Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനു വേണ്ടി ബെഞ്ചമിന്‍ നടന്നു; 5000 കിലോമീറ്റര്‍

jh.jpg

വെസ്റ്റ് ബാങ്ക് മലനിരകളില്‍ സൂര്യന്‍ ചെഞ്ചായമണിയുന്ന സമയം. സായാഹ്ന ചുവപ്പ് മാഞ്ഞ് ഇരുട്ടിലേക്ക് നീങ്ങവേയാണ് ബെഞ്ചമിന്‍ ലാദ്ര ജോര്‍ദാന്‍-ഫലസ്തീന്‍ അതിര്‍ത്തിയിലെത്തുന്നത്. വളരെ ദൈര്‍ഘ്യമേറിയതും കനത്ത ചൂടും നിറഞ്ഞ ദിനമായിരുന്നു അത്. എങ്കിലും അവസാനം ലാദ്ര തന്റെ പ്രയാണം പൂര്‍ത്തിയാക്കി.

അതായിരുന്നു ലാദ്രയുടെ യാത്രയുടെ അവസാനത്തെ ലക്ഷ്യസ്ഥാനം. സ്വീഡനിലെ ഗോതന്‍ബര്‍ഗില്‍ നിന്നും ഫലസ്തീനിലേക്ക് അയ്യായിരം കിലോമീറ്റര്‍ കാല്‍നടയായി എത്തിയതിന്റെ ആത്മനിര്‍വൃതിയിലാണ് യുവ ആക്റ്റിവിസ്റ്റായ ബെഞ്ചമിന്‍ ലാദ്ര. 2017 ആഗസ്റ്റ് ആദ്യ വാരം തുടങ്ങിയ യാത്ര കഴിഞ്ഞ ദിവസമാണ് ഫലസ്തീന്‍ അതിര്‍ത്തിയില്‍ എത്തിയത്. എന്നാല്‍, അദ്ദേഹത്തിന് മുന്നില്‍ തടസ്സവുമായി പതിവു പോലെ ഇസ്രായേല്‍ സൈന്യമെത്തി. ജോര്‍ദാനില്‍ നിന്നും വെസ്റ്റ് ബാങ്കിലേക്ക് പ്രവേശിക്കുന്ന അതിര്‍ത്തിയായ അലന്‍ബി പാലത്തില്‍ വച്ച് ഇസ്രായേല്‍ സൈന്യം അദ്ദേഹത്തെ തടഞ്ഞു. മുന്‍കൂട്ടി കണ്ടപോലെ രൂക്ഷമായ ചോദ്യം ചെയ്യലിനു ശേഷമാണ് അദ്ദേഹത്തെ കടത്തിവിട്ടത്.

gdvht

11 മാസം കൊണ്ട് 13 രാജ്യങ്ങള്‍ താണ്ടിയാണ് ലാദ്ര ഒറ്റയാള്‍ പട്ടാളമായി ഫലസ്തീനു വേണ്ടി മൈലുകള്‍ താണ്ടിയത്. ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരതകള്‍ തുറന്നു കാണിക്കാനും ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ഫലസ്തീനില്‍ തുടരുന്ന സൈനിക അധിനിവേശം അവസാനിപ്പിക്കാനും വേണ്ടിയാണ് 25കാരനായ ലാദ്ര പോരാട്ടം ആരംഭിച്ചത്.

വിവിധ രാജ്യങ്ങള്‍ താണ്ടിയുള്ള അദ്ദേഹത്തിന്റെ യാത്ര അത്ര സുഖകരമായിരുന്നില്ല. ചെക് റിപ്പബ്ലിക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെല്ലാം ലാദ്രക്ക് നിരവധി തടസ്സങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നു. ഇവടങ്ങളിലെല്ലാം ഒരു തീവ്രവാദിയോട് പെരുമാറും പോലെയാണ് പൊലിസ് അദ്ദേഹത്തോട് പെരുമാറിയത്. അദ്ദേഹത്തിന്റെ ബാഗുകളെല്ലാം കനത്ത പരിശോധനക്ക് വിധേയമാക്കി.

ബോംബ് കൊണ്ടുപോകുന്നെന്ന തരത്തില്‍ അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നു. ശാരീരികമായും മാനസികമായും പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. മാത്രമല്ല, പലപ്പോഴഉം കനത്ത ചൂടുള്ള കാലാവസ്ഥ യാത്രക്ക് തടസ്സമായി മുന്നില്‍ നിന്നു. എന്നാല്‍ തന്റെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തും കൊണ്ട് അവയെയെല്ലാം വകഞ്ഞുമാറ്റി യാത്രയുമായി മുന്നോട്ടു പോവുകയായിരുന്നു. ഉള്‍ഗ്രാമങ്ങളില്‍ ഭക്ഷണത്തിനും താമസത്തിനു നന്നേ ബുദ്ധിമുട്ടി, എങ്കിലും നന്മയുള്ള ഒരു കൂട്ടര്‍ എല്ലായിടത്തും സഹായത്തിനായി വന്നു ലാദ്ര പറയുന്നു.

tgk

എന്നാല്‍, ഇതിനിടയിലും ബെഞ്ചമിന് പിന്തുണയും ഐക്യദാര്‍ഢ്യവുമായി നിരവധി പേര്‍ വന്നു. ഒരുപാട് അപരിചിതര്‍ എല്ലാവിധ സഹായവുമായി ഒപ്പം നിന്നെന്ന് ബെഞ്ചമിന്‍ പറയുന്നു. നിരവധി പേര്‍ തങ്ങളുടെ അതിഥിയായി അവരുടെ വീടുകളിലേക്ക് ക്ഷണിച്ചു. ഭക്ഷണം,താമസം എന്നിവ നല്‍കി സഹായിച്ചു. മറ്റു ചിലര്‍ അദ്ദേഹത്തിന്റെ കൂടെ നടന്നു. ”ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനും പോരാടാനും എങ്ങനെ കഴിയുമെന്ന് മനസ്സിലാക്കി കൊടുക്കാന്‍ എനിക്ക് ഇതിലൂടെ സാധിച്ചു.

dgk

നമ്മളെല്ലാം വിവിധ സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. ഇതിനെല്ലാം മാറ്റം ഉടന്‍ ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.
സ്വാതന്ത്ര്യം,നീതി എന്നിവ പുലരുക തന്നെ ചെയ്യും. ഇസ്രായേലിന്റെ ഹീനമായ ആക്രമണങ്ങളും ക്രൂരതകളും അവസാനിക്കും. അധിനിവേശത്തിനു കീഴില്‍ നിന്നും ഫലസ്തീനെ നാം തിരിച്ചു പിടിക്കും” മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ത്തി ബെഞ്ചമിന്‍ പറയുന്നു.

 

മൊഴിമാറ്റം: സഹീര്‍ അഹ്മദ്
അവലംബം: www.middleeasteye.net

 

Related Articles