Current Date

Search
Close this search box.
Search
Close this search box.

ബറാഅത്ത് രാവും പകലും?

Shaban.gif

ശഅ്ബാന്‍ 15ാം രാവിന് വല്ല ശ്രേഷ്ഠതയുമുണ്ടോ? ഉണ്ടെങ്കില്‍ ആ രാവില്‍ വല്ല പ്രത്യേക ചടങ്ങുകളോ കര്‍മങ്ങളോ ഉണ്ടോ? ശഅ്ബാന്‍ പതിനഞ്ചാം രാവിനെപ്പറ്റി ബറാഅത്ത് രാവ് എന്ന് പറയപ്പെടാറുണ്ട്. എന്താണതിന്റെ ന്യായം?

ശഅ്ബാന്‍ 15ാം രാവിനാണ് ബറാഅത്ത് രാവ് എന്ന് പറയുന്നത്. ബറാഅത്ത് എന്ന പദത്തിനര്‍ഥം ‘മോചനം’ വിമുക്തി ‘ എന്നൊക്കെയാണ്. നരക ശിക്ഷക്കര്‍ഹരായ നിരവധി അടിമകളെ ആ രാവില്‍ അല്ലാഹു മോചിപ്പിക്കുമെന്നതുകൊണ്ടാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്.

ശഅ്ബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായി സുന്നത്തുണ്ടെന്ന നിലക്ക് നോമ്പനുഷ്ടിക്കുന്നത് അനുവദനീയമല്ല, എന്നാല്‍ ഒരാളുടെ സാധാരണ നോമ്പിന്റെ കൂട്ടത്തില്‍ ശഅ്ബാന്‍ പതിനഞ്ച് കൂടി ഉള്‍പ്പെടുന്നതില്‍ യാതൊരു വിരോധവുമില്ല. നോമ്പനുഷ്ഠിക്കല്‍ പൊതുവെ സുന്നത്തായ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, അതു പോലെ ചാന്ദ്രമാസത്തിലെ മൂന്നു നോമ്പിന്റെ ദിവസങ്ങളിലും പോലെ.

===   ====   ====

ശഅ്ബാന്‍ 15ാം രാവിന് ശ്രേഷ്ഠതയുണ്ടോ എന്ന വിഷയത്തില്‍ രണ്ട് ഭിന്ന വീക്ഷണങ്ങളാണ് പണ്ഡിതന്മാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. തല്‍സംബന്ധമായി വന്ന ഹദീസുകളുടെ സ്വീകാര്യതയാണ് ഈ ഭിന്നതക്ക് ഒരു കാരണം. ഈ വിഷയകമായി വന്നിട്ടുള്ള ഒറ്റ ഹദീസുപോലും സ്വഹീഹായിട്ടില്ല എന്നാണ് ഇമാം ഇബ്‌നുല്‍ ജൗസിയെപ്പോലുള്ള ഇമാമുമാരുടെ അഭിപ്രായം. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ നിന്ന് മനസ്സിലാവുന്നതും, പ്രഗല്‍ഭരായ പൗരാണികരും അല്ലാത്തവരുമായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതുമെല്ലാം വെച്ച് നോക്കുമ്പോള്‍ ശഅ്ബാന്‍ 15ാം രാവിന് ശ്രേഷ്ഠതയുണ്ട് എന്ന് തന്നെയാണ്. ധാരാളം ഹദീസുകള്‍ ഈ വിഷയകമായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും അവയില്‍ ബഹുഭൂരിഭാഗവും ദുര്‍ബലങ്ങളോ, കെട്ടിയുണ്ടാക്കിയതോ ആയ ഹദീസുകളാണ്. കൂട്ടത്തില്‍ സ്വീകാര്യയോഗ്യമെന്ന് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയ ഹദീസുകളില്‍ ഒരെണ്ണം ഇപ്രകാരമാണ്:

عَنْ عَبْدِ اللهِ بْنِ عَمْرٍو، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: « يَطَّلِعُ اللهُ عَزَّ وَجَلَّ إِلَى خَلْقِهِ لَيْلَةَ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِعِبَادِهِ إِلَّا لِاثْنَيْنِ: مُشَاحِنٍ ، وَقَاتِلِ نَفْسٍ ». – رَوَاهُ أَحْمَدُ: 6642، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: حَدِيثٌ صَحِيحٌ بِشَوَاهِدِهِ. وَقَالَ بَعْدَ أَنْ ذَكَرَ الشَّوَاهِدَ: وَهَذِهِ الشَّوَاهِدُ وَإِنْ كَانَ فِي إِسْنَادِ كُلٍّ مِنْهَا مُقَالٌ إِلَّا أَنَّهُ بِمَجْمُوعِهَا يَصِحُّ الحَدِيثُ وَيَقْوَى.

عَنْ مُعَاذِ بْنِ جَبَلٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : « يَطْلُعُ اللَّهُ إِلَى خَلْقِهِ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلاَّ لِمُشْرِكٍ أَوْ مُشَاحِنٍ ».- رَوَاهُ اِبْن حِبَّان فِي صَحِيحِهِ: 5665، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: حَدِيثٌ صَحِيحٌ بِشَوَاهِدِهِ.

മുആദ് ബ്‌നു ജബല്‍ (റ), നബി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. തിരുമേനി പറഞ്ഞു: ‘ ശഅ്ബാന്‍ 15ാം രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളെയെല്ലാവരെയും വീക്ഷിക്കും. എന്നിട്ട് മുശ്‌രിക്കിനും പകയും വിദ്വേഷവുമായി പിണങ്ങി നില്‍ക്കുന്നവനുമൊഴിച്ച് എല്ലാവര്‍ക്കും അവന്‍ പൊറുത്തു കൊടുക്കും” (ത്വബറാനി). ഈ ഹദീസ് ഉദ്ധരിച്ച ശേഷം ശൈഖ് അല്‍ബാനി പറയുന്നു:

قَالَ الشَّيْخُ الأَلْبَانِيُّ فِي السِّلْسِلَةِ الصَّحِيحَةِ: 3/135.

حَدِيثٌ صَحِيحٌ، رُوِيَ عَنْ جَمَاعَةٍ مِنَ الصَّحَابَةِ مِنْ طُرُقٍ مُخْتَلِفَةٍ يَشُدُّ بَعْضُهَا بَعْضًا، وَهُمْ مُعَاذُ بْنُ جَبَلٍ، وَأَبُو ثَعْلَبَةَ الْخِشْنِي وَعَبْد الله بْنُ عَمْرٍو، وَأَبِي مُوسَى الأَشْعَرِيِّ، وَأَبِي هُرَيْرَةَ، وَأَبِي بَكْرٍ الصَّدِيقِ، وَعَوْفُ بْنُ مَالِكٍ، وَعَائِشَةَ……… وَجُمْلَةُ القَوْلِ: أَنَّ الحَدِيثَ بِمَجْمُوعِ هَذِهِ الطُّرُقِ صَحِيحٌ بِلَا رَيْبٍ، وَالصِّحَّةُ تَثْبُتُ بِأَقَلَّ مِنْهَا عَدَدًا مَا دَامَتْ سَالِمَةً مِنْ الضَّعْفِ الشَّدِيدِ، كَمَا هُوَ الشَّأْنُ فِي هَذَا الحَدِيثِ، فَمَا نَقَلَهُ الشَّيْخُ القَاسِمِيُّ رَحِمَهُ الله تَعَالَى فِي “إِصْلَاحِ المَسَاجِدِ” (ص 107) عَنْ أَهْلِ التَّعْدِيلِ وَالتَّجْرِيحِ أَنَّهُ لَيْسَ فِي فَضْلِ لَيْلَةِ النِّصْفِ مِنْ شَعْبَانَ حَدِيثٌ صَحِيحٌ، فَلَيْسَ مِمَّا يَنْبَغِي الاِعْتِمَادُ عَلَيْهِ، وَلَئِنْ كَانَ أَحَدٌ مِنْهُمْ أَطْلَقَ مِثْلَ هَذَا القَوْلِ فَإِنَّمَا أُوتِيَ مِنْ قِبَلِ التَّسَرُّعِ وَعَدَمِ وُسْعِ الجُهْدِ لِتَتَبُّعِ الطُّرُقِ عَلَى هَذَا النَّحْوِ الَّذِي بَيْنَ يَدَيْكَ. وَاللَّهُ تَعَالَى هُوَ المُوَفِّقُ..

ഇത് സ്വഹീഹായ ഹദീസാണ്. വ്യത്യസ്ത വഴികളിലൂടെ ഒരു കൂട്ടം സ്വഹാബിമാരില്‍ നിന്ന് തന്നെ ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഓരോന്നും മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നു. മുആദ് ബ്‌നു ജബല്‍, അബൂ സഅ്‌ലബ, ഇബ്‌നു ഉമര്‍, അബൂമൂസല്‍ അശ്അരി, അബൂഹുറയ്‌റ, അബൂബക്കര്‍, ഔഫു ബിന്‍ മാലിക്, ആഇശ തുടങ്ങിയവരാണവര്‍.

അദ്ദേഹം തുടരുന്നു: ”ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയും വ്യത്യസ്തങ്ങളായ നിവേദക പരമ്പരകളെല്ലാം തന്നെ ചേരുമ്പോള്‍ ഈ ഹദീസ് സ്വഹീഹായിത്തീരുന്നതാണ്. ഈ ഹദീസ് പോലെയുള്ള ഒരു ഹദീസ് സ്വഹീഹാകാന്‍ കാര്യമായ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്തിടത്തോളം ഇതിലും കുറഞ്ഞ എണ്ണം ഉണ്ടായാല്‍ തന്നെ മതിയാകുന്നതാണ്. ഇസ്വ്‌ലാഹുല്‍ മസാജിദ്’എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഖാസിമി, ശഅ്ബാന്‍ 15ാം രാവുമായി ബന്ധപ്പെട്ട് സ്വഹീഹായ ഒറ്റ ഹദീസും ഇല്ല എന്ന് ഹദീസ് വിശാരദന്മാരെ അവലംബിച്ച് അഭിപ്രായപ്പെട്ടത് അവലംബിക്കാവുന്ന ഒന്നല്ല. അവരിലാരെങ്കിലും ഇങ്ങനെ സാമാന്യവല്‍ക്കരിച്ച് അഭിപ്രായം പറയുന്നത് അവധാനതയില്ലായ്മ കൊണ്ടും വ്യത്യസ്ത നിവേദക ശ്രേണികളെ സൂക്ഷമ നിരീക്ഷണം നടത്താന്‍ പരിശ്രമിക്കാത്തതുകൊണ്ടുമാണ്” (സില്‍സിലത്തുല്‍ അഹാദീസുസ്സ്വഹീഹഃ: 1143 3/135). സലഫി ആശയക്കാരനായ ശൈഖ് അല്‍ബാനി ശഅ്ബാന്‍ 15ാം രാവിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്ന ഹദീസ് സ്വീകാര്യമാണെന്ന് വിധിയെഴുതിയിരിക്കുന്നു എന്നര്‍ഥം.

ഇബ്‌നു ഹജര്‍ അല്‍ ഹൈതമി:

ഇബ്‌നു മാജ ഉദ്ധരിച്ച ഹദീസില്‍ നബി(സ) പറഞ്ഞു: ‘ ശഅബാന്‍ പകുതിയിലെ രാത്രിയായാല്‍ ആ രാത്രി നമസ്‌കരിക്കുകയും അതിലെ പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുവിന്‍ ‘. അതില്‍ അസ്തമയ സമയത്ത് അല്ലാഹു ഒന്നാനാകാശത്തിലേക്ക് ഇറങ്ങും എന്നുള്ള ഹദീസിനെ അടിസ്ഥാനപ്പെടുത്തി നോമ്പനുഷ്ഠിക്കുന്നത് അഭികാമ്യമാണോ അല്ലേ, അത് പോലെ ഈ ഹദീസ് സ്വഹീഹാണോ അല്ലേ എന്നത് സംബന്ധിച്ചും, അത് അഭികാമ്യമാണന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഫുഖഹാക്കള്‍ എന്തുകൊണ്ട് അത് പരാമര്‍ശിച്ചില്ല എന്നത് സംബന്ധിച്ചും അതിലെ രാത്രി നമസ്‌കാരം കൊണ്ടുള്ള വിവക്ഷ, അത് സ്വലാത്തുല്‍ ബറാഅയാണോ അല്ലേ എന്നും ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി ചോദിക്കപ്പെട്ടു. .

അതിനദ്ദേഹം ഇങ്ങനെ മറുപടി നല്‍കി: .

ഇമാം നവവി മജ്മൂഇല്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു: റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ മഗ് രിബിനും ഇശാഇനും ഇടക്ക് നിര്‍വ്വഹിക്കുന്ന സ്വലാത്തുര്‍റഗാഇബും  അത് പന്ത്രണ്ട് റകഅത്താണ്  ശഅബാന്‍ പാതിയിലെ രാത്രിയിലെ നൂറ് റകഅത്ത് നമസ്‌ക്കാരവും അധിക്ഷേപാര്‍ഹവും ദുഷ്ഠവുമായ ബിദ്അത്തുകളാണ്. മഹാന്മാരുടെ ‘ഖൂത്തുല്‍ ഖുലൂബിലും ‘ ‘ ഇഹ്‌യാ ഉലൂമിദ്ദീനിലും ‘ അത് രണ്ടും പരാമര്‍ശിച്ചിരിക്കുന്നു എന്നത് കൊണ്ടും അത് രണ്ടും സംബന്ധിച്ച് വന്ന പ്രസ്തുത ഹദീസ് കൊണ്ടും വഞ്ചിതനാവരുത്. അതത്രയും ബാത്വിലാണ് (നിഷ്ഫലം). അത് രണ്ടിന്റെയും വിധി സംബന്ധിച്ച് അവ്യക്തത പെട്ടതിനാല്‍ അത് രണ്ടും അഭികാമ്യമാണന്ന് കണ്ട് അവയുടെ അഭികാമ്യത വിവരിച്ച് കൊണ്ട് താളുകള്‍ എഴുതിക്കൂട്ടിയ ഇമാമുമാരെ കണ്ടും ആരും വഞ്ചിതരാവരുത്. കാരണം അതുവഴി അക്കാര്യത്തില്‍ അയാള്‍ അബദ്ധം ചെയ്യുന്നവനാരിക്കും.

അത് രണ്ടും അസാധുവാണന്ന് സമര്‍ത്ഥിച്ചു കൊണ്ട് ഇബ്‌നു അബ്ദുസ്സലാം അമൂല്യമായ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അക്കാര്യം അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. അത് രണ്ടിനേയും അവമതിച്ചും അതിക്ഷേപിച്ചും തള്ളിപ്പറഞ്ഞും ഇമാം നവവി തന്റെ ഫത് വകളില്‍ ദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട്.. അത് രണ്ടും സംബന്ധിച്ചുള്ള ഇബ്‌നു സ്വലാഹിന്റെ ഫത് വകള്‍ പരസ്പര വിരുദ്ധമാണ്. അത് രണ്ടും ബിദ്അത്താണങ്കില്‍ സോപാധികമല്ലാത്ത നമസ്‌കാരം സംബന്ധിച്ച് വന്ന പരാമര്‍ശങ്ങളില്‍ അതും ഉള്‍പ്പെടുന്നു എന്നത് കൊണ്ട് രണ്ടും തടയേണ്ടതില്ലന്ന് മറ്റൊരിടത്ത് അദ്ദഹം പറഞ്ഞിട്ടുമുണ്ട് .
നമസ്‌കാരം നല്ല കാര്യമാണ്, നമസ്‌ക്കരിക്കാനുള്ള കേവല നിര്‍ദ്ദേശം മാത്രമുണ്ട് എന്നൊക്കെ പറയാവുന്ന ഒന്നുമായും ബന്ധപ്പെട്ട സവിശേഷമായ ഒന്നും നിര്‍ദ്ദേശിക്കാവതല്ലന്ന് പറഞ്ഞു കൊണ്ട് സുബ്കി അതിനെ ഖണ്ഡിച്ചിട്ടുമുണ്ട്. അതിനാല്‍, തന്നെ പ്രത്യേക കാലവുമായോ സ്ഥലവുമായോ മറ്റു വല്ലതുമായോ ബന്ധപ്പെടുത്തി അങ്ങിനെ വല്ലതിനും സവിശേഷത നല്‍കുന്നുവെങ്കില്‍ അത് ബിദ്അത്തിന്റെ ഇനത്തിലാവും ഉള്‍പ്പെടുക. അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് സാമാന്യമായുള്ളത് മാത്രമാണ്.
അതിനാല്‍ തന്നെ സാമാന്യമായുള്ളത് മാത്രമേ ചെയ്യാവൂ. സവിശേഷമായത് നിര്‍ദ്ദേശിച്ചു എന്നതിലേക്കാവരുത് .അപ്പോള്‍, അത് രണ്ടും സംബന്ധിച്ച് തെറ്റായ ഊഹം വെച്ച് പുലര്‍ത്തുന്നവരുടെ അഭിപ്രായത്തില്‍ നിന്ന് വ്യത്യസ്തമായി, സംഘടിതമായോ വ്യക്തിതലത്തിലോ അത് നിര്‍വ്വഹിക്കുന്നത് തടയേണ്ടത് അനിവാര്യമാണന്ന് വന്നു. പൊതു മനസ്സിലും ഫഖീഹുകളായും ആബിദുകളായും ചമയുന്നവരുടെ മനസ്സിലും കടന്നു കൂടിയ, അത് രണ്ടും പ്രബല സുന്നത്താണെന്നും അത് രണ്ടും പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടതാണന്നുമുള്ള ധാരണയും അതുമായി ബന്ധപ്പെട്ടുള്ള ധാരാളം ദുഷ്ഠകാര്യങ്ങളും ദൂരീകരിക്കാനാണത് . ശഅബാന്‍ പാതിയിലെ നമസ്‌കാരത്തിന്റെ വിധിയുമായി ബന്ധപ്പെട്ട കാര്യമാണിത്. ഇബ്‌നു ഹജറിന്റെ അല്‍ ഫതാവല്‍ ഫിഖ്ഹിയ്യല്‍ കുബ്‌റായില്‍ നിന്ന് 2/80

===   ====   =====

കണ്ണിയത്ത് ഉസ്താദിന്റെ ഫത്‌വ

ഇതേ രൂപത്തില്‍ ബഹുനാമാനപ്പെട്ട കണ്ണിയത്ത് ഉസ്താദ് ഫത്‌വ നല്‍കിയത് ഇങ്ങനെ വായിക്കാം.
ചോദ്യ കര്‍ത്താവ്: ടി.കെ മൊയ്തു മുസ്‌ലിയാര്‍

ബറാഅത്തിന് പ്രത്യേക നോമ്പ് സുത്താണെന്ന് തൃക്കരിപ്പൂരിലെ ഒരു മുസ്‌ല്യാര്‍ വാദിക്കുന്നു. മറ്റൊരു മുസ്‌ല്യാര്‍ സുന്നത്തില്ല എന്നും വാദിക്കുന്നു. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബിന്റെ ബലപ്പെട്ട അഭിപ്രായവും തീരുമാനവും വിവരിച്ച് എഴുതിത്തരുവാന്‍ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു.

ശൈഖുനായുടെ മറുപടി:
മേല്‍ പറഞ്ഞ ഇബാദത്ത് കൊണ്ട് ബറാഅത്തിനെ അയ്യാമുല്‍ ബീദില്‍ (എല്ലാ മാസത്തിലെയും 13,14,15 ദിവസങ്ങള്‍) പെട്ടതായ നിലക്ക് സുന്നത്താണെന്നല്ലാതെ സ്വന്തം ബറാഅത്തിന്റെ നോമ്പെന്ന നിലക്ക് സുത്തില്ലെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇബ്‌നുമാജ(റ) ന്റെ സുന്നത്താണെുള്ള ഹദീസ് ളഈഫാണ്. എന്ന് കണ്ണിയത്ത് അഹ്മദ് മുസ്‌ല്യാര്‍. (ശൈഖുനാ കണ്ണിയത്ത് സ്മരണിക, റശീദിയ്യാ പ്രസിദ്ധീകരണം)

അതായത് ബറാഅത്ത് നോമ്പ് പ്രത്യേകം സുന്നത്താണെ് ജല്‍പ്പിക്കുതിന് ദുര്‍ബലമായ തെളിവ് പോരാ എന്നര്‍ത്ഥം.
എന്ന് വച്ചാല്‍ തെളിവില്ലാതെ ഒരു രാവിനോ പകലിനോ പുണ്യം കല്‍പിക്കരുത് സ്വീകാര്യമല്ല എന്ന്.
ഇവിടെ നാം മനസ്സിലാക്കേണ്ട വസ്തുത ഈ ഇമാമുകളെല്ലാം തന്നെ ഇത്തരം ഫത്‌വകള്‍ നല്‍കുമ്പോള്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന ഒരു അടിസ്ഥാന തത്വമുണ്ട്. അത് എന്തൊല്‍ ഒരു ദിവസത്തിനോ രാവിനോ പകലിനോ സ്ഥലത്തിനോ വല്ല പ്രത്യേകതയും പവിത്രതയും ശ്രേഷ്ഠതയും പുണ്യവുമൊക്കെ കല്‍പ്പിക്കണമെങ്കില്‍ തത്സംബന്ധമായ വ്യക്തവും സ്വീകാര്യവുമായ തെളിവുകള്‍ തന്നെ വേണമെന്നതാണത്. സാമാന്യവല്‍കരിച്ചു പറഞ്ഞതോ പൊതു നിര്‍ദ്ദേശങ്ങളോ വെച്ചുകൊണ്ട് (അവ സ്വീകാര്യയോഗ്യവും സര്‍വ്വസമ്മതവുമായ തെളിവുകളാണെങ്കില്‍ പോലും) ഒരു പ്രത്യേക ദിവസത്തിനോ മുഹൂര്‍ത്തത്തിനോ ശ്രേഷ്ഠതയും പുണ്യവും ഉണ്ടെന്ന് വിശ്വസിക്കാന്‍ പോരാ. അതിന് ദുര്‍ബലമായ ഹദീസുകള്‍ പോലും മതിയാവുകയില്ല. യഥാര്‍ത്ഥത്തില്‍ ഇബ്‌നു മാജ ഉദ്ധരിച്ച ‘ശഅ്ബാന്‍ 15ാം രാവില്‍ നിങ്ങള്‍ നിന്നു നമസ്‌കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക’ എന്ന ഹദീസ് ഉണ്ടായിരുന്നിട്ടു പോലും ദുര്‍ബല ഹദീസാണെ ഒറ്റക്കാരണത്താല്‍ അത് വെച്ച് അന്നേ ദിവസം രാവും പകലും നമസ്‌കാരവും നോമ്പും സുന്നത്താണെന്ന് ഒരിക്കലും മനസ്സിലാക്കാവതല്ല എന്ന് ഇമാമുകള്‍ സ്പഷ്ഠമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറിവന്നാല്‍ സ്വഹീഹായ ഹദീസുകളില്‍ എല്ലാ മാസവും 13, 14, 15 ദിവസങ്ങളില്‍ നോമ്പ് സുത്താണെന്ന് സ്ഥിരപ്പെട്ടതിനാല്‍ ആ ഗണത്തില്‍പ്പെടുത്തി പ്രസ്തുത ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാമെന്നല്ലാതെ ശഅ്ബാന്‍ 15 ന് നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുത്താണെന്ന് ജല്‍പ്പിക്കരുത് എന്നും അങ്ങനെ വിശ്വസിച്ചു കൊണ്ട് അന്നേ ദിവസം നോമ്പനുഷ്ഠിക്കല്‍ ബിദ്അത്തായി തീരും എന്നുമാണ് ഈ പറയുന്നത്. നോക്കൂ, എത്ര വ്യക്തമാണ് ഇവിടെ കാര്യങ്ങള്‍.

വസ്തുത ഇതായിരിക്കെ ശഅ്ബാന്‍ 15 ന് പ്രത്യേകമായി തന്നെ നോമ്പനുഷ്ഠിക്കല്‍ സവിശേഷം പുണ്യമുള്ള സുത്താണെ് സാധാരണക്കാരെ ധരിപ്പിക്കുന്നത് ശരിയാണോ എന്ന് വിവരമുമുള്ളവര്‍ ചിന്തിക്കണം. ഇന്ന ദിവസം നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുന്നത്താണെന്ന് പറയാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു? എന്ന് നാളെ അല്ലാഹു ചോദിച്ചാല്‍ എന്ത് ഉത്തരമാണവര്‍ നല്‍കുക.

===     ====         ======

ഇവ്വിഷയകമായി ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം ഇബ്‌നു ഹജര്‍ ഹൈതമിയുടെ ഫത്‌വയാണ് നാം ഉദ്ധരിച്ചത്. ഇനി സലഫി വീക്ഷണക്കാര്‍ക്ക് അഭിമതനായ ഇമാം ഇബ്‌നു തൈമിയ്യ(റ) പറയുന്നത് കൂടി കാണുക:
ശഅ്ബാന്‍ 15ാം രാവിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന ധാരാളം ഹദീസുകളും അസറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളില്‍ ചിലര്‍ അതില്‍ പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാറുണ്ടായിരുന്നു. ശഅ്ബാന്‍ മാസത്തിലെ നോമ്പിന്റെ വിഷയത്തില്‍ സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്. മദീനക്കാരിലും അല്ലാത്തവരിലും പെട്ട മുന്‍ഗാമികളും പിന്‍ഗാമികളുമായ മഹാന്‍മാരില്‍ ചിലര്‍ അതിന്റെ ശ്രേഷ്ഠത നിഷേധിക്കുകയും, ശഅ്ബാന്‍ 15ാം രാവില്‍ കലബ ഗോത്രത്തിന്റെ ആട്ടിന്‍പറ്റങ്ങളുടെ രോമത്തിന്റെ എണ്ണത്തിലധികം പേര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കും എന്നതടക്കം ഈ വിഷയകമായി വന്നിട്ടുള്ള സകല ഹദീസുകളും സ്വീകാര്യയോഗ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. പക്ഷേ നമ്മുടെ പക്ഷക്കാരും അല്ലാത്തവരുമായ ഒരുപാട് പണ്ഡിതര്‍ അതിന് ശ്രേഷ്ഠതയുണ്ടെന്ന വീക്ഷണക്കാരാണ്. ഇമാം അഹ്മദിന്റെ അഭിപ്രായവും അത് തന്നെയാണ്. ആ വിഷയകമായി നിരവധി ഹദീസുകളും പൂര്‍വസൂരികളുടെ ചര്യകളുമെല്ലാം വെച്ചുകൊണ്ടാണ് അവരങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിന്റെ ശ്രേഷ്ഠതകള്‍ വ്യക്തമാക്കുന്ന ഹദീസുകള്‍ മുസ്‌നദുകളിലും സുനനുകളിലുമെല്ലാം തന്നെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു, അല്ലാത്ത പലതും അവയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും.  (ഇഖ്തിദാഉ സ്സ്വിറാത്തില്‍ മുസ്തഖീം 2/63).

====    =======    ======

ചുരുക്കത്തില്‍ ശഅ്ബാനുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ ഗ്രഹിക്കാം.

1. ശഅ്ബാന്‍ ശ്രേഷ്ഠമായ മാസമാണെന്നതിലോ, തിരുമേനി ആ മാസം വളരെയേറെ ശ്രദ്ധകൊടുക്കുകയും ഏറ്റവുമധികം സുന്നത്തു നോമ്പുകള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു എന്നതിലോ തര്‍ക്കമില്ല.

2. ഒരു വര്‍ഷത്തെ കര്‍മ്മങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണ് ശഅ്ബാന്‍ എന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്.

3. ശഅ്ബാന്‍ 15ാം രാവിന് ശ്രേഷ്ഠതയുണ്ടെന്നാണ് ഹദീസുകളും പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗവും വ്യക്തമാക്കുന്നത്. മറുവീക്ഷണമുള്ളവരും ഉണ്ട്.

4. അന്നേ ദിവസം പകല്‍ പ്രത്യേകം നോമ്പോ രാവില്‍ പ്രത്യേകം പ്രാര്‍ഥനകളോ നമസ്‌കാരമോ ചടങ്ങുകളോ ഒന്നും തന്നെ പ്രമാണങ്ങളിലൂടെയോ സ്വഹാബിമാരുടെ ചര്യയിലൂടെയോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അത്തരത്തില്‍ വന്നവയെല്ലാം അതീവ ദുര്‍ബലമായവയോ കെട്ടച്ചമയ്ക്കപ്പെട്ടവയോ ആണ്.

5. 15ാം രാവില്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ക്കും പരസ്പരം പിണങ്ങി പകയും വിദ്വേഷവുമായി കഴിയുന്നവര്‍ക്കും ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം അല്ലാഹു പാപമുക്തി നല്‍കുന്നു എന്ന ഹദീസ് ശൈഖ് അല്‍ബാനിയുള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ സ്വീകാര്യയോഗ്യമാണെന്ന് വ്യക്തമാക്കിയിരിക്കെ അത് പ്രകാരം ബറാഅത്ത് (വിമുക്തി) എന്ന് ആ രാവിനെ വിശേഷിപ്പിക്കുന്നതിന് തെറ്റില്ല.

6. ആ രാവില്‍ ഈ അനുഗ്രഹം ലഭിക്കാനായി ശിര്‍ക്കുപരമായ കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും, പിണക്കവും വിദ്വേഷവുമെല്ലാം അവസാനിപ്പിച്ച് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഊഷ്മളമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

7. പ്രാമാണികരായ ഇമാമുകള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരിക്കെ ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പ്രത്യേകതയും അംഗീകരിക്കുന്നവരെ ആക്ഷേപിക്കാനോ അപഹസിക്കാനോ വകുപ്പില്ല.

Related Articles