Current Date

Search
Close this search box.
Search
Close this search box.

ഫെമിനിസമെന്ന സമസ്യ

feminism.jpg

റുഖിയ ഹില്‍ അബ്ദുസ്സലാം രചിച്ച ചെറുതെങ്കിലും ഉള്ളടക്കത്തില്‍ ഗാംഭീര്യം പുലര്‍ത്തുന്ന ശ്രദ്ധേയമായ കൃതിയാണ് ‘ഫെമിനിസം ഇസ്‌ലാം ഒരു പാശ്ചാത്യന്‍ വിശകലനം’ എന്ന കൃതി. ദഅ്‌വാ ബുക്‌സ് ഈ കൃതി പ്രസിദ്ധീകരിച്ചിട്ട് കുറച്ചധികമായെങ്കിലും ഇതിലെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. 66 പേജുകളിലായി എട്ട് ശീര്‍ഷകങ്ങള്‍ വളരെ മനോഹരമായി സംവിധാനിച്ചിരിക്കുന്നു ഗ്രന്ഥകാരന്‍. പാശ്ചാത്യ ഫെമിനിസം സ്ത്രീസമൂഹത്തിന് വരുത്തിവച്ച വിപത്തുകളാണ് കൃതിയുടെ പ്രമേയം.

എക്കാലത്തും ചൂടേറിയ വിഷയമായിരുന്നു സ്ത്രീസമത്വം. ഇത്രയധികം ചര്‍ച്ചകള്‍ നടന്നുവെങ്കിലും സ്ത്രീസമൂഹത്തിന് അവരര്‍ഹിക്കുന്ന മൗലികാവകാശങ്ങള്‍ നേടാനായില്ല എന്നത് ചരിത്ര സത്യം. ഹിന്ദു വേദപ്രകാരം സ്ത്രീയുടെ ജീവിതം ശുഭപ്രതീക്ഷക്ക് വക നല്‍കുന്നതായിരുന്നില്ല. ഒരുതരം അടിമത്ത മനോഭാവത്തോടെയാണ് ഹിന്ദുമതം സ്ത്രീയെ വീക്ഷിക്കുന്നത്. ഏഥന്‍സില്‍ സ്ത്രീ പക്വതയെത്താത്ത ശിശുവും ജീവിതത്തിലുടനീളം രക്ഷിതാവിനെ ആവശ്യമുള്ള ബാലികയുമായിരുന്നു. വിവാഹത്തിന് അവളുടെ സമ്മതം പോലും തേടിയിരുന്നില്ല. സ്ത്രീ വിഷയത്തില്‍ റോമിന്റെയും കാര്യവും വ്യത്യസ്ഥമല്ല. സ്ത്രീക്ക് ആത്മാവുണ്ടോ, ഇല്ലയോ എന്ന വിഷയത്തില്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തിയിരുന്നു പുരാതന റോമക്കാര്‍. സ്ത്രീ അടിച്ചമര്‍ത്തല്‍ നയത്തിന് നേരിയ മാറ്റം വന്നത് 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. 1870ല്‍ നിലവില്‍ വന്നതും 1882ല്‍ ഭേദഗതി വരുത്തിയതുമായ വിവാഹിതയായ സ്ത്രീയുടെ സ്വത്ത് നിയമ(Married women’s property act) പ്രകാരം അവള്‍ക്ക് സ്വത്ത് കൈവശം വെക്കാനുള്ള അനുമതി ലഭിച്ചുവെന്നതാണത്.

പാശ്ചാത്യലോകത്തിന്റെ സ്ത്രീ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ആത്യന്തിക ഫലം അതിസ്ത്രീവാദത്തിന്റെ രംഗപ്രവേശമായിരുന്നു. വ്യത്യസ്ത തരം ഫെമിനിസ്റ്റ് സമീപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ലിബറല്‍, റാഡിക്കല്‍, ക്ലാസിക്കല്‍ മാര്‍ക്‌സിസം എന്നിവ അവയില്‍ ചിലതാണ്. ഈ ഫെമിനിസ്റ്റ് സങ്കല്‍പങ്ങളെല്ലാം തന്നെ അതിസ്ത്രീ വാദത്തെയാണ് പ്രതിനിധീകരിക്കുന്നത്. അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചുള്ള ആത്മബോധം സദാചാര വിശുദ്ധിയോ ധാര്‍മിക കാഴ്ചപ്പാടോ ഇല്ലാത്ത ഒരു തരം അരാജകരാഷ്ട്രീയത്തിലേക്കാണ് ഫെമിനിസ്റ്റ് സംഘടനകളെ നയിച്ചത്. ഈ അരാജക രാഷ്ട്രീയത്തിന്റെ ഫലമെന്നോണം സമൂഹത്തിന്റെ അടിസ്ഥാന ഏകകമായ കുടുംബ സംവിധാനം തകര്‍ന്നടിഞ്ഞു. ഭാര്യ, അമ്മ എന്ന ഒരേ സമയം അവകാശവും ഉത്തരവാദിത്തവുമായ പവിത്രസങ്കല്‍പങ്ങള്‍ തകിടം മറിക്കപ്പെട്ടു. ഉത്തരാധുനികലോകത്ത് സ്ത്രീശരീരം താഴെ പറയും പ്രകാരമായിത്തീര്‍ന്നു.

1. ശരീരം അതിന്റെ ഉടമസ്ഥന്റേതല്ല, കാണിയുടേതാണ്
2. ശരീരം ഒരു സംസ്‌കാരമാണ്
3. ശരീരം പ്രദര്‍ശിപ്പിക്കാനുള്ളതാണ്
4. ശരീരം വാണിജ്യ ഉല്‍പന്നമാണ്
(കലാ കൗമുദി,ലക്കം.1860,പേ.72)

ഫലത്തില്‍ തലതിരിഞ്ഞ സമവാക്യങ്ങള്‍ മുന്നോട്ടു വന്നതിന്റെ ഫലമായി നഷ്ടപ്പെട്ട അവകാശങ്ങള്‍ വീണ്ടെടുക്കാനായില്ലെന്നുമാത്രമല്ല, കൂടുതല്‍ അരക്ഷിതമായ ഒരു പ്രതലത്തിലേക്ക് സ്ത്രീകള്‍ വലിച്ചെറിയപ്പെട്ടു എന്നതാണ് ഫെമിനിസത്തിന്റെ ഫലം. ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത് എന്ന അതേ അവസ്ഥ.

ഇവിടെയാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ വീക്ഷണം ശ്രദ്ധേയമാവുന്നത്. സ്ത്രീ-പുരുഷ തുല്യതാവാദത്തിന് ഇവിടെ പ്രസക്തിയില്ല. സ്ത്രീയും പുരുഷനും അവരര്‍ഹിക്കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും പ്രകൃതിപരമായ അവരുടെ ചുമതലകള്‍ വീതിച്ചു കൊടുക്കുകയും ചെയ്യുന്നു ഇസ്‌ലാമിക ദര്‍ശനം. ഉദാഹരണമായി വിജ്ഞാനം നേടല്‍ സ്ത്രീയുടെയും പുരുഷന്‍മാരുടെയും അവകാശമാണ്. അപ്രകാരം തന്നെയാണ് വസ്ത്രം, പാര്‍പ്പിടം, ഭക്ഷണം എന്നിവയുടെ കാര്യവും. അടിസ്ഥാനപരമായ ഇത്തരം മൗലികാവകാശ്യങ്ങളില്‍ പോലും ഇസ്‌ലാമിക ദര്‍ശനം വിവേചനം കല്‍പിക്കുന്നില്ല. ഇനി ചുമതലകളുടെ കാര്യം നോക്കാം. ശാരീരികവും മാനസികവുമായ പ്രകൃതിവശങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സ്ത്രീ-പുരുഷ ചുമതലകളുടെ വീതംവെപ്പ്. പുരുഷന്റെ അടിസ്ഥാന ചുമതല കുടുംബത്തിന്റെ സംരക്ഷണ ബാധ്യത, അതിന്റെ നേതൃത്വം തുടങ്ങിയവയാണ്. സ്ത്രീയുടെ അടിസ്ഥാന ബാധ്യതയാവട്ടെ ഗര്‍ഭധാരണം, ശിശുപരിപാലനം, സന്താനങ്ങളെ മുലയൂട്ടല്‍ തുടങ്ങിയവയും. കുടുബത്തില്‍ സന്താനങ്ങളുടെ ധാര്‍മിക ശിക്ഷണം ഇരുകൂട്ടരുടെയും ചുമതലയാണ്. ഇനി സ്ത്രീ-പുരുഷന്‍മാര്‍ തങ്ങളുടെ അടിസ്ഥാന ബാധ്യത നിര്‍വഹിച്ചതിന് ശേഷം കഴിയുമെങ്കില്‍ അധികബാധ്യത ഏറ്റെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. അല്ലാതെ പുരുഷന്‍ അടിസ്ഥാന ബാധ്യത നിര്‍വ്വഹിക്കാതെ വിറകുവെട്ടുന്നവനും വെളളം കോരുന്നവനും ആവുന്നതും സ്ത്രീ തന്റെ അടിസ്ഥാന ബാധ്യതകള്‍ നിര്‍വ്വഹിക്കാതെ ജോലിക്കാരിയും സാമൂഹിക പ്രവര്‍ത്തകയാവുന്നതും ഒട്ടും ക്ഷന്തവ്യമല്ല. പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ പത്‌നിമാരുടെയും ജീവിതം ഈ യാഥാര്‍ത്ഥ്യത്തിനാണ് അടിവരയുടുന്നത്. 1993 ഒക്ടോബറില്‍ ചാള്‍സ് രാജകുമാരന്‍ ഓക്‌സ്‌ഫോര്‍ഡിലെ ഇസ്‌ലാമിക് സ്റ്റഡീസ് കേന്ദ്രത്തില്‍ ഇസ്‌ലാമിന്റെ മേന്‍മകള്‍ മുന്‍നിര്‍ത്തി നടത്തിയ പ്രഭാഷണം ഉദ്ദരിച്ചു കൊണ്ടാണ് ഗ്രന്ഥകാരന്‍ കൃതിക്ക് ഉപസംഹാരം കുറിക്കുന്നത്. അതിലൊരിടത്ത് ചാള്‍സ് രാജകുമാരന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. ‘സ്വത്ത് കൈവശം വെക്കാനും അനന്തരാവകാശംത്തിനുമുള്ള മുസ്‌ലിം സ്ത്രീകള്‍ക്കുള്ള അവകാശം, വിവാഹമോചിതയായാലുള്ള സംരക്ഷണം, കച്ചവടങ്ങള്‍ നടത്താനുള്ള അവളുടെ അവകാശം തുടങ്ങിയവയെല്ലാം 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് ഖുര്‍ആന്‍ അവര്‍ക്കനുവദിച്ചു നല്‍കിയതാണ്.’

 

Related Articles