Current Date

Search
Close this search box.
Search
Close this search box.

മരുഭൂമിയുടെ ആത്മകഥ

desert.jpg

മരുമരങ്ങള്‍ക്ക് മാത്രം അനുഭവിക്കാനാവുന്ന അദൃശ്യമായ മഴയെ കുറിച്ചുള്ള വിവരണത്തോടെയാണ് വി. മുസഫര്‍ അഹ്മദിന്റെ ‘മരുമരങ്ങള്‍’ എന്ന പുസ്തകം ആരംഭിക്കുന്നത്. അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിയെന്ന മണല്‍ സാഗരത്തില്‍ ആകാശത്തു നിന്നൊരു മഴത്തുള്ളി പതിച്ചാല്‍ ആരു കാണാന്‍. എന്നാല്‍ ഈ മഴത്തുള്ളി പതിക്കുന്നത് ഒരു ഗാഫ് മരത്തിന്റെ മുകളിലാണെങ്കില്‍ ഗ്രാമീണരായ ബദവികള്‍ ഈ പ്രാപഞ്ചിക ദൃഷ്ടാന്തത്തെ തിരിച്ചറിയും. കാരണം, ഒരു മഴത്തുള്ളി ആ ചില്ലകളില്‍ പതിച്ചാല്‍ അവിടെ ഒരു ഇല നാമ്പിടും. വരണ്ട് ശുഷ്‌കിച്ച അതിന്റെ ചില്ലകളില്‍ ആ ഒരിറ്റു ജലം തീര്‍ക്കുന്ന കുളിര്‍മ നമ്മുടെ വന്യമായ ഭാവനകള്‍ക്കും അപ്പുറമായിരിക്കാം. അപ്പോള്‍ എത്ര പ്രതീക്ഷയോടെയായിരിക്കും ഈ മരുമരങ്ങള്‍ തങ്ങള്‍ക്കു വേണ്ടി പതിക്കുന്ന മഴത്തുള്ളികള്‍ക്കായി കാത്തിരിക്കുന്നത്. ചിലപ്പോള്‍ ഒരു ഇലയുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും വരണ്ടുണങ്ങിയ മരത്തടിയില്‍ ഒരു നനുത്ത ഹരിത രേഖയെങ്കിലും തീര്‍ത്താണ് മഴത്തുള്ളികള്‍ ആറിയടങ്ങുന്നത്. അതിജീവനത്തിന്റെ വലിയ പാഠങ്ങളാണ് തലകുനിക്കാത്ത ഈ മരങ്ങള്‍ മനുഷ്യന് നല്‍കുന്നത്. ഇങ്ങനെ മഴയും മരങ്ങളും ജീവജാലങ്ങളും ഭൂമിയുമൊക്കെ നിറയുന്ന വ്യത്യസ്തമായ വായനാനുഭവമാണ് മുസഫര്‍ അഹ്മദിന്റെ ‘മരുമരങ്ങള്‍’.

യാത്രയുടെ മുഷിപ്പും ക്ഷീണവും പ്രകടമാകുന്ന യാത്രവിവരണ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലുള്ള ഒന്നല്ല ‘മരുമരങ്ങള്‍’. ജീവിതത്തിലെ ഒരു സീനില്‍ മാത്രം മിന്നിമറയുന്ന, എന്നാല്‍ ഒരു ഫ്രെയ്മിലും ഒതുങ്ങാത്ത മനുഷ്യരും കാഴ്ചകളുമാണ് ഈ പുസ്തകം നിറയെ. ചരിത്രവും ഭൂമിശാസ്ത്രവും വാസ്തുകലയും സാഹിത്യവും ആത്മീയതയും മതവുമെല്ലാം ഈ പുസ്തകത്തിന്റെ മേച്ചില്‍പുറങ്ങളാണ്. ജീവനുള്ളതും ജീവനില്ലാത്തതും യഥാര്‍ത്ഥവും സാങ്കല്‍പികവും ദൃശ്യവും അദൃശ്യവുമായ വസ്തുക്കളും കാര്യങ്ങളും നമ്മുടെ മനസ്സില്‍ ഇത് കോറിയിടുന്നു. മരുഭൂമിയിലെ സൂര്യാസ്തമനത്തിന്റെ വിദൂരകാഴ്ചയും ആട്ടിടയന്മാരുടെ പതിഞ്ഞ വായ്ത്താരികളും ഒട്ടകച്ചാണകത്തിന്റെ രൂക്ഷ ഗന്ധവും ഈ പുസ്തകത്തില്‍ നിന്ന് വമിക്കുന്നതായി നമുക്ക് അനുഭവപ്പെടും. വിഷാദ കാമുകനെ പോലെ വീശിയടിക്കുന്ന മരുക്കാറ്റ് പശ്ചാത്തല സംഗീതമൊരുക്കുന്ന ഈ മരുഭൂമികള്‍ ഏകാന്തതയുടെ ശാന്തതീരങ്ങളാണ്.

അബൂദാബിയിലെ ലിവാ മരുഭൂമിയുടെ താഴ്‌വരയില്‍ ജനശൂന്യമാക്കപ്പെട്ട ഒരു പ്രദേശമുണ്ട്. അവിടെ ഇപ്പോള്‍ കടുംപച്ച ഇലകള്‍ കൊണ്ട് മേലാപ്പ് തീര്‍ത്തിരിക്കുന്ന ഒരു വലിയ മരം മാത്രമാണുള്ളത്. എഴുത്തുകാരന്‍ വിഷാദ ഭാവത്തോടെ കുറിക്കുന്നു: ”ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ട ഈ പ്രദേശങ്ങളില്‍ നിന്നൊക്കെ ശ്മശാന സമാനമായ ഒരു പഴകി ദ്രവിച്ച ഗന്ധമാണ് പുറപ്പെടുന്നത്”. എന്നാല്‍ റുബ്ഉല്‍ ഖാലിയിലെ വടവൃക്ഷങ്ങളെ നോക്കി വളരെ ആവേശത്തോടെ എഴുത്തുകാരന്‍ പറയുന്നു, ”അവ വളരെ അഭിമാനത്തോടെ തങ്ങളുടെ ശിഖരങ്ങള്‍ പടര്‍ത്തി തലയുയര്‍ത്തി നില്‍ക്കുന്നു. നിബിഡമായ മഴക്കാടുകളാണെന്ന് സ്വയം കരുതുന്നത് പോലെ”. ഒരു പുല്‍ക്കൊടിയുടെ ആത്മഗതം പോലും വായനക്കാരനോട് പങ്കുവെച്ചുകൊണ്ടാണ് മുസഫര്‍ അഹ്മദ് മരുഭൂ മണ്ണിലൂടെ വേച്ചു നടക്കുന്നത്.

”മരുഭൂമിയിലെ ജീവിതം ജനങ്ങളുടെ ചിന്താഗതിയെ സ്വാധീനിക്കില്ലേ?”, നീണ്ട ഇരുപത് വര്‍ഷമായി മരുഭൂമിയില്‍ ഏകാന്ത ജീവിതം നയിക്കുന്ന ഫൈസുല്ലയുടെ മറുപടി ഒരു ചിരിയായിരുന്നു. ”ഏകാന്തവാസം നയിക്കാന്‍ മരുഭൂമിക്കാണ് ഭയം. അത് മനുഷ്യരോടും മരങ്ങളോടും ഒട്ടകങ്ങളോടും മാനുകളോടും കുശലാന്വേഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. അതിന് കൂട്ടുനല്‍കാനാണ് ഞാന്‍ ഇവിടെ കഴിയുന്നത്.” ഫൈസുല്ല മരുഭൂമിയുടേത് മാത്രമായ തത്വശാസ്ത്രം പങ്കുവെക്കുമ്പോള്‍ മനുഷ്യരും മൃഗങ്ങളും മരങ്ങളും ഭൂമിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞില്ലാതാവുന്നത് പോലെ. മരുഭൂമിയുടെ കടും മഞ്ഞ നിറത്തിലുള്ള ചിത്രങ്ങളുടെ ഒരു കൊളാഷാണ് ‘മരുമരങ്ങള്‍’ എന്നു തോന്നുന്നു. പാറകളും നദികളും കാടുകളും കെട്ടിടങ്ങളും കടന്നുപോകുമ്പോഴും പക്ഷിക്കൂടുകളും അലഞ്ഞുതിരിയുന്ന ഒട്ടകങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളും മണ്ണിടിഞ്ഞ ശവക്കുഴികളുമെല്ലാം കാഴ്ചയുടെ ഭാഗമാകും. കണ്ണുകളുടെ യാത്രക്കൊപ്പം തന്നെ ഇത് മനസ്സിന്റെയും ആത്മാവിന്റെയും യാത്ര കൂടിയാണ്. നിരവധി പുതിയ പുതിയ ഉത്തരങ്ങള്‍ ഈ പുസ്തകം വായനക്കാരന് നല്‍കുമെങ്കിലും ഉത്തരം കിട്ടാത്ത ആയിരമായിരം ചോദ്യങ്ങള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കും. ആത്മീയത മുറ്റി നില്‍ക്കുന്ന ഒരു തപോവനമാണ് മരുഭൂമി എന്ന് പുസ്തകം വായിച്ചു കഴിയുമ്പോള്‍ വായനക്കാരന് ബോധ്യമാവും. കാരണം, ആത്മാവിന്റെ ഏകാന്ത സഞ്ചാരപാതകളാണ് മരുഭൂമികള്‍. വരണ്ടുണങ്ങിയ മരുഭൂമിയുടെ വിരിമാറ് കുഴിച്ചെടുത്ത് ഈര്‍പ്പവും നനവുമുള്ള ചിന്തകള്‍ കൈമാറുന്ന എഴുത്തുകാരന്റെ രചനാവൈഭവത്തില്‍ വായനക്കാരന്‍ അത്ഭുതം കൂറാതിരിക്കില്ല.

‘മരുമരങ്ങള്‍’ – വി. മുസഫര്‍ അഹ്മദ്
ഡി.സി ബുക്‌സ്
വില: 250/-

Related Articles