Current Date

Search
Close this search box.
Search
Close this search box.

വിശ്വാസികളുടെ മനസ്സുകള്‍ വിശാലമാകട്ടെ

ഹനഫീ ചിന്ത സരണയിലെ ഒരു അടിസ്ഥാനമാണ് ഇസ്തിഹ്‌സാന്‍. മറ്റൊരു ചിന്ത സരണിയും അത് അംഗീകരിക്കുന്നില്ല. ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഇമാം ഷാഫി അവര്‍കള്‍. ഈ വിഷയവുമായി ബന്ധപ്പെട്ടു കാര്യമായ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ‘ഇസ്തിഹ്‌സാന്‍ എന്നത് പുതിയ മത നിയമം ഉണ്ടാക്കുന്നതിനു തുല്യമാണ്’ എന്നാണു ഷാഫി അവര്‍കള് ഈ വിഷയത്തോട് പ്രതികരിച്ചത്. അതെ സമയം ഇമാം അബൂഹനീഫ അവര്‍കളെ കുറിച്ച് ഇമാം ഷാഫി പറഞ്ഞത് ‘ജനങ്ങളെല്ലാം കര്‍മ്മശാസ്ത്രത്തില്‍ അബൂഹനീഫയുടെ ആശ്രിതരാണ്’ എന്നും. മാലിക്കി ചിന്താ സരണിയെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. എങ്കിലും തന്റെ അധ്യാപകനായ ഇമാം മാലിക്കിനോടുള്ള സ്‌നേഹവും ബഹുമാനവും അദ്ദേഹം ഒരിക്കലൂം കുറച്ചു കണ്ടില്ല.

ഇസ്ലാമില്‍ വീക്ഷണ വ്യത്യാസം പുതിയ കാര്യമല്ല. പണ്ഡിതര്‍ പല വിഷയങ്ങളിലും അത് തുടര്‍ന്നു പോന്നിട്ടുണ്ട്. പക്ഷെ അത് വിഷയങ്ങളുടെ പേരിലാണ്. ഒരിക്കലും വ്യക്തികളിലേക്കു അത് പടര്‍ന്നിരുന്നില്ല. കാരണം അന്ന് ചര്‍ച്ചകള്‍ തീര്‍ത്തും വൈജ്ഞാനികമായിരുന്നു എന്നത് തന്നെ. ഇസ്ലാമില്‍ വീക്ഷണ വ്യത്യാസത്തിന് അടിസ്ഥാനം വിവരം എന്നതില്‍ നിന്നും സംഘടനാ എന്നതിലേക്ക് മാറിയപ്പോള്‍ ഭിന്നിക്കാനുള്ള അടിസ്ഥാനം വ്യക്തികള്‍ എന്നായി മാറി.

കേരളം മുസ്ലിം സമൂഹത്തില്‍ സംഘടന ഒരു സത്യമാണ്. സത്യമായതിനെ അംഗീകരിച്ചു കൊണ്ട് മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ. സംഘടനകള്‍ ഇസ്ലാമിന് വേണ്ടിയാണു. അപ്പോള്‍ അടിസ്ഥാനം ഇസ്ലാമാണ്. മുസ്ലിം സമൂഹത്തില്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ ആ രീതിയില്‍ വേണം മനസ്സിലാക്കാന്‍. ഒരു സമൂഹം എന്ന നിലയില്‍ പൊതുവായി വിഷയങ്ങളെ കാണാന്‍ സമുദായത്തിന് കഴിയാതെ പോകുന്നു എന്നതാണ് സമുദായം നേരിടുന്ന വലിയ വിഷയം. പുറത്തു നിന്നുള്ള ശത്രു എന്നതിനേക്കാള്‍ അകത്തു നിന്നുള്ള ശത്രു എന്ന് പരസ്പരം തീരുമാനിച്ചാല്‍ മുന്നോട്ടു എന്നതിന് പകരം പിറകോട്ടു എന്നതാണ് സമുദായത്തിന്റെ ഗതി.

പ്രമുഖ പണ്ഡിതനും മുജാഹിദ് നേതാവുമായ കരുവള്ളി മുഹമ്മദ് മൗലവിയുടെ ജനാസയുമായി ബന്ധപ്പെട്ട ശുഭകരവും അശുഭകരവുമായ കാര്യങ്ങള്‍ പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കേരളത്തിലെ പ്രമുഖ മുസ്ലിം സംഘമായ സമസ്തയുടെ നേതാവ് അദ്ദേഹത്തിന് വേണ്ടി ഇമാമായി നമസ്‌കരിച്ചു എന്നത് മനസ്സിന് സന്തോഷം നല്‍കുന്നു. സമസ്തയും മുജാഹിദും ആദര്‍ശ വിഷയങ്ങളില്‍ ഭിന്നത പുലര്‍ത്തുന്നു. കണ്ടാല്‍ സലാം പറയരുത് ചിരിക്കരുത് എന്നൊക്കെ പഠിപ്പിക്കപ്പെടുമ്പോഴും സംഘടനകള്‍ക്കപ്പുറത്ത് പരസ്പരം സ്‌നേഹിക്കാനും ആദരിക്കാനും സമുദായം മുന്നോട്ടു വരുന്നു എന്നത് ആശ്വാസകരമാണ്. അതെസമയം ആ വിഷയത്തെ വിഷലിപ്തമായ രീതിയില്‍ പ്രചരിപ്പിക്കാനും ചിലര്‍ രംഗത്തു വരുന്നു എന്നത് സങ്കടകരവും.

സംവാദം മതത്തിന്റെ അടിസ്ഥാനമാണ്. സംവദിക്കണം എന്നതാണ് ഖുര്‍ആനിക നിലപാട്. അത് ആഭ്യന്തരമായും നടക്കണം. സലഫുകള്‍ ആ രീതി മാന്യമായി കൈകാര്യം ചെയ്തിട്ടുണ്ട്. അങ്ങിനെയാണ് അധ്യാപകന്റെ നിലപാടുകള്‍ തന്നെ ചോദ്യം ചെയ്യുന്നിടത്തു ശിഷ്യര്‍ എത്തിയത്. പക്ഷെ അവര്‍ ഒരിക്കലും അധ്യാപകന്റെ ജ്ഞാനത്തെ ചോദ്യം ചെയ്തില്ല. വ്യക്തി ആക്ഷേപം നടത്തിയില്ല. ഇമാം അബൂ ഹനീഫ അവര്കള് തന്റെ ശിഷ്യന്മാരെ കുറിച്ച് അഭിപ്രായം പറഞ്ഞ കൂട്ടത്തില്‍ ‘ രണ്ടു പേര് അധ്യാപകന്റെ തീരുമാനത്തെ തന്നെ മാറ്റും’ എന്ന് പറഞ്ഞതായി കാണാന്‍ കഴിയും.

സംഘടനകള്‍ കാറ്റും വെളിച്ചവും കടക്കാത്ത അറകളാക്കി മാറ്റുന്നതില്‍ പലരും വിജയിച്ചിരിക്കുന്നു. അപ്പുറത്തു ഒന്നും നല്ലതല്ല എന്ന പൊതു ബോധം അണികളില്‍ കുത്തിവെക്കുന്നതില്‍ നേതൃത്വം ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു. മുസ്ലിം സംഘടനകള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദം എന്നൊന്നില്ല. സംവാദം പണ്ഡിതര്‍ തമ്മിലാണ് നടക്കേണ്ടത്. സംവാദം പണ്ഡിതന്മാരില്‍ പാമരര്‍ ഏറ്റെടുത്തു എന്നതാണ് സമുദായം നേരിടുന്ന ദുരന്തം. തങ്ങളുടെ നേതാക്കളുടെ വാക്കുകളില്‍ കടിച്ചു തൂങ്ങിയാണ് പല സംവാദവും മുന്നോട്ടു പോകുന്നത്.

ഇസ്ലാമിന്റെ പേരില്‍ ഇന്ന് നടക്കുന്ന സംവാദ രീതി മാറ്റി തികച്ചും വൈജ്ഞാനിക രംഗത്തേക്ക് കൊണ്ട് വന്നാല്‍ നഷ്ടപ്പെട്ടുപോയ സംവാദ സംസ്‌കാരം സമുദായത്തിന് തിരിച്ചു പിടിക്കാം. നമ്മുടെ നമസ്‌കാരം സ്വീകരിക്കുകയും ഖിബ്ലയിലേക്കു തിരിയുകയും ചെയ്യുന്നവര്‍ എന്ന നിലയില്‍ ഒരു സാമാന്യ പൊതു ധാരണ സമുദായം കൈക്കൊള്ളണം. ഒരു സംഘടനയുടെ നേതാവിന് മറ്റൊരു സംഘടനയുടെ നേതാവ് മയ്യിത്ത് നമസ്‌കരിച്ചാല്‍ അതൊരു വാര്‍ത്തയാകുന്നു എന്നത് സമുദായത്തിന്റെ അനാരോഗ്യമാണ് കാണിക്കുന്നത്. സംഘടനകള്‍ അടച്ചുവെച്ച വാതിലുകളും ജനാലകളും തുറന്നിടണം. വിശാലതയുടെ ശുദ്ധ വായു ശ്വസിക്കാന്‍ അണികളെ പ്രേരിപ്പിക്കണം. വ്യക്തി എന്നതില്‍ നിന്നും വിഷയം എന്നതിലേക്ക് ഉയര്‍ന്നു ചിന്തിക്കാന്‍ അണികളെ പ്രേരിപ്പിക്കണം. അപ്പോള്‍ മാത്രമാണ് ഇതിനൊരു പരിഹാരം ഉണ്ടാകുക.

മദ്ഹബിന്റെ ഇമാമുകള്‍ കേവലം സുന്നത്തും കറാഹത്തും പഠിപ്പിച്ചവര്‍ എന്നതിനേക്കാള്‍ ചിന്തകള്‍ക്ക് ഇസ്ലാമിലുള്ള സ്ഥാനത്തെ ഉയര്‍ത്തി കാട്ടിയവരാണ്. സലഫുകളുടെ ജീവിതം ആ രീതിയില്‍ പഠിക്കാന്‍ നാം തയ്യാറാവുക. അപ്പോള്‍ ഇതൊന്നും ഒരു വാര്‍ത്ത അല്ലാതാവും. അത് കൊണ്ടാണ് ഇമാം അബൂഹനീഫയുടെ ചിന്തയെ തള്ളിപ്പറഞ്ഞപ്പോഴും ഇമാംഅവര്‍കളുടെ പാണ്ഡിത്യത്തെ തള്ളിക്കളയാന്‍ ഇമാം ഷാഫി അവര്‍കള്‍ക്കു കഴിയാതെ പോയത്.

Related Articles