Current Date

Search
Close this search box.
Search
Close this search box.

മക്കളുടെ അഭിരുചികള്‍ മനസ്സിലാക്കാം

brilliance.jpg

നമ്മള്‍ മുതിര്‍ന്നവര്‍ പലപ്പോഴും കുട്ടികളുടെ അഭിരുചികളും താല്‍പര്യങ്ങളും വ്യക്തിത്വങ്ങളും മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നവരാണ്. മനുഷ്യന്റെ മാനസിക, ശാരീരിക വളര്‍ച്ചയുടെ അതിപ്രധാന ഘട്ടങ്ങളാണ് ശൈശവവും ബാല്യവും. ആ സമയങ്ങളില്‍ കുട്ടികളെ തിരിച്ചറിയാന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ അത് അവരുടെ ഭാവി ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഏതെങ്കിലും പാര്‍ക്കോ പ്ലേ ഏരിയയോ ഒന്ന് സന്ദര്‍ശിച്ചു നോക്കൂ. ഓരോ കുട്ടിയും എത്ര വ്യത്യസ്തരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ചിലര്‍ ഊഞ്ഞാലിലാടാന്‍ താല്‍പര്യം കാണിക്കുമ്പോള്‍ ചിലര്‍ പന്ത് കളിക്കുന്നതില്‍ വ്യാപൃതരായിരിക്കും. ചില കുട്ടികള്‍ക്കാകട്ടെ സൈക്കിള്‍ സവാരി ഭയങ്കര ഇഷ്ടമായിരിക്കും. ഇതൊക്കെ കുട്ടികളുടെ അഭിരുചികളിലെ വൈജാത്യമാണ്. വളരെ ചെറിയ പ്രായം മുതലേ ഭക്ഷണത്തിലും വസ്ത്രത്തിലും കളിപ്പാട്ടങ്ങളിലുമുള്ള അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ കുട്ടികള്‍ പ്രകടമാക്കി തുടങ്ങും.

തങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ അമിതശ്രദ്ധ വെച്ചുപുലര്‍ത്തുന്ന പല മാതാപിതാക്കളും കുട്ടികളുടെ വ്യക്തിത്വം തിരിച്ചറിയുന്ന കാര്യത്തില്‍ അശ്രദ്ധരായിരിക്കും. തന്റെ മകനോ മകളോ ചെറിയ ഒരു പിഴവ് വരുത്തുമ്പോഴേക്കും അവര്‍ക്ക് ദേഷ്യവും സങ്കടവും സഹിക്കാനാകില്ല. കാരണം, തന്റെ ചിട്ടയായ അധ്യാപനങ്ങളുടെ അതിര്‍വരമ്പുകള്‍ കുട്ടികള്‍ മറികടന്നു എന്നാണ് അവര്‍ ചിന്തിക്കുക. ഇത് വലിയൊരു അപരാധമായി അവര്‍ മനസ്സിലാക്കുന്നു. താന്‍ എന്ന കണിശക്കാരനായ പിതാവ്/മാതാവിന്റെ അനുസരണയുള്ള മകനായി/മകളായി തന്റെ കുട്ടി വളരണമെന്നാണ് അവര്‍ ആഗ്രഹിക്കുക. എന്നാല്‍ നാം നല്‍കുന്ന ഭക്ഷണം കഴിക്കാതിരിക്കുകയോ നാം കിടത്തുന്ന സമയത്ത് ഉറങ്ങാതിരിക്കുകയോ ചെയ്യുന്ന കുട്ടികള്‍ അവരുടെ താല്‍പര്യമാണ് നമ്മോട് പറയുന്നത്. പാല്‍പല്ല് മുളച്ചു വരുന്ന നമ്മുടെ കുട്ടി അതുവരെ കഴിച്ചിരുന്ന ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതിരിക്കുകയോ അമിതമായി കരയുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് പല്ല് മുളക്കുന്നതിന്റെ പ്രയാസങ്ങള്‍ കൊണ്ടാണെന്ന് മനസ്സിലാക്കണം. അതിന് സാധിക്കുന്നില്ലെങ്കില്‍ കുട്ടിക്ക് എന്തോ കുഴപ്പമുണ്ടെന്ന അനാവശ്യ നിഗമനത്തിലേക്കായിരിക്കും നാം എത്തിപ്പെടുക. ഇത് എല്ലാ പ്രായത്തിലുള്ള കുട്ടികളിലും കാണാം. ഓരോ പ്രായത്തിലും മാനസികവും ശാരീരികവുമായ പുതിയ മാറ്റങ്ങള്‍ കുട്ടികളില്‍ വരുന്നുണ്ട്. അതിനോട് കുട്ടി പൊരുത്തപ്പെടുന്നതിനും അതിന്റേതായ സമയമെടുക്കും.

താരതമ്യം ഒഴിവാക്കുക
എന്റെ മൂത്ത മകള്‍ക്ക് ഇപ്പോള്‍ ഒമ്പതു വയസ്സായി. ചെറിയ പ്രായം മുതല്‍ക്ക് തന്നെ പ്രതിഭയുടെ അടയാളങ്ങള്‍ അവള്‍ കാണിച്ചുതുടങ്ങിയിരുന്നു. അവളുടെ സമപ്രായക്കാരേക്കാള്‍ നേരത്തെ അവള്‍ നടക്കാനും സംസാരിക്കാനും വായിക്കാനുമൊക്കെ പഠിച്ചിരുന്നു. രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ എന്നെ കൊണ്ട് പുസ്തകങ്ങള്‍ വായിപ്പിച്ച് കേള്‍ക്കുമായിരുന്നു അവള്‍. ഞാന്‍ വായിക്കുമ്പോള്‍ ചില അക്ഷരങ്ങളുടെ ഉച്ചാരണം വീണ്ടും വീണ്ടും കേള്‍ക്കാന്‍ അവള്‍ താല്‍പര്യം കാണിച്ചിരുന്നു. ഓരോ അക്ഷരവും പഠിച്ചെടുക്കുകയായിരുന്നു അവള്‍. അവള്‍ ചോദിച്ചത് കൊണ്ടാണ് ഇതൊക്കെ എനിക്ക് പഠിപ്പിക്കാന്‍ പറ്റിയത്. മകള്‍ക്ക് രണ്ടു വയസ്സ് കഴിഞ്ഞപ്പോഴാണ് അവളുടെ അനുജന്‍ ജനിച്ചത്. എന്നാല്‍ അവന്റെ മിടുക്കിയായ ജ്യേഷ്ഠത്തിയേക്കാള്‍ അല്‍പം പിന്നിലായിരുന്നു അവന്‍. രണ്ടര വയസ്സായിട്ടും അവന്‍ സംസാരിച്ചിരുന്നില്ല. വീട്ടുകാരൊക്ക അവനെ സ്പീച്ച് തെറാപ്പിക്ക് കൊണ്ടുപോകാനും നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ പേരില്‍ ഒരിക്കലും മകളോട് ഇഷ്ടക്കൂടുതലോ അവനോട് ഇഷ്ടക്കുറവോ എനിക്ക് തോന്നിയിട്ടില്ല. അവന്‍ അവളേക്കാള്‍ സ്മാര്‍ട്ട് ആണ് എന്ന് കരുതാനാണ് ഞാന്‍ ശ്രമിച്ചത്.

എന്നാല്‍ മൂന്ന് വയസ്സായപ്പോള്‍ പെട്ടെന്ന് അവന്‍ സംസാരിച്ചു തുടങ്ങി. സംസാരം പിന്നെ വളരെ വേഗത്തിലായി. ഞാന്‍ ഒരു ചികിത്സയും അവന് നല്‍കിയിരുന്നില്ല. സ്വാഭാവികമായ ഒരു മാറ്റമാണ് അവനില്‍ ഉണ്ടായത്. അതുപോലെ വായിക്കാനും അവന്‍ ജ്യേഷ്ഠത്തിയേക്കാള്‍ സമയമെടുത്തു. പക്ഷേ, മകളെ വളര്‍ത്തിയതു പോലെ ചിട്ടയായി ഞാന്‍ അവനെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ആരുടെയും സഹായം കൂടാതെ തന്നെ അവന്‍ സ്വന്തം നിലയില്‍ പലതും പഠിച്ചെടുത്തു. പല കാര്യത്തിലും നല്ല കഴിവ് അവന്‍ നേടിയെടുത്തിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഏഴു വയസ്സായ അവന്‍ സൈക്കിള്‍ ഓടിക്കാന്‍ താല്‍പര്യം കാണിക്കാറില്ല. ഞങ്ങള്‍ ഒരു സൈക്കിള്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞിട്ടും അവന് അത് വേണ്ട. ഞങ്ങള്‍ക്കതില്‍ ഒരു വിശമവുമില്ല. കാരണം, അവന്‍ സ്വയം എല്ലാം നേടിയെടുത്തോളും.

കൃത്യമായ സമയത്ത് നടക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത കുട്ടികള്‍ ഒന്നിനും കൊള്ളാത്തവരാണ് എന്ന് പലരും കരുതാറുണ്ട്. എന്നാല്‍ അവര്‍ പലപ്പോഴും മറ്റുള്ളവരേക്കാള്‍ ബുദ്ധി സാമര്‍ത്ഥ്യമുള്ളവരും കഴിവുറ്റവരുമായിത്തീരുകയാണ് ചെയ്യുക. വൈകിത്തുടങ്ങിയ തങ്ങളുടെ സംസാരവും നടപ്പും കാരണം അവര്‍ക്ക് പിന്നീട് പ്രയാസങ്ങളൊന്നും ഉണ്ടാവാറുമില്ല. സ്പൂണ്‍ കൊണ്ട് കഴിക്കുക, ബോള്‍ പിടിക്കുക, ഇടതും വലതും മനസ്സിലാക്കുക, കറന്‍സി കൈകാര്യം ചെയ്യാന്‍ പഠിക്കുക, സമയം നോക്കാന്‍ പഠിക്കുക ഇതൊക്കെ അറിയാത്തത് ജീവിതത്തിലെ വലിയ പരാജയങ്ങളല്ല. ഇതൊക്കെ പഠിച്ചെടുക്കാന്‍ ഒരു ചെറിയ വഴിത്തിരിവ് ഉണ്ടായാല്‍ മതി. അത് ഉണ്ടാവേണ്ടത് അവരുടെ ശരീരത്തില്‍ നിന്ന് തന്നെയാണ്. അതിന് ഒരു നിമിഷം മാത്രം മതിയാകും. ഭക്ഷണം കഴിക്കാനും നടക്കാനും സംസാരിക്കാനും പഠിപ്പിച്ച അല്ലാഹു തന്നെ അവനെ മറ്റ് കാര്യങ്ങള്‍ക്കും കഴിവുറ്റവനാക്കും. എല്ലാവര്‍ക്കും സാധ്യമായ കാര്യങ്ങള്‍ ഒരുവന് മാത്രമായി അസാധ്യമാകില്ല, അവന്‍ വികലാംഗന്‍ ആവാത്തിടത്തോളം.  

മാതാപിതാക്കള്‍ ഒരിക്കലും വിജ്ഞാനദായകരോ കുട്ടികളുടെ മാര്‍ഗദര്‍ശികളോ ആകേണ്ടതില്ല, സൗകര്യങ്ങളൊരുക്കി കൊടുക്കുന്നവര്‍ ആകണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവസരങ്ങള്‍ തുറന്നെടുക്കേണ്ടതും അതില്‍ നിന്ന് പ്രയോജനമെടുക്കേണ്ടതും കുട്ടികള്‍ തന്നെയാണ്. സ്വന്തം കുട്ടികളെ കുറിച്ചും അവരുടെ പോക്കിനെ കുറിച്ചും മാതാപിതാക്കള്‍ക്ക് വേവലാതിയുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ മുതിര്‍ന്നവരില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ കുട്ടികളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. അത് അവരില്‍ സമ്മര്‍ദ്ദമേറ്റുകയേ ഉള്ളൂ. സഹപാഠികള്‍ എത്ര തന്നെ മിടുക്കരായാലും നമ്മുടെ മക്കളും അവരെ പോലെയാകണം എന്ന് ആഗ്രഹിക്കുന്നത് മൗഢ്യമാണ്. ഓരോ കുട്ടിയും വ്യത്യസ്തനാണ്. അവന് അവന്റേതായ കഴിവുകളും അഭിരുചികളും പ്രവര്‍ത്തന മേഖലകളുമുണ്ട്. അതില്‍ അവനെ സ്വതന്ത്രമായി വിടുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. അവന്റെ പോക്കിന്റെ ലക്ഷ്യം എങ്ങോട്ടാണെന്ന് നാം ആശ്ചര്യപ്പെടേണ്ടതില്ല, അത് അവന് വളരെ നന്നായി അറിയാം. സദാചാരപരമായി കാലിടറുമ്പോള്‍ മാത്രമേ നാം അവന് കൈനീട്ടേണ്ടതുള്ളൂ. അല്ലെങ്കില്‍ അവന്‍ പറക്കട്ടെ, അവന്റേതായ ആകാശത്ത്, ആവോളം ചിറകു വിരിച്ച്.  

വിവ: അനസ് പടന്ന

Related Articles