Current Date

Search
Close this search box.
Search
Close this search box.

ഭൗതിക വിരക്തിയുടെ പ്രതീകമായ റബീഅ്

താബിഇകളില്‍ പ്രമുഖനാണ് റബീഅ് ബിന്‍ ഖുഥൈം. മാത്രമല്ല, അക്കാലഘട്ടത്തിലെ എട്ട് ഭൗതിക വിരക്തരില്‍ ഒരാള്‍, അറബ് മുള്വര്‍ വംശജന്‍. റസൂല്‍(സ)യുടെ പിതാമഹന്‍മാരായ ഇല്‍യാസ്, മുള്വര്‍ എന്നിവരില്‍ ഈ പരമ്പര സന്ധിക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ അല്ലാഹുവിനുള്ള അനുസരണയുടെ പാതയില്‍ വളര്‍ന്നു വന്നു. അല്ലാഹുവിനെ ഭയന്ന് സ്വന്തത്തെ ഭൗതികതയില്‍ നിന്നും അകറ്റിനിര്‍ത്തി.

മാതാവ് പാതിരാവില്‍ ഉറക്കില്‍ നിന്നും ഉണര്‍ന്നു നോക്കുമ്പോള്‍, കൗമാരക്കാരനായ പുത്രന്‍ പ്രാര്‍ത്ഥനാ മുറിയില്‍……. അഭിമുഖ സംഭാഷണത്തിലെന്ന പോലെ തസ്ബീഹില്‍…..  നമസ്‌കാരത്തില്‍ നിമഗ്നനായി…. കഴിയുകയായിരിക്കും. ഉമ്മ വിളിച്ചു ചോദിക്കും: കുഞ്ഞുമോനേ, റബീഅ്, ഉറങ്ങുന്നില്ലേ?  അദ്ദേഹം പറയും: രാത്രിയിലെ കടന്നാക്രമണം ഭയന്നു കഴിയുന്നവന്‍ ഇരുള്‍ മൂടിയാലും എങ്ങിനെ ഉറങ്ങാനാണ്! അത് കേള്‍ക്കുമ്പോള്‍ ആ വൃദ്ധ മാതാവിന്റെ കവിള്‍ത്തടങ്ങളില്‍ കണ്ണുനീര്‍ തുള്ളികള്‍ അടര്‍ന്നു വീഴും, അദ്ദേഹത്തിന്റെ നന്മയ്ക്കായി പ്രാര്‍ത്ഥിക്കും.

റബീഅ് യൗവ്വനയുക്തനായപ്പോള്‍ അദ്ദേഹത്തോടൊപ്പം ആത്മനിയന്ത്രണവും ദൈവഭയവും വളര്‍ന്നു വലുതായി. ജനം സുഖസുഷുപ്തിയിലാകുന്ന പാതിരാത്രിയില്‍, അദ്ദേഹത്തിന്റ വര്‍ധിച്ച വിനയവും, കടുത്ത വിലാപവും ഉമ്മയുടെ ഉറക്കം കെടുത്തി….. മകന് എന്തോ സംഭവിച്ചെന്ന് ധരിച്ചുവശായി. ഉമ്മ മകനെ വിളിച്ചു ചോദിച്ചു: പൊന്നുമോനെ, നിനക്ക് എന്ത് ഭവിച്ചു? നീ വല്ല അപരാധവും ചെയ്തുവോ? ആരെയെങ്കിലും കൊന്നോ?
റബീഅ് : അതേ ഉമ്മാ, ഞാന്‍ ഒരാളെ കൊന്നു.
വ്യസനത്തോടെ ഉമ്മ ചോദിച്ചു : പുത്രാ, ആരാണ് കൊല്ലപ്പെട്ടത്? ആളുകളെക്കൂട്ടി അവന്റെ വീട്ടിലേക്ക് പോകാം, അവര്‍ മാപ്പ് നല്‍കിയേക്കാം. കൊലചെയ്യപ്പെട്ടവന്റെ കുടുംബക്കാര്‍ നിന്റെ കരച്ചിലിന്റെ കാരണം അറിഞ്ഞാല്‍, രാത്രിയില്‍ ഉറക്കമില്ലാതെ നീ വിഷമിക്കുന്നത് അറിഞ്ഞാല്‍, അവര്‍ നിന്നോട് കരുണ കാട്ടിയേക്കും.
റബീഅ് : ആരോടും പറയരുതേ. ഞാന്‍  കൊന്നത് എന്നെയാണ്. പാപകര്‍മങ്ങള്‍ കൊണ്ട് ഞാന്‍ എന്നെ കൊന്നു.

റസൂല്‍(സ)യുടെ അനുചരനും, കെട്ടിലും മട്ടിലും തിരുനബി (സ)യുടെ വളരെ അടുത്ത അനുയായിയുമായ അബ്ദുല്ലാ ബിന്‍ മസ്ഊദിനെയാണ് റബീഅ് ബിന്‍ ഖുഥൈം ഗുരുവായി സ്വീകരിച്ചത്. കുട്ടിക്ക് ഉമ്മയോടുള്ള ബന്ധം റബീഅ് ബിന്‍ ഖുഥൈമിന് തന്റെ ഉസ്താദിനോട് ഉണ്ടായിരുന്നു. പിതാവ് പുത്രനോടെന്ന പോലെ ഗുരു തന്റെ ശിഷ്യനെ സ്‌നേഹിച്ചു.

ഇബ്‌നു മസ്ഊദിന്റെ അടുക്കല്‍ കടന്നു ചെല്ലുന്നതിന് റബീഇന് അനുവാദം വേണ്ടിയിരുന്നില്ല. റബീഅ് അവിടെ നിന്നും പോകുവോളം ആര്‍ക്കും പ്രവേശനാനുമതി ഉണ്ടാവുകയുമില്ല. റബീഇന്റെ തെളിമയും നിഷ്‌കളങ്കതയും ആരാധനയിലെ മനോഹാരിതയും കണ്ടറിഞ്ഞ ഇബ്‌നു മസ്ഊദിന്റെ മനസ്സില്‍, തിരുനബി(സ)യുടെ കാലഘട്ടത്തില്‍ റബീഅ് ഉണ്ടായിരുന്നില്ലല്ലോ, തിരുനബിയോടൊത്തുള്ള സഹവാസം റബീഇന് ലഭ്യമായില്ലല്ലോ എന്ന വ്യസനം സദാ നിലനിന്നിരുന്നു. അദ്ദേഹം പറയാറുണ്ടായിരുന്നു: അബൂ യസീദേ, നിന്നെ റസൂല്‍ (സ) കണ്ടിരുന്നെങ്കില്‍ ഇഷ്ടപ്പെട്ടേനെ. നിന്നെ കാണുമ്പോഴെല്ലാം എനിക്ക് ഓര്‍മ വരാറുള്ളത് അല്ലാഹുവിനെ ഭയക്കുന്നവരെയാണ്.

അബ്ദുല്ലാ ബിന്‍ മസ്ഊദ് അദ്ദേഹത്തെ അമിതമായി പ്രശംസിച്ചതല്ല. റബീഅ് ബിന്‍ ഖുഥൈമിന്റെ ദൈവഭയവും ഇച്ഛാനിഗ്രഹവും സൂക്ഷമതയും, സമകാലികരായ പലരും കണ്ടറിഞ്ഞിട്ടുണ്ട്. ചരിത്രത്തിന്റെ താളുകളില്‍ പരിമളം വീശിക്കൊണ്ട് അത്തരം പരാമര്‍ശങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. അതില്‍ ചിലത് വിവരിക്കാം.

അദ്ദേഹത്തിന്റെ അനുയായികളില്‍ ഒരാള്‍ പറയുന്നു: ഇരുപത് വര്‍ഷം ഞാന്‍ റബീഅ് ബിന്‍ ഖുഥൈമിന്റെ കൂടെ കഴിഞ്ഞു.
അവങ്കലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപോകുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. (സൂറ: ഫാത്വിര്‍ : 10) എന്ന വചനം എന്നെങ്കിലും അദ്ദേഹം പാരായണം ചെയ്യുന്നതായി കേള്‍ക്കാതിരുന്നിട്ടില്ല.
അബ്ദുറഹ്മാന്‍ ബിന്‍ അജ്‌ലാന്‍ പറയുന്നു: റബീഇന്റെ അടുക്കല്‍ ഞാന്‍ ഒരു രാത്രി കഴിച്ചുകൂട്ടി. ഞാന്‍ ഉറക്കമായി എന്ന് ബോധ്യംവന്നപ്പോള്‍ അദ്ദേഹം നമസ്‌കരിക്കാന്‍ നിന്നു. നമസ്‌കാരത്തില്‍ അദ്ദേഹം ഓതി, ‘അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട്കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്? അവര്‍ വിധികല്‍പിക്കുന്നത് വളരെ മോശം തന്നെ. (സൂറ: അല്‍ജാഥിയ : 21) പ്രഭാതോദയം വരെ ഈ ആയത്ത് ആവര്‍ത്തിച്ച് ഓതി നമസ്‌കരിച്ചുകൊണ്ടേയിരുന്നു, അപ്പോളോല്ലാം അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും ധാരധാരയായി അശ്രു പ്രവഹിച്ചുകൊണ്ടിരുന്നു.

റബീഇന്റെ ദൈവ ഭക്തിയുടെ കഥകള്‍ അനേകമുണ്ട്. അദ്ദേഹത്തിന്റെ അനുചര സംഘം അറിയിക്കുന്നു: ഞങ്ങള്‍ ഒരിക്കല്‍ അബ്ദുല്ലാ ബിന്‍ മസ്ഊദിനൊപ്പം പുറപ്പെട്ടു. റബീഅ് ബിന്‍ ഖുഥൈമും കൂടെയുണ്ടായിരുന്നു. യൂഫ്രട്ടീസ് നദിക്കരയിലുള്ള ചൂളയുടെ അരികിലൂടെ ഞങ്ങള്‍ നടന്നു. തീ ആളിക്കത്തുന്നു, അഗ്നി സ്ഫുലിംഗങ്ങള്‍ പറക്കുന്നു, തീജ്വാലകള്‍ കത്തിക്കാളുന്നു, അതിന്റെ പൊട്ടിത്തെറി ശബ്ദം കേള്‍ക്കുന്നുണ്ട്. നീറ്റിയെടുക്കാനായി കുമ്മായക്കല്ലുകള്‍ അതിലേക്ക് ഇട്ടുകൊണ്ടിരിക്കുന്നു. തീ കണ്ട റബീഅ് അവിടെ നിന്നു. അദ്ദേഹം വല്ലാതെ വിറച്ചു. അദ്ദേഹം പാരായണം ചെയ്തു: ‘ദൂരസ്ഥലത്ത് നിന്ന് തന്നെ അത് അവരെ കാണുമ്പോള്‍ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവര്‍ക്ക് കേള്‍ക്കാവുന്നതാണ്. അതില്‍ (നരകത്തില്‍) ഒരു ഇടുങ്ങിയ സ്ഥലത്ത് ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട നിലയില്‍ അവരെ ഇട്ടാല്‍ അവിടെ വെച്ച് അവര്‍ നാശമേ, എന്ന് വിളിച്ചുകേഴുന്നതാണ്. (സൂറ: ഫുര്‍ഖാന്‍ : 12,13)

തുടര്‍ന്ന് അദ്ദേഹം ബോധരഹിതനായി. ബോധം തെളിയും വരെ കാത്തുനിന്ന സഹചര്‍ അദ്ദേഹത്തെ വാട്ടിലെത്തിച്ചു. ജീവിതകാലമത്രയും തയ്യാറെടുപ്പോടെ അദ്ദേഹം മരണത്തെ കാത്തുകഴിഞ്ഞു. അദ്ദേഹത്തിന്റെ മരണവേളയില്‍ കരഞ്ഞ പുത്രിയോട് അദ്ദേഹം ചോദിച്ചു: എന്തിനാണ് മോളേ കരയുന്നത്! നിന്റെ പിതാവിന് നന്മ വരികയല്ലേ. അതോടെ ആത്മാവ് സൃഷ്ടാവിലേക്ക് ഉയര്‍ന്നു. (അവസാനിച്ചു)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

റബീഅ് ബിന്‍ ഖുഥൈം – 1
റബീഅ് ബിന്‍ ഖുഥൈം – 2
റബീഅ് ബിന്‍ ഖുഥൈം – 3

Related Articles