Current Date

Search
Close this search box.
Search
Close this search box.

അറഫയുടെ സ്ഫുരണങ്ങള്‍

arafa-book.jpg

ഹിജ്‌റ പത്താം വര്‍ഷം ദുല്‍ഹിജ്ജ 9ന് മാനവതയുടെ മാര്‍ഗദര്‍ശകന്‍ മുഹമ്മദ് നബി(സ) അറഫയില്‍ നിര്‍വഹിച്ച പ്രഭാഷണത്തിലെ ഓരോ വാചകത്തെയും വശ്യമായി വിശദീകരിക്കുന്ന പ്രൗഢമായ രചനയാണ് അഹ്മദ് കുട്ടി ശിവപുരത്തിന്റെ ‘അറഫാ പ്രഭാഷണം’. മനുഷ്യാവകാശപ്രഖ്യാപനങ്ങളുടെ മാര്‍ഗരേഖയായി അതിനെ വിലയിരുത്താം. ഐക്യരാഷ്ട സഭയുടെ അന്താരാഷ്ട്ര മനുഷ്യാവകാശപ്രഖ്യാപനം ഉണ്ടാവുന്നത് 1948 ഡിസംബര്‍ പത്തിനാണല്ലോ. (സംസം കഥപറയുന്നു, ബിലാലിന്റെ ഓര്‍മകള്‍, അതിരുകള്‍ അറിയാത്ത പക്ഷി, മക്കയില്‍ നിന്ന് വന്നവര്‍, മിശ്കാത്തുല്‍ മസ്വാബീഹ് (വിവര്‍ത്തനം), കഅ്ബയുടെ വിളി, ഒരു കല്ലിന്റെ കണ്ണുനീര്‍, ഒന്നിന്റെ ലോകത്തേക്ക് എന്നിവയാണ് അറഫാ പ്രഭാഷണം എന്ന പുസ്തകത്തിന്റെ മുന്നോടിയായി അഹ്മദ് കുട്ടി ശിവപുരത്തിന്റെ തൂലികയില്‍ നിന്ന് ജന്മം കൊണ്ട രചനകള്‍.)

ഗ്രന്ഥകാരന്‍ എഴുതുന്നു: എല്ലാവരും അറഫയെ ശ്രവിക്കണമെന്ന ആഗ്രഹത്തോടെ ചരിത്രാവബോധമുള്‍ക്കൊണ്ട് എഴുതിയ ഈ കൃതി മതത്തില്‍ നിന്ന് (അതിനെ നിരാകരിക്കാതെ) മനുഷ്യത്വത്തിലേക്കുള്ള വഴി കണ്ടെത്തുകയാണ്. അതിനാല്‍ വിശുദ്ധ അറഫയെ അല്‍പം പുറത്തുമാറിനിന്ന് നോക്കിക്കാണുകയും ചെയ്യുന്നു. (എവിടെ നിന്ന് നോക്കിയാലും, ഭൂമിക്കും അപ്പുറം ചെന്ന് ഭൂമിയെ നോക്കിയാലും, മനുഷ്യനയനത്തിന്റെ കൃഷ്ണമണിയില്‍ പതിയുന്നതാണല്ലോ അറഫ ഉള്‍ക്കൊള്ളുന്ന ഭൂഖണ്ഡം. ഈ പുസ്തകത്തിന്റെ പുറം ചട്ടകളില്‍ അത് സൂചിപ്പിച്ചിരിക്കുന്നു.)

വര്‍ത്തമാന കാലത്തിന്റെ കൃഷ്ണമണികള്‍ക്ക് അറഫയെ കാണാതിരിക്കണമെങ്കില്‍ കണ്ണടച്ചിരുട്ടാക്കേണ്ടി വരും. മനുഷ്യാവകാശങ്ങളുടെ പാവനത്വം വിളംബരപ്പെടുത്തി കൊണ്ട് അറഫയില്‍ മുഴങ്ങിയ വചനത്തിന്റെ ദാനം കേള്‍ക്കാതിരിക്കണമെങ്കില്‍ ചെവിയില്‍ വിരല്‍ തിരുകി വെക്കേണ്ടിയും വരും. അറഫയിലെ മനുഷ്യമഹാസംഗമം എന്നത് ഈ ഭൂമിയില്‍ നിന്ന് തന്നെ മനുഷ്യരുടേതായ ചരിത്രത്തിന്റെ ലോകത്തുനിന്ന് തന്നെ  കിളിര്‍ത്ത് വികാസം പ്രാപിച്ച ഒരു മാനവിക സംഭവമാണ്. അബ്രഹാം എന്ന ഒരു മഹാമനീഷിയില്‍ നിന്ന് തുടക്കമിട്ട ഒരു പ്രവാഹം ‘സമഷ്ടി’ എന്നതിന്റെ ചരിത്രപരമായ മാതൃകയായി, മനുഷ്യമഹാ സാഗരമായി മാറുകയാണ് അറേബ്യയിലെ അറഫയില്‍. അതിന് കഥയുണ്ട്. മനുഷ്യവേദനയുടെയും അവകാശനിഷേധത്തിന്റെയും നീണ്ടകഥ. അതിന് സന്ദേശമുണ്ട്. വര്‍ഗരഹിതമായ മാനുഷിക ഭ്രാതൃത്വത്തെ ഉദ്‌ഘോഷിക്കുന്ന സന്ദേശം. അത് സംഭവിക്കുന്നത് ‘ചരിത്രത്തില്‍ ഏറ്റവും വലിയ ആവശ്യം’ എന്ന നിലക്കുമാണ്. അതേയവസരത്തില്‍ അത്യന്ത്യം ആധ്യാത്മപ്രാധാന്യമുള്ള ഒരു ഉപാസനയുടെ മര്‍മ്മവുമായാണ് അത് ഭവിക്കുന്നത്. ഈ ആധ്യാത്മ ചൈതന്യമാണ് വാസ്തവത്തില്‍ അറഫക്ക് ചരിത്രപരമായ നിലനില്‍പ് തന്നെയും ഉറപ്പുവരുത്തുന്ന ഘടകവും.

അറഫാ അതുകൊണ്ടുതന്നെ ഉപാസനയാകുന്നു. ചരിത്രവുമാകുന്നു. ഇതിഹാസത്തിന്റെ വര്‍ണമില്ലാതെ ചരിത്രം അവിടെ ‘മതം’ ആയിത്തീരുകയാണ്. അവിടെ വെച്ച് ചരിത്രം കേള്‍ക്കുന്നത് മനുഷ്യചരിത്രത്തിലെ ആദ്യത്തെ ജനകീയ റിപ്പബ്ലിക് സ്ഥാപിച്ച മഹാനേതാവിന്റെ ശബ്ദമാണ്. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള മുഹമ്മദ് നബിയുടെ വിളംബരം. എന്നാല്‍ അതോടൊപ്പം ഈശ്വരനില്‍ നിന്ന് പറഞ്ഞയക്കപ്പെട്ട ഏറ്റവും ഒടുവിലത്തെ വചനവാഹകന്റെ ശബ്ദവുമാണ്. ചരിത്രത്തിന്റെ പ്രാര്‍ഥനക്ക് ഈശ്വരനില്‍ നിന്നുള്ള പ്രത്യുത്തരമാണ് അറഫാപ്രഭാഷണം എന്നര്‍ഥം. മനുഷ്യാവകാശങ്ങളുടെ പാവനത്വം അവിടെ വിളംബരം ചെയ്യപ്പെടുന്നു. അബ്രഹാമില്‍ നിന്ന് തുടക്കം കുറിച്ച മാനുഷികമായ സമഷ്ടീഭാവത്തിന്റെ ഏറ്റവും അവസാന വാക്കാണ് മുഹമ്മദ് എന്ന പ്രവാചകരുടെ തിരുവായിലൂടെ അപ്പോള്‍ പുറത്തുവന്ന വചനങ്ങള്‍. അതു നിറവേറ്റിയ ശേഷം വൈകാതെ ആ പ്രവാചകന്‍ കാലയവനികക്കപ്പുറത്തേക്കു പറന്നുയര്‍ന്നുപോകയും ചെയ്തു. അതിനാല്‍ ഇനിയുള്ള ഉത്തരവാദിത്തം ചരിത്രത്തിനാണ്. ദൗത്യം ലഭിച്ചുകഴിഞ്ഞാല്‍ ഏറ്റെടുത്ത് നടപ്പില്‍ വരുത്തുക എന്ന ഉത്തരവാദിത്തം.

ചരിത്രത്തില്‍ ആദ്യമായി വിളംബരം ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രഖ്യാപനമാണ് അറഫാ പ്രഭാഷണം. (അതുകൊണ്ടുതന്നെ മനുഷ്യാവകാശങ്ങളെ കുറിച്ച് ധാരാളം കേട്ടുവളരുന്ന ആധുനിക മനുഷ്യന് അറഫാ പ്രഭാഷണത്തില്‍ പുതുമ തോന്നാനിടയില്ല.) അത് ഏറ്റുവാങ്ങിയ ശേഷം ചരിത്രഗതി എങ്ങനെ നിര്‍ണയിക്കപ്പെട്ടു എന്നതിന് തെളിവുപരതേണ്ടത് രേഖകളില്‍ മാത്രമല്ല. ഇന്ന് ജീവിക്കുന്ന മനുഷ്യന്റെ ചരിത്രപരമായ അവസ്ഥയിലും കൂടിയാണ്. ചരിത്രപരമായ പരിണാമത്തിന്റെ പൂര്‍ണതയിലേക്കുള്ള യാത്രയിലെ ഓരോ അംഗുലത്തിലും അറഫയുടെ സ്ഫുരണം മിന്നുന്നത് കാണാം. മനുഷ്യാവകാശങ്ങളെ ചരിത്രം ആദ്യമായി അറിയുന്നത് അവിടെ വെച്ചാണ്. അതിനു മുമ്പായി ദൈവവചനത്തിന്റെ വാഹകരില്‍ നിന്ന് കേട്ടതത്രയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ആശ്വാസവചനങ്ങളോ, അറഫാ എന്നതിലേക്ക് വളരാന്‍ വേണ്ടിയുള്ള ആഹ്വാനങ്ങളോ മാത്രമാണ്. കാരണമുണ്ട്. അറഫയില്‍ മാത്രമേ ‘മഹാജനം’ എന്ന ചരിത്ര ഘടകം ഉണ്ടായിട്ടുള്ളൂ. ദേശീയതകളിലും വര്‍ണങ്ങളിലും വര്‍ഗങ്ങളിലും ഒതുങ്ങാത്ത മനുഷ്യലോകം എന്നത് അപ്പോള്‍ മാത്രമാണ് സ്വരൂപിക്കപ്പെടുന്നത്. മുഹമ്മദിന് മുമ്പായി ചരിത്രത്തില്‍ മറ്റൊരാളും ഇത് സാധിച്ചിട്ടില്ല. അപ്പോള്‍ സ്വരൂപിക്കപ്പെട്ട ചരിത്രപരമായ മാനുഷിക കൂട്ടായ്മക്ക് നല്‍കപ്പെട്ടിരിക്കുന്ന പേരും ശ്രദ്ധേയമാണ്. അബ്രഹാമിന് ഖുര്‍ആന്‍ നല്‍കിയ വിശേഷണം തന്നെയാണത്. സമഷ്ടി എന്നര്‍ഥം വരുന്ന ഉമ്മത്ത് എന്ന പദം.

മുഹമ്മദിന്റെ ഖുര്‍ആന്റെ ഉമ്മത്തിലൂടെ അബ്രഹാമിന്റെ ഖുര്‍ആനിക വിശേഷണം അറഫയില്‍ ഒരു ചരിത്രയാഥാര്‍ഥ്യമായി പുലരുകയാണ്. വര്‍ഗരഹിതമായ ഭ്രാതൃത്വമായി അബ്രഹാം എന്ന വ്യക്തി ഇവിടെ സമഷ്ടിയായി പുനര്‍ജനിക്കുന്നു!

ഈ കൃതിക്ക് അവതാരികയെഴുതിയ ഉമര്‍ തറമേല്‍ രേഖപ്പെടുത്തുന്നു: ‘ഹജ്ജിന്റെ കാതലായ മനുഷ്യാവകാശ വിളംബരത്തിലേക്ക്, അതിന്റെ സ്ഥലകാല സന്ദര്‍ഭമായ അറഫയിലേക്ക് തിരിച്ചുപിടിക്കുന്ന സര്‍ഗാത്മകമായ ചിന്തകളെ അവതരിപ്പിക്കുന്ന ഈ പുസ്തകം ദര്‍ശന പാഠങ്ങള്‍ക്ക് ഒരു പുല്‍ക്കൂട് തന്നെ’.

 

മൂന്ന് അധ്യായങ്ങളിലായി 26 ശീര്‍ഷകങ്ങളാണ് ഈ കൃതിയിലുള്ളത്. ആമുഖം, അബ്രഹാമിന്റെ പ്രാധാന്യം, ദൈവം വിളികേട്ടു  യിശ്മയേല്‍, സ്വകാര്യതയില്‍ നിന്ന് വിശാലതയിലേക്ക്, ഹജ്ജ് എന്ന ആരാധന, കഅ്ബ ജനതക്കുള്ള വീട്, അറഫാ എന്ന പ്രവിശാലതയിലേക്ക് എന്നീ ശീര്‍ഷകങ്ങള്‍ ചേര്‍ന്നതാണ് ഒന്നാം അധ്യായം. അഥവാ അറഫാ പ്രഭാഷണത്തിന്റെ പശ്ചാത്തലവിവരണമാണ് അതിലെ പ്രമേയം. പ്രവാചകന്റെ അറഫാ പ്രഭാഷണത്തെ വിശദീകരിക്കുന്നതാണ് രണ്ടാം അധ്യായം. അതിനെ 14 ശീര്‍ഷകങ്ങളായി വ്യനിസിച്ചിരിക്കുന്നു. മുന്നുരയും പിന്നുരയും എന്നതാണ് മൂന്നാം അധ്യായം. മുഹൂര്‍ത്തത്തിന്റെ അറിയിപ്പ്, യേശുവിന്റെ പ്രഭാഷണം, കുരിശിലെ പ്രകടനം എന്ന ഉപമ, പിന്നുര എന്നാല്‍, ക്രിസ്തുവിന്റെ ഹജ്ജ് എന്നിവയാണ് ഇതിലെ തലവാചകങ്ങള്‍.

വിയോജിപ്പുകള്‍ ഉണ്ടാകാമെങ്കിലും ആകര്‍ഷകവും ഗഹനവുമാണ് ഇതിലെ അവതരണം. 1999ലാണ് ഈ കൃതിയുടെ ആദ്യപതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്. മാസ്സ് ബുക്ഹൗസ് (കോഴിക്കോട്) ആണ് 186 പേജുള്ള പുസ്തകത്തിന്റെ പ്രസാധകര്‍.

Related Articles