Current Date

Search
Close this search box.
Search
Close this search box.

മലയാളം കേട്ടെഴുത്തിന് ഗൂഗ്ള്‍ ജിബോഡ്

ഇയ്യിടെയായി ഗൂഗ്ള്‍ നമ്മുടെ മലയാളം ഭാഷ നന്നായി കൈകാര്യം ചെയ്തു തുടങ്ങിയിരിക്കുന്നു. സംസാരിക്കുക മാത്രമല്ല, നാം പറഞ്ഞു കൊടുക്കുന്നത് കേള്‍ക്കുകയും മനസ്സിലാക്കുകയും കേട്ടെഴുതുകയും ചെയ്യുന്നുണ്ട്. ഇംഗ്ലീഷ്, അറബി തുടങ്ങിയ നൂറുക്കണക്കിന് ഭാഷകളില്‍ ഈ സൗകര്യം നേരത്തെത്തന്നെ ലഭ്യമായിരുന്നു. രണ്ട് വര്‍ഷത്തോളമായി മലയാളികളായ നമുക്കും ഈ കേട്ടെഴുത്ത് സൗകര്യം ഗൂഗ്ള്‍ ലഭ്യമാക്കുകയും പടിപടിയായി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാം ഏതൊക്കെ ഭാഷകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതെല്ലാം മൊബൈല്‍ ഫേണിന്റെ മൈക്കുപയോഗിച്ച് പറഞ്ഞു കൊടുക്കുകയേ വേണ്ടതുള്ളൂ, ഗൂഗ്ള്‍ അവ അക്ഷരങ്ങളാക്കി മാറ്റും. എന്നാല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണെന്നാണ് കണക്ക്.

സ്പീക്ക് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ഉപയോഗിച്ച് ശബ്ദം അക്ഷരങ്ങളാക്കി മാറ്റുന്ന (Speech to text) ആപ്പുകള്‍ മലയാളത്തില്‍ നേരത്തെതന്നെ ലഭ്യമാണ്. ഇവയ്‌ക്കൊക്കെ പല പരിമിതികളുമുണ്ട്. ഗൂഗിളിന്റെ ഈ സംവിധാനം കുറെക്കൂടി ഭേദപ്പെട്ടതാണെന്ന് പറയാം. എസ്.എം.എസ്, കലണ്ടര്‍ എന്‍ട്രികള്‍, വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ ഇവയൊക്കെ എഴുതാന്‍ മാത്രമല്ല ദീര്‍ഘിച്ച ലേഖനങ്ങളും പ്രബന്ധങ്ങളും കഥകളുമൊക്കെ എഴുതാനും ഗൂഗ്ള്‍ നല്‍കുന്ന ഈ സൗകര്യം പ്രയോജനപ്പെടുത്താം. നേരത്തെ ഈ പംക്കതിയില്‍ പരിചയപ്പെടുത്തിയ ‘നോട്ട് എവരി തിങ്’ പോലുള്ള നല്ലൊരു നോട്ട്പാഡോ മറ്റ് വേര്‍ഡ് ആപ്പുകളോ മൊബൈല്‍ ഫോണിലുണ്ടായാല്‍ കൂടുതല്‍ സൗകര്യമായി.

മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, ഉറുദു, ഹിന്ദി തുടങ്ങി വിവിധ ഭാഷകളുപയോഗിക്കുന്നവര്‍ക്ക് അവയൊക്കെ ഒരൊറ്റ കീപാഡ് ആപ്ലിക്കേഷനിലൂടെ കൈകാര്യം ചെയ്യാനാവും. ഗൂഗ്ള്‍ തങ്ങളുടെ ജിബോഡ് (Gboard – the Google Keyboard) എന്ന ആപ്പിലൂടെയാണ് ഈ സൗകര്യമൊരുക്കുന്നത്. പ്ലേ സ്‌റ്റോറില്‍ ലഭിക്കുന്ന ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സെറ്റിംഗ്‌സില്‍ ലാംഗ്വേജ് ആന്റ് ഇന്‍പുട്ട് മെത്തേഡ് ജിബോഡായി സെറ്റ് ചെയ്യുന്നതിലൂടെ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ഇത് സെറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ ജിബോര്‍ഡ് (Gboard) ആപ്ലിക്കേനില്ലെങ്കില്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് അത് ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ഓപണ്‍ ചെയ്യുന്നതോടെ ENABLE IN SETTINGS എന്നെഴുതിയ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. അത് ENABLE ചെയ്തു കഴിഞ്ഞാല്‍ MANAGE KEYBOARDS എന്ന സ്‌ക്രീന്‍ ലഭിക്കുന്നു. ഇവിടെ നിന്ന് Gboard, Google voice typing എന്നിവ അടയാളപ്പെടുത്തുക. തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന ENABLE INPUT METHOD സ്‌ക്രീനില്‍ ക്ലിക്ക് ചെയ്തു Gboard സെലക്റ്റ് ചെയ്യണം. തുടര്‍ന്ന് വരുന്ന SET PERMISSION സ്‌ക്രീനിലൂടെ ആവശ്യപ്പെടുന്നവ ALLOW ചെയ്യുക. പിന്നെ പ്രത്യക്ഷമാവുന്ന DONE സക്രീനില്‍ ടെച്ച് ചെയ്യുന്നതോടെ Settings സക്രീന്‍ ലഭിക്കും. അതിന് മുകളില്‍ കാണുന്ന Languages മെനുവില്‍ നിന്ന് നമുക്കാവശ്യമായ ഭാഷകളുടെ കീബോര്‍ഡുകള്‍ ADD ചെയ്യാവുന്നതാണ്. സ്‌ക്രീനിലെ Voice Typing സെലക്റ്റ് ചെയ്യാന്‍ മറക്കരുത്.

ഇതോടെ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ Gboard കീപാഡ് റെഡിയായി. ഇനി വാട്ട്‌സ്ആപ്പോ ഫെയ്‌സ്ബുക്കോ മറ്റ് ആപ്പുകളോ തുറക്കാം. നിങ്ങള്‍ മലയാളം, ഇംഗ്ലിഷ്, അറബി എന്നീ ഭാഷകള്‍ സെലക്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കീപാഡിന്റെ താഴെ വരിയില്‍ കാണുന്ന ഗ്ലോബ് ഐക്കണില്‍ വിരലമര്‍ത്തിയാല്‍ ഭാഷ മാറി വരുന്നത് കാണാം. ഭാഷ തിരഞ്ഞെടുത്ത് മുകളിലെ വരിയില്‍ കാണുന്ന മൈക്കിന്റെ ചിഹ്‌നം അമര്‍ത്തി കേട്ടെഴുത്ത് തുടങ്ങാം. നേരത്തെ ജിബോര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണിന്റെ Settings ലെ Languager & Input എന്ന മെനുവിലൂടെയും ജിബോഡ് സെറ്റ് ചെയ്യാവുന്നതാണ് Input Methods ലെ Current Keyboard ആയി Gboard സെലക്ട് ചെയ്യണം. വ്യത്യസ്ത മൊബൈല്‍ ഫോണുകള്‍ക്കനുസരിച്ച് ഈ സെറ്റിംഗുകളുടെ രീതിയില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടേക്കാം.
പ്ലേ സ്‌റ്റോറില്‍ നിന്ന് ഗൂഗ്ള്‍ ജിബോര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍.
https://play.google.com/store/apps/details?id=com.google.android.inputmethod.latin

Related Articles