Current Date

Search
Close this search box.
Search
Close this search box.

വിവാഹച്ചന്തയിലെ കാലികള്‍

dowry.jpg

നമ്മുടെ നാട്ടിലെ സാമൂഹ്യ ദുരാചാരങ്ങളില്‍ ഏറെ അപകടങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണല്ലോ സ്ത്രീധനം. ജനിച്ചത് പെണ്‍കുഞ്ഞാണെന്നറിയുമ്പോള്‍ മുഖം മ്ലാനമാവുന്ന ജാഹിലിയ്യത്തിന് ഇന്ന് മുസ്‌ലിംകളിലേക്ക് പ്രവേശനം നല്‍കിയത് അതാണ്. അത് എത്രയോ ദരിദ്ര കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തി. നിരവധി മാന്യന്‍മാരെ യാചകരാക്കി. അനവധി പീഡിതരായ ദുര്‍ബലമനസ്‌കരെ ആത്മഹത്യയിലേക്ക് നയിച്ചു. പലരും ക്രൂരമായ പീഡനങ്ങള്‍ സഹിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു. പല പെണ്‍കുട്ടികളെയും ദീന്‍ കൈയൊഴിച്ച് ആരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചു. ഒരുപാട് നിഷ്‌കളങ്ക സഹോദരിമാര്‍ക്ക് ജീവിതം നിഷേധിച്ചു. കല്യാണവീരന്‍മാര്‍ക്ക് തട്ടിപ്പ് നടത്താനുള്ള അവസരങ്ങള്‍ തുറന്നിട്ടുകൊടുത്തു. അന്തസ്സുറ്റ കുടുംബങ്ങളുടെ അഭിമാനം നശിപ്പിച്ചു. പണക്കാരെയും അവരുടെ സ്ത്രീകളെയും പൊങ്ങച്ചപ്രകടനക്കാരും അഹങ്കാരികളും ലോകമാന്യക്കാരും കുറ്റവാളികളുമാക്കി.

തന്റെ മകള്‍/സഹോദരി വളര്‍ന്നു വലുതാവുമ്പോള്‍ അവള്‍ക്കൊരു വരനെ വാങ്ങിക്കൊടുക്കണമല്ലോ എന്ന ചിന്തയാല്‍ ഉറക്കവും വിശ്രമവും നഷ്ടപ്പെടുന്നവര്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കാലിച്ചന്തയില്‍ കാലികള്‍ക്ക് വിലപേശും പോലെ ഏറ്റവും കുറഞ്ഞ സംഖ്യക്ക് കിട്ടുന്ന വരനെ തിരയുകയാണ് ഇന്ന് സമൂഹം.
വരനും വധുവും വലിയ്യും മഹ്‌റും രണ്ട് സാക്ഷികളുമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്ന വിവാഹത്തിലെ ഘടകങ്ങള്‍. അഥവാ വധുവിനോ അവളുടെ വീട്ടുകാര്‍ക്കോ യാതൊരു ചിലവും ഏല്‍പിക്കാത്ത കര്‍മം. അതിനെ ഒരു പേടിസ്വപ്നമാക്കിയതില്‍ മുസ്‌ലിം മതാചാര്യന്‍മാരുടെ പങ്ക് ചെറുതല്ല. പള്ളിയിലേക്ക് കമ്മീഷന്‍ കിട്ടുമെന്നതിനാല്‍ ഏത് സ്ത്രീധന വിവാഹത്തിനും കാര്‍മികത്വം വഹിക്കാന്‍ അവര്‍ തയ്യാറാവും. പ്രസിദ്ധ കവിയായ ഹാഫിള് ഇബ്‌റാഹീം ഇത്തരം പണ്ഡിതന്‍മാരെ വിമര്‍ശിക്കുന്നത് നോക്കൂ:

‘എത്രയെത്ര പണ്ഡിതന്‍മാരാണ് തന്റെ വിജ്ഞാനം കൊണ്ട് കെണികള്‍ ഒരുക്കിയിട്ടുള്ളത്; ആളുകളെ ചതിയില്‍ വീഴ്ത്താന്‍, ഭിന്നിപ്പും ശൈഥില്യവുമുണ്ടാക്കാന്‍………. എത്രയെത്ര പണ്ഡിതന്മാരാണ് കുതന്ത്രങ്ങള്‍ മെനയാന്‍ അല്ലെങ്കില്‍ ത്വലാഖ് അനുവദനീയമാക്കാന്‍ തന്റെ പാണ്ഡിത്യത്തെ തയ്യാറാക്കി നിര്‍ത്തുന്നത്. ടവര്‍പോലുള്ള തലപ്പാവും നാട്ടിവെച്ച് അവരങ്ങനെ വിലസുകയാണ്.  കാപട്യത്തിന്റെ കുന്നിന്‍പുറത്താണ് അത് നാട്ടിയിരിക്കുന്നതെന്ന് മാത്രം!’

നാല് കാര്യങ്ങള്‍ അടിസ്ഥാനമാക്കി സ്ത്രീ വിവാഹം ചെയ്യപ്പെടാറുണ്ടെന്ന ഹദീസില്‍ ദീനിന് മുന്‍ഗണന നല്‍കി വിജയിക്കുന്നവരില്‍ ഉള്‍പ്പെടുക എന്ന പ്രവാചകനിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറാകുന്നവര്‍ എത്രപേരുണ്ട് നമുക്കിടയില്‍? പരസ്യമായി സ്ത്രീധനം വാങ്ങുന്നില്ലെങ്കിലും ബാക്ഗ്രൗണ്ട് പരിശോധിച്ച് വിവാഹം ഉറപ്പിക്കുന്നവരല്ലേ പലരും? വധുവിന്റെ കുടുംബത്തെ കണ്ണീര്‍കയത്തിലാഴ്ത്തി സ്ത്രീധനം വാങ്ങി അതില്‍ നിന്ന് ഒരുവിഹിതം മഹ്‌റിനും വസ്ത്രത്തിനും ബാക്കി വിവാഹച്ചിലവുകള്‍ക്കും വിനിയോഗിക്കുന്ന മാന്യന്‍മാരുടെ മുഖംമൂടി വലിച്ചുകീറാനുളള സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തെ ബാധിച്ച ഈ അര്‍ബുദത്തിനെതിരെ, പെണ്‍കുട്ടികളുണ്ടായ കാരണത്താല്‍ രക്ഷിതാക്കളെ തെണ്ടാനയക്കുന്ന സാമൂഹ്യവ്യവസ്ഥക്കെതിരെ, പെണ്‍മക്കള്‍ ഐശ്വര്യമാണെന്ന നബിവചനം കാറ്റില്‍ പറത്തി വിവാഹമാര്‍ക്കറ്റില്‍ വിലപേശുന്ന നാട്ടാചാരത്തിനെതിരെ പ്രമാണസഹിതം സ്ത്രീധനത്തിലെ അനിസ്‌ലാമിക തുറന്നുകാട്ടുന്ന പുസ്തകമാണ്  രചിച്ച   ചേറൂര്‍ അബ്ദുല്ല മുസ്‌ല്യാര്‍  ‘സ്ത്രീധനം’. പുസ്തകത്തിന്റെ അവസാനഭാഗത്ത് ചേര്‍ത്ത സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ടി.എസ്. കെ തങ്ങള്‍ ബുഖാരി, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍ എന്നിവരുടെ സ്ത്രീധന വിരുദ്ധ ലേഖനങ്ങള്‍ ഈ പുസ്തകത്തെ പ്രൗഢമാക്കുന്നു. ക്ലാവ് പിടിച്ച ചട്ടങ്ങളെ മാറ്റിപ്പണിയാല്‍ പ്രതിജ്ഞാബദ്ധമായ മുസ്‌ലിം സമൂഹം ഇവിടെ നിശ്ശബ്ദരായാല്‍ അതിന്റെ പ്രത്യാഘാതം ചെറുതായിരിക്കില്ല എന്ന് ഈ പുസ്തകം താക്കീത് നല്‍കുന്നു.

പ്രസാധനം: പൂങ്കാവനം ബുക്‌സ്, മര്‍കസ് കോംപ്ലക്‌സ്, കോഴിക്കോട്
പേജ്:120   വില: 40

Related Articles