Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് മുസ്‌ലിം

mohdmuslim.jpg

1920 ല്‍ ഭോപ്പാലില്‍ മുസ്തഖീമുദ്ദീന്റെ മകനായി ജനിച്ചു. മുഹമ്മദ് മുസ്‌ലിമിന് ഒന്നരയും സഹോദരന്‍ ഗുയൂര്‍ ഹസന് അഞ്ചും വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഇഹലോകത്തോട് വിടവാങ്ങിയതിനെ തുടര്‍ന്ന് പിതാമഹന്റെ സംരക്ഷണത്തിലാണ് പിന്നീട് വളര്‍ന്നത്. അറബി, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, തുര്‍കി, സംസ്‌കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടുകയും ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ഗ്രന്ഥരചന നടത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു പിതാമഹന്‍ അബ്ദുല്‍മതീന്‍. പ്രാഥമിക വിദ്യാഭ്യാസം അദ്ദേഹത്തില്‍നിന്ന് കരസ്ഥമാക്കിയശേഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പ്രദേശത്തെ കലാലയത്തില്‍ നിന്നാണ് നേടിയത്. സാമ്പത്തിക പരാധീനത മൂലം തുടര്‍പഠനം വഴിമുട്ടിയെങ്കിലും വീട്ടില്‍വെച്ച് വായനയും പഠനവും തുടര്‍ന്ന് കൊണ്ടിരുന്നു. തന്റെ പ്രദേശത്ത് ഒരു ലൈബ്രറി സ്ഥാപിച്ച് പണ്ഡിതരുമായും ബുദ്ധിജീവികളുമായും ബന്ധം പുലര്‍ത്തി.

യുവാവായിരിക്കെ ഖാക്‌സാര്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. വിഭജനാനന്തരം ദില്ലിയിലെത്തി ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനും, ജമാഅത്ത് മുഖപത്രമായ ‘ദഅ്‌വത്തി’ന്റെ പത്രാധിപരുമായി. 1982ല്‍ രോഗം പിടിപെടുന്നതുവരെ 30 വര്‍ഷത്തോളം ദഅ്‌വത്തിന്റെ മുഖ്യ അമരക്കാരനായി മുഹമ്മദ് മുസ്‌ലിം തുടര്‍ന്നു. ജീവിക്കാന്‍ പോലും മതിയാവാത്ത ശമ്പളവുമായാണ് അദ്ദേഹം ദഅ്‌വത്തില്‍ പ്രവര്‍ത്തിച്ചത്. ദഅ്‌വത്തില്‍ നിന്ന് പറ്റിയ മുഴുവന്‍ ശമ്പളവും തിരികെ നല്‍കാന്‍ മരിക്കുന്നതിന് മുമ്പ് പുത്രന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ദഅ്‌വത്തില്‍ അദ്ദേഹം എഴുതിയ ഖബര്‍ വ നസ്വര്‍ എന്ന കോളം മിത്രങ്ങളെയും ശത്രുക്കളെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു.

അഖിലേന്ത്യാ ഫലസ്തീന്‍ കോണ്‍ഫ്രന്‍സ്, മുസ്‌ലിം മജ്‌ലിസെ മുശാവറ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ദീനി തഅ്‌ലീമി കൗണ്‍സില്‍, മുസ്‌ലിം എഡിറ്റോറിയല്‍ കോണ്‍ഫ്രന്‍സ് തുടങ്ങി ഒട്ടേറെ സംഘടകളുടെ രൂപീകരണത്തില്‍ പങ്കുവഹിച്ചു. 1960 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയില്‍ അംഗമായിരുന്ന മുഹമ്മദ് മുസ്‌ലിം മരണം വരെ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ തുടര്‍ന്നു. 1986 ജൂലൈ 3ന് മരിച്ചു.

Related Articles