Current Date

Search
Close this search box.
Search
Close this search box.

ബദരീങ്ങളുടെ മഹത്വം ജീവിതത്തില്‍ പകര്‍ത്തണം

;o.jpg

ഉംറക്ക് പോയപ്പോള്‍ കണ്ട കാഴ്ചയില്‍ ഒന്ന് ഉഹ്ദ് കുന്നുകളില്‍ നിന്നും ഭവ്യതയോടെ കല്ല് പെറുക്കുന്ന ചിലരെയാണ്. ശേഷം കഅ്ബയില്‍ പോയപ്പോള്‍ കണ്ടത് തങ്ങളുടെ കയ്യിലുള്ള തുണി കൊണ്ട് കഅബയുടെ ചുമരില്‍ ഉരക്കുന്നവരെയും. ജനത്തിനു ആദരിക്കാനുള്ള വഴികള്‍ അങ്ങിനെയും ഉണ്ടെന്നു സാരം. ബദരീങ്ങള്‍ അല്ലാഹു ആദരിച്ച വിഭാഗമാണ്.

പ്രവാചകന്‍ അവരെ കുറിച്ച് കൂടുതല്‍ പറഞ്ഞിട്ടുണ്ട്.  ശേഷം അവരില്‍ ചിലരില്‍ നിന്നും ഉണ്ടായ പല കുറവുകളും ബദറില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ അവഗണിക്കപ്പെട്ടു. ബദറിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു. ബദര്‍ ഒരു ഉരക്കല്ലായിരുന്നു. ഇസ്ലാമിനെ ആളുകള്‍ എങ്ങിനെ ഏറ്റെടുക്കുന്നു എന്നതിന്റെ ട്രയല്‍. സന്നിഗ്ദ ഘട്ടത്തില്‍ ആദര്‍ശത്തോടും നേതാവിനോടും അണികള്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നതും ബദറിന്റെ പാഠമാണ്.

മക്കയില്‍ നിന്ന് പ്രവാചകന്റെ പോക്കിനെ ശല്യം ഒഴിഞ്ഞതായി മക്കക്കാര്‍ക്കു അനുഭവപ്പെട്ടു. ഒരു അഭയാര്‍ത്ഥിയായി മുഹമ്മദ് നബി മദീനയിലേക്ക് പോകുന്നത് അവരുടെ വിഷയമല്ല. അതെ സമയം മദീനയുടെ ഭരണാധികാരി എന്നിടത്തേക്കാണ് പ്രവാചകന്‍ ഉയര്‍ന്നത്. അത് മക്കാക്കരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. അങ്ങിനെ മദീനയിലും മുഹമ്മദിനെയും കൂട്ടരെയും ജീവിക്കാന്‍ അവര്‍ അനുവദിച്ചില്ല. മദീനയിലേക്ക് കൊള്ളക്കാരെ അയച്ചു പോലും അവര്‍ കുഴപ്പമുണ്ടാക്കി.

അവസാനം മക്കക്കാരെ നിലക്ക് നിര്‍ത്തുക എന്നത് ഒരു ആവശ്യമായി മാറി. ഏതൊരു സമൂഹത്തിന്റെയും നട്ടെല്ല് സമ്പത്താണ്. മക്കക്കാരുടെ വലിയ ഒരു കച്ചവട സംഘം മദീനയിലൂടെ കടന്നു പോകുന്നു. അത് തടഞ്ഞു നിര്‍ത്തുക എന്നത് ഒരാവശ്യമായി വന്നു. അബൂസുഫ്‌യാന്‍ വഴി മാറി പോയി. ആ വിവരമൊന്നും പ്രവാചകനും കൂട്ടരും അറിഞ്ഞില്ല. അദൃശ്യമായ  കാര്യങ്ങള്‍ അറിയുക എന്നത് പ്രവാചകന്റെ പരിധിക്കു പുറത്താണ്. അള്ളാഹു  ഒരു കണക്കു കൂട്ടല്‍ നടത്തിയിട്ടുണ്ട്.  അത് രണ്ടു വിഭാഗവും തമ്മില്‍ ഒരേറ്റുമുട്ടല്‍ ആവശ്യമാണ്. സത്യവും അസത്യവും തമ്മില്‍ ഒരേറ്റുമുട്ടലിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. ഇതുവരെ എല്ലാം സഹിച്ചു ജീവിച്ച ഇസ്ലാമിക സമൂഹത്തിനു ഒരു തിരിച്ചടിക്ക് അനുമതി  വന്നിരിക്കുന്നു. കാരണം അവരിന്നു ഒരു കൃത്യമായ ഒരു നേതൃത്വത്തിന് കീഴിലാണ്.

കച്ചവട സംഘം പോയെന്നറിഞ്ഞപ്പോള്‍ പിന്നെ കിട്ടിയ വാര്‍ത്ത മക്കക്കാര്‍ മദീനയുടെ നേര്‍ക്ക് യുദ്ധ സന്നാഹം നടത്തുന്നു എന്നാണ്. പ്രതിരോധിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് ഇനി മദീനക്കാരുടെ മുന്നിലുള്ള വഴി. അവസാനം അവര്‍ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. മദീനയുടെ പുറത്തു വെച്ച് തന്നെ ശത്രുവിനെ തടയണം എന്നതിലും അവര്‍ തീരുമാനത്തിലെത്തി. അങ്ങിനെയാണ് ബദറില്‍ അവര്‍ ഏറ്റുമുട്ടിയത്. ഭൗതികമായി ഒരു നിലക്കും വിജയം പ്രതീക്ഷിക്കാന്‍ കഴിയാത്ത ഒരു വിഭാഗവും എല്ലാ സന്നാഹങ്ങളും കൂടി വന്ന വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയാല്‍ എന്ത് സംഭവിക്കും എന്നത് കൂടുതല്‍ പറയേണ്ട ആവശ്യമില്ല. പക്ഷെ അത്ഭുതമാണ് ബദറില്‍ സംഭവിച്ചത്. അത് ദുര്‍ബലരുടെ വിജയമായിരുന്നു.

ഒരു സമൂഹത്തിനു അല്ലാഹുവിന്റെ സഹായം ലഭിക്കാന്‍ എന്തെല്ലാം ഉപാധികള്‍ ആവശ്യമാണ് എന്നതാണ് ബദറിന്റെ പാഠം. വിശ്വാസം,ദൃഢത,അനുസരണം,പ്രതീക്ഷ ഈ നാലു ഘടകങ്ങള്‍ ബദറിനെ വിജയത്തിലേക്കു നയിച്ച് എന്നതാണ് മനസ്സിലാക്കാന്‍ കഴിയുക. ഇതില്‍ ചിലതിന്റെ കുറവാണ് ഉഹ്ദിന്റെ പരാജയ കാരണവും. ബദരീങ്ങളുടെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. ഒരാളും സഹായിക്കാനില്ലാത്ത സമയത്തു ഇസ്ലാമിന് വേണ്ടി രംഗത്തു വന്നു എന്നതാണ് ബദരീങ്ങള്‍ നല്‍കുന്ന പാഠം. ഇസ്ലാമിന് വേണ്ടി ജീവിക്കാനും അതിനു വേണ്ടി എഴുന്നേറ്റു നില്‍ക്കുവാനും ആരുണ്ട് എന്ന ചോദ്യത്തിന് ആധുനിക കാലത്തും നല്‍കാനുള്ള ഉത്തരം ബദരീങ്ങള്‍ തന്നെ. ബദരീങ്ങള്‍ എന്ത് കൊണ്ട് മഹാന്മാരായി എന്നതാണ് മനസ്സിലാക്കേണ്ടത്. ആ കാരണം മനസ്സിലാക്കി ജീവിതത്തില്‍ മാറ്റം വരുത്തുക എന്നതാണ് ബദരീങ്ങളില്‍ നിന്നും നമുക്ക് കിട്ടുന്ന പാഠം. ബദ്‌റിലെ മണ്ണ് ഒരു പുണ്യമല്ല. മുസ്ലിംകള്‍ മാത്രമല്ല ശത്രുക്കളും ആ മണ്ണില്‍ തന്നെയാണ് മരിച്ചു വീണതും യുദ്ധം ചെയ്തതും.

ബദരീങ്ങളുടെ മഹത്വം പറയാം. കേവല മഹത്വമല്ല അത് മനുഷ്യന് ഗുണമാകണം. അവയുടെ മഹത്വം ജീവിതത്തിലൂടെ അനുഭവപ്പെടണം. അവരെ ഓര്‍ക്കാന്‍ ഒരു ദിനത്തിന്റെ ആവശ്യമില്ല. അവര്‍ വിശ്വാസികളുടെ ചങ്കാണ്. ബദരീങ്ങളുടെ ജീവിത വിശുദ്ധിയും നിലപാടുകളും സ്വായത്തമാക്കുക എന്നിടത്താണ് വിശ്വാസി നില കൊള്ളേണ്ടത്. അല്ലാതെ അവരുടെ പേരില്‍ നടക്കുന്ന ഭോജനവാരം കൊണ്ട് തല്‍ക്കാലം വിശപ്പിനു പരിഹാരമാകും. അപ്പോഴും ബദരീങ്ങളും മുസ്ലിംകളും പുഴയുടെ രണ്ടു കരയില്‍ തന്നെയാകും.

 

Related Articles