന്ന് മാറി, ലോകവ്യാപകമായിട്ടുള്ള, വ്യത്യസ്ത ചിന്താധാരകളെ പ്രതിനിധാനം ചെയ്യുന്ന, ഉന്നതമായ ഭാഷാവൈഭവവും സംസ്കാരവും കൈമുതലുള്ള ആയിരക്കണക്കിനു പ്രഭാഷകന്മാരെ കേള്‍ക്കുക, വിലയിരുത്തുക എന്നിടത്ത് ഇന്ന് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. അല്ലാഹു നമുക്ക് ചെയ്ത മഹത്തായ ഒരനുഗ്രഹമാണ് വെള്ളിയാഴ്ചതോറുമുള്ള വിശ്വാസികളുടെ ഒത്തുകൂടല്‍. പക്ഷെ, സത്യത്തില്‍ ഇത്തരം കൂടിച്ചേരലുകള്‍ നമുക്ക് ഫലം ചെയ്തിട്ടുണ്ടോ? ജുമുഅ പ്രഭാഷണങ്ങള്‍ അതിന്‍റെ ദൗത്യം നിര്‍വഹിക്കുന്നുണ്ടെങ്കിലും അനിവാര്യമായതിലും വളരെ കുറഞ്ഞ രീതിയില്‍ മാത്രമാണത്. ചിലരുടെ പ്രഭാഷണ ശൈലികള്‍ അനുകരിക്കാനുള്ള ശ്രമവും വിഷയങ്ങളിലെ ആവര്‍ത്തനവും ചിലര്‍ തീരെത്തന്നെ അതിനെ പരിഗണിക്കാത്ത അവസ്ഥയുമൊക്കെയാണ് അതിന്‍റെ മൂലകാരണങ്ങള്‍.

Also read: ഇത്ര അനായസകരമായ ആരാധന വേറെ ഏതാണുള്ളത്?

പ്രഭാഷണങ്ങളില്‍ അനിവാര്യമായ പരിഷ്കരണങ്ങള്‍ വരുത്തുന്നത് അതിന്‍റെ പരിപൂര്‍ണതയുടെ അടയാളമല്ല, മറിച്ച്, പരിഷ്കരണങ്ങള്‍ തുടര്‍ച്ചയായി വരുത്തിക്കൊണ്ടേയിരിക്കണം. ജനങ്ങളുമായുള്ള സംവേദനത്തിന്‍റെ നിലവാരം മികവുറ്റതാവലും അവരിലത് സ്വാധീനം സൃഷ്ടിക്കലും സത്യത്തില്‍ ഒരു പൊതുവായ ആവശ്യമാണ്. ജീവിത ഇടപാടുകളിലെല്ലാമുള്ള വിജയത്തിന്‍റെ മാനദണ്ഡങ്ങളിലൊന്നാണ് വ്യക്തമായ ആവിഷ്കാരവും അവതരണവും. അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്കുള്ള പ്രബോധനമെന്നത് ഒരു പ്രത്യേക വിഭാഗത്തിന്‍റെ ജോലിയല്ല, മറിച്ച് എല്ലാ മുസ്ലിമിന്‍റെയും കൂട്ടുത്തരവാദിത്വമാണല്ലോ. പ്രമുഖ യൂണിവേഴ്സിറ്റികളുടെ കരിക്കുലത്തിലും ഉത്തമമായ, മാന്യമായ സംവാദ രീതികളുടെ മാതൃകകളും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

രണ്ടാമതായി, വ്യക്തിഗുണങ്ങളാണ്. ജനങ്ങള്‍ പ്രഭാഷകനില്‍ നിന്ന് കേള്‍ക്കുന്ന കാര്യങ്ങള്‍ വെച്ചാണ് അവരുടെ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നത്, അല്ലാതെ പ്രഭാഷകന്‍റെ രീതിയോ നിലപാടോ വെച്ചല്ല. ഭൂരിപക്ഷത്തിന്‍റെ മനസ്സില്‍ സ്വാധീനം ചെലുത്തുന്ന ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കാം.

ഒരു വ്യക്തി തന്‍റെ നാട്ടിലെയോ പരിസരത്തെയോ പ്രധാനപ്പെട്ട ഒരു പ്രഭാഷകനെ കേള്‍ക്കുക എന്നതില്‍ നിന്ന് മാറി, ലോകവ്യാപകമായിട്ടുള്ള, വ്യത്യസ്ത ചിന്താധാരകളെ പ്രതിനിധാനം ചെയ്യുന്ന, ഉന്നതമായ ഭാഷാവൈഭവവും സംസ്കാരവും കൈമുതലുള്ള ആയിരക്കണക്കിനു പ്രഭാഷകന്മാരെ കേള്‍ക്കുക, വിലയിരുത്തുക എന്നിടത്ത് ഇന്ന് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

1) പെട്ടെന്നുള്ള നടപടികളാണവ. കേള്‍വിക്കാര്‍ പിരിഞ്ഞുപോവുക, കറന്‍റ് പോവുക, ഉച്ചഭാഷിണി നിലയ്ക്കുക തുടങ്ങിയ അവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്ത്രപൂര്‍വമായ നീക്കങ്ങളാണ് പ്രഭാഷകന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്. ചിലപ്പോള്‍ മൗനം പാലിക്കലോ അല്ലെങ്കില്‍ അറിഞ്ഞില്ലെന്ന് നടിക്കലോ ഒക്കെയാവും അവിടെ അനുയോജ്യമായ രീതി.

Also read: ഹാഥറസിലെ ചുട്ടെരിച്ച ആ പെൺകുട്ടി…?

2) ശ്രോദ്ധാക്കളില്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരു ഘടകമാണ് പറയുന്ന വിഷയത്തിലെ ധൈര്യവും കൈമാറാന്‍ ആഗ്രഹിക്കുന്ന ചിന്തകളുമായുള്ള ആശയപ്പൊരുത്തത്തിലൂടെ രൂപപ്പെടുന്ന വികാരവും. വികാരങ്ങളില്ലാത്ത, മരവിച്ച മനസ്സോടെയുള്ള പ്രഭാഷണങ്ങള്‍ എത്ര മറച്ചുവെക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. പ്രഭാഷകന്‍റെ ഹൃദയങ്ങളില്‍ നിന്നുള്ള സംവേദനമാവുമ്പോള്‍ മാത്രമാണ് അത്തരം വികാരങ്ങള്‍ സ്വാഭാവികമായും ഉണ്ടാകുക. അതോടൊപ്പം വികാരം അതിരുവിട്ട് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയാതിരിക്കാനും അയാള്‍ ശ്രദ്ധിക്കണം.

3) പ്രഭാഷകന്‍ പ്രത്യക്ഷപ്പെടുന്ന വേഷവിധാനവും രീതിയും ശ്രോദ്ധാക്കളില്‍ സ്വാധീനം ചെലുത്തുന്ന ഘടകം തന്നെയാണ്. വസ്ത്രത്തിന്‍റെ വൃത്തിയും വെടിപ്പും ഒരാളില്‍ സ്വന്തത്തെ കുറിച്ചു തന്നെ വിശ്വാസവും മതിപ്പും ഉണ്ടാക്കുന്ന ഘടകങ്ങളാണ്. ജനങ്ങളില്‍ അധികപേരും, പ്രഭാഷകന്‍ തങ്ങള്‍ക്കിഷ്ടമുള്ളയാളാണെങ്കില്‍ അയാളുടെ ചെറിയ ചിന്തകളെപ്പോലും മടികൂടാതെ സ്വീകരിക്കുന്നവരാണ്. അതേസമയം, ഗൗരവമായ വിഷയമാണെങ്കില്‍ പോലും അവതരണത്തില്‍ വരുന്ന പാളിച്ചകള്‍ കാരണം ആ വിഷയത്തിന് കാര്യമായ പരിഗണന ലഭിക്കാതെ പോവുകയും ചെയ്യും. വര്‍ത്തമാനകാലത്തെ സംസ്കാരം രൂപത്തിന്‍റെയും രീതിയുടെയും ഘടനയുടെയും സംസ്കാരമാണല്ലോ. അതുകൊണ്ടു തന്നെ ഈ ഘടകങ്ങള്‍ അര്‍ഹിക്കുന്ന പരിഗണനയോടെ കാണേണ്ടതുമുണ്ട്.

4) കേള്‍ക്കുന്ന വിഷയങ്ങളില്‍ വ്യക്തത ആഗ്രഹിക്കുന്നവരാണ് ജനങ്ങള്‍. വിഷയത്തിന്‍റെ സാംസ്കാരികവും മറ്റുമായ പശ്ചാത്തലങ്ങള്‍ അറിയാന്‍ താത്പര്യമുള്ളവരാകും അവര്‍. പൊതുജനങ്ങള്‍ കൂടുതല്‍ അറിയാനിടയില്ലാത്ത വിഷയങ്ങളിലുള്ള, വാചാലമായ സംസാരമാണ്(ആവശ്യമില്ലാത്ത ചില വിഷയങ്ങള്‍ മറച്ചുവെച്ചാണെങ്കിലും) അതിനാവശ്യം. തന്‍റെ വ്യക്തിയനുഭവങ്ങളും വിജയക്കഥകളും ചിന്തകളും ഊഹങ്ങളുമൊക്കെ അതേരീതിയില്‍ അവിടെ പങ്കുവെക്കാവുന്നതാണ്.

5) വിജയകരമായ ഒരു പ്രഭാഷണമാവണമെങ്കില്‍ പ്രഭാഷകന്‍ ജനങ്ങളുമായി അടുപ്പം കാത്തുസൂക്ഷിക്കുന്ന, അവര്‍ക്കിടയില്‍ സ്വീകാര്യനായ ആളായിരിക്കണം. അല്ലാതെയുള്ള അയാളുടെ ഹൃദ്യമായ അവതരണവും സാഹിതീയ ഭാഷയും ചിലപ്പോള്‍ അവര്‍ക്കിടയിലെ അകല്‍ച്ച കൂട്ടാന്‍ മാത്രമേ സഹായിക്കൂ.

Also read: അൽപ്പമെങ്കിലും വിനീതരാവുക, സത്യം കണ്ടെത്താം

പിഴവുകളെക്കുറിച്ചു പറയുന്നിടത്ത് ശ്രോദ്ധാക്കളെ മാത്രം പഴിചാരാതെ കൂട്ടുത്തരവാദിത്വമായി കണ്ട്, ‘നിങ്ങള്‍’ എന്നതിനു പകരം ‘നമ്മൾ’ എന്നോ അല്ലെങ്കില്‍ നബി(സ)യുടെ വചനങ്ങളിലൊക്കെ കാണുന്ന തരത്തില്‍ ‘ഒരു സമൂഹം’ എന്നോ ഒക്കെ ഉപയോഗിക്കുന്നത് വലിയൊരളവില്‍ പ്രതിഫലനം സൃഷ്ടിക്കുന്നതാണ്. വളരെ ഗഹനവും ആഴമുള്ളതുമായ വിഷയങ്ങള്‍ ഖുതുബകളില്‍ അവതരിപ്പിക്കാതിരിക്കുകയാണ് നല്ലബുദ്ധി. ശ്രോദ്ധാക്കളെ പ്രഭാഷകനില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന മറ്റൊരു ഘടകമാണ് അഹങ്കാരം. ശ്രോദ്ധാക്കളുമായി വ്യക്തിബന്ധം സ്ഥാപിക്കാനും ഇടക്കിടെ അവരെ പേരുകള്‍ വിളിച്ച് അഭിസംബോധന ചെയ്യാനും സാധിച്ചാല്‍ വലിയൊരളവില്‍ ഇതിനു പരിഹാരം കാണാം.

6) ശബ്ദത്തിന്‍റെ ഗാംഭീര്യവും തെളിമയും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളാണ്. അതെങ്ങനെ കൃത്യമായി, ഫലപ്രദമായി, കേള്‍വിക്കാരനെ സ്വാധീനിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന വിധത്തില്‍ ഉപയോഗിക്കുന്നു എന്നിടത്താണ് പ്രഭാഷകന്‍റെ മിടുക്ക്. ഒരുപാട് കാരണങ്ങള്‍ കാണാം. പ്രധാനമായി, അര്‍ഥങ്ങളുടെയും ആശയങ്ങളുടെയും പ്രധാന കൈമാറ്റം നടക്കുന്നത് വാക്കുകളിലൂടെയാണെങ്കിലും ഏറ്റവും സ്വാധീനിക്കുന്ന ഘടകം അതല്ല. പഠനങ്ങള്‍ പ്രകാരം, ഒരു വ്യക്തിയുടെ ശബ്ദമാധുര്യവും വേഷവിധാനവും അയാളെക്കുറിച്ചുള്ള സങ്കല്‍പനിര്‍മാണത്തില്‍ 90% സ്വാധീനം ചെലുത്തുന്നു എന്നാണ്. ശബ്ദമാധുര്യത്തിനും ഗാംഭീര്യത്തിനും കൃത്യതവും ചടുലതക്കും നമ്മള്‍ പറയുന്നത് മറ്റുള്ളവര്‍ വിശദീകരിക്കുന്നിലേറെ 35% പ്രതിഫലനമുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

മറ്റൊന്ന്, ശബ്ദം എല്ലായ്പ്പോഴും ശ്രോദ്ധാക്കള്‍ക്ക് അനുയോജ്യമായ രീതിയിലാണോ എന്ന് ഉറപ്പു വരുത്തുകയാണ്. ഉയര്‍ന്ന ശബ്ദവും താഴ്ന്ന ശബ്ദവും ഒരുപോലെ കേള്‍വിക്കാരെ മടുപ്പിക്കുന്നതാണ്. പ്രഭാഷണം നടത്തുന്ന സ്ഥലത്തിനനുസരിച്ച് ഈ ശബ്ദത്തിന്‍റെ അളവില്‍ വ്യത്യാസങ്ങള്‍ വരാം. മറ്റൊരുകാര്യം, സംസാരത്തില്‍ വേഗതയ്ക്കും അവധാനതയ്ക്കും ഇടയിലുള്ള മാര്‍ഗം സ്വീകരിക്കുകയെന്നതാണ്. വേഗത്തിലുള്ള സംസാരം ജനങ്ങള്‍ക്ക് പിന്തുടര്‍ന്നു മനസ്സിലാക്കാന്‍ പ്രയാസമാണെങ്കില്‍ പതിയെയുള്ളത് അവരെ മടുപ്പിക്കുകയും ചെയ്യുന്നതാണ്. സംസാരത്തിനിടെ ആവശ്യമായ സ്ഥലത്ത് നിറുത്തി, കേള്‍വിക്കാരന് പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സാവകാശം നല്‍കുക എന്നതും പ്രധാനമാണ്.

Also read: കറുത്ത മുസ്‌ലിംകളുടെ ചരിത്രത്തെപ്പറ്റി അഞ്ച് പുസ്തകങ്ങൾ

മൂന്നാമതായി, വാചികമല്ലാത്ത ആവിഷ്കാരങ്ങളാണ്. പ്രഭാഷകന്‍റെ സാഹിത്യ ഭാഷ എത്ര ഉന്നതമാണെങ്കില്‍പോലും അതൊന്നും അദ്ദേഹത്തിന്‍റെ ചിന്തകള്‍ സ്വീകാര്യമാവാന്‍ കാരണമാവില്ല. മറിച്ച്, അയാളുടെ രൂപവും ഭാവവുമൊക്കെ അതില്‍ വലിയൊരളവില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഇവ്വിഷയകരമായ ചില നിരീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കാം.

1) വാചികമല്ലാത്ത ഘടകങ്ങള്‍ ഒരാളുടെ സംസാരത്തെ സ്വീകാര്യമാക്കുന്നതില്‍ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രൊഫസര്‍ ആല്‍ബര്‍ട്ട് മെഹ്റാബയാന്‍റെ പഠനപ്രകാരം ഒരു സന്ദേശം മൂന്നു വിധത്തിലാണ് സ്വീകാര്യമാവുക എന്നദ്ദേഹം പറയുന്നു. ശരീരഭാഷയുടെ സ്വാധീനം 55%, ശബ്ദമാധുര്യവും ശബ്ദത്തിന്‍റെ ഏറ്റവ്യത്യാസവും 38%, സംസാരം(പറയുന്ന കാര്യങ്ങള്‍) 12% എന്നിങ്ങനെയാണ് അദ്ദേഹം വിശദീകരിക്കുന്നത്. അഥവാ 93%ത്തോളം സ്വാധീനവും ശരീരഭാഷക്കും ശബ്ദമാധുര്യത്തിനുമാണെന്നര്‍ഥം. ചിലര്‍ ഇത്തരമൊരു കണക്കില്‍ വലിയൊരളവില്‍ അതിശയോക്തി രേഖപ്പെടുത്തിയതായും കാണാം.

2) ജനങ്ങള്‍ ഒരു വ്യക്തിയെക്കുറിച്ച് പരിശോധിക്കുമ്പോള്‍ ആ വ്യക്തിയിലെ ഗുണവശങ്ങള്‍ പരിശോധിച്ചാണ് ആരംഭിക്കുക. അങ്ങനെ അദ്ദേഹത്തെ ഇഷ്ടമാവുകയാണെങ്കില്‍ അദ്ദേഹത്തെ ആകൃഷ്ടനാക്കുന്ന ഘടകങ്ങളെ പരിശോധിക്കും. ആ ഘടകങ്ങളില്‍ വല്ലതും കൂടിച്ചേരുമ്പോഴാകും അയാളുടെ വാക്കുകള്‍ക്ക് കൂടുതല്‍ തിളക്കവും അര്‍ഥവും കൈവരുന്നത്. അപ്പോള്‍ പ്രധാനം, ശ്രോദ്ധാക്കള്‍ക്കു മുന്നില്‍ പോസിറ്റീവായ ഇംപ്രഷന്‍ ഉണ്ടാക്കാനുള്ള ശ്രമം നടത്തുക എന്നതാണ്.

3) പ്രസംഗങ്ങള്‍ക്കും ലക്ചറിംഗുകള്‍ക്കുമിടയിലെ ആംഗ്യങ്ങള്‍, ചലനം എന്നിവയില്‍ മിതത്വം പാലിക്കലും പ്രധാനമാണ്. ചലനത്തിലുള്ള കുറവ് വിഷയത്തിലെ പ്രാഗത്ഭ്യവും പ്രാവീണ്യവും വ്യക്തമാക്കുന്നതാണെങ്കിലും ചിലപ്പോഴത് അഹങ്കാരത്തിന്‍റെ അടയാളമായി മനസ്സിലാക്കാനിടയുണ്ട്. പൂര്‍വികള്‍ പ്രഭാഷകന്‍റെ ചലനങ്ങളെ വെറുക്കുന്നവരായിരുന്നു. എങ്കില്‍, അതിരു കവിയാതെയുള്ള മിതമായ രീതിയിലുള്ള ചലനങ്ങള്‍ ഇന്നത്തെ കാലത്ത് സ്വീകാര്യമാണ്. ജീവനില്ലാത്ത എന്തോ ഒന്നായി പ്രഭാഷകന്‍ മാറാതിരിക്കാനും ഇത് ഫലം ചെയ്യും.

Also read: പാശ്ചാത്യലോകത്തെ ഞെട്ടിക്കുന്ന കുടുംബശൈഥില്യങ്ങള്‍

4) വെറും ഭാഷ മാത്രം ആശയകൈമാറ്റത്തില്‍ കാര്യമായ പങ്കു വഹിക്കുന്നില്ല എന്നതുകൊണ്ടു തന്നെ പറയുന്ന കാര്യങ്ങള്‍ക്കനുസൃതമായ ആംഗ്യങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. അതോടൊപ്പം അമിതമായ ആംഗ്യങ്ങള്‍ കൊണ്ട് ശ്രോദ്ധാക്കളുടെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാനും വിരലുകള്‍ക്ക് പകരം ഉള്ളംകൈകള്‍ കൊണ്ട് ആംഗ്യം കാണിക്കാനും ശ്രദ്ധിക്കണം.

5) നമ്മുടെ നോട്ടങ്ങള്‍ക്ക് ആശയകൈമാറ്റത്തിലും ശ്രോദ്ധാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതിലും വലിയ പങ്കാണുള്ളത്. കണ്ണ് ആത്മാവിന്‍റെ കണ്ണാടിയാണ്, പരസ്പരം തര്‍ക്കിക്കുന്നവര്‍ക്കും സ്നേഹവര്‍ത്തമാനങ്ങള്‍ നടത്തുന്നവര്‍ക്കുമിടയില്‍ കണ്ണിന്‍റെ ദൗത്യം വളരെ വലുതാണ്. ഒരാളോട് സ്നേഹത്തോടെ സംസാരിക്കുമ്പോള്‍ സംസാരിക്കുന്ന സമയത്തിന്‍റെ 70% വും തര്‍ക്കിക്കുമ്പോള്‍ 40% വുമാണ് നമ്മുടെ നോട്ടം അയാളിലേക്ക് തിരിയുക. അപ്പോള്‍ പ്രഭാഷകന്‍ തന്‍റെ നോട്ടം സദസ്സിലെ ഏതെങ്കിലുമൊരു പ്രത്യേക സ്ഥലത്തേക്കോ ഒരു വ്യക്തിയിലേക്കോ ഒരു പ്രത്യേക സംഘത്തിലേക്കോ തിരിക്കാതിരിക്കുക എന്നത് പ്രധാനമാണ്.

6) ശ്രോദ്ധാക്കളുടെ ശ്രദ്ധ കൂടുതല്‍ പിടിച്ചുപറ്റാന്‍ നമ്മുടെ വികാരങ്ങള്‍ നമ്മള്‍ പറയുന്ന കാര്യങ്ങളോട് കൂറു പുലര്‍ത്തുന്ന രീതിയിലായിരിക്കണം. കാരണം ജനങ്ങള്‍ നോക്കുക പ്രഭാഷകന്‍റെ നിലപാടിലേക്കും പറയുന്ന കാര്യങ്ങള്‍ അയാള്‍ സ്വയം എത്രമാത്രം ഉള്‍ക്കൊള്ളുന്നു എന്നതിലേക്കും കൂടിയാണ്. ചില പ്രഭാഷണങ്ങള്‍ നടത്തുന്ന സമയത്ത് നബി(സ) തങ്ങളുടെ മുഖം ചുവന്നു തുടുത്ത്, ഒരു സൈന്യം അക്രമിക്കാന്‍ വരുന്നതായി മുന്നറിയിപ്പു കൊടുക്കുന്ന പോലെ അതികോപത്തോടെ തങ്ങള്‍ സംസാരിച്ചു എന്നൊക്കെ ഹദീസുകളില്‍ കാണാം.

പ്രഭാഷകന്‍റെ നിലപാട്, സംസാരിക്കുന്ന വിഷയം എന്നീ കാര്യങ്ങളാണ് അയാളുടെ വികാരത്തില്‍ കാര്യമായി പ്രതിഫലിക്കുക. ഭൂരിപക്ഷ പ്രഭാഷണങ്ങളിലും ഇത്തരം ഭാവങ്ങളുടെ സാന്നിധ്യം അനിവാര്യമാകും. ഇനി കര്‍മശാസ്ത്രപരമോ ശാസ്ത്രീയമോ നാഗരികമോ ആയ വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ ശാന്തതയോടെ, സംസാരത്തിന്‍റെ അലങ്കാരപ്രയോഗങ്ങളൊക്കെ ഒഴിവാക്കി ലളിതമായി വിഷയം അവതരിപ്പിക്കുകയാണ് അഭികാമ്യം. ശബ്ദമുയര്‍ത്തി സംസാരിക്കലും വികാരവിക്ഷോഭങ്ങള്‍ ഉണ്ടാകലും ഇന്ന് സര്‍വത്ര സ്വീകാര്യമല്ല, അതേസമയം, പുഞ്ചിരിയും തെളിഞ്ഞ മുഖത്തോടെയുള്ള സംസാരവും സന്തോഷം നിറയ്ക്കുന്ന വാര്‍ത്തകളും സര്‍വത്ര സ്വീകാര്യവുമാണ്.

നാലാമത്തെ കാര്യം, പ്രഭാഷകന്‍റെ സംസ്കാരമാണ്. പ്രഭാഷകന്‍റെ വിജയവും പ്രഭാഷണത്തിന്‍റെ സ്വാധീനവും കിടക്കുന്നത് പറയുന്ന വിഷയത്തില്‍ അയാള്‍ എത്രമാത്രം നിപുണനാണ്, വിഷയത്തിന്‍റെ ആഴവും പരപ്പുമറിഞ്ഞ് എത്ര മനോഹരമായി അയാള്‍ വിഷയം അവതരിപ്പിക്കുന്നു എന്നിടത്തു തന്നെയാണ്. കാരണം, സാങ്കേതിക വിപ്ലവം മൂലം, വളരെ ഗഹനമായ രീതിയില്‍ ആഴത്തില്‍ പഠിച്ചവതരിപ്പിക്കാത്ത വിഷയങ്ങള്‍ക്കൊന്നും ജനമനസ്സുകളില്‍ സ്വീകാര്യത ലഭിക്കുന്നില്ല എന്നതുതന്നെ.

Also read: സിറിയയിലെ റഷ്യന്‍ ഇടപെടലിന് അഞ്ച് വര്‍ഷം

ഈ വൈജ്ഞാനിക വിസ്ഫോടനത്തിന്‍റെ കാലത്ത് രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ സംഭവിക്കുകയുണ്ടായി. ഒന്നാമതായി, എല്ലാ മേഖലയിലും വിഷയങ്ങളിലുമുള്ള വിഷയങ്ങളുടെ സുതാര്യമായ ലഭ്യത. രണ്ടാമതായി, ജനങ്ങളുടെ വൈജ്ഞാനിക നിലയിലുള്ള പുരോഗതിയും വ്യത്യസ്ത പ്രഭാഷണ രീതികളും ശൈലികളും വിലയിരുത്താനുള്ള അവരുടെ കഴിവും. അതുകൊണ്ടു തന്നെ, നല്ലൊരു പ്രഭാഷകന്‍ സാംസ്കാരികമായും വിഷയസംബബന്ധമായും നല്ല നിലവാരം വെച്ചുപുലര്‍ത്തുന്ന ആളായിരിക്കണം. വിഷയത്തില്‍ ആഴത്തിലുള്ള അറിവുണ്ടാകുന്നതോടൊപ്പം കേള്‍വിക്കാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുന്ന രീതിയില്‍ വിഷയം കൂട്ടിക്കുഴച്ച് അവതരിപ്പിക്കാതിരിക്കുക, സമകാലിക പ്രാധാന്യമുള്ള അനുയോജ്യമായ വിഷയങ്ങള്‍ തെരഞ്ഞെടുക്കുക എന്നതുകൂടി പ്രധാനമാണ്.

 

വിവ- മുഹമ്മദ് ശാക്കിര്‍ മണിയറ

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker