Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വ വികാസത്തിന്റെ ധാര്‍മിക പാഠങ്ങള്‍

vyakthitha.jpg

പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് മേളകളുടെ കാലമാണല്ലോ ഇത്. എങ്ങനെ ചിരിക്കണം/നടക്കണം/സംസാരിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ കോഴ്‌സുകളും ക്ലാസുകളുടെ വിഷയങ്ങളുമായി മാറിയിരിക്കുന്നു. എന്നാല്‍ ധാര്‍മികതക്ക് വലിയ സ്ഥാനമില്ലാത്ത കേവലം ബാഹ്യമോടികളാണ് അവയിലൂടെ സമര്‍പ്പിക്കപ്പെടുന്നത്. ഇന്ന് വ്യാപക പ്രചാരം സിദ്ധിച്ചിട്ടുള്ള വിജയത്തിന്റെയും വികാസത്തിന്റെയം മന്ത്രങ്ങള്‍ പാശ്ചാത്യമൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടതായതിനാല്‍ ഇസ്‌ലാമിക അടിത്തറയിലുള്ള വ്യക്തിത്വ രൂപീകരണവും വികാസവും വിജയവും അതില്‍ വിഷയീഭവിക്കാത്തത് സ്വാഭാവികം. അതുകൊണ്ടു തന്നെ ശൈഖ് മുഹമ്മദ് കാരക്കുന്ന് രചിച്ച വ്യക്തിത്വ രൂപീകരണം ഇസ്‌ലാമിക അടിത്തറയില്‍ എന്ന കൃതിക്ക് സമകാലിക ലോകത്ത് ഏറെ പ്രസക്തിയുണ്ട്.

ഈ കൃതിയുടെ ആമുഖത്തില്‍ ഗ്രന്ഥകാരന്‍ എഴുതുന്നു: ‘വ്യക്തികളുടെ കൂട്ടായ്മയാണല്ലോ സമൂഹം. വ്യക്തികള്‍ മാറാതെ കുടുംബമോ സമൂഹമോ ലോകമോ മാറുകയില്ല. വ്യക്തികള്‍ വിശുദ്ധരും കുടുംബം ഭദ്രവും സമൂഹം സുരക്ഷിതവും രാഷ്ട്രം ക്ഷേമപൂര്‍ണവും ലോകം നീതിപൂര്‍വകവും പ്രശാന്തവുമാകണമെന്ന്  ഏവരും ആഗ്രഹിക്കുന്നു. വ്യക്തികള്‍ നന്നാവാതെ ഇതൊന്നും സാധ്യമല്ലെന്ന് സമ്മതിക്കുന്നു. അതോടൊപ്പം, സ്വയം മാറാന്‍ വിസമ്മതിക്കുന്നു. മനസ്സ് മാറിയാലേ മനുഷ്യന്‍ മാറുകയുള്ളൂ. അതിനാല്‍, മനസ്സിനെ ഏങ്ങനെ മാറ്റിയെടുക്കാമെന്നതാണ് പരമപ്രധാനം. ഇന്നുള്ളതിനേക്കാള്‍ നല്ല നാളെയെ സൃഷ്ടിക്കാന്‍ നമുക്കെന്ത് ചെയ്യാനാവും? ഈ അന്വേഷണമാണ് ഈ കൃതി നിര്‍വഹിക്കുന്നത്.’

4 വാള്യങ്ങളിലായി 615 പേജുകളുള്ള ഈ കൃതിയില്‍ 77 വിഷയങ്ങള്‍ ഖുര്‍ആന്റെയും ഹദീസിന്റെയും ചരിത്രത്തിന്റെയും അകമ്പടിയോടെ ഹൃദ്യവും ലളിതവും സുന്ദരവുമായി ചേര്‍ത്തുവെച്ചിട്ടുണ്ട്. ആയത്തുകളുടെയും ഹദീസുകളുടെയും അറബി മൂലവും ഉള്‍പ്പെടുത്തിയിരിക്കുന്നത് ക്ലാസുകളും ഖുത്വ്ബകളും നിര്‍വഹിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ധാര്‍മിക പുരോഗതി ആഗ്രഹിക്കുന്ന, സ്ത്രീ പുരുഷ ഭേദമന്യേ മുസ്‌ലിം സമൂഹത്തിലെ ഓരോ അംഗവും വായിച്ചിരിക്കേണ്ട കൃതികളിലൊന്നാണിതെന്ന് നിസ്സംശയം പറയാം.

കോഴിക്കോടുള്ള വചനം ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാല് ഭാഗങ്ങളുള്ള ഇതിന് 530 രൂപയാണ് മുഖവില നിശ്ചയിച്ചിരിക്കുന്നത്.

Related Articles