Current Date

Search
Close this search box.
Search
Close this search box.

ഗോരക്ഷാ ഗുണ്ടകള്‍ കേരളത്തിലെത്തുമ്പോള്‍

p'.jpg

തലവേദന മാറാന്‍ നല്ലതു തല വെട്ടിമാറ്റലാണ് എന്നും പറയാം. കാലു വേദനക്ക് കാലും കൈവേദനക്കു കയ്യും വേണ്ടെന്നു വെച്ചാല്‍ പ്രശ്‌നം പെട്ടെന്ന് തീരും.  ഭരണ ഘടന ഉറപ്പു തരുന്ന വിശ്വാസം, സ്വാതന്ത്ര്യം എന്നത് കേവലം വിശ്വസിക്കാനുള്ള അവകാശമല്ല. അത് പ്രചരിപ്പിക്കാനും കൂടിയുള്ളതാണ്.

അതിനെ കുറിച്ച് ഒരിക്കല്‍ കേരള മുഖ്യന്‍ പറഞ്ഞത് ‘വഴിമരുന്ന് ഇട്ടു കൊടുക്കുക’ എന്നതാണ്.  സംഘ പരിവാറിന്റെ അതിക്രമങ്ങളെ ഭരണകൂടം ലാഘവത്തോടെ കാണുന്നു എന്നത് അവര്‍ക്ക്  കൂടുതല്‍ കരുത്തു പകരുന്നു എന്നതാണ് ചരിത്രം. നാം കേള്‍ക്കാത്ത പലതും കേരളത്തില്‍ നിന്നും കേട്ടു കൊണ്ടിരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ വരവിനു ശേഷം അത് വര്‍ധിച്ചുവരുന്നു. കേന്ദ്രത്തില്‍ അധികാരമുണ്ട് എന്നത് ഒരു കാരണമാണ്. കേന്ദ്രത്തിലെ പിടിപാട് കേരളത്തിലും തുടരുന്നുവോ എന്ന് ജനം സംശയിച്ചാല്‍ കുറ്റം പറയാനും കഴിയില്ല.

പശുവിന്റെ പേരില്‍ കൊല എന്നത് ഒരു വടക്കേ ഇന്ത്യന്‍ കലാപരിപാടിയാണ്. അവിടെ തല്ലിയും കത്തിച്ചും കുഴിച്ചു മൂടിയും കെട്ടിത്തൂക്കിയും ആളുകളെ കൊല്ലുന്നു. ഇടതടവില്ലാതെ അത് തുടരുകയും ചെയ്യുന്നു. അന്നു നാം ആശ്വസിച്ചു. നാം ജീവിക്കുന്നത് കേരളത്തിലാണ്.

പക്ഷെ ആ വിശ്വാസവും തകരുകയാണ്. കേരളത്തിലും ആ കലാപരിപാടികള്‍ തുടങ്ങാനുള്ള ശ്രമം അവര്‍ ആരംഭിച്ചിരിക്കുന്നു. മതേതര വേരുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് നമ്മുടെ സംസ്ഥാനം എന്നതാണ് നമ്മുടെ സ്വകാര്യ അഹങ്കാരം.  മതേതര സമൂഹത്തിനു മുന്നില്‍ വെച്ച് ഉത്തരേന്ത്യന്‍ കാടത്തം ആവര്‍ത്തിക്കാന്‍ സംഘ പരിവാറിന് ശക്തി ലഭിക്കണമെങ്കില്‍ അത് പരിശോധിക്കണം. കേവലം  ഒരാക്രമണം എന്ന രീതിയില്‍ ഇതിനെ കണ്ടാല്‍ പോരാ. ജനാധിപത്യ മതേതര നിലപാടുകളോടുള്ള അതിക്രമമായി തന്നെ കാണണം.  സര്‍ക്കാര്‍ നടപടികളില്‍ മാത്രമായി ഇതിനെ ഒതുക്കരുത്. പൊതുജനത്തിന്റെ ജാഗ്രതയും കൂടി നിര്‍ബന്ധ ഘടകമാണ്.

ഫാസിസം ഒരു തമാശയല്ല എന്ന് നാം മനസ്സിലാക്കണം. അത് ഒരു നിലപാടാണ്. എതിര്‍ ശബ്ദങ്ങളെ വളരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് അതിന്റെ നേര്‍ രൂപം. വിശ്വാസ സ്വാതന്ത്രത്തെ ചോദ്യം ചെയ്തവര്‍ തന്നെ അടുത്ത പടിയിലേക്കു കടന്നിരിക്കുന്നു. ഈ രോഗത്തെ ആദ്യ ഘട്ടത്തില്‍ തന്നെ ചികില്‍സിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അതൊരു വന്‍ ദുരന്തമാകും എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ‘ആരും പശുവിനെ വളര്‍ത്തി സംഘ പരിവാറിന് മരുന്ന് നല്‍കരുത്’ എന്ന പ്രഖ്യാപനം വന്നാല്‍ പോലും നാം അത്ഭുതപെടേണ്ട കാര്യമില്ല. അത് കൊണ്ടാണ് തലയും കാലും കയ്യും വേണ്ടെന്നു തീരുമാനിക്കേണ്ടി വരുന്നത്.

 

Related Articles