Current Date

Search
Close this search box.
Search
Close this search box.

ചെറുപ്പം തെരുവിലുണ്ട്; പക്ഷേ…

dsg.jpg

ചരിത്രത്തിന്റെ ഉത്തരമാണ് യുവാക്കള്‍. അതുകൊണ്ടാണ് പലപ്പോഴും യുവാക്കള്‍ യുഗശില്പികളാണെന്ന് പറയാന്‍ കാരണം. മാത്രമല്ല, ഏത് കാലത്തെയും സമൂഹത്തെ മുന്നോട്ട് നയിച്ചത് യുവാക്കളാണ്. അല്ലാഹു തന്റെ ദാസന്‍മാരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാന്‍ നിയോഗിച്ച പ്രവാചകന്‍മാരെല്ലാം യുവാക്കളായിരുന്നു. കൂടാതെ പ്രവാചകരില്‍ വിശ്വസിച്ചവരും യുവാക്കളായിരുന്നു. നിലനില്‍ക്കുന്ന അധസ്ഥിതികള്‍ക്കെതിരെ പൊരുതാന്‍ യുവാക്കള്‍ക്കേ കഴിയൂവെന്നതുകൊണ്ടാണ് സാമൂഹിക ദൗത്യങ്ങള്‍ യുവാക്കളെ ഏല്‍പ്പിക്കുന്നത്.

ഖുര്‍ആന്‍ ഇബ്രാഹീം നബിയെ കുറിച്ചും അദ്ദേഹം തച്ചുടച്ച വിഗ്രഹങ്ങളെ കുറിച്ചും പറയുന്നിടത്ത് ചെറുപ്പത്തിന്റെ മഹിമകള്‍ വിവരിക്കുന്നുണ്ട്. കൂടാതെ, പരലോകത്ത് നാല് ചോദ്യങ്ങള്‍ക്കുത്തരം പറയാതെ ഒരു പടിയും മുന്നോട്ട് വെക്കാന്‍ കഴിയാത്ത ഒരവസ്ഥയിലെ ചോദ്യം യൗവനം എങ്ങനെ ചെലവഴിച്ചുവെന്നതാണ്. ജീവിതത്തിന്റെ നട്ടുച്ചകളാണല്ലോ യൗവനം. ഏത് സാമൂഹ്യസമ്മര്‍ദങ്ങളും, ഭയാശങ്കകളും കെട്ടുപിണച്ചിലുകളോടും രാജിയാവാന്‍ ഈ വസന്തകാലത്തല്ലാതെ മറ്റെപ്പോഴാണ് സാധ്യമാവുക?
     ചെറുപ്പം ശാരീരികാവസ്ഥയേക്കാള്‍ മാനസികാവസ്ഥയാണ്. പ്രതിബന്ധങ്ങളുടെ ഏത് വെയിലും മഴയും അതിജീവിക്കാന്‍ അവര്‍ക്കേ കഴിയൂ. സാമൂഹിക ഉച്ചനീചത്വങ്ങളെ നട്ടെല്ലോട് കൂടി ചോദ്യം ചെയ്യാനും ഉശിരോടെ പൊരുതാനും കഴിയുമെന്ന് യുവത്വം തെളിയിച്ചതാണ്. അധികാരത്തിന്റെ ശീതളഛായയില്‍ ഇരിപ്പുറപ്പിച്ച ഏകാധിപതികളെ നിഷ്‌കാസനം ചെയ്യാന്‍ കാരണമായ അറബ് വസന്തത്തിന് തിരികൊളുത്തിയത് ചെറുപ്പമാണ്.

ലോകത്ത് നടക്കുന്ന ഏത് നവോത്ഥാനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ചെറുപ്പമാണ്. യുവാക്കളൊരുങ്ങി പുറപ്പെട്ടാല്‍ ഏത് സിംഹാസനത്തെയും ചാമ്പലാക്കാന്‍ സാധിക്കും.അവര്‍ അധസ്ഥിതികള്‍ക്കെതിരെ രംഗത്തിറങ്ങിയാല്‍ ആളിക്കത്തിയ പ്രക്ഷോഭത്തിന്റെ അഗ്‌നിനാളങ്ങളായിരിക്കും കാണേണ്ടി വരിക. അതു കൊണ്ട് ചെറുപ്പം സമൂഹത്തിന്റെ നട്ടെല്ലും തളരാത്ത പ്രതീക്ഷയുമാണ്. ഏറെ സവിശേഷതയര്‍ഹിക്കുന്ന ഒരു കാലമാണ് ചെറുപ്പം.

എന്നാല്‍ വര്‍ത്തമാനകാലത്തെ ചെറുപ്പത്തെ വിലയിരുത്തുമ്പോള്‍ കാര്യങ്ങള്‍ അത്ര ആശാവഹമല്ല. ലോകം ഒരു പന്തിന് പിന്നാലെ പായുന്ന സമയമാണിത്. ചെറുപ്പക്കാര്‍ തങ്ങളുടെ ജീവിതം അതിനായി ഉഴിഞ്ഞുവെച്ച പോലെയാണ് തെരുവിലൂടെയും നഗരങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. ഏതോ രാജ്യത്തെ കളിക്കാര്‍ക്കും വേണ്ടി അനാവശ്യമായി പണം മുടക്കി കൂറ്റന്‍ ഫ്‌ളക്‌സുകളൊക്കെ വെച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അതാണോ യുവത്വത്തിന്റെ സംസ്‌കാരമെന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍ പുന:പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

അങ്ങാടികളായ അങ്ങാടികള്‍ മുഴുവന്‍ സമയം ദുര്‍വ്യയം ചെയ്യുന്ന ചെറുപ്പക്കാരെ നമുക്ക് കാണാന്‍ കഴിയുന്നതാണ്. ചെറുപ്പക്കാര്‍ സ്വയം മന്ദബുദ്ധികളാകാന്‍ തീരുമാനിച്ചാല്‍ അവരെ തടയാന്‍ ആര്‍ക്കുമാകില്ല. തലമുടിയല്ല കര്‍മമാണ് ചെറുപ്പത്തിന്റെ അടയാളമെന്നവര്‍ ഇനിയെങ്കിലും ഓര്‍ത്താല്‍ അത്രയും നന്ന്.

Related Articles