Current Date

Search
Close this search box.
Search
Close this search box.

പ്രമാണങ്ങള്‍ വായിക്കേണ്ടതെങ്ങനെ ?

QURAN (2).jpg

ബാബരി പള്ളി പൊളിച്ച വിഷമത്തിലായിരുന്നു മുഹമ്മദുണ്ണിക്ക. കാലുകള്‍ കൂട്ടിപ്പിടിച്ചു ഹസന്‍ ബാവക്കയുടെ ചായക്കടയില്‍ അദ്ദേഹം മൗനിയായി ഇരുന്നു. ‘എന്തു പറ്റി’ എന്ന ചോദ്യത്തിന് തന്റെ മനസ്സിലെ വിഷമം മുഹമ്മദുണ്ണിക്ക പുറത്തു പറഞ്ഞു ‘ഒരു സമൂഹത്തിന്റെ അഭിമാനത്തെയല്ലേ അവര്‍ ചവിട്ടി മെതിച്ചതു’ എന്നതാണ് അദ്ദേഹത്തിന്റെ വിഷമം. കേട്ട് നിന്ന മാമുക്ക ഉടനെ തിരുത്തി ‘ഇയ്യാക്ക നഅ്ബുദു വാ ഇയ്യാക്ക നസ്തഇന്‍ – അതായത് ഇസ്ലാമില്‍ തറവാടിത്തമില്ല’. ഉടനെ മുഹമ്മദുണ്ണിക്ക പ്രതിവചിച്ചു. ‘ഇതിലും നല്ലതു പള്ളി പൊളിക്കുന്നതാണ്’

സൂറ നഹ്ലില്‍ ഇങ്ങിനെ വായിക്കാം: അല്ലാഹുവിന് പെണ്‍മക്കളുണ്ടെന്ന് അവര്‍ ആരോപിക്കുന്നു- അവന്‍ എത്ര പരിശുദ്ധന്‍! അവര്‍ക്കോ അവര്‍ ഇഷ്ടപ്പെടുന്നതും.,അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു.

അയാളുടെ പ്രശ്നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ! (57,58,59).
അറബികള്‍ പെണ്‍കുട്ടികളെ കുഴിച്ചു മൂടും എന്ന് പറയാനല്ല ഇവിടെ ഈ സംഭവം ഉദ്ധരിച്ചത്. തങ്ങള്‍ക്കു താല്പര്യമില്ലാത്തതിനെ അവര്‍ അല്ലാഹുവിനു നല്‍കി എന്ന് പറയാനാണ്. അതായത് അല്ലാഹുവിനെ കുറിച്ചുള്ള അവരുടെ ധാരണ അത്ര മോശമായിരുന്നു എന്ന് പറയാനും. എന്നാല്‍ സാധാരണ ഈ ഭാഗത്തെയല്ല ഈ വചനം ഉദ്ധരിച്ചു നമ്മില്‍ അധികവും സമര്‍ത്ഥിക്കുക.

സൂറ നിസാഇലെ യുദ്ധ സമയത്തുള്ള നമസ്‌കാരത്തിന്റെ വിവരണം സൂചിപ്പിക്കുന്നത് സംഘടിത നമസ്‌കാരത്തിന്റെ പ്രാധാന്യമാണ്. ‘നമസ്‌കാരം സത്യവിശ്വാസികളില്‍ സമയബന്ധിതമായി ചുമത്തപ്പെട്ട ബാധ്യതയാകുന്നു’ എന്ന വായനക്ക് മുമ്പ് ആ വചനം മുഴുവന്‍ വായിക്കണം. പറഞ്ഞു വന്നത് പലരും വിഷയങ്ങളെ സമീപിക്കുന്ന രീതിയെ കുറിച്ച് പറയാനാണ്. ഇസ്ലാം വിശദീകരിക്കലാണ് ഖുര്‍ആനും സുന്നത്തും ചെയ്യുന്നത്. അല്ലാതെ സംഘടനാ വിശദീകരണമല്ല.

ഖുര്‍ആനും ഹദീസും ദുര്‍വ്യാഖ്യാനം നടത്തുക എന്നത്  ഇന്നൊരു വിഷയമല്ല. തങ്ങളുടെ ചെയ്തികള്‍ക്ക് അത്തരക്കാര്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും തെളിവുകള്‍ നിരത്തും. മുസ്ലിം സമുദായത്തില്‍ ഇപ്പോഴും വലിയ വിഭാഗത്തിന് ഇവ രണ്ടും ബാലികേറാ മലകളാണ്. അവരുടെ ആളുകള്‍ നല്‍കുന്ന വിശദീകരണത്തില്‍ അപ്പുറം അധികവും പോകില്ല.  യുദ്ധ സമയത്തു ഖുര്‍ആന്‍ നല്‍കുന്ന വിശദീകരണം പൊതു രീതിയായി സ്വീകരിക്കുക. യുദ്ധ സമയത്തു നടന്ന സംഭവങ്ങള്‍ പൊതു സ്വഭാവമായി പ്രചരിപ്പിക്കുക എന്നിവ ചിലതു മാത്രം.

അല്ലാഹുവിനെ കണക്കാക്കേണ്ട രീതിയില്‍ കണക്കാക്കിയില്ല എന്നതാണ് പ്രവാചക കാലത്തെ അവിശ്വാസി സമൂഹത്തെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത്.  ആ രീതി വിശ്വാസി സമൂഹവും തുടരാന്‍ പാടില്ല.  പ്രമാണം വളച്ചൊടിക്കുക എന്നത് അന്നത്തെ വേദക്കാരെ കുറിച്ച് ഖുര്‍ആന്‍ എടുത്തു പറഞ്ഞ ഒരു ആരോപണമാണ്. തങ്ങളുടെ നിലപാടുകളെ ശരിപ്പെടുത്താന്‍ പ്രമാണങ്ങളെ വളച്ചൊടിക്കുന്ന രീതി കൂടുതല്‍ കണ്ടു വരുന്നു.

പുതിയ വിഷയങ്ങള്‍ക്ക് വിശ്വാസികള്‍ പരിഹാരം കാണേണ്ടത് പ്രമാണത്തില്‍ നിന്നാണ്. അതില്‍ തര്‍ക്കമില്ല. ആ പരിഹാരത്തില്‍ തെറ്റ് സംഭവിച്ചാലും അത് പുണ്യം എന്നാണു മതം പഠിപ്പിക്കുന്നതും. അതേ സമയം ദീനില്‍ പുതിയ രീതികള്‍ സൃഷ്ടിച്ചെടുക്കാന്‍ പ്രമാണങ്ങള്‍ വളച്ചൊടിക്കുക എന്നത് ഇന്ന് സാധാരണമാണ്. വിശ്വാസികള്‍ വേദ ഗ്രന്ഥം വായിക്കേണ്ട പോലെ വായിക്കുന്നവരാണ്. അവിശ്വാസികളായും കപടന്മാരും അതിനെ വക്രിച്ചു വായിക്കുന്നവരും.

അതുകൊണ്ടാണ് മുഹമ്മദുണ്ണിക്ക ‘ഇതിലും ഭേദം പള്ളിപൊളിക്കലാണ്’ എന്ന് പ്രതികരിച്ചത്. വിഷയങ്ങളുടെ മര്‍മം പറഞ്ഞു വേണം പുറത്തുള്ള വ്യാഖ്യാനം പറയാന്‍. സംഘടന വളര്‍ത്താന്‍ ‘വെട്ടിന്റെയും കുത്തിന്റെയും’ പ്രമാണങ്ങള്‍ ഉപയോഗിച്ചാല്‍ കേടു വരിക യഥാര്‍ത്ഥ മതം തന്നെയാകും.

Related Articles